PRAVASI

വിശ്വാസത്തിന്റെ നിറവിൽ യാക്കോബായ സഭയ്ക്കു പുതിയ ഇടയ ശ്രേഷ്ഠൻ

Blog Image

 

ലബനോൻ : യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ മോർ ബസേലിയോസ് ജോസഫ് പ്രഥമൻ എന്ന നാമത്തിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ വാഴിച്ചു. സ്ഥാനാരോഹണം  ലബനോൻ അച്ചാനെയിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് നടത്തപ്പെട്ടത്.

യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനാണ് കാതോലിക്ക ബാവാ. പാത്രിയാർക്കീസ് ബാവയുടെ കീഴിൽ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ എൺപത്തി ഒന്നാമത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് ജോസഫ് പ്രഥമൻ .

ലെബനോനിൽനിന്നും ഭാരതത്തിൽ നിന്നും കേരളത്തിൽ നിന്നുമുള്ള  ഔദ്യോഗിക പ്രതിനിധികൾ ഉൾപ്പെടെ ,നിരവധി സഭാ തലവന്മാർ , നിരവധിയായ  സഭാവിശ്വാസികൾ ലോകത്തിന്റെ പലഭാഗത്തുനിന്നുമെത്തി സ്ഥാനാരോഹണ ചടങ്ങിൽ  പങ്കെടുത്തു.

സഭയിലെ ഏതാണ്ട് മുഴുവൻ മെത്രാപ്പൊലീത്തമാരും സഹകാർമികരായി . വചനിപ്പ് തിരുനാൾ ദിവസമാണ് സ്ഥാനാരോഹണം നടന്നത് എന്ന  പ്രത്യേകതയുമുണ്ട്.  വചനിപ്പ് തിരുനാളിന്റെ  ഭാഗമായി നടന്ന  വി.കുർബാനയ്ക്ക് പാത്രിയാർക്കീസ് ബാവ മുഖ്യകാർമികനായി. കോപ്റ്റിക് ഓർത്തഡോക്സ് സഭ, സിറിയൻ കത്തോലിക്കാ സഭ, അർമേനിയൻ കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ തുടങ്ങി വിവിധ സഭകളിൽനിന്നുള്ള  ക്രൈസ്‌തവ മതമേലധ്യക്ഷൻമാരുടെ സാന്നിധ്യം ചടങ്ങുകൾ അവിസ്മരണീയമാക്കി. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാർത്തോമ്മ സഭയെ പ്രതിനിധാനം ചെയ്തു ‌ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയും പങ്കെടുത്തു .
മുൻ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാർ പ്രതിനിധികളായും .മന്ത്രി പി രാജീവിന്റെ  നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിൽ എംഎൽഎമാരായ അനൂപ് ജേക്കബ് , ഇ ടി ടൈസൺ, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി വി ശ്രീനിജൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷും പങ്കെടുത്തു  
കാതോലിക്കയ്ക്ക് സുറിയാനി സഭയിലുള്ള പ്രാധാന്യവും പദവിയും സ്ഥാനംകൊണ്ടും വലുപ്പം കൊണ്ടും ഉജ്ജ്വലമാണ്. അന്ത്യോഖ്യ പാത്രിയർക്കീസ് പരമാദ്ധ്യക്ഷൻ ആയുള്ള സഭയിലെ രണ്ടാം സ്ഥാനീയൻ ആണ് കാതോലിക്ക ബാവ. സാർവ്വത്രിക സഭയിൽ പാത്രിയർക്ക തെരഞ്ഞെടുപ്പിലും, വാഴ്ചയിലും, സുന്നഹദോസിലും അദ്ധ്യക്ഷ സ്ഥാനം വഹിക്കേണ്ട പദവിയാണിത്.
 അഭിവന്ദ്യ പിതാവിന്  ഈ സ്ഥാനലബ്‌ദി ദൈവിക നിയോഗമാണ്. പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ പിൻതലമുറക്കാരനായി ജനിക്കുവാനും സഭയുടെ സിരാകേന്ദ്രമായിരുന്ന മുളന്തുരുത്തി മാർത്തോമൻ കത്രീഡ്രൽ   ഇടവകാംഗമാകുവാനും ഭാഗ്യം ലഭിച്ച പിതാവായ അഭിവന്ദ്യ കാതോലിക്കാ ബാവാ നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായിരുന്നു.
സഭാ ശുശ്രൂഷയിൽ അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമാണ് അദ്ദേഹം യാക്കോബായ സഭയുടെ അമരക്കാരനായത് സഭയുടെ ഏതു പ്രതിസന്ധി ഘട്ടത്തിലും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ നിഴലായി അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു. 
തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വാർധക്യ കാലത്ത് അദ്ദേഹം ഏറെ വിശ്വാസത്തോടെ ചുമതലകൾ കൈമാറിയതും ജോസഫ് മാർ ഗ്രിഗോറിയോസിനാണ്.

മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബർ 10നാണ് ജനനം.1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. 
യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലിത്തൻ ട്രസ്റ്റിയായി ചുമതലയേറ്റത്.  അമേരിക്കൻ ഐക്യനാട്ടിൽ ഡാലസ് സെയിന്റ് ഇഗ്‌നേഷ്യസ് ഇടവകയിൽ വികാരിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ ഇടവകയിൽനിന്നു വൈദീകനായി ഇപ്പോൾ ഓസ്റ്റിൻ സെയിന്റ് തോമസ് പളളി വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഡോ: സാക് വർഗീസ് അച്ചൻ, ന്യൂയോർക്കിൽ നിന്നുള്ള സീനിയർ വൈദീകൻ ഗീവര്ഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയടക്കം അമേരിക്കയിൽ നിന്നും നിരവധി വൈദീകരും അൽമായരും അമേരിക്കൻ അതിഭദ്രാസനാധിപൻ യെൽദൊ മോർ തീത്തോസിനോടൊപ്പം കാതോലിക്കാ വാഴ്ച്ചയയിൽ ലെബനോനിൽ പങ്കെടുത്തു 
അജപാലന ദൗത്യത്തോടൊപ്പം സാമൂഹികക്ഷേമ പദ്ധതികളിലും കാതോലിക്കാ ബാവാ വ്യാപൃതനാണ്. താബോർ ഹൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മെട്രോപ്പൊലിറ്റൻ പുവർ റിലീഫ് ഫണ്ടിന്റെയും നേതൃത്വത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികൾ അദ്ദേഹം നടത്തിയിട്ടുണ്ട്.


 ജിനു കുര്യൻ പാമ്പാടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.