ഐടി മേഖലയിലെ സമ്മർദം താങ്ങാനാകാതെ ചെറുപ്പക്കാർ ജീവനൊടുക്കുന്ന സംഭവങ്ങൾ പലത് ഉണ്ടായിട്ടുണ്ട്. കോർപറേറ്റ് കമ്പനികളിലും ഈ സ്ഥിതിയുണ്ട്. പ്രമുഖ സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംങ്ങിലെ മലയാളി ജീവനക്കാരി അടുത്തയിടെ കുഴഞ്ഞുവീണ് മരിച്ചത് ജോലിഭാരം കൊണ്ടാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് വൻ വിവാദമായതാണ്.
കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് ഇന്നിപ്പോൾ മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയാണ്. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ജേക്കബ് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത് എന്നാണ് നിഗമനം.
ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കൊച്ചി കാക്കനാടുള്ള ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിൽ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. മരിക്കും മുൻപ് ജേക്കബ് അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ജോലി സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞിരുന്നു.
വീഡിയോയിൽ ആരുടെയെങ്കിലും പേര് പരാമർശിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സ്വാഭാവികമായ ജോലിസമ്മർദമാണോ അതോ ആരെങ്കിലും ബോധപൂർവം ബുദ്ധിമുട്ടിച്ചോ എന്ന് കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തേണ്ടി വരും. തൽക്കാലം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.