PRAVASI

വഖഫ് ബോർഡുകളെ ഭരണഘടനാ വിധേയമാക്കുന്ന പുതിയ നീക്കങ്ങൾ

Blog Image
ഒരു മതേതര ജനാധിപത്യ രാജ്യത്തു അടിയന്തിരമായി തിരുത്തപ്പെടേണ്ട ഈ വഖഫ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ ഉള്ളത്. നമ്മുടെ പുതിയ പാർലമെന്റ് മന്ദിരവും ഏറ്റവും ഒടുവിൽ കേരളത്തിൽ മുനമ്പത്തെ ലൂർദ് മാതാവിന്റെ പള്ളിയും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടെ വഖഫ് അവകാശവാദം ഉന്നയിക്കുന്നത് എന്തിനോ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ചരിത്രം കണ്ട മുനുഷ്യക്കുരുതികളിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായമായിരുന്നു ഇന്ത്യ പാകിസ്ഥാൻ വിഭജനം. ഇരുപതു ലക്ഷത്തിൽ പരം
മനുഷ്യൻ കൊല്ലപ്പെടുകയും ഒന്നരകോടിയോളം പേർ ജനിച്ച മണ്ണിൽനിന്നും പറിച്ചെറിയപ്പെടുകയും ചെയ്ത ഒരു മഹാ ദുരന്തമായിരുന്നു. ഇന്ത്യ എന്ന രാഷ്ടസങ്കൽപ്പത്തെ ബലഹീനമാക്കാനുള്ള ബ്രിട്ടീഷുകാരുടെ വിഭജതന്ത്രവും എങ്ങനെയും അധികാരം നേടുക എന്ന മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യവും കൈകോർത്തപ്പോളാണ് ഇന്ത്യൻ ദേശിയതയുടെ അഭിഭാജ്യ ഘടകമായിരുന്ന ഇസ്ലാമിക വിഭാഗം വിഹിതംവാങ്ങി ഇന്ത്യ വിട്ടു പാകിസ്താനുമായി
വേർപിരിഞ്ഞത്.
                           വിഭജനാനന്തരം ഇന്ത്യയിൽ തങ്ങിയ മുസ്ലിം വിഭാഗത്തെ സംരക്ഷിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷമായ ഹിന്ദുവിനൊ മറ്റ്
മത ന്യുനപക്ഷങ്ങൾക്കോ ഇല്ലാത്ത അവകാശങ്ങളും അധികാരങ്ങളും  അവർക്കു നൽകി ഒരു വോട്ട് ബാങ്കാക്കി സംരക്ഷിക്കുകയാണ് ഇന്ത്യ ഭരിച്ചവർ
ചെയ്തത്. എല്ലാ മതവിഭാഗങ്ങളെയും ആശ്ലേഷിക്കുന്ന ദേശീയതയുടെ പൊതുബോധം അവരിൽ  വളർത്തിയെടുക്കുന്നതിനു പകരം
പ്രത്യേക വിഭാഗമാക്കി നിലനിർത്തി രാഷ്ട്രീയം കളിച്ചതിന്റെ ഫലമായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ നടന്ന അസഖ്യം വർഗീയ  ലഹളകളും
രാജ്യാന്തര മതമൗലിക തീവ്രവാദ പ്രവർത്തനങ്ങളിൽ വരെ ഇന്ത്യക്കാർ പങ്കാളികളായതും. വൈദേശിക മതമൗലിക
ആകർഷണങ്ങളിലും പ്രലോഭനങ്ങളിലും ആകൃഷ്ടരായ യുവത ഇസ്ലാം സ്ത്രീകളുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടക്കുകയും അവരെ ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതയിലേക്ക് തിരിച്ചു നടത്തുകയും ചെയ്യുന്നു. ഇവിടെയാണ് കോടതികളുടെ ചില ഇടപെടലുകളും കേന്ദ്ര സർക്കാരിന്റെ ട്രിപ്പിൾ തലാക്ക്നിരോധന ഉത്തരവും മൊഴിചൊല്ലിയാൽ ജീവനാംശം നൽകണമെന്ന നിയമവും മുസ്ലിം വിവാഹവും സർക്കാരിൽ
രെജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുമൊക്കെ സാധാരണ മുസ്ലിമിന് ആശ്വാസമാകുന്നത്.രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ നീതിയും
ലിംഗ സമത്വവും ഉറപ്പുവരുത്തുന്ന രണ്ടു ധീരമായ മാറ്റങ്ങളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്ന സെക്കുലർ സിവിൽ കോഡും വഖഫ് നിയമ
പരിഷ്കരണ നിർദ്ദേശങ്ങളും.        
                          ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും വേറിട്ടൊരു സ്വത്വം ഇസ്ലാമിന് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി
ജമാഅത്ത് സ്വത്തുക്കളുടെയും സക്കാത്ത് സമ്പത്തിന്റെയും സംരക്ഷണത്തിനായി 1913 ൽ ബ്രിട്ടീഷ് അധികാരികളുടെ ആശീർവാദത്തോടെ
രൂപംകൊണ്ട ദേശിയ വഖഫ് ബോർഡ് ശരിക്കും ശക്തമാകുന്നതും സമ്പന്നമാകുന്നതും വിഭജനം കഴിഞ്ഞുള്ള കാലത്താണ്. വിഭജനത്തെതുടർന്ന്
പാകിസ്ഥാനിൽ അകപ്പെട്ട ഹിന്ദുക്കളും സിക്കുകാരും സർവ്വതും ഉപേക്ഷിച്ചു ജീവനും കൊണ്ട് ഹിന്ദുസ്ഥാനിലേക്കും  ഇന്ത്യയിൽ അതെ അവസ്ഥയിലായ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്കും കൂട്ട പലായനം ചെയ്തു. ഇന്ത്യയിലേക്ക് അഭയം തേടിയവർ പാകിസ്ഥാനിൽ ഉപേക്ഷിച്ച സ്വത്തു
വകകൾ അവിടത്തെ സർക്കാർ അധീനതയിലാക്കുകയോ അഭയം തേടി  അവിടെയെത്തിയ മുസ്ലിങ്ങൾക്ക് ദാനമായി
നൽകുകയോ ചെയ്തു. എന്നാൽ ഇന്ത്യയിൽ മുസ്ലിം കുടുംബങ്ങൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ പാകിസ്ഥാൻ ചെയ്തതുപോലെ ചെയ്തില്ല എന്ന് മാത്രമല്ല അപ്പാടെ വഖഫ് ബോർഡിന് വിട്ടുകൊടുത്തു പ്രധാന മന്ത്രി നെഹ്‌റു ന്യുനപക്ഷ പ്രീണനം ഉറപ്പിക്കുകയാണുണ്ടായത്.
1995 ൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകിയും 2013 ൽ കോടതികൾക്കുപോലും
ഇടപെടാൻ കഴിയാത്ത രീതിയിൽ സമ്പൂർണ്ണ പരിഷ്കരണം നടത്തിയും വഖഫ് നിയമങ്ങൾ കോൺഗ്രസ്സും യൂ പി എ യും പ്രാബല്യത്തിൽ
കൊണ്ടുവന്നു.
                       മൻമോഹൻ സർക്കാർ പാസ്സാക്കിയ വഖഫ് ഭേദഗതിയിലെ വകുപ്പുകൾ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ പൂർണ്ണമായി
ഹനിക്കുന്നതും ശരിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതുമായിരുന്നു. സാധാരണ പൗരന്മാരെ തികച്ചും അരക്ഷിതരാക്കുന്ന സെക്‌ഷൻ 3 ൽ പറയുന്നത് രാജ്യത്തെ ഏതു ഭൂമിയും ആരുടെ കൈവശത്തിലിരിക്കുന്നതായാലും വഖഫ് സ്വത്താണെന്നു അവർക്കു മാത്രം ബോധ്യപ്പെട്ടാൽ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാം.മുഗൾ ഭരണകാലത്തും വിഭജന കാലത്തും വലിയ തോതിൽ ഭൂസ്വത്തു ഉണ്ടായിരുന്ന മുസ്ലിം കുടുംബങ്ങൾ സ്വത്തു ഭാഗം വയ്ക്കുമ്പോൾ
ഒരു വിഹിതം സക്കാത്തായി മഹൽ കമ്മിറ്റികൾക്ക് നീക്കി വക്കുന്ന പതിവ് മലബാർ ഉൾപ്പെടെ ഭാരതത്തിന്റെ എല്ലാ ഭാഗത്തും നിലവിലുണ്ടായിരുന്നു. എന്നാൽ ഈ നീക്കിവക്കൽ പ്രമാണങ്ങളിൽ മാത്രം ഒതുങ്ങുകയും പ്രയോഗത്തിൽ കുടുംബാംഗങ്ങൾ തന്നെ കൈവശം വെക്കുകയോ മറ്റാളുകൾക്കു വിൽക്കുകയോ ആണ് ചെയ്തു വന്നിരുന്നത്. അര നൂറ്റാണ്ടു വരെ പിന്നിട്ട പഴയ സക്കാത്തു വിഹിതമാണെന്ന അവകാശ വാദത്തിൽ വഖഫ് ബോർഡുകൾ
അധികാരം സ്ഥാപിക്കാൻ നീക്കങ്ങൾ നടത്തുന്ന ത്തിനെതിരെ ഒരു ലക്ഷ്യത്തോളം കേസുകൾ ഇന്ത്യയിലാകെ ഇപ്പോൾ നിലവിലുള്ളതായി അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു. അപ്രകാരം ഇരകളാകുന്ന ഇപ്പോഴത്തെ കൈവശക്കാരുടെ കൂനിന്മേൽ കുരുവാകുന്ന മറ്റൊരു വകുപ്പാണ് സെക്‌ഷൻ 5.അതുപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത വഖഫിനല്ല കൈവശക്കാരനാണ്.
                         വഖഫ് സ്വത്തായി ബോർഡ് പ്രഖ്യാപിക്കുന്ന ഭൂമിയുടെ അവകാശ തർക്കം കേൾക്കാൻ രാജ്യത്തെ സിവിൽ കോടതികൾക്കല്ല
അധികാരം വഖഫ് ട്രിബുണലിനാണ്. ഇസ്ലാം വിശ്വാസികൾ മാത്രമടങ്ങുന്ന ബോർഡിനോ ട്രിബുണലിനോ എങ്ങനെയാണു പൊതുനീതി ഉറപ്പാക്കാൻ കഴിയുക. സംസ്ഥാനത്തെ ഹൈകോടതികൾക്കു അപ്പീൽ കേൾക്കാമെന്നു ആക്ടിൽ പറയുന്നുവെങ്കിലും ട്രിബുണലിനു കേസ് തീർപ്പാക്കാൻ സമയപരിധി എവിടെയും
പറഞ്ഞിട്ടില്ലാത്തതിനാൽ ആ സാധ്യത വെറും കടലാസ്സിൽ ഒതുങ്ങുന്നു. 2013 ൽ 4 ലക്ഷത്തോളം ഹെക്ടർ ഭുമിയുണ്ടായിരുന്ന വഖഫിനു ഇന്ന്
10 ലക്ഷത്തോളം ഹെക്ടർ ഭൂമി ഇന്ത്യയിലാകെ കൈവശം ഉള്ളതായി അറിയുന്നു.
                      ഒരു മതേതര ജനാധിപത്യ രാജ്യത്തു അടിയന്തിരമായി തിരുത്തപ്പെടേണ്ട ഈ വഖഫ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ ഉള്ളത്. നമ്മുടെ പുതിയ പാർലമെന്റ് മന്ദിരവും ഏറ്റവും ഒടുവിൽ കേരളത്തിൽ മുനമ്പത്തെ ലൂർദ് മാതാവിന്റെ പള്ളിയും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടെ വഖഫ് അവകാശവാദം ഉന്നയിക്കുന്നത് എന്തിനോ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

         വഖഫ് സ്വത്തുക്കൾ സംബന്ധിച്ച കേസുകൾ പൂർണ്ണമായും ഭരണഘടന അനുസൃതമാക്കാനുള്ള നിർദ്ദേശങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
   സംസ്ഥാന വഖഫ് ബോർഡുകൾ ഉന്നയിക്കുന്ന അവകാശ വാദങ്ങൾ അതാതു ജില്ലയിലെ കളക്ടർമാരുടെ അംഗീകാരത്തിന് വിധേയമായിരിക്കണം. വസ്തുക്കളുടെ രേഖകളും സർവേയും സംസ്ഥാന സർക്കാർ നിരീക്ഷണത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളു. വഖഫ് ബോർഡുകൾക്കു നിർദ്ദേശങ്ങൾ നല്കാൻ
ഒരു വഖഫ് കൗൺസിൽ ഉണ്ടാകും. വഖഫ് ട്രിബുണലിൽ ഉൾപ്പെടെ എല്ലാ സമിതികളിലും രണ്ടു മുസ്ലിം സ്ത്രീകൾ ഉണ്ടായിരിക്കണം. രാജ്യത്തെ എല്ലാ വിഭാഗങ്ങളും കക്ഷികളാകുന്നതിനാൽ സമിതികളിൽ മുൻ ജഡ്ജിമാരോ നിലവിൽ പാർലമെന്റ് അംഗങ്ങൾ ആയവരോ ആയ രണ്ടു അമുസ്ലിങ്ങൾ കൂടി
സമിതിയിൽ ഉണ്ടാകണം. ഏറ്റവും പ്രധാനമായി ട്രിബ്യുണൽ ഉത്തരവുകൾ ഹൈക്കോടതികളിൽ ചോദ്യം ചെയ്തു ഏതൊരു പൗരനും നീതി
ഉറപ്പാക്കാം.
                 മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും അവസരം നൽകുമാറുള്ള ചർച്ചകളും സംവാദങ്ങളുമാണ് ഇനി പാര്ലമെന്റിനുള്ളിലും
പുറത്തും നടക്കേണ്ടത്. സഭാ ബഹിഷ്കരണമല്ല ക്രിയാത്മക നിലപാടുകളാണ് ജനാധിപത്യത്തിൽ ഉത്തമ പ്രതിപക്ഷ ധർമ്മം.       

സുരേന്ദ്രൻ നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.