LITERATURE

ഒഴുകാത്ത ആൺമുഖങ്ങൾ

Blog Image

ഉള്ളൊഴുക്കിനെ തികച്ചും സ്ത്രീ കേന്ദ്രീകൃത സിനിമയായി മുദ്ര ചെയ്യുന്നതിനോട്  എനിക്ക് വ്യത്യസ്ത  അഭിപ്രായമുണ്ട്. സ്ത്രീകളുടെ മനസ്സ്, ശക്തി, മനോഭാവങ്ങൾ, വികാരങ്ങൾ,  യാഥാർത്ഥ്യബോധത്തോടെയും നയപരമായും ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള  അവരുടെ വൈദഗ്ദ്ധ്യം എന്നിവയിലേക്ക് സിനിമ  ആഴ്ന്നിറങ്ങുണ്ട്.  അതിനൊപ്പം തന്നെ  കൗതുകകരമായ വസ്തുത, അതിലെ പുരുഷ കഥാപാത്രങ്ങളിലും  കാര്യമായ ശ്രദ്ധ ചെലുത്തുന്നു. യഥാർത്ഥ ജീവിതത്തിൽ പുരുഷന്മാർ പലപ്പോഴും അഭിമുഖീകരിക്കുന്ന പരാധീനതകളിലേക്കും വെല്ലുവിളികളിലേക്കുംവെളിച്ചം തെളിച്ചാണ്  സിനിമ മുന്നോട്ട് ചലിക്കുന്നത്.

റിലീസ് ദിവസം തന്നെ  'ഉള്ളൊഴുക്ക്' കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. അതിന് എന്നെ അങ്ങേയറ്റം പ്രേരിപ്പിച്ചത് ഞാൻ ഏറെ ആരാധിക്കുന്ന രണ്ടു കലാകാരികൾ.   സിനിമ നന്നായി ആസ്വദിച്ചു. പ്രത്യേകിച്ച് സിനിമയെ മുന്നോട്ട് നയിച്ച രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ സ്വാധീനശേഷിയുള്ള  വേഷങ്ങൾ. റിയലിസ്റ്റിക്കായി സിനിമയെ അവതരിപ്പിച്ച സംവിധായകൻ  ക്രിസ്റ്റോ ടോമിക്ക് അഭിനന്ദനങ്ങൾ.
ഉള്ളൊഴുക്കിനെ തികച്ചും സ്ത്രീ കേന്ദ്രീകൃത സിനിമയായി മുദ്ര ചെയ്യുന്നതിനോട്  എനിക്ക് വ്യത്യസ്ത  അഭിപ്രായമുണ്ട്. സ്ത്രീകളുടെ മനസ്സ്, ശക്തി, മനോഭാവങ്ങൾ, വികാരങ്ങൾ,  യാഥാർത്ഥ്യബോധത്തോടെയും നയപരമായും ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള  അവരുടെ വൈദഗ്ദ്ധ്യം എന്നിവയിലേക്ക് സിനിമ  ആഴ്ന്നിറങ്ങുണ്ട്.  അതിനൊപ്പം തന്നെ  കൗതുകകരമായ വസ്തുത, അതിലെ പുരുഷ കഥാപാത്രങ്ങളിലും  കാര്യമായ ശ്രദ്ധ ചെലുത്തുന്നു. യഥാർത്ഥ ജീവിതത്തിൽ പുരുഷന്മാർ പലപ്പോഴും അഭിമുഖീകരിക്കുന്ന പരാധീനതകളിലേക്കും വെല്ലുവിളികളിലേക്കുംവെളിച്ചം തെളിച്ചാണ്  സിനിമ മുന്നോട്ട് ചലിക്കുന്നത്.

എൻ്റെ    അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുരുഷന്മാരെ വിലയിരുത്തുമ്പോൾ, അവരുടെ മുന്നോട്ടുള്ള യാത്രയെ  തടസ്സപ്പെടുത്തുന്ന തരത്തിൽ  വൈകാരികവും ആന്തരികവുമായ തടസ്സങ്ങൾ അവർ പലപ്പോഴും നേരിടുന്നുണ്ട്. വളരെ വേദനയോടെയാണ് അവർ ആ സാഹചര്യങ്ങളെ മുറിച്ചു തുഴയുന്നത്. 
 പ്രശാന്ത് മുരളി, അലൻസിയർ ലേ ലോപ്പസ്, അർജുൻ രാധാകൃഷ്ണൻ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പുരുഷന്മാർ നേരിടുന്ന  നിസ്സഹായത ഗൗരവത്തോടെ  ചിത്രീകരിച്ചു. "ഇനി ഞാൻ അറിയാൻ ഈ വീട്ടിൽ മറ്റെന്തെങ്കിലും ഉണ്ടോ?" എന്ന് ജോസഫ് പറഞ്ഞ വരികൾ. 
പ്രേക്ഷകരിൽ ചിരി പടർത്തിയ വാചകം.  സിനിമയിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുകയാണത്. നാല് സ്ത്രീ കഥാപാത്രങ്ങളുമായുള്ള ആശയ വിനിമയത്തിലൂടെ  പുരുഷൻ  അനുഭവിക്കുന്ന സത്യത്തിൻ്റെ  അടയാളപ്പെടുത്തലാണ് അത്.
തോമസുകുട്ടിയുടെ മൗനവും വിഷ്ണുവിൻ്റെ  നിരാശയും ആശയക്കുഴപ്പവും  രോഷവുമെല്ലാം പുരുഷന് മുന്നിലെ നിസ്സഹായ യാഥാർഥ്യങ്ങളാണ്.  സ്ത്രീകളുടെ വൈകാരിക ശക്തിയെ പര്യവേക്ഷണം ചെയ്യുന്ന സിനിമ ആണെങ്കിലും  അതിൻ്റെ പ്രധാന പ്രമേയം പുരുഷന്മാരെ ചുറ്റിപ്പറ്റിയാണെന്ന തോന്നലാണ് എനിക്കിപ്പോഴും. 'പുരുഷൻ,  തോന്നുന്നതിലും മികച്ചവനായിരിക്കണം' എന്ന ഓബ്രി ഡി വെറെയുടെ ഉദ്ധരണിയിൽ ഉൾക്കൊള്ളുന്ന  ആഴമേറിയ സന്ദേശം ഉള്ളൊഴുക്കിൽ ആവർത്തിക്കുന്നതായി   എനിക്കു തോന്നി.
കെട്ടിക്കിടക്കുന്ന വെള്ളപ്പൊക്കം കഥപറച്ചിലിൻ്റെ പശ്ചാത്തലമാക്കി മാറ്റിയതു  സംവിധായകൻ്റെ മികവിൻ്റെ സാക്ഷ്യമാണ്. ഇത് കഥാപാത്രങ്ങളുടെ വൈകാരിക ഭൂപ്രകൃതിയുടെ സങ്കീർണതയും ആഴവും ഫലപ്രദമായി പ്രതിഫലിപ്പിക്കുകയും അവരുടെ അനുഭവങ്ങൾക്ക് അർത്ഥത്തിൻ്റെ പാളികൾ ചേർക്കുകയും ചെയ്തു.
വിക്ടർ ഹ്യൂഗോയുടെ Man and woman എന്ന കവിതയിലെ  വാക്കുകൾ: ദൈവം പുരുഷന് ഒരു സിംഹാസനവും സ്ത്രീക്ക് ഒരു ബലിപീഠവും നിർമിച്ചു. സിംഹാസനം ഉയർത്തുന്നു, ബലിപീഠം വിശുദ്ധീകരിക്കുന്നു...
ദീർഘമായ ഈ കവിതയെ ഹ്യൂഗോ സംക്ഷിപ്തമാക്കുന്നത്  ഇങ്ങനെ: ഭൂമി അവസാനിക്കുന്നിടത്ത് പുരുഷനും സ്വർഗം  ആരംഭിക്കുന്നിടത്ത് സ്ത്രീയുമാണുള്ളത്.  ലിംഗപരമായ ചലനാത്മകതയെയും വൈകാരിക ആഴത്തെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണം  ആസ്വദിച്ചപ്പോൾ ഹ്യൂഗോയുടെ നിരീക്ഷണത്തെക്കുറിച്ച് ഒരിക്കൽ കൂടി ഓർത്തു. സിനിമ ആഴത്തിൽ സ്പർശിച്ചതും അതുകൊണ്ടു തന്നെ.

Related Posts