കഥകൾ മനോചിത്ര രൂപങ്ങളായി മാത്രമേ എനിക്കു മുന്നിൽ കുഞ്ചു കൊട്ടാറുള്ളൂ. അങ്ങിനെ നല്ലൊരു കഥ കൊട്ടിയ ഇടവേളയിലാണ് ഞങ്ങൾ പഴംപൊരിയുടെ മുന്നിലെത്തിയത്.കുഞ്ചു മാത്രമല്ല കുഞ്ചുവിന്റെ അച്ഛനും ഒരു പഴംപൊരി പ്രിയനാണ്.
പഴംപൊരി വളരെ ഇഷ്ടപ്പെടുന്നകുഞ്ചു എന്നെ പപ്പ എന്നാണ് വിളിക്കാറ്. കുഞ്ചുവായ് വളരും കുഞ്ഞു നാളിൽ കുഞ്ചു തന്നെ എനിക്കായി സ്വയം തീരുമാനിച്ച വിളിപ്പേരാണ് അത്. അതുവരെ എന്നെ ആരും അങ്ങിനെ വിളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആ ശബ്ദത്തിന് അസാധാരണമായൊരു സൗന്ദര്യം എനിക്കനുഭവപ്പെട്ടു. ഇന്നും, ആദ്യം കേട്ടതിന്റെ പതിന്മടങ്ങ് രൂപത്തിൽ എനിക്കത് അനുഭവപ്പെടുന്നു.
സുബ്രഹ്മണ്യ ബിന്ദു ദമ്പതികളുടെ മകനായി പിറന്ന കുഞ്ചുവിന്റെ മനസ്സുനിറയെ വരകളും കഥകളും ആണ്. വരകൾ ഗ്രാഫിക്സ് രൂപത്തിൽ പുറത്തു വരാറുണ്ടെങ്കിലും, കഥകൾ മനോചിത്ര രൂപങ്ങളായി മാത്രമേ എനിക്കു മുന്നിൽ കുഞ്ചു കൊട്ടാറുള്ളൂ. അങ്ങിനെ നല്ലൊരു കഥ കൊട്ടിയ ഇടവേളയിലാണ് ഞങ്ങൾ പഴംപൊരിയുടെ മുന്നിലെത്തിയത്.കുഞ്ചു മാത്രമല്ല കുഞ്ചുവിന്റെ അച്ഛനും ഒരു പഴംപൊരി പ്രിയനാണ്.
പഴംപൊരി ഒരു നല്ല പലഹാരം ആണ്. ഞാൻ ആദ്യം പഴംപൊരി കാണുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. നടക്കാവിലെ ഹോട്ടൽ ഭവാനിയിൽനിന്നും ഞങ്ങളുടെ ക്ലാസ്സ് ടീച്ചർക്ക് ചായയും, ഇലയിൽ പൊതിഞ്ഞ പഴംപൊരിയും, ഇടവേളയിൽ കഴിക്കാൻ കൊണ്ടുവരുന്നത് മുസ്തഫയാണ്. മുസ്തഫയുടെ കഥ ഞാൻ പലയിടത്തും മുൻപ് പറഞ്ഞിട്ടുണ്ട്. അത്രയും കുട്ടികളുടെ മുന്നിൽവെച്ച് സ്ഥിരമായി പഴംപൊരി കഴിക്കുന്ന ടീച്ചറോടുള്ള പ്രതിഷേധം മുസ്തഫ കാണിച്ചത് പഴംപൊരിയുടെ ഉള്ളിൽ നിന്നും പഴം മോഷ്ടിച്ചു കൊണ്ടായിരുന്നു. അത്രയും പെർഫെക്റ്റ് ഡിസൈനിങ് ആയിരുന്നു ഭവാനി ഹോട്ടലിലെ പഴംപൊരിക്ക്. ആ പഴംപൊരിയുടെ വാസന ഒരനുഭവമാണ്. ശുദ്ധ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഭവാനീ പഴംപൊരിയോട് എന്തെന്നില്ലാത്തൊരു ആകർഷണം പലപ്പോഴും തോന്നിയിരുന്നു.
പഴംപൊരി ഭ്രാന്തന്മാരായ അനവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. ചെറിയൊരു ഭ്രാന്ത് എനിക്കും ഉണ്ട്. മിക്ക "വിശപ്പ് കടകളിലും" പഴംപൊരി ഉണ്ടെങ്കിലും എല്ലാ പഴംപൊരിക്കും എന്തുകൊണ്ടോ ഒരു പഴംപൊരി സ്വഭാവം ഉണ്ടാവാറില്ല. നല്ലതുപോലെ പാകമായ പഴം എടുത്ത് കൃത്രിമ കൂട്ടുകൾ ഇല്ലാതെ പാകം ചെയ്തെടുക്കുന്ന പഴംപൊരിയും, ഒപ്പം ഒരു കട്ടനും. കുഞ്ചുവിന്റെ ഫോർമുല അതാണ്.