PRAVASI

ജോക്കുട്ടന്റെ റബ്ബർതെറ്റാലി

Blog Image
ഇനി നിർദോഷിയായ   ഒരുജീവിയെപോലും ഉപദ്രവിക്കുകയില്ലെന്നു തീരുമാനമെടുത്തു. ജോക്കുട്ടന്റെ  സങ്കടവും മനസ്സാന്തരവും  കണ്ട 'അമ്മ അവനെ  ചേർത്ത് പിടിച്ചു. പക്ഷികളും ശലഭങ്ങളും  പറന്നുനടക്കുന്നതു  കാണാനെന്തുരസമാ . അവർക്കും ഈലോകത്തു പേടികൂടാതെ ജീവിക്കാൻ അവകാശമില്ലേ ജോക്കുട്ടൻ  തലയാട്ടി. അമ്മയിൽ നിന്നും കുതറി  ആ പക്ഷിയുടെ കുഴിമാടത്തിങ്കലേക്കവനോടി .

വീടിന്റെ മുൻവശത്തെ   ചെമ്പരത്തി മരത്തിൽ  തേൻ കുടിക്കാനെത്തുന്ന നീണ്ട ചുണ്ടുള്ള തേൻകുരുവിയെ കാണുമ്പോൾ ജോക്കുട്ടൻ  ഓർക്കും അതിലൊന്നിനെ പിടിച്ചു ഇണക്കി വളർത്തണം. എന്ത് രസമാ ആ നീല നിറത്തിലുള്ള ഉടലും ചിറകും പിന്നെ കഴുത്തിന് താഴെയുള്ള  വൈലറ് നിറവും . കറുത്ത നീണ്ട ചുണ്ടും . എത്രനേരം നോക്കിനിന്നാലും മതിവരത്തില്ല. അത് ഇണങ്ങി കഴിയുമ്പോൾ കൈത്തണ്ടയിൽ വന്നിരുന്നു താൻ നീട്ടുന്ന  പൂവിൽ നിന്നും തേൻ നുകർന്ന് കുടിക്കുന്നതും ചെവിയിൽ പാട്ടുപാടുന്നതും അവൻ  സ്വപ്നം കാണും . എന്നേലും  താൻ ഒരെണ്ണത്തിനെ സ്വന്തമാക്കും. ജോക്കുട്ടൻ തന്റെ ആഗ്രഹം മനസ്സിലൊതുക്കി.
    സ്കൂൾ വിട്ടു വരുമ്പോൾ വഴീൽ ചാക്കോച്ചേട്ടന്റെ കടയിൽ വിൽക്കാൻ ഒരു പുതിയ ഐറ്റം തൂക്കിയിട്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചു , റബ്ബർ തെറ്റാലി. പണ്ടൊന്നും  അതവിടെ കണ്ടിട്ടില്ല . ടൗണിലെ ചന്തയിൽനിന്നും പരീക്ഷണാർത്ഥം രണ്ടുമൂന്നെണ്ണം കൊണ്ടുവച്ചിരിക്കുന്നതാണ്. കൂട്ടുകാരുടെ കൂടെ    മഷിമേടിക്കാൻ കയറിയപ്പോൾ അവൻ  അടുത്തുപോയി നോക്കി. വീതിയുള്ള റബ്ബർ ബാൻഡും  ചെറിയ ചെരുപ്പിന്റെ ലെതർ കഷണവും കോർത്ത് മരത്തിന്റെ ചെറിയ കവരത്തിൽ നൂലിട്ട്  കെട്ടിഉറപ്പിച്ചിരിക്കുന്നു.  അവന്റെ നോട്ടം കണ്ടപ്പോൾ ആരോ ഒരുവൻ വിളിച്ചു പറഞ്ഞു ചാക്കോച്ചേട്ടാ ജോക്കുട്ടന്  റബ്ബർതെറ്റാലി  വേണോന്ന്.  തിരക്കിനിടെ ചാക്കോച്ചേട്ടൻ വിളിച്ചുപറഞ്ഞു പുതിയതായി കൊണ്ടുവന്നതാ ഒരെണ്ണത്തിന് പത്തുരൂപ വിലയാണ്  . ഓ പത്തുരൂപയോ ജോക്കുട്ടൻ മനസ്സിൽ പറഞ്ഞു. ഒരു പത്തുരൂപ ഉണ്ടാക്കണമെങ്കിൽ  താൻ എത്ര കഷ്ട്ടപെടണം    .  ഇടവകപ്പള്ളിൽ പെരുന്നാൾ സമയത്തുപോലും  അകെ നേർച്ചയിടാൻ കിട്ടുന്നത് പത്തുരൂപയാണ് , അതിൽ നിന്നും നേർച്ചയിടണം പിന്നെ  ഓരോ ഐസ്‌ക്രീമും തിന്നുകഴിഞ്ഞാൽ  ബാക്കി കഴുത്തിലിടാൻ മാതാവിന്റെ ഉത്തരീയം  മേടിക്കാൻ പോലും തികയത്തില്ല  . ജോക്കുട്ടൻ  തെറ്റലിയുടെ ആഗ്രഹം അപ്പഴേ കീശയിലാക്കി പൂട്ടികെട്ടി.  എങ്കിലും എപ്പോഴെങ്കിലുംഒക്കെ  ആ വഴിപോകുമ്പോൾ അതവിടെ ഉണ്ടോ എന്ന് ഒളികണ്ണിട്ടു നോക്കാറുണ്ട് . ഓരോദിവസവും ഓരോന്ന് കുറഞ്ഞുകുറഞ്ഞുവന്ന്   അവിടെ ഒരെണ്ണംപോലുമില്ലാതെയായി. ഇനിയിപ്പോൾ അങ്ങോട്ട് നോക്കണ്ടല്ലോ എങ്കിലും പിറ്റേദിവസം മുതൽ വീണ്ടും പുതിയതവിടെ വന്നോ എന്ന് ആകാംഷയോടെ അവൻ നോക്കിയിരുന്നു  .
  അങ്ങനെയിരിക്കുമ്പോളാണ് പണക്കാരനായ തന്റെ കൂട്ടുകാരന്റെ പുസ്തകകെട്ടിൽ  പുതിയ റബ്ബർ ബാൻഡ് കണ്ടത് . കറുത്ത വീതിയുള്ള പഴയ റബ്ബർ ബാൻഡ് തെറ്റാലിയുണ്ടാക്കാൻ പാകത്തിനുള്ളതാണെന്ന് അവൻ പലപ്പോഴും മനസ്സി വിചാരിച്ചിട്ടുണ്ട് . പഴയതിനെ പറ്റി തിരക്കിയപ്പോൾ അത് വീട്ടിൽ വെറുതെ കിടപ്പുണ്ടെന്നും   വേണമെങ്കിൽ ജോക്കുട്ടന്  വെറുതെ കൊടുക്കാമെന്നും  സമ്മതിച്ചു. അന്ന് വൈകിട്ട് അവൻ  തന്റെ  ആ തേൻകുരുവിയെ പിടിക്കുന്ന പഴയ സ്വപനം വീണ്ടും  കണ്ടു. അവൻ തട്ടിന്പുറത്തു  കിടന്ന പഴയ ചെരുപ്പിലെ തുകൽകഷ്ണം ചതുരത്തിൽ വെട്ടി എടുത്ത്  ഏതാണ്ട് ആ റബ്ബറിന്റെ വീതിയിൽ  രണ്ടുവശത്തും കീറലുണ്ടാക്കി . വീടിന്റെ പുറകുവശത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിൽ കയറി വളവില്ലാത്ത ഒരു കവരമുള്ള കൊമ്പും വെട്ടിയെടുത്തു. അത് തൊലിയൊക്കെ കളഞ്ഞു ചീകി മിനുക്കി തയ്യാറാക്കി വെച്ചു. പറഞ്ഞതുപോലെ പിറ്റേദിവസം കൂട്ടുകാരൻ കൊണ്ടുക്കൊടുത്ത ആ പഴയ റബ്ബർ ബാൻഡ്  മുറിച്ചു തുകൽകഷ്ണത്തിന്റെ ഇടയിലൂടെ കയറ്റി കവരത്തിന്റെ  രണ്ടുകൊമ്പിലും നൂൽകമ്പികൊണ്ടു കെട്ടി. നയാപൈസാ ചിലവില്ലാതെ തന്റെ ഉഗ്രൻ റബ്ബർതെറ്റാലി ഉണ്ടാക്കിഎടുക്കാൻ സാധിച്ചതിൽ അവനഭിമാനിച്ചു. ഇതാ എന്റെ റബ്ബർ തെറ്റാലി അവനെല്ലാരേം കാണിച്ചു .
      ജോക്കുട്ടന്റെ  സ്വഭാവം അറിയാവുന്നതുകൊണ്ടാവാം അമ്മ അവിടെനിന്ന് പറയുന്നത് കേട്ടു, ഇനി ഒരുമാതിരി ജീവികൾക്കൊന്നും സ്വര്യമായിട്ട് ഇതിലെ നടക്കേണ്ട ഇത്രയും നാൾ  കല്ലേറായിരുന്നു, ശരിയാണ് അടുത്തുള്ള പൂച്ചയും പട്ടിയും കോഴികൾ പോലും ജോക്കുട്ടൻ  ഉമ്മറത്തുണ്ടെങ്കിൾ പേടിച്ചിട്ടാവഴി വരാറില്ലായിരുന്നു. ജോക്കുട്ടൻ  എറിയണമെന്നില്ല കൈ  ഒന്നോങ്ങിയാൽ മതി അയൽവക്കത്തെ പട്ടി  വാലും ചുരുട്ടി കീ...ക്കേ ന്നു മോങ്ങിക്കൊണ്ടോടുമായിരുന്നു.
  ജോക്കുട്ടൻ  മുറ്റത്തു കിടന്ന പാകത്തിനുള്ള ഉരുണ്ട ഒരു ചെങ്കല്ലെടുത്തു തന്റെ പുതിയ തെറ്റാലിയുടെ  ലെതറിൽ തിരുകി ചുമ്മാ  പരീക്ഷണാർത്ഥം ആകാശത്തിലേക്കു വലിച്ചു എയ്തു  . അവനുതന്നെ അതിശയമായി ആകല്ല്  മാവിന്റെ രണ്ടുമൂന്നു ഇലകളെ വീഴ്ത്തികൊണ്ടു ആകാശത്തേക്ക് പാറിപോയി . അവൻ കാതോർത്തു അല്പസമയത്തിനു ശേഷം പടപടാ ശബ്ദത്തോടെ ആ കല്ല്  അടുത്ത  പുരയിടത്തിന്റെ  അങ്ങേ കോണിൽ വന്ന്പതിച്ചു.
ഇനിയാരെയാണ്?  അലക്കുകല്ലിന്മേൽ സ്വസ്ഥമായി ഇരുന്ന് ഉറങ്ങുന്ന പൂച്ചയെ അവൻ വെറുതെ വിട്ടില്ല പക്ഷെ പ്പൂച്ചക്ക്  ഭാഗ്യമുണ്ടായിരുന്നതിനാൽ തലയ്ക്കു കൊണ്ടില്ല ദേഹത്ത് എവിടെയോ കൊണ്ടുഎന്നുറപ്പാണ്   അതിന്റെ വെപ്രാളപ്പെട്ടുള്ള ഓട്ടം കണ്ടാലറിയാം അത് അടുത്തുനിന്ന  മരത്തിന്റെ ഏറ്റം  പൊക്കത്തിലുള്ള  കൊമ്പുവരെ ഒറ്റ ശ്വാസത്തിന് ഓടിക്കയറി പേടിച്ചു ജോക്കുട്ടനെ  നോക്കി മ്യാവ്‌ഊന്നു  മുരണ്ടിരുന്നു.
    ചെമ്പരത്തി ചെടിയിൽ ഇടയ്ക്കിടെ ചെന്നുനോക്കും, തേൻകുരുവിയുടെ രാവിലത്തെ വരവിന്റെ സമയമായിട്ടില്ല അവൻ അക്ഷമനായി കാത്തിരുന്നു. അവസാനം  ആ ഹതഭാഗ്യൻ എത്തി. ജോക്കുട്ടൻ  അടുത്തുള്ള തെങ്ങിന് മറഞ്ഞിരുന്നു .  മെല്ലെ ഒരുമാർജാരന്റെ ചലനത്തോടെ  ആ പാവം കുഞ്ഞു പക്ഷിക്കുനേരെ തന്റെ കവണ ലക്‌ഷ്യം വെച്ചു . ഒരുകണ്ണടച്ചു മറ്റേ കണ്ണിലൂടെ ഒന്നുമറിയാതെ പൂവിനുള്ളിലേക്കു ചുണ്ടുകൾ താഴ്ത്തി ആസ്വദിച്ചു തേൻ കുടിച്ചുകൊണ്ടിരുന്ന കുരുവിയുടെ തലയെ ഉന്നംവച്  കവണ വലിച്ചങ്ങുവിട്ടു . കവണയിൽനിന്നു ഉതിർന്ന കല്ല് എവിടെയോ കൊണ്ടു എന്നുറപ്പാണ് എന്നാൽ പക്ഷിപറന്നുപോകുന്നതും കണ്ടില്ല . എന്തോ ഒന്ന് ചെമ്പരത്തിച്ചെടിയുടെ ചുവട്ടിൽ വീഴുന്നതായി അവനുതോന്നി . കുരുവിയാണോ അതോ  തന്റെ കല്ലുതന്നെ മരത്തിൽ  തട്ടി വീണതാണോ ഒന്നുമറിയില്ല . ജോക്കുട്ടൻ  കുറ്റിക്കാടുകൾക്കിടയിലൂടെ പടർന്നുകിടക്കുന്ന ചെമ്പരുത്തി ചെടിയുടെ താഴെയെത്തി അതാകിടക്കുന്നു,  ജോക്കുട്ടന്  വിശ്വസിക്കാനായില്ല  തന്റെ സ്വപ്നമായ  നീലകുരുവി,   നീണ്ട കറുത്ത ചുണ്ടുള്ള പക്ഷി നിലത്തുകിടക്കുന്നു . ഒന്നനങ്ങുന്നുപോലുമില്ല . ജോക്കുട്ടൻ  ഓടിച്ചെന്ന് അതിനെ കോരിയെടുത്തു . ലോകം പിടിച്ചെടുത്ത വാശിയായിരുന്നു അപ്പോളവന്‌. അവൻ അതിനെയും കൊണ്ടോടി തന്റെ വിജയ ഗാഥാ എല്ലാവരെയും അറിയിക്കാൻ വീടിന്റെ മുൻവശത്തെ തിണ്ണയിൽ ഒരു വില്ലാളിവീരനെപോലെ അതിനെ കൊണ്ടിട്ടു. അപ്പോഴേക്കും ആ പക്ഷിയുടെ ചുണ്ടിലൂടെ ചോര ഇറ്റിറ്റു വീഴാൻ തുടങ്ങിയിരുന്നു.
      ജോക്കുട്ടന്റെ  ബഹളം കേട്ട്  ആദ്യം ഓടിവന്ന 'അമ്മ ഉറക്കെ നിലവിളിച്ചു എടാമഹാപാപി  നീ ആ പാവം കിളിയെ കൊന്നല്ലോടാ. പുറകെ പുറകെ ഓടിവന്ന ചേച്ചിയും  അനുജത്തിയും അയ്യോ പാവംപക്ഷി  എന്ന് ഉത്ഖണ്ടപെട്ടതല്ലാതെ ജോക്കുട്ടനെ  ആരും പ്രശംസിച്ചില്ല. അവൻ  ആ  കിളിയെ കയ്യിലെടുത്തുനോക്കി അനക്കമില്ല അപ്പോഴും ചോര ഒലിക്കുന്നുണ്ട്.
  തന്റെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി ആ കിളി എന്നന്നേക്കുമായി ജീവൻ വെടിഞ്ഞിരിക്കുന്നു. ജോക്കുട്ടന്  വലിയ നഷ്ടബോധമുണ്ടായി വലിയ വിഷമമുണ്ടായി അപ്പോഴാണ് തന്റെ കയ്യാൽ ഒരുകുരുന്നു ജീവന്റെ അതും മനോഹരമായി തന്റെ വീട്ടുമുറ്റത്തു വന്നു പാട്ടുപാടിയും നൃത്തംവച്ചും  തങ്ങളെ സന്തോഷിപ്പിച്ചിരുന്ന ആ ജീവി ഇന്നുമുതൽ അവിടെ ഉണ്ടാകുകില്ലല്ലോ എന്ന ചിന്ത അവനെ വല്ലാതെ വിഷമിപ്പിച്ചു. അവൻ തന്റെ കയ്യിലിരുന്ന റബ്ബർ തെറ്റാലി വലിച്ചെറിഞ്ഞു എന്നിട്ടു വ്യസനത്തോടെ  പുറകിലത്തെ  വരാന്തയിൽ കയറി കമഴ്ന്നുകിടന്ന്‌ എങ്ങലടിച് ഏങ്ങലടിച്ചു.... ഉറങ്ങിപ്പോയി. സന്ധ്യയാകാറായി ഉറക്കത്തിൽനിന്നെഴുന്നേറ്റ അവൻ കാണുന്നത് തിണ്ണയിൽ കിടന്നിരുന്ന ആ ജീവനില്ലാത്ത പക്ഷിയെ  കുഴിമാടത്തിലേക്കു കൊണ്ടുപോകുന്ന ഒരു ശവമഞ്ചത്തെ   എന്നപോലെ ഉറുമ്പുകൾ  നാലുചുറ്റിനു കടിച്ചുപിടിച്ചു മുറ്റത്തിന്റെ ഓരം തേടി മെല്ലെമെല്ലെ നീങ്ങുന്നു. അവനതു സഹിക്കാനായില്ല  അവൻ മുറ്റത്തെ തന്റെ പൂന്തോട്ടത്തിന്റെ   മധ്യത്തിൽ മനോഹരമായ ഒരുകുഴിയുണ്ടാക്കി അതിൽ പൂക്കളെല്ലാം നിറച്ച്  അതിൽ ആപക്ഷിയെ കിടത്തി അതിന്റെ മുകളിലും പൂക്കൾ വിതറി മണ്ണിട്ടുമൂടി  . മുറ്റത്തു എറിഞ്ഞുകളഞ്ഞ റബ്ബർതെറ്റാലി എടുത്ത്  നാലായി ഓടിച്ച്  എന്നന്നേക്കുമായി ദൂരേക്കെറിഞ്ഞുകളഞ്ഞു . ഇനി നിർദോഷിയായ   ഒരുജീവിയെപോലും ഉപദ്രവിക്കുകയില്ലെന്നു തീരുമാനമെടുത്തു. ജോക്കുട്ടന്റെ  സങ്കടവും മനസ്സാന്തരവും  കണ്ട 'അമ്മ അവനെ  ചേർത്ത് പിടിച്ചു. പക്ഷികളും ശലഭങ്ങളും  പറന്നുനടക്കുന്നതു  കാണാനെന്തുരസമാ . അവർക്കും ഈലോകത്തു പേടികൂടാതെ ജീവിക്കാൻ അവകാശമില്ലേ ജോക്കുട്ടൻ  തലയാട്ടി. അമ്മയിൽ നിന്നും കുതറി  ആ പക്ഷിയുടെ കുഴിമാടത്തിങ്കലേക്കവനോടി .

മാത്യു ചെറുശ്ശേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.