PRAVASI

റീനി മമ്പലം- അമേരിക്കൻ മലയാള സാഹിത്യ ത്തറവാട്ടിലെ, പുഞ്ചിരി മായാത്ത സ്ത്രീച്ഛായ:ഫിലഡൽഫിയാ മലയാള സാഹിത്യ വേദി

Blog Image
"അമേരിക്കൻ ജീവിതാനുഭവങ്ങളെ,  മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന, അത്ഭുത വിദ്യ, റീനി മമ്പലത്തിൻ്റെ രചനകളിൽ, മാന്ത്രിക ലയമായി തിളങ്ങുന്നു എന്നതാണ്, റീനിയെ അമേരിക്കൻ മലയാള സാഹിത്യത്തറവാട്ടിലെ, പുഞ്ചിരി മായാത്ത സ്ത്രീച്ഛായായി, ഭദ്രദീപ്തിയിൽ വിളക്കുന്നത്", 

ഫിലഡൽഫിയ: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിൻ്റെ വേർപാടിൽ  ഫിലഡൽഫിയാ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു.  "അമേരിക്കൻ ജീവിതാനുഭവങ്ങളെ,  മലയാള ഹൃദയരസ ചംക്രമണമാക്കി രൂപാന്തരപ്പെടുത്തുന്ന, അത്ഭുത വിദ്യ, റീനി മമ്പലത്തിൻ്റെ രചനകളിൽ, മാന്ത്രിക ലയമായി തിളങ്ങുന്നു എന്നതാണ്, റീനിയെ അമേരിക്കൻ മലയാള സാഹിത്യത്തറവാട്ടിലെ, പുഞ്ചിരി മായാത്ത സ്ത്രീച്ഛായായി, ഭദ്രദീപ്തിയിൽ വിളക്കുന്നത്", എന്ന് , ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, അനുസ്മരണ കുറിച്ചു.

ലിറ്റററി അസ്സോസിയേഷൻ ഓഫ് ഫിലഡൽഫിയാ മലയാളം (ലാമ്പ്, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി) പ്രസിഡൻ്റ്  പ്രൊഫസ്സർ കോ ശി തലയ്ക്കൽ,  റീനി മമ്പലത്തിൻ്റെ സാഹിത്യ  രചനാ വൈഭവത്തെ  പ്രകീർത്തിച്ച് സംസാരിച്ചു.  ജോർജ് നടവയൽ അനുശോചന പ്രമേയം രേഖപ്പെടുത്തി. അംഗങ്ങളായ നീനാ പനയ്ക്കൽ, അനിതാ പണിക്കർ, ലൈലാ അലക്സ്, ജോർജ് ഓലിക്കൽ, സോയാ നായർ എന്നിവർ അനുശോ ചിച്ചു.

 

റീനി മമ്പലത്തിൻ്റെ കഥകളും,  നോവലുകളും , ലേഖനങ്ങളും , യാത്രാ വിവരണങ്ങളും ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, സ്‌നേഹഭൂമി, കേരളാ എക്സ്പ്രസ് , ഇ മലയാളി , പുഴ.കോം, ചിന്ത.കോം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശിതമായിരുന്നു.

റീനിയുടെ ആദ്യ ചെറുകഥാ സമാഹാരം 'റിട്ടേണ്‍ ഫ്‌ലൈറ്റ്', 2010 ലെ നോര്‍ക്ക റൂട്ട്‌സിന്റെ അവാര്‍ഡ് നേടിയിരുന്നു. പ്രശസ്തി പത്രവും ശില്‍പവും അന്‍പതിനായിരം രൂപയുമായിരുന്നു സമ്മാനം. 2015 ലാണ് അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയ 'അവിചാരിതം' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2018 ല്‍ 'ശിശിരത്തില്‍ ഒരു ദിവസം' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി. ന്യൂ ബുക്ക്‌സ് തൃശൂര്‍ ആണ് പ്രസാധകര്‍.

2014 ല്‍ ഫോമയുടെ ലിറ്റററി അവാര്‍ഡ് , കണക്റ്റിക്കട്ട് കേരളാ അസോസിയേഷന്റെ ലിറ്റററി അവാര്‍ഡ്, മെരിലാന്‍ഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാര്‍ഡ് ഇവയെല്ലാം റീനിയുടെ രചനാ മേന്മയെ തേടിയെത്തിയ പുരസ്‌കാരങ്ങളാണ്.

റീനി മമ്പലം കോട്ടയം ചിങ്ങവനം സ്വദേശി. ഭർത്താവ് ജേക്കബ് തോമസ് . മക്കൾ: വീണ , സപ്ന.  റീനി മമ്പലത്തിൻ്റെ സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും ആയിരുന്നു. 1977 മുതൽ അമേരിക്കയില്‍. (എഴുത്തുകാരി റീനി മമ്പലത്തിന്റെ സംസ്കാരം മെയ് 3 വെള്ളിയാഴ്ച കണക്ടിക്കട്ടിൽ നടത്തും. പൊതുദർശനം: മെയ് 2 വ്യാഴാഴ്ച, 5 PM - 8 PM: ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോം, 786 ഫെഡറൽ റോഡ്, ബ്രൂക്ക്ഫീൽഡ്, CT 06804. സംസ്കാര ശുശ്രൂഷ: മെയ് 3 വെള്ളിയാഴ്ച, 9 AM: ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോം).

റീനി മമ്പലം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.