എങ്കിലും വേണമൊരു പ്രേമലേഖനം പണ്ടത്തയോർമ്മകൾ മാറാല കെട്ടാതിരിക്കാൻ വായിച്ചെനിക്ക് ഹൃദിസ്ഥമാക്കണം വീണ്ടുമെന്നുള്ളിൽ പ്രണയം പൂക്കാൻ...
ഏറെ നൽകിയിട്ടുണ്ടു നീ
പ്രേമലേഖനം പ്രണയകാലത്തിൽ..
തിളക്കമേറുന്ന വെളുത്ത താളിലായ്
മൃദുലമാം വാക്കുകളടുക്കിവെച്ച്
കുത്തുകൾ കോമകൾ ചിഹ്നങ്ങളൊക്കെയും
സ്ഥാനത്ത് കൃത്യമായ് ചേർത്തുവച്ച്
മധുരമാ വരികളിൽ ഒളിപ്പിച്ചുവെച്ചു നീ
നൽകി അന്നേറെ പ്രണയലേഖനം..
പിന്നീടൊരുമിച്ചു യാത്ര തുടങ്ങി നാം
ഏറ്റിയാൽ പൊങ്ങാത്ത പ്രാരാബ്ധമൊക്കെയും
തലച്ചുമടേറ്റി മടുത്തുപോയി...
പ്രണയം തുളുമ്പുന്ന മധുരമാം വാക്കുകൾ
ജീവിതച്ചുഴിയിൽ മുങ്ങിപ്പോയി..
ഇപ്പോൾ കൊതിക്കുന്നു വീണ്ടും ഞാൻ
നിൻ കൈപ്പടയിലൊരു പ്രേമലേഖനം..
അറിയാമെനിക്കുന്നു പണ്ടത്തെ കമിതാക്കളല്ല നാം
തിളങ്ങില്ല വജ്രംപോൽ അക്ഷരങ്ങൾ
തേനുപോൽ മധുരം കിനിയില്ല വാക്കുകളിൽ
സ്ഥാനം തെറ്റിക്കിടക്കും ചിഹ്നങ്ങൾ
ജീവിതപ്രാരാബ്ധം കൈപ്പുനീർപോലെ
ഒഴുകിയിറങ്ങുമാ വരികളിലൂടെ
കഷ്ടപ്പാടുകൾ കറുപ്പായി വീഴുമാ
വെളുത്ത താളിൽ അതുമെനിക്കറിയാം..
എങ്കിലും വേണമൊരു പ്രേമലേഖനം
പണ്ടത്തയോർമ്മകൾ മാറാല കെട്ടാതിരിക്കാൻ
വായിച്ചെനിക്ക് ഹൃദിസ്ഥമാക്കണം
വീണ്ടുമെന്നുള്ളിൽ പ്രണയം പൂക്കാൻ...
ജിബി മീനാക്ഷി