ആലപ്പുഴ: വഖഫ് ബിൽ പാസാക്കിയത് നല്ലതെന്നും ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ ബിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനം. അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കും. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.