പരസ്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി എന്ന കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി
ഡല്‍ഹി: പരസ്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി എന്ന കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട് മാപ്പുപറയാന്‍ ബാബ രാംദേവിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം തങ്ങള്‍ക്ക് ലഭിച്ചുവെങ്കിലും താമസിച്ച് ഫയല്‍ചെയ്തതിനാല്‍ ബാബ രാംദേവിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവരും സത്യവാങ്മൂലത്തിലൂടെ അറിയിച്ച ഖേദം ആത്മാര്‍ത്ഥമല്ലെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലത്തിലെ ചില രേഖകളുടെ വിശ്വാസ്യതയും കോടതി ചോദ്യംചെയ്തു. വ്യാജമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉണ്ടെങ്കില്‍ അതിന് കര്‍ശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കോടതിയലക്ഷ്യ നടപടി തുടര്‍ന്നു.
ഇപ്പോള്‍ പറയുന്നത് പതഞ്ജലിയുടെ മാധ്യമ വിഭാഗമാണ് വാര്‍ത്താമ്മേളനത്തിന് ഉത്തരവാദികളെന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും നേരിട്ട് ഹാജരാകാന്‍ ബാബ രാംദേവിനോടും ആചാര്യ ബാലകൃഷ്ണനോടും സുപ്രീം കോടതി നിര്‍ദേശിച്ചു.
പതഞ്ജലിയുടെ വ്യാജ പരസ്യങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആരാഞ്ഞു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യം നല്‍കുമ്പോള്‍ കേന്ദ്രം എന്തുചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു.