ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണ ഉടന്‍ ഇന്ത്യയിലെത്തിയേക്കും. ഈയാഴ്ച തന്നെ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന.
ബംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണ ഉടന്‍ ഇന്ത്യയിലെത്തിയേക്കും. ഈയാഴ്ച തന്നെ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. രേവണ്ണക്കെതിരായ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് ജെ.ഡി.എസ് എം.പി രാജ്യം വിട്ടത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ പേരമകനായ രേവണ്ണക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കര്‍ണാടകയില്‍ എന്‍.ഡി.എ മുന്നണിയെ പ്രതിരോധത്തിലാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണക്ക് സമന്‍സ് അയിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ പിതാവും എം.എല്‍.എയുമായ എച്ച്.ഡി രേവണ്ണക്കും അന്വേഷണസംഘം സമന്‍സ് നല്‍കിയിരുന്നു. സമന്‍സ് ലഭിച്ചിട്ടും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ പ്രജ്വല്‍ രേവണ്ണയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിന്റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്കിയാല് തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കത്തയച്ചിരുന്നു. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.