LITERATURE

പ്രവാസി ചരിത്രത്തിലെ ഇന്നലെകളില്‍ നിന്നും ഇന്നിലേക്കുള്ള ഏടുകള്‍ മറിക്കുമ്പോള്‍

Blog Image
അറുപതുകളിൽതുടങ്ങി, ഏഴുപതുകളിൽപടർന്നുകയറിപുഷ്പിച്ചുപന്തലിച്ച അമേരിക്കൻമലയാളി പ്രവാസികൾ ഒരു തിരിഞ്ഞു നോട്ടം.

സ്വതന്ത്രഭാരതത്തില്‍ ജീവിതം കരുപ്പിടിക്കാന്‍ കൃഷിയെ പ്രധാന ഉപജീവന മാര്‍ഗ്ഗമാക്കിയവരും ചെറുകിടക്കാരായ കച്ചവടക്കാരും മാത്രം അടങ്ങുന്ന ഒരു ചെറിയ സമ്പദ്വ്യവസ്ഥയുടെ ഉടമകളായിരുന്നു കൊച്ചുകേരളത്തിലെ ജനതകള്‍. ദൈനംദിന ജീവിതത്തില്‍ ധാരാളം പരിമിതികള്‍ ഭരണകൂടങ്ങളെ പോലും നിരായുധരാക്കിയിരുന്നു. ഭാരതത്തിലെ വിദ്യാസമ്പന്നരുടെ എണ്ണത്തില്‍ കേരളം താരതമ്യേന മുന്‍പന്തിയിലായിരുന്നു. എങ്കിലും തൊഴിലില്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ സാദ്ധ്യതകളും കേരളത്തില്‍ വിരളമായിരുന്നു. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ കാര്‍ഷികവൃത്തിയിലേക്കു മടങ്ങാന്‍ വിമുഖത കാട്ടുകയും അന്തസ്സായി ഒരു തൊഴിലിനും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരണമായ ഒരു ജീവിതമാര്‍ഗ്ഗത്തിനുമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊഴില്‍ മാനദണ്ഡങ്ങളുമായി പുലബന്ധം പോലും പുലര്‍ത്താത്ത ബ്രിട്ടീഷുകാര്‍ ഗുമസ്ഥന്മാരെ സൃഷ്ടിക്കാന്‍ പടച്ചുകൂട്ടിയ വിദ്യാഭ്യാസ സമ്പ്രദായം തൊഴില്‍ അവസരങ്ങള്‍ കാര്യമായി സൃഷ്ടിച്ചില്ല.
തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേക്കും ജീവന്‍ പണയംവെച്ച് കെട്ടുവള്ളത്തിലും പത്തേമാരിയിലും അതുപോലുള്ള അപകടകരമായ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു കേരളംവിട്ട് വിദേശത്തേക്കും തൊഴില്‍സാദ്ധ്യത തേടി അലഞ്ഞുതുടങ്ങി. അപ്പോഴാണ് വിദേശത്ത് നേഴ്സിംഗ് രംഗത്ത് വലിയ സാദ്ധ്യതയുണ്ടെന്നുള്ള അറിവ് കിട്ടുന്നതും നേഴ്സിംഗ് പഠിച്ച വളരെയധികം പെണ്‍കുട്ടികള്‍ ഗള്‍ഫിലേക്കും ജര്‍മ്മനിയിലേക്കും യൂറോപ്പ് പോലുള്ള മറ്റു വിവിധ രാജ്യങ്ങളിലേക്കും പോയിത്തുടങ്ങിയത്. സാമ്പത്തികമായി മെട്ടപ്പെട്ട തൊഴിലവസരങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് നേഴ്സിംഗ് പഠിക്കാനും വിദേശരാജ്യങ്ങളിലേക്ക് പോകാനുമുള്ള താല്പര്യം ഉണ്ടാക്കി. ഉപരിപഠനത്തിനായി ക്രിസ്ത്യന്‍ പുരോഹിതര്‍ അക്കാലത്ത് വിദേശരാജ്യങ്ങളില്‍ പോകുകയും നേഴ്സിംഗ് സാദ്ധ്യതകളെക്കുറിച്ച് പഠിക്കുകയും കൂടുതല്‍ കുട്ടികളെ വിദേശത്തേക്കു പോകാന്‍ സഹായിക്കുകയും ചെയ്തു. ഇതിനു തുടക്കം കുറിച്ച ക്രിസ്ത്യന്‍ വൈദികരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അറുപതുകളില്‍ ഒന്നും ഒറ്റയ്ക്കുമൊക്കെയായി ഓരോരുത്തരായി അങ്ങനെ അമേരിക്കയിലും എത്തി. സാമ്പത്തികമായി മുന്നോക്കം നിന്നവരും സ്കോളര്‍ഷിപ് വാങ്ങിയെടുക്കാന്‍ കഴിവുള്ളവരും സ്റ്റുഡന്‍റ്സ് വിസ്സയിലും എത്തിത്തുടങ്ങി.
എഴുപതുകളുടെ തുടക്കം മുതല്‍ മലയാളി കുട്ടികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പോയി നേഴ്സിംഗ് പഠിക്കുകയും പരസ്പര സഹായത്തോടെ കൂട്ടമായി അമേരിക്ക തുടങ്ങിയ നാടുകളിലേക്ക് ചേക്കേറാനും തുടങ്ങി. മെച്ചപ്പെട്ട സാമ്പത്തിക നിലവാരം അവരുടെ കുടുംബങ്ങളെ ഉയര്‍ന്ന നിലയിലേക്കുയര്‍ത്തി. വിദേശത്ത് എത്തിയെങ്കിലും പലരും നാട്ടിലെ കുടുംബത്തിന്‍റെ സാമ്പത്തിക ബാദ്ധ്യത കാരണം അവിവാഹിതരായി നിന്നുകൊണ്ട് ഒന്നിലധികം സ്ഥലങ്ങളില്‍ ജോലിചെയ്തുപോലും താന്താങ്ങളുടെ കുടുംബങ്ങളെ കടബാദ്ധ്യതകളില്‍ നിന്നും രക്ഷിക്കാനും സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹ ആവശ്യത്തിനും കുടുംബത്തിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും അഹോരാത്രം അദ്ധ്വാനിച്ച് പണം കണ്ടെത്തി നാട്ടിലേക്ക് അയച്ചു. തങ്ങളുടെ ത്യാഗം മുതലാക്കിയ പല കുടുംബങ്ങളും അവരുടെ കഷ്ടപ്പാട് മനസ്സിലാക്കാതെ കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്കായി അവരെ അലട്ടിക്കൊണ്ടിരുന്നു. വിവാഹപ്രായം കഴിഞ്ഞ്, ജീവിതസ്വപ്നങ്ങള്‍ ബലികഴിച്ച അനേകം കുട്ടികളുടെ ത്യാഗം സമ്മാനിച്ച സമ്പത്താണ് കൊച്ചുകേരളത്തിന്‍റെ ഉയര്‍ച്ചയുടെ വഴികാട്ടിയായത് എന്ന് എത്രപേര്‍ അനുസ്മരിക്കുന്നുണ്ട്?
നേഴ്സിംഗ് തൊഴില്‍ അപകീര്‍ത്തികരമായിരുന്ന ഒരു കാലത്ത് അവര്‍ കുടുംബത്തിനുവേണ്ടിയും നാടിനുവേണ്ടിയും ചെയ്ത ത്യാഗത്തിന്‍റെ കണ്ണീര്‍മണികളായിരുന്നു ആ തൊഴില്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മനസ്സിലാക്കണം. എഴുപതുകളുടെ രണ്ടാം പകുതിയില്‍ മറ്റൊരു ദിശയിലേക്ക് അമേരിക്കന്‍ യാത്ര തിരിഞ്ഞു. തെക്കേ അമേരിക്കയിലെത്തിയ ബഹുഭൂരിപക്ഷം നേഴ്സുമാര്‍ക്കും ബാലികേറാമലയായിരുന്നു അമേരിക്കയിലെ നേഴ്സിംഗ് രജിസ്ട്രേഷന്‍ കിട്ടുക എന്നത്. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തിലുള്ള പരിമിതികള്‍, നാട്ടിലെ നേഴ്സിംഗ് വിദ്യാഭ്യാസത്തിന്‍റെ നിലവാരക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ അവരെ വല്ലാതെ അലട്ടിയിരുന്നു. നാടേത്, നാളേത് എന്ന് ചോദിക്കാന്‍ പോലും ഒരു സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. എങ്കിലും പരസ്പര സഹായം തേടിയും എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി, ജോലിസ്ഥലങ്ങളിലെ മറ്റുള്ളവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മലയാളികളുടെ അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ സഹായസഹകരണങ്ങളിലൂടെയും ഒക്കെ അതതു ദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തുകയും നിലനില്പിനു വേണ്ട അറിവ് വാങ്ങി അത്യാവശ്യം വേണ്ട യോഗ്യതാപരീക്ഷകളില്‍ വിജയംനേടി ജോലിക്കു വേണ്ട മാര്‍ഗ്ഗം കണ്ടെത്തി, ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാരായ നേഴ്സസ് സ്വന്തം കാലില്‍ നില്ക്കാറായപ്പോള്‍, പലരും വളരെ വൈകിയാണെങ്കിലും തിരികെപ്പോയി വിവാഹം കഴിച്ചു. തൊഴില്‍രഹിതരായതു കാരണം ഉന്നത വിദ്യാസമ്പന്നരായ അനേകം ചെറുപ്പക്കാര്‍ക്ക് വിവാഹം ഒരു മരീചികയായിരുന്ന കാലത്ത് അമേരിക്കയിലെ പ്രവാസജീവിതത്തിലേക്കുള്ള ക്ഷണം പ്രതീക്ഷാനിര്‍ഭരമായിരുന്നു. വിവാഹം കഴിച്ച് അമേരിക്കയിലെത്തി പുതിയ കുടുംബങ്ങള്‍ ആരംഭിച്ചതോടൊപ്പം വിസാ മാനദണ്ഡങ്ങള്‍ എളുപ്പമാകാന്‍ അവരവരുടെ മാതാപിതാക്കളെയും ഇവിടെ എത്തിച്ച് സഹോദരങ്ങള്‍ക്കും കുടിയേറാനുള്ള അവസരം സൃഷ്ടിച്ചു. മിക്ക ആളുകളും അതിനു പിന്നില്‍ സഹിച്ച ത്യാഗങ്ങളും കഷ്ടതകളും ഇന്ന് കൊട്ടാരങ്ങളില്‍ വസിക്കുന്നവരും വിദേശനിര്‍മ്മിത ആഡംബര കാറുകളില്‍ ചെത്തിനടക്കുന്നവരുമായ പുത്തന്‍ തലമുറ ഓര്‍മ്മിക്കുന്നുണ്ടോ എന്നറിയില്ല?
കാലചക്രം തിരിയുന്നു. മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടുണ്ട്. അവിടെ ഒരു നാലുകാലോലപ്പുരയെന്ന ബാക്കിയായ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി അമേരിക്കയെന്ന എവറസ്റ്റ് കീഴടക്കിയ മലയാളികള്‍ അന്ന് കണ്ട സ്വപ്നങ്ങള്‍ പലതും നാമ്പടഞ്ഞു എങ്കിലും അവര്‍ പതിപ്പിച്ച കാല്പ്പാടുകളിലൂടെ കടന്നുവന്ന ഒരു തലമുറ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും സാമ്പത്തിക രംഗത്തും സാംസ്കാരിക രംഗത്തും ശോഭിക്കുന്നു എന്ന് അഭിമാനിക്കാം. തൊഴില്‍തലങ്ങളില്‍ നിന്നും വിരമിക്കുമ്പോള്‍ അമേരിക്കയിലെ സ്വദേശികളായ ഇവിടെ ജനിച്ചുവളര്‍ന്നവരേക്കാള്‍ താരതമ്യേന ഉയര്‍ന്ന നിലവാരത്തിലെത്തി, മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തിക, സാംസ്കാരിക പരിരക്ഷയും നല്കാനും നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് അഭിമാനാര്‍ഹമായ ജീവിതനിലവാരം ഉണ്ടാക്കിക്കൊടുക്കാനും ഇതില്‍ നല്ലൊരുഭാഗം ആളുകള്‍ക്കും കഴിഞ്ഞു എന്ന് അഭിമാനിക്കാം. വെറും രജിസ്റ്റേര്‍ഡ് നേഴ്സുമാരായിരുന്നവര്‍ പേരിന്‍റെ കൂടെ 'ഉൃ' എന്ന രണ്ടക്ഷരവും അഭിമാനത്തോടെ ചേര്‍ക്കുവാനുള്ള അവസരം ഒരുക്കുന്നു.
ഇലപൊഴിയുന്ന ശിശിരകാലത്തിലേക്ക് ഒന്നാം തലമുറ കടക്കുകയാണ്. സായാഹ്നത്തില്‍ തങ്ങളുടെ വിശ്രമരഹിത ജീവിതത്തില്‍ കൊയ്തെടുത്ത സ്വര്‍ണത്തില്‍ ചാലിച്ച നിധികള്‍ അനന്തര തലമുറകള്‍ക്ക് സമ്മാനിക്കുമ്പോഴും തിരക്കൊഴിയാതെ എന്തിനോ വേണ്ടി പരക്കംപായുന്ന അനന്തരാവകാശികള്‍ എത്രമാത്രം ആത്മാര്‍ത്ഥമായി കൊഴിയാന്‍ വിതുമ്പുന്നവര്‍ക്കു വേണ്ടി സമയം ചെലവഴിക്കുന്നു എന്ന് സംശയിക്കുന്നു. പറക്കപറ്റിയാല്‍ കൂടൊഴിയുന്ന യുവമിഥുനങ്ങള്‍ക്കു കാഞ്ചന കൂടുകൂട്ടി സ്നേഹത്തിന്‍റെ തൊട്ടിലില്‍ പരിലാളിച്ചു വളര്‍ത്തി വലുതാക്കിയ നിസ്വാര്‍ത്ഥമായി ജീവിതത്തിലെ എല്ലാം കുടുംബത്തിനും നാടിനുമായി പരിത്യജിച്ച ഒരുപിടി ജന്മങ്ങളോട് നീതി പുലര്‍ത്തുന്നുവോ എന്ന് ചിന്തിക്കാന്‍ ഒരു നിമിഷം എടുക്കുന്നുണ്ടോ? അവരുടെ വിശ്രമജീവിതത്തില്‍ ആസ്വദിക്കാനായി നമുക്കെന്തു ചെയ്യാനാകും എന്ന് എത്രപേര്‍ ചിന്തിക്കുന്നു? വിശേഷദിവസങ്ങളിലെ ഒരുപിടി പൂക്കള്‍ക്കപ്പുറം ശിഷ്ടജീവിതം ആസ്വാദ്യകരമാക്കുവാന്‍ നാം എന്തു ചെയ്യുന്നു? ഒരു പൊതുവേദി ഒരുക്കാന്‍, അവരുടെ അനുഭവങ്ങളും ത്യാഗങ്ങളും പങ്കുവെക്കുവാന്‍ വേണ്ടി നാമിന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ? മഞ്ഞയായ ഇലകള്‍ പൊഴിയും മുന്‍പ് അവര്‍ നേടിയെടുത്ത അറിവുകളുടെ മുത്തുകള്‍ ശേഖരിക്കുവാന്‍ നാമെന്തു ചെയ്യുന്നു? വരുംതലമുറയില്‍ ഉള്ളവര്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ ഒരു താളിയോല ക്കെട്ടായി പകര്‍ത്തി അറിവ് പകരാന്‍ നാം എന്തു ചെയ്യുന്നു?
കൂടൊഴിഞ്ഞ ഇരുളറകളിലെ മങ്ങിയ വെളിച്ചത്തില്‍ ചിതലെടുത്തു നശിക്കാനാണോ അവരുടെ അറിവ് നമ്മള്‍ മൂടിവെക്കുന്നത്? അക്കൂട്ടത്തില്‍ അനേകം സൂര്യനക്ഷത്രങ്ങളുണ്ട്. പത്തായങ്ങളിലെ ഇരുളറകളില്‍ നിന്നും അവയെ പുറത്തെടുത്ത് ആ ശോഭ ലോകമെമ്പാടും വ്യാപിക്കാനായി നമുക്കെന്തു ചെയ്യാനാവും? കലാ-സാഹിത്യ-രാഷ്ട്രീയ രംഗത്ത് വേണ്ട വളര്‍ച്ചയ്ക്ക് സാംസ്കാരിക സംഘടനകള്‍ ഏതാനും ചുവടുകള്‍ വെക്കാറുണ്ട്. എന്നാല്‍, അസ്തമയസൂര്യന്‍റെ ശോഭ എത്ര സുന്ദരമാണോ അതിലും സുന്ദരമാണ് പടപൊരുതി ജീവിതസ്വപ്നം തങ്കലിപികളില്‍ നേടിയെടുത്ത പ്രവാസജീവിതാനുഭവങ്ങള്‍. ഒരു പുത്തന്‍ തലമുറയ്ക്കു വേണ്ടി ജീവനും ജീവിതവും ഹോമിച്ച, ജീവിതസാഗരത്തിലെ എല്ലാ സായാഹ്ന സഞ്ചാരികള്‍ക്കും അസ്തമയസൂര്യന്‍റെ അരുണിമയോടെ നിങ്ങളുടെ പ്രകാശം ചൊരിയട്ടെ എന്നാശംസിക്കുന്നു. ഒപ്പം യുവതലമുറയ്ക്കു വേണ്ടി തങ്ങളെ നയിക്കുന്ന വഴിത്താര തെളിച്ച, ഒരു തലമുറയുടെ ചുരുങ്ങിയ കാലയളവിലെ ഭാവി ശോഭനമാകുവാന്‍ ഒരുനിമിഷം ഇന്നിന്‍റെ യുവത്വത്തോട് ദാനമായി ചോദിക്കട്ടെ!
~ഒരു നേരത്തെ ആഹാരം ചോദിച്ചവര്‍ക്ക് ഒരു രാജ്യം തന്നെ തുറന്നുകൊടുത്ത എല്ലാ ധീരമലയാളി സീനിയേഴ്സിനും എന്‍റെ അഭിവാദ്യങ്ങള്‍!
 

തോമസ് പടന്നമാക്കല്‍ (ചെയര്‍മാന്‍ ഐഒസി യുഎസ്എ കേരള ചാപ്റ്റര്‍, സിഎംഎ മുന്‍ ബോര്‍ഡ് മെംബര്‍, സീനിയര്‍ ഫോറം).


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.