അങ്ങനെ ട്രംപ് വിജയിച്ചു. സന്തോഷംകൊണ്ട് ഇരിക്കാന്‍ മേലാ-എനിക്കല്ല, എന്‍റെ പ്രിയതമ പുഷ്പാജിക്ക്. എന്തുകൊണ്ടോ അവള്‍ക്ക് കമലാ മാഡത്തിനെ അത്ര ഇഷ്ടമല്ല. 'ആ പെണ്ണുംപിള്ള എപ്പോഴും ഇളിച്ചുകൊണ്ടാ നടക്കുന്നത്'-ഒരുമാതിരി വളിച്ച ചിരി. അതവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
അങ്ങനെ ട്രംപ് വിജയിച്ചു. സന്തോഷംകൊണ്ട് ഇരിക്കാന്‍ മേലാ-എനിക്കല്ല, എന്‍റെ പ്രിയതമ പുഷ്പാജിക്ക്.
എന്തുകൊണ്ടോ അവള്‍ക്ക് കമലാ മാഡത്തിനെ അത്ര ഇഷ്ടമല്ല. 'ആ പെണ്ണുംപിള്ള എപ്പോഴും ഇളിച്ചുകൊണ്ടാ നടക്കുന്നത്'-ഒരുമാതിരി വളിച്ച ചിരി. അതവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
കമലാ ഹാരിസ് ചിലപ്പോള്‍ എന്നെ നോക്കിയാണ് ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും.
"എന്തോന്നാ ഇത്രകണ്ട് ന്യൂസ് കാണാന്‍-എഴുന്നേറ്റു പോകരുതോ? ആ എരണംകെട്ടവളുടെ ഒരു ചിരി കാണാന്‍ കുത്തിയിരിക്കുന്നു."
ഏതെങ്കിലും അല്പസ്വല്പം ചന്തമുള്ള ഒരു തരുണീമണി എന്നെനോക്കി ഒന്നു പുഞ്ചിരിച്ചാല്‍, ഒരു സംശയദൃഷ്ടിയോടെ അവള്‍ എന്നെയൊന്നു നോക്കും. എന്നിട്ടൊരു കമന്‍റും.
"എനിക്കൊന്നും അറിയത്തില്ല എന്നാ അങ്ങേരുടെ വിചാരം. ഞാനത്ര പൊട്ടിയൊന്നുമല്ല." അതിന് അകമ്പടിയായി അമക്കിയൊരു മൂളലും.
അമേരിക്കയില്‍, മലയാളികളുടെ ഗൃഹഭരണത്തിന്‍റെ അവസാന വാക്ക് സ്ത്രീകള്‍ക്കാണെങ്കില്‍ത്തന്നെയും നാടു ഭരിക്കുന്നത് പുരുഷന്മാരായിരിക്കണം എന്ന ചിന്താഗതിയുള്ള ധാരാളം വനിതകളുണ്ട്. അതുകൊണ്ടാണ് ദേവാലയങ്ങളിലും മറ്റു സംഘടനകളിലും മലയാളി പുംഗവന്മാര്‍ കിടന്നു വിലസുന്നത്.
പറഞ്ഞുവന്നത് ട്രംപ്-കമലാ മത്സരത്തിനേപ്പറ്റിയാണല്ലോ! തെരഞ്ഞെടുപ്പ് ദിവസം വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പ്തന്നെ ട്രംപ് വിജയിച്ചു എന്നുള്ള സന്തോഷ വാര്‍ത്ത നാട്ടിലുള്ള ബന്ധുമിത്രാദികളെയൊക്കെ വിളിച്ചറിയിച്ച് എന്‍റെ ഭാര്യ ആഹ്ലാദപ്രകടനം നടത്തി.
ദോഷം പറയരുതല്ലോ! എനിക്കും ഒരു ചെറിയ ട്രംപ് ചായ്വ് ഉണ്ടായിരുന്നു. രണ്ട് സ്ഥാനാര്‍ത്ഥികളും മെച്ചമൊന്നുമല്ല, എങ്കിലും 'തമ്മില്‍ ഭേദം തൊമ്മന്‍' എന്നൊരു ലൈന്‍!
പത്തു ദിവസം മുന്‍പുതന്നെ ഞങ്ങള്‍ തപാല്‍ വഴി വോട്ട് രേഖപ്പെടുത്തി.
'ആരു ജയിച്ചാലും നമുക്കെന്നാ?' എന്നൊരു നിസ്സംഗതയായിരുന്നു എനിക്ക്. എങ്കിലും പതിവ് തെറ്റിക്കാതെ പാതിരാത്രി വരെ ഉറക്കമിളച്ചിരുന്ന് ഞാന്‍ വാര്‍ത്ത കണ്ടു.
ഇടയ്ക്ക് ചാനലൊന്നു മാറ്റിയപ്പോള്‍ പാലക്കാട്ട് പൂരമടി. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ആരു ജയിച്ചാലും തോറ്റാലും ഭരണത്തിലൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. പോലീസും പാര്‍ട്ടിക്കാരും ചേരിതിരിഞ്ഞ് ചീത്തപറച്ചിലും ഉന്തും തള്ളും. അവിടെ ആരോ കള്ളപ്പണം കൊണ്ടുവന്നെന്നും അതു വീതിച്ചു നല്കിയെന്നും പോലീസു വന്നപ്പോള്‍ കണ്ടംവഴി ഓടിയെന്നും മറ്റുമാണ് കഥ.
അമേരിക്കയില്‍ ലോകരാഷ്ട്രത്തലവന്‍റെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. സായിപ്പ,് മദാമ്മയ്ക്കൊരു 'ഗുഡ്നൈറ്റ്' കിസും നല്കിയിട്ട് കൂര്‍ക്കംവലിച്ച് കിടന്ന് ഉറങ്ങുകയാണ്. ആരു ജയിച്ചാലും തോറ്റാലും പിറ്റേന്നു രാവിലെ എഴുന്നേറ്റ് ജോലിക്കു പോയില്ലെങ്കില്‍ പണി പാളിയതു തന്നെ!
"ഇവിടെ പാലു കാച്ചല്‍-അവിടെ പുരയ്ക്ക് തീ കത്തുന്നു."
വാര്‍ത്തയില്‍ ലയിച്ചിരുന്ന ഞാന്‍ ഇടയ്ക്കൊന്നു മയങ്ങിപ്പോയി. രാവിലെ കണ്ണു തുറന്നു നോക്കിയപ്പോള്‍, ദാ കിടക്കുന്നു നമുക്കൊരു പുതിയ പ്രസിഡണ്ട്. വര്‍ദ്ധിത വീര്യത്തോടെ, സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍.
ഇനി ലോകത്തിന്‍റെ ഗതി ഒന്നു മാറിമറിയും. ഇന്ത്യ സെയ്ഫാണ്. നമ്മുടെ മോദിജിയും ട്രംപ്ജിയും തമ്മില്‍ ചക്കരയും തേങ്ങായും പോലെയാണ്. ഒരു 'എടാ-പോടാ' ബന്ധമാണ് അവര്‍ തമ്മില്‍.
ഇസ്രയേല്‍ എന്തു വേണ്ടാതീനം കാണിച്ചാലും ട്രംപിന്‍റെ പരിപൂര്‍ണ്ണ പിന്തുണ അവര്‍ക്കുണ്ട്. അവരെ ആര് വിരട്ടിയാലും ബൈഡന്‍ അപ്പച്ചനെപ്പോലെ വെറുതേ 'ഞഞ്ഞാ, പിഞ്ഞാ' പറഞ്ഞോണ്ടിരിക്കില്ല.
ചുവന്ന ബട്ടണും പച്ച ബട്ടണുമെല്ലാം വെളുത്ത ട്രംപിന്‍റെ കറുത്ത ബ്രീഫ്കെയ്സിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പോക്കണംകേടു പറഞ്ഞ് അമേരിക്കയെ ചൊറിയാന്‍ വന്നാല്‍, ഇടംവലം നോക്കാതെ ഏതെങ്കിലും ബട്ടനമര്‍ത്തും.
വിവരവും വെള്ളിയാഴ്ചയൊന്നുമില്ലാത്ത കക്ഷിയാണ്. വരുംവരാഴികയൊന്നും പുള്ളിക്കൊരു പ്രശ്നമല്ല.
ഏതായാലും എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
അങ്ങനെ അമേരിക്കയുടെ 47-ാമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മിസ്റ്റര്‍ ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍! ആശംസകള്‍!!!
ഗോഡ് ബ്ലസ് അമേരിക്ക!
രാജു മൈലപ്ര