PRAVASI

കേരള സെന്ററിൽ ഡോ. തോമസ് എബ്രഹാമിന്റെ ജീവിതം ആഘോഷമാക്കിയ ലൈബ്രറി ഉദ്ഘാടനം

Blog Image
വിവിധ സംഘടനകളുടെ സ്ഥാപകനും കേരള സെന്ററിന്റെ തുടക്കക്കാരിലൊരാളും  അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ കരുത്തുറ്റ വക്താവും ആചാര്യസ്ഥാനീയനുമായ ഡോ.   തോമസ് എബ്രഹാമിന്റെ  നാമധേയത്തിൽ കേരള സെൻറ്ററിൽ സ്ഥാപിച്ച ലൈബ്രറി കോൺസൽ ജനറൽ  ബിനയ ശ്രീകാന്ത പ്രധാൻ   ഉദ്ഘാടനം ചെയ്തു

ന്യു യോർക്ക്:  വിവിധ സംഘടനകളുടെ സ്ഥാപകനും കേരള സെന്ററിന്റെ തുടക്കക്കാരിലൊരാളും  അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ കരുത്തുറ്റ വക്താവും ആചാര്യസ്ഥാനീയനുമായ ഡോ.   തോമസ് എബ്രഹാമിന്റെ  നാമധേയത്തിൽ കേരള സെൻറ്ററിൽ സ്ഥാപിച്ച ലൈബ്രറി കോൺസൽ ജനറൽ  ബിനയ ശ്രീകാന്ത പ്രധാൻ   ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങൾക്ക് പുറമെ ഇന്ത്യ അമേരിക്കൻ സമൂഹത്തിന്റെ വളർച്ച ചിത്രീകരിക്കുന്ന ചരിത്രപരമായ രേഖകളും മറ്റും അടങ്ങിയതാണ് ലൈബ്രറി.

കേരള സെന്ററിൽ നിറഞ്ഞു കവിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത കോൺസൽ ജനറൽ  പ്രധാൻ  ഇത് ഒരു  ലൈബ്രറി ഉദ്ഘാടനമായിട്ടല്ല താൻ കാണുന്നതെന്നു പറഞ്ഞു. മറിച്ച്  ഡോ. തോമസ് എബ്രഹാമിന്റെ ജീവിതവും സമൂഹത്തിനു അദ്ദേഹം നൽകിയ സംഭാവനകളും ഇവിടെ   ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹം സ്ഥാപിച്ച ഗോപിയോ (ഗ്ളോബൽ  ഓർഗനൈസിഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ) പോലുളള സംഘടനകൾ തനിക്കു പരിചിതമാണ്. ഇവിടെ സ്ഥാനമേറ്റയുടൻ പരിചയപ്പെട്ടവരിൽ ഒരാൾ അദ്ദേഹമായിരുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തെപ്പറ്റിയുള്ള വ്യക്തമായ ഒരു ധാരണ അദ്ദേഹത്തിൽ നിന്ന് കിട്ടി.

ഇന്ത്യൻ സമൂഹത്തിന്റെ ക്രമാനുഗതമായ വളർച്ചയും മാറ്റവും  അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ തന്നെ  ബോധ്യമാവും. ആവേശം കൊള്ളിക്കുന്നതാണ്  ഈ വളർച്ച. കോൺസുലേറ്റിന്റെ പ്രവർത്തന പരിധിയിൽ പെടുന്ന ഒഹായോയിൽ ചെന്നപ്പോഴും തോമസ് എബ്രഹാമിന്റെ പേര് കേട്ടു. അദ്ദേഹത്തിനെ പ്രവർത്തനം ന്യു യോർക്ക് ട്രൈസ്റ്റേറ്റ്  മേഖലയിൽ ഒതുങ്ങുന്നതല്ല എന്നർത്ഥം.  അര  നൂറ്റാണ്ടിനപ്പുറം ഇന്ത്യ എന്ന ബ്രാൻഡ്  അദ്ദേഹം എങ്ങനെ രൂപപ്പെടുത്തി എന്നത് ആശ്ചര്യമുളവാക്കുന്നതാണ്.

ഇന്ത്യൻ  സമൂഹം ഇവിടെ  അനുസ്യൂതം വളരുന്നു. അതിനു നാം വലിയ വില കൊടുക്കുന്നുമുണ്ട്. ഇപ്പോൾ ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം വിദ്യാർത്ഥികളെങ്കിലും ഓരോ വർഷവും ഇവിടെ പഠിക്കാൻ  വരുന്നു. അവർ ഒരു ശക്തിയായി മാറുന്നു.താൻ ടാൻസാനിയയിൽ അംബാസഡറായിരിക്കെ ഇന്ത്യയിലെ ഐ ഐ ടിയുടെ ശാഖ അവിടെ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അത് അവിടത്തെ സർക്കാർ തന്നെ ഏറ്റെടുക്കുവാൻ മുന്നോട്ടു വന്നു. ഐ ഐ ടി വഴി ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ മനസിലാക്കി   അത് തന്റെ രാജ്യത്തും ഉണ്ടാവണമെന്നുമുള്ള ആഗ്രഹമാണ് അവിടത്തെ പ്രസിഡന്ടിനെ അതിനു പ്രേരിപ്പിച്ചത്.

ഇന്ത്യൻ അമേരിക്കൻ  സമൂഹം ഇന്ത്യയിൽ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾക്കൊപ്പം ഇവിടെയും ശ്രദ്ധ  വയ്ക്കേണ്ട സമയമായി. പ്രത്യേകിച്ച് ഇവിടെ വരുന്ന വിദ്യാർത്ഥികൾക്ക്  സഹായമെത്തിക്കാൻ സമൂഹം മുന്നോട്ടു വരണം. അതാണ് അത്യാവശ്യമായിട്ടുളളത്.

കേരള സെന്ററിന്റെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. ലൈബ്രറിയിൽ ഡിജിറ്റൽ സംവിധാനവും  ഉണ്ടാകണം.കേരള  സെന്ററിന്റെയത്ര സൗകര്യം  കോണ്സുലേറ്റിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സെന്ററിലുള്ള പോലാത്ത    ടെറസ്   അവിടെയില്ല- കൂട്ടചിരികൾക്കിടയിൽ അദ്ദേഹം പറഞ്ഞു.ഡോ. മധു ഭാസ്കരൻ കോൺസൽ ജനറലിനെ പരിചയപ്പെടുത്തി.മറ്റൊരു മുഖ്യാതിഥി ആയിരുന്ന  ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തന്റെ പ്രവർത്തനമേഖല മാറാൻ പോകുന്നത് ചടങ്ങിൽ വെളിപ്പെടുത്തി. കോൺഗ്രസിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പിന്നീട് വേണ്ടെന്നു വച്ചു. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കും അദ്ദേഹം ഇനി മത്സരിക്കുന്നില്ല. പ്രധാനപ്പെട്ട മറ്റൊരു നിയമനം അദ്ദേഹത്തിന് ലഭിക്കുമെന്ന് നേരത്തെ  സൂചനയുണ്ടായിരുന്നു. അത് എന്തായിരിക്കുമെന്ന്  അദ്ദേഹം വെളിപ്പെടുത്തിയില്ല.

അദ്ദേഹത്തിന്റെ അഭാവത്തിൽ ന്യു യോർക്ക് സെനറ്റിലും അസംബ്ലിയിലും മലയാളികൾ ഇല്ലാതാവും.  അത് നികത്താൻ യുവജനത രംഗത്തു വരണമെന്നദ്ദേഹം പറഞ്ഞു. കേരള സെൻറ്ററുമായും തോമസ് എബ്രഹാമുമായുള്ള ബന്ധവും അദ്ദേഹം വിവരിച്ചു. തോമസ് എബ്രഹാമിനെ ആദരിക്കുന്ന സെനറ്റിന്റെ പ്രൊക്ലമേഷനും അദ്ദേഹം കൈമാറി.

കേരള സെന്റർ ഒരു ഗവേഷണ കേന്ദ്രമായിരിക്കുമെന്നു പറഞ്ഞു താൻ 1994 ൽ പത്രങ്ങളിൽ എഴുതിയത് കേരള  സെന്റർ എക്സിക്യൂട്ടിവ്‌ ഡയറക്ടർ ഇ.എം.സ്റ്റീഫൻ  അനുസ്മരിച്ചു. കേരളം എന്ന പ്രാദേശികചിന്താഗതിക്കു പകരം ഇന്ത്യ എന്ന വിശാല  കാഴ്ചപ്പാടാണ് തങ്ങൾ പിന്തുടർന്നത്.

1978 മുതൽ തോമസ് എബ്രഹാമുമായി താൻ  ബന്ധപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച പല സംഘടനകളിലും പ്രവർത്തിക്കുകയും ചെയ്തു. ഒരുവിഭാഗത്തിനു വേണ്ടി മാത്രമല്ല, എല്ലാവരുടെയും നന്മക്കായി  തത്വചിന്താപരവും  പുരോഗമനപരവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണദ്ദേഹം.നമ്മുടെ സമൂഹത്തിൽ മതപരമായും മറ്റും ഭിന്നതകൾ അടുത്തകാലത്തായി വളരുന്നു. അത് നമ്മുടെ സമൂഹത്തെ ശിഥിലപ്പെടുത്തും. ഐക്യത്തിനും  മതനിരപേക്ഷതക്കും വേണ്ടി നാം ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്-സ്റ്റീഫൻ  പറഞ്ഞു.

സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ ഡോ. തോമസ് എബ്രഹാം ആണ് മിക്കവാറുമെല്ലാ ഇന്ത്യൻ സംഘടനകളും സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി. എഫ്. ഐ. എ.,  എൻ.എഫ്, ഐ. എ., ഗോപിയോ എന്നിങ്ങനെ. അവയാണ് ഇന്ത്യൻ സമൂഹത്തെ ശാക്തീകരിച്ചത്.വെസ്റ്ചെസ്റ്ററിൽ നിന്നു ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിക്കുന്ന ജോൺ  ഐസക് (ഷിബു), രാജു തോമസ്, റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ   തുടങ്ങി ഒട്ടേറെ പേർ   സംസാരിച്ചു.

ഡെയ്സി സ്റ്റീഫൻ ആയിരുന്നു എം.സി. ഡോ. തോമസ് എബ്രഹാമിന്റെ പുത്രൻ  ജെയ് എബ്രഹാം, പുത്രി ഡോ നിത്യ  എബ്രഹാം, പൗത്രി ലീല,  തുടങ്ങിയവരും മറ്റു  കുടുംബാംഗങ്ങളും   ചടങ്ങിൽ പങ്കെടുത്തു.ലൈബ്രറി ഉദ്ഘാടനം പ്രമാണിച്ചു ഏപ്രിൽ 6 ന്യു യോർക്ക് സിറ്റിയിൽ ഡോ. തോമസ് എബ്രഹാം ദിനമായി മേയർ എറിക്ക്  ആഡംസ് പ്രഖ്യാപിച്ചു.  ഇത് സംബന്ധിച്ച പ്രഖ്യാപനവും ചടങ്ങിൽ കൈമാറി.

തന്റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ഡോ. തോമസ് എബ്രഹാം അത് സമൂഹത്തിൽ എന്തങ്കിലും  മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ താൻ കൃതാർത്ഥതയുള്ളവനാണെന്ന്  വക്തമാക്കി. നമ്മുടെ സമൂഹം ഇനിയും വളരുകയും രാഷ്ട്രീയ രംഗത്തും മറ്റും കരുത്താർജിക്കുകയും വേണം.  
ഫോട്ടോ: ബിനു തോമസ്

\

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.