PRAVASI

മെയ് 25, 26-നു നടക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Blog Image
മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു

ന്യൂയോർക്ക്:  മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്. 1970-കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമ്മകൾ നിലനിർത്തുവാൻ 1990-ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് "ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെൻറ്". വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32-മത്തെ വയസ്സിൽ ഇറ്റലിയിൽ വച്ച്  ഒരു കാർ അപകടത്തിൽ 1987 നവംബർ 30-ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട 14 മലയാളീ വോളീബാൾ ടീമുകൾ ചേർന്ന് രൂപം കൊടുത്ത നാഷണൽ വോളീബോൾ ലീഗാണ് ജിമ്മി ജോർജിൻറെ ഓർമ്മക്കായി സംഘടിപ്പിക്കുന്ന  ഈ നാഷണൽ ടൂർണമെന്റിന്റെ മുഖ്യ സംഘാടകർ.

ന്യൂയോർക്ക് സിറ്റിയിലേയും ലോങ്ങ് ഐലൻഡിലെയും വോളീബോൾ പ്രേമികൾ ഒരുമിച്ച് 1987-ൽ രൂപം കൊടുത്ത കേരളാ സ്‌പൈക്കേഴ്‌സ് ക്ലബ്ബ് പല വർഷങ്ങളിലും ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് ചാമ്പ്യന്മാർ ആയിട്ടുണ്ട്. പതിന്നാല് വർഷങ്ങൾക്ക് ശേഷം ഈ ടൂർണമെന്റിന് ആതിഥേയത്വം നൽകുന്നതിനുള്ള സുവർണ്ണ അവസരമാണ് ഈ വർഷം  കേരളാ സ്‌പൈക്കേഴ്‌സിനെ തേടിയെത്തുന്നത്. അതിന്റെ ആവേശത്തിലാണ് സ്‌പൈക്കേഴ്‌സ് ഭാരവാഹികൾ. ക്ലബ്ബിലെ മുൻകാല കളിക്കാരെയും നിലവിലുള്ള കളിക്കാരെയും കോർത്തിണക്കി ടൂർണമെൻറ് സംഘാടക സമിതി രൂപീകരിച്ചാണ് മത്സരങ്ങളുടെ നടത്തിപ്പ് ക്രമീകരണങ്ങൾക്ക് രൂപം കൊടുത്തിരിക്കുന്നത്.

ന്യൂയോർക്കിൽ ഫ്ലഷിങ്ങിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് (Queens College, 65-30 Kissena Blvd, Flushing, NY) പ്രസ്തുത മാമാങ്കം അരങ്ങേറുന്നത്. നാഷണൽ വോളീബോൾ ലീഗിൽ ഉൾപ്പെടുന്ന 14  ടീമുകളാണ് ഈ മത്സരത്തിൽ മാറ്റുരക്കുന്നത്. വാശിയേറിയ മത്സരങ്ങളായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ കാഴ്ചവെക്കുന്നത്. വോളീബോൾ ടൂർണമെൻറിലെ ഏറ്റവും പ്രശസ്തരായ ടീമുകൾ അണിനിരക്കുന്നതിനാൽ തന്നെ പ്രസ്തുത ടൂർണമെന്റ് ഇതിനോടകം പ്രശസ്തമായി കഴിഞ്ഞു. അതിനാൽ മത്സരങ്ങളുടെ സ്പോൺസർമാരാകുവാൻ ധാരാളം മലയാളീ ബിസിനസ് സ്ഥാപനങ്ങളാണ് മുൻപോട്ടു വരുന്നത്.  സ്പോൺസർമാരാകുവാൻ താൽപ്പര്യമുള്ളവർക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേരളാ സ്‌പൈക്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

സ്‌പൈക്കേഴ്‌സ് ക്ലബ്ബിലെ ആദ്യകാല കളിക്കാരനായിരുന്ന ഷാജു സാം സംഘാടക സമിതി പ്രസിഡൻറ് ആയും  സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ എന്നിവരും ചേർന്ന  നേതൃത്വമാണ് മത്സര ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.  മറ്റ് കമ്മറ്റി അംഗങ്ങൾ – ടീം കോച്ച് -റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് -അലക്സാണ്ടർ തോമസ്, ട്രാൻസ്‌പോർട്ടേഷൻ -ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് -ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് -സിറിൽ മഞ്ചേരിൽ, സുവനീർ -ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ -ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെൻറ്സ് -അലക്സ് സിബി, മീഡിയ കം പി.ർ.ഓ. -മാത്യുക്കുട്ടി ഈശോ.   മുൻ വർഷങ്ങളെ അപേക്ഷിച്ച് എക്കാലത്തെയും മികച്ച ടൂർണമെന്റ് ആക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. അതിനായി ജിമ്മി ജോർജിനൊപ്പം വോളീബോൾ മത്സരങ്ങളിൽ കളിച്ചുരുന്ന മുൻ കാല കളിക്കാരനും കേരളത്തിലെ മുൻ എം.എൽ.എ-യുമായ മാണി സി. കാപ്പനെ മുഖ്യ അതിഥിയായി കൊണ്ട് വരുന്നതിനാണ്‌ സംഘാടകർ ശ്രമിക്കുന്നത്.  

കൂടുതൽ വിവരങ്ങൾക്ക്: ഷാജു സാം: 646-427-4470, അലക്സ് ഉമ്മൻ: 516-784-7700, ബേബികുട്ടി തോമസ്: 516-974-1735, ബിഞ്ചു ജോൺ: 646-584-6859, സിറിൽ മഞ്ചേരിൽ: 917-637-3116. 


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.