LITERATURE

ദുരന്തരങ്ങൾ തടയുന്നതിനും ജീവന്റെ സംരക്ഷണത്തിനും വെടിക്കോപ്പു നിയന്ത്രണം അടിയന്തിരം

Blog Image
രണ്ടായിരത്തി ഇരുപത്തിയൊന്ന് ഡിസംബർ നാലാം തിയതി മിഷിഗനിലെ ഒരു ഹൈ സ്‌കൂളിൽ അവിടത്തെ ഒരു പതിനഞ്ചുവയസ്സുള്ള വിദ്യാർഥി നാല് സഹപാഠികളെ വെടിവച്ചു കൊല്ലുകയും മറ്റു ആറു വിദ്യാർത്ഥികളെയും ഒരു ടീച്ചറെയും വെടിവച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.  കോടതി വിചാരണയിൽ ഘാതകനായ പതിനഞ്ചു വയസ്സുകാരൻ കോടതിയോടു സമ്മതിച്ചു, അവന്റെ ആവശ്യമനുസരിച്ച് അവന്റെ പിതാവാണ് സെമി ഓട്ടോമാറ്റിക് കൈത്തോക്കു വാങ്ങിയതെന്ന്.  

രണ്ടായിരത്തി ഇരുപത്തിയൊന്ന് ഡിസംബർ നാലാം തിയതി മിഷിഗനിലെ ഒരു ഹൈ സ്‌കൂളിൽ അവിടത്തെ ഒരു പതിനഞ്ചുവയസ്സുള്ള വിദ്യാർഥി നാല് സഹപാഠികളെ വെടിവച്ചു കൊല്ലുകയും മറ്റു ആറു വിദ്യാർത്ഥികളെയും ഒരു ടീച്ചറെയും വെടിവച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.  കോടതി വിചാരണയിൽ ഘാതകനായ പതിനഞ്ചു വയസ്സുകാരൻ കോടതിയോടു സമ്മതിച്ചു, അവന്റെ ആവശ്യമനുസരിച്ച് അവന്റെ പിതാവാണ് സെമി ഓട്ടോമാറ്റിക് കൈത്തോക്കു വാങ്ങിയതെന്ന്.   അതിന്റെ പിറ്റേന്ന് കോണ്ഗ്രസ്സംഗമായ തോമസ് മാസ്സീ അയ്യാളും തന്റെ കുടുംബാങ്ങങ്ങളും തോക്കേന്തിക്കൊണ്ടുള്ള ഒരു ഫോട്ടോ ഇന്ന് 'X' എന്നറിയപ്പെടുന്ന അന്നത്തെ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തുകൊണ്ട്‌ സാന്റായോട് ക്രിസ്മസ് സമ്മാനമായി ആവശ്യപ്പെട്ടു  "മെറി ക്രിസ്മസ്!, സാന്റാ, ദയവുചെയ്ത് വെടിയുണ്ട കൊണ്ടുവരണം".   മറ്റൊരു കോണ്ഗ്രസ്സംഗമായ ലോറെൻ ബൊബേർട്  രണ്ടാം ഭരണഘടനാ ഭേദഗതി നൽകിയിട്ടുള്ള അവകാശപ്രകാരം ക്യാപിറ്റോൾ ഹില്ലിൽ തോക്കുമായെ പോകുകയുള്ളുവെന്ന് പരസ്യമായി പ്രചരിപ്പിച്ചിരുന്നു.
പൊതു ജനങ്ങളുടെ കൈവശം ഏറ്റവും കൂടുതൽ റിവോൾവർ മുതൽ സെമി ഓട്ടോമാറ്റിക് റൈഫിൾ വരെ ഉള്ള വികസിതരാജ്യം, കൂട്ടവെടിവയ്പ്പും ഒറ്റപ്പെട്ട വെടിവയ്പ്പും മറ്റക്രമവും വഴി വെടിയുണ്ടയേറ്റ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്യുന്ന രാജ്യം - അതാണ് അമേരിക്ക.  കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്ന ഈ ദുരവസ്ഥയ്ക്ക് കുറവു വരുത്താൻ ഭരണകര്താക്കൾക്കോ നിയമനിര്മാതാക്കൾക്കോ എന്തു കൊണ്ടു കഴിയുന്നില്ല? അമേരിക്കൻ പൊതുജനങ്ങളിൽ ഭൂരിഭാഗം ആളുകളും തോക്കുകളുടെ ലഭ്യതയിൽ നിയന്ത്രണം വേണമെന്ന്  പ്രമുഖ ഗവേഷക സംഘടനകളായ പ്യൂ റീസേർച്ച് സെന്ററും ഗാലപ്പും ഫോക്സ്  ന്യൂസ് ചാനലും നടത്തിയ സർവ്വേകൾ സൂചിപ്പിക്കുമ്പോൾ എന്തുകൊണ്ട് ജനാധിപത്യത്തിന്റെ റോൾ മോഡലെന്നും കാവൽക്കാരെന്നും മറ്റും അവകാശപ്പെടുന്ന അമേരിക്കയുടെ ജനം തെരഞ്ഞെടുക്കുന്ന നിയമനിർമ്മാതാക്കൾക്കും ഭരണമേധാവികൾക്കും വേണ്ടവിധം നടപടികൾ എടുക്കാൻ സാധിക്കാതെ വരുന്നു?   
തോക്കു കൈവശം വയ്ക്കാനുള്ള അവകാശം, തോക്കക്രമം, തോക്കു നിയന്ത്രണം എന്നിവ അമേരിക്കയുടെ സാമൂഹികാന്തരീക്ഷത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലും സംവാദങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിഷയങ്ങളെന്നു മാത്രമല്ല, വിട്ടുവീഴ്ചയ്ക്ക് ഒട്ടും തന്നെ ഇടം കൊടുക്കാതെ, രാഷ്ട്രീയ ധ്രൂവീകരണം വഴി സാംസ്കാരിക വഴക്കിനുള്ള ഇന്ധനങ്ങളായും സാമൂഹിക സുരക്ഷിതത്വത്തിനുള്ള പൊതുവേദിക്ക് എതിരായി നീങ്ങുവാൻ കാരണമാകുകയും ചെയ്യുകയാണിന്ന്.
1689-ഇൽ പ്രൊട്ടസ്റ്റന്റുകളുടെ സംരക്ഷയ്ക്കായി ഇംഗ്ലണ്ടിൽ ഉണ്ടാക്കിയ ബിൽ ഓഫ് റൈറ്റ്സിനെ പിന്തുടർന്ന് 1788-ഇൽ അമേരിക്കൻ ഭരണഘടനയിൽ വരുത്താൻ തുടങ്ങിവച്ച ഭേദഗതിയാണ് പൗരന്മാർക്ക് തോക്കു കൈവശം വയ്ക്കാനുള്ള അവകാശം. മൂന്നിൽ രണ്ടു സംസ്ഥാനങ്ങളുടെ അംഗീകാരം ഭരണഘടനാഭേദഗതിക്ക് ആവശ്യമുള്ളതുകൊണ്ട് അന്നത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ പതിനൊന്നു സ്റ്റേറ്റുകൾ ആ ഭേദഗതി  അംഗീകരിച്ചു.  1791-ഇൽ  ഭരണഘടനയുടെ ഭാഗമായിമാറിയ ഈ അവകാശം ഇന്ന് അമേരിക്കയുടെ അമ്പതു സംസ്ഥാനങ്ങളിൽ ഭീതിതമായ ജനാവകാശമായി നില നിൽക്കുന്നു.  പലരും അതിനെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിത്തന്നെ കാണുകയും നിയന്ത്രണത്തെ സ്വാതന്ത്ര്യധ്വംസനമായി വ്യാഖാനിക്കുകയുമാണ് ചെയ്യുന്നത്.  തോക്കു നിയന്ത്രണങ്ങളും തോക്കവകാശവും ഇന്ന് പ്രബല റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികളുടെ ആയുധങ്ങളാണ്.  ഈ പാർട്ടികളെ പിന്തുടരുന്നവരും അവരുടെ അണികളും തോക്കുകൈവശാവകാശവും നിയന്ത്രണവും പാർട്ടി നയം തന്നെ പിന്തുടരുന്നുവെന്നാണ് സർവേകൾ പറയുന്നത്. 
അമേരിക്കയിലെ പോലെ തോക്കു കൈവശം വയ്ക്കാനുള്ള അവകാശം ബ്രിട്ടനിലെയും ബിൽ ഓഫ് റൈറ്റ്സിലുണ്ട്.  പക്ഷെ വെടിയുണ്ടയേറ്റുള്ള മരണം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ.  അമേരിക്കയിൽ 2019-ഇൽ ഒരുലക്ഷം പേരിൽ 3.96 പേർ വെടികൊണ്ടു മരണമടയുമ്പോൾ ബ്രിട്ടനിൽ അത് ഒരു ലക്ഷം പേരിൽ 0.04 പേർ മാത്രമായിരുന്നതിന്റെ പ്രധാന കാരണം അവിടത്തെ കര്ശനമായ  തോക്കുനിയന്ത്രണ നിയമങ്ങൾ തന്നെ.  തോക്കുവാദികളുടെ സ്വാധീനത്തിലുള്ള അമേരിക്ക കാണുന്നതോ ബ്രിട്ടന്റെ നൂറിരട്ടി ജീവനാശവും!   
വിഷാദരോഗം പോലുള്ള മാനസിക രോഗമുള്ളവരിലും ക്രിമിനൽ മാനസികാവസ്ഥയും ഉദ്ദേശ്യവുമുള്ളവരിലും മാനസികപക്വത വരാത്ത ചെറുപ്പക്കാരിലും എളുപ്പത്തിൽ മാരകമായ തോക്കുകൾ കളിപ്പാട്ടം പോലെ ലഭ്യമാക്കുന്ന ഇവിടത്തെ തോക്കുനിയമം തോക്കു ലോബികളായ നാഷണൽ റൈഫിൾസ് അസോസിയേഷൻ, നാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫൗണ്ടേഷൻ മുതലായ പ്രത്യേക താൽപ്പര്യ സംഘടനകളുടെ കരാള നിയന്ത്രണത്തിലാണെന്നതാണ്  വിരോധാഭാസം.   തോക്കവകാശത്തിനും രണ്ടാം ഭരണഘടനാഭേദഗതിയുടെ സംരക്ഷണത്തിനും നിയമനിര്മാണശ്രമങ്ങളെ ചെറുക്കുന്നതിനും ഈ ലോബികൾ ചെലവഴിക്കുന്ന ദശലക്ഷക്കണക്കിനു ഡോളർ തങ്ങളുടെ താൽപ്പര്യങ്ങളെ മാത്രം മുറുകെ പിടിക്കുന്ന വ്യക്തികളെ  കോൺഗ്രസ്സിലേക്കു തെരഞ്ഞെടുക്കുന്നതിന്   സഹായിച്ചിട്ടുണ്ട്; സഹായിക്കുന്നുണ്ട്.  മിച്ച് മ്കൊണേൽ, മിറ്റ് റോംനി, ടോം കോട്ടൺ, മാർക്കോ റുബിയോ, റിച്ചാർഡ് ബ്ലൻഡ്, റ്റെഡ് ക്രൂസ്, ചക്ക് ഗ്രാസ്‌ലി, മുതലായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ  ഗൺ ലോബികളുടെ ഗുണഭോക്ത്താക്കളാണെന്ന്  പബ്ളിക് റെക്കോർഡുകൾ തെളിയിക്കുന്നു.   വന്പിച്ച ജീവനാശത്തിൻറെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ജനരോഷത്തിനെ തണുപ്പിക്കത്തക്ക വിധമാണ് റൈഫിൾസ് അസ്സോസിയേഷനോടൊപ്പം ഗൺ ഓണേഴ്‌സ് ഓഫ് അമേരിക്ക, നാഷണൽ അസോസിയേഷൻ ഫോർ ഗണ് റൈറ്സ്,  മുതലായ സംഘടനകൾ തോക്കവകാശത്തിന്റെ പ്രചാരണത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി പണം ചെലവാക്കുന്നത്.   സാരമായ അല്ലെങ്കിൽ ഫലപ്രദമായ തോക്കു നിയന്ത്രണത്തിന് റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷമുള്ള ഒരു സംസ്ഥാന ഭരണമേധാവികളും തയ്യാറാവുകയില്ല.  ഗവർണർമാർ എക്സെകുട്ടിവ് ഓർഡർ ഇറക്കുകയോ  ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങൾ  നിയമനിർമ്മാണം നടത്തുകയോ ചെയ്‌താൽ രണ്ടാം ഭരണഘടനാ ഭേദഗതിയുടെ പേരിൽ തോക്കവകാശ ഗ്രൂപ്പുകൾ സുപ്രീം കോടതിയെ സമീപിക്കുകയും കൺസർവേറ്റിവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതി അവയെ ഭരണഘടനാവിരുദ്ധമെന്നു വിധിയെഴുതുകയും ചെയ്യും. 
ഭരണഘടനയിൽ ഭേദഗതി വരുത്തി തോക്കു നിയന്ത്രണം വരുത്തുക ഒരിക്കലും ചിന്തിക്കാനാകാത്ത കാര്യമാണ്.  കോൺഗ്രസിന്റെ (ഹൌസ് ഓഫ് റെപ്രെസെന്ററിവെസിന്റെയും സെനറ്റിന്റെയും) മൂന്നിൽ രണ്ടു ഭാഗം പേരുടെ വോട്ടും നാലിൽ മൂന്നു സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിച്ചാൽ മാത്രമേ ഒരു ഭേദഗതി വരുത്താനാകൂ - അതായത് മുപ്പത്തിയെട്ടു സംസ്ഥാനങ്ങൾ അംഗീകരിക്കണം.  അതല്ലെങ്കിൽ മൂന്നിൽ രണ്ടു ഭാഗം സംസ്ഥാനങ്ങൾ  ഒരു നാഷണൽ കൺവെൻഷൻ വേണമെന്ന് കോൺഗ്രെസ്സിനോടാവശ്യപ്പെടുകയും കോൺഗ്രസ് നാഷണൽ കൺവെൻഷൻ വലിച്ചുകൂട്ടുകയും ചെയ്യണം.  ഓരോ സംസ്ഥാനവും അയക്കുന്ന ഡെലിഗേറ്റുകളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.  ആ കൺവെൻഷൻ പാസ്സാക്കുന്ന ഭേദഗതി തുടർന്ന് നാലിൽ മൂന്നു ഭാഗം സംസ്ഥാനങ്ങളുടെ നിയമനിര്മാണസഭകൾ അംഗീകരിക്കണം.  ഇതെല്ലാം തികച്ചും അസാധ്യമായ കാര്യം!
വർധിച്ചുവരുന്ന കൂട്ട വെടിവയ്പുകളും ഒറ്റപ്പെട്ട വെടിവയ്പുകളും ജനങ്ങൾക്കിടയിൽ ഉയർത്തികൊണ്ടിരിക്കുന്ന നീരസത്തിനും രോഷത്തിനും മുന്നിൽ എന്തെങ്കിലും ചെയ്യാതിരിക്കാനാകില്ലല്ലോയെന്ന പൊതു യോജിപ്പുകൊണ്ടായിരിക്കാം കഴിഞ്ഞ വര്ഷം കുറച്ചു റിപ്പബ്ലിക്കൻ നിയമനിര്മാതാക്കളുടെ പിന്തുണയോടെ "ബൈപാർട്ടിസൻ  സേഫർ കമ്മ്യൂണിറ്റിസ് ആക്ട്" എന്ന നിയമം കോൺഗ്രസ്സിന്റെ രണ്ടു മണ്ഡലങ്ങളും പാസ്സാക്കി പ്രസിഡന്റ് ബൈഡൻ നിയമമാക്കി ഒപ്പു വച്ചത്.  തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന നിർബ്ബന്ധമാക്കുന്ന ഈ നിയമം  നിയന്ത്രണസാധ്യതകളുടെ കൂമ്പാരത്തിൽ ചെറിയൊരു നിയമ നടപടി മാത്രം.  2022-ഉമായി താരതമ്യം ചെയ്യുമ്പോൾ 2023-ഇൽ കൂട്ടവെടിവയ്പുകൾ വര്ധിക്കുകയേ ചെയ്തിട്ടുള്ളൂവെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് കുറച്ചെങ്കിലും ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.    
അടുത്ത പ്രസിഡന്റിനു വേണ്ടിയുള്ള പ്രചാരണങ്ങൾക്ക് ശക്തി വര്ധിച്ചുകൊണ്ടിരിക്കുമ്പോളും  തോക്കു നിയന്ത്രണം എന്ന വിഷയം ഏതെങ്കിലും സ്ഥാനാർത്ഥിയുടെ സംസാരവിഷയങ്ങളിൽ ഇതുവരെ എത്തിയിട്ടില്ല.  ഈ മാസം ഐഡാഹോയിലെ ഒരു ഹൈ സ്‌കൂളിലെ പതിനേഴു വയസ്സുള്ള ഒരു വിദ്യാർഥി ഒരു സഹപാഠിയെ വെടിവച്ചുകൊള്ളുകയും മറ്റു പലരെയും പരിക്കേൽപ്പിക്കുകയും ചെയ്തതിന്റെ പിറ്റേന്ന് തെരഞ്ഞെടുപ്പുപ്രചാരണത്തിനെത്തിയ ഡൊണാൾഡ് ട്രമ്പ് ആ സംഭവത്തിൽ വേദനയും നഷ്ടവും അനുഭവിക്കുന്നവർക്ക് അനുശോചനം അറിയിച്ചതല്ലാതെ, അതിനു കാരണമായ തോക്കു ലഭ്യതയെ കുറിച്ചോ തോക്കു നിയന്ത്രണത്തെകുറിച്ചോ പറയാൻ മുതിർന്നില്ല. പകരം അദ്ദേഹം അവരോടു ആവശ്യപ്പെട്ടത് അതിനെ മറികടന്നു മുന്നോട്ടു പോകണമെന്ന കഠിനമായ ആവശ്യം മാത്രം.   ഓരോ വർഷവും ശരാശരി നാൽപ്പതിനായിരം മനുഷ്യർ മരിക്കുകയും എഴുപത്തി അയ്യായിരത്തിലധികം പേര് പരിക്കേൽക്കുകയും അഞ്ഞൂറ്റി അന്പത്തിയഞ്ചു ബില്യൺ ഡോളറിന്റെ ഭാരം സാമ്പത്തികവ്യവസ്ഥിതിയെ ഏൽപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെ തോക്കവകാശനിയമം; പണത്തിന്റെ ശക്തിയുമായി തോക്കവകാശത്തിൽ കടിച്ചുതൂങ്ങുന്ന തോക്കുവാദികൾ;  അവരുടെ സംരക്ഷകരായ രാഷ്ട്രീയ സേവകർ - തോക്കും അതിന്റെ ഭവിഷ്യത്തും നമ്മെയും വളർന്നുവരുന്ന നമ്മുടെ പിൻതലമുറയേയും ഇരയാക്കാതിരിക്കട്ടെ.  

പോൾ ഡി. പനയ്ക്കൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.