LITERATURE

സ്വന്തം ഇഷ്ടങ്ങളിലൂടെ ഒരാൾ

Blog Image

മരുന്ന് വാങ്ങി മക്കളോടൊപ്പം ഓട്ടോയിൽ വരുമ്പോൾ ഒരു വല്യപ്പച്ഛൻ ബുള്ളറ്റിൽ പോകുന്നത് കണ്ടു. അപ്പോൾ അച്ഛൻ്റെ ആത്മഗതം.
" ഒരു ബുളറ്റ് വാങ്ങണം"
മക്കൾ അച്ഛനെ നോക്കി. ഒപ്പം കാലിലേക്കും.
" അച്ചാ കാല്''
" കാലൊക്കെ  ശരിയാകും "
അതാണ് അച്ഛൻ.
ഹാപ്പി ഫാദേഴ്സ് ഡേ


അമ്മ മരിച്ചു കിടക്കുന്ന സമയത്തും തുടർന്നുള്ള ദിവസങ്ങളിലും   ബന്ധുക്കളിൽ നിന്നും അടുപ്പമുള്ളവരിൽ നിന്നും കേട്ട ഒരു വാചകമുണ്ട്. " ഇനി അച്ചായൻ്റെ  കാര്യം എങ്ങനെയാവുമെന്ന് "
വളരെ സത്യമായ കാര്യമായിരുന്നു അത്. അച്ഛൻ്റെ വലം കൈയ്യും ഇടം കൈയ്യുമായിരുന്നു അമ്മ . ഒറ്റ മകനായി വളർന്ന് എല്ലാവരിൽ നിന്ന് സ്നേഹം പിടിച്ചു വാങ്ങിയ ഒരാൾ .മുറപ്പെണ്ണായ അമ്മയെ വിവാഹം കഴിക്കുമ്പോഴും വീട്ടുകാർ അച്ഛനെ സേഫ് സോണിൽ നിർത്തി. അല്പം കേഴ് വി കുറവുള്ള അച്ഛനെ അടുത്തറിയാവുന്ന ഒരാളായിരുന്നു അമ്മ . അതുകൊണ്ട് അച്ഛനായിരുന്നു അമ്മയ്ക്കെല്ലാം .
 " ഓമനേ കാപ്പി, ഓമനേ ചായ , ഓമനേ വെളുത്തുള്ളിയും മുളകും ഉടച്ചേ ,ഓമനേ പുറം ഒന്ന് ചൊറിഞ്ഞേ "
ഇങ്ങനെ എന്താവശ്യത്തിനും ഓമന വേണമായിരുന്ന ഒരാൾ . ആ ഓമന മരിച്ചു കിടക്കുമ്പോൾ സ്വാഭാവികമായും ആരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു " അച്ഛൻ്റെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെ ആയിരിക്കുമെന്ന് .
പക്ഷെ അവിടെ ഞങ്ങൾക്ക് തെറ്റി. അമ്മ പോയി എന്ന യഥാർത്ഥ്യം ഏറ്റവും കൂടുതൽ മനസിലാക്കിയത് അച്ഛനായിരുന്നു.
അച്ഛൻ അച്ഛൻ്റെ ഇടങ്ങളിൽ ആക്ടീവായി. ഷുഗറിൻ്റെ പ്രശ്നം ഉള്ളത് കൊണ്ട് കൃത്യമായി ആശുപത്രിയിൽ പോകൽ , മരുന്ന് വാങ്ങൽ , രണ്ടാഴ്ച കൂടുമ്പോൾ ചെക്കപ്പ് എല്ലാം കൃത്യമാക്കി. എന്ത് അസ്വസ്ഥതകൾ ഉണ്ടായാലും ഡോക്ടറെ കാണാൻ പോകും
 അച്ഛൻ്റെ മറ്റൊരു തീരുമാനം ഒരു സ്കൂട്ടർ വാങ്ങുക എന്നതായിരുന്നു. പലപ്പോഴും സ്കൂട്ടർ വാങ്ങണം എന്ന് പറയുമ്പോൾ അമ്മ വിലക്കുമായിരുന്നു. "പത്താം വയസ് മുതൽ സൈക്കിളിൽ കയറി ലോകം ചുറ്റുന്ന എനിക്ക് എന്താടി സ്കൂട്ടർ ഓടിക്കാൻ പറ്റാത്തത് " .
അമ്മയുടെ ഭയം അച്ഛനെക്കൊണ്ട് വണ്ടി എടുപ്പിക്കുന്നതിന് വിലക്കി.
അച്ഛൻ ലേണിംഗ് ടെസ്റ്റ് പാസായി. അതും കമ്പ്യൂട്ടറിൽ . പിന്നീട് ഡ്രൈവിംഗ് ടെസ്റ്റും . ലൈസൻസ് കിട്ടിയ ശേഷം ഒരു ഹോണ്ട ആക്ടീവ എടുത്തു. അച്ഛൻ ആദ്യമായി സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് വന്ന ദൃശ്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഒരു പക്ഷെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്ന നിമിഷം .
കുറേക്കാലം കഴിഞ്ഞപ്പോൾ അച്ഛന് ഒരാഗ്രഹം " ഒരു ബൈക്ക് വാങ്ങണം" .ഞങ്ങൾ മക്കളെല്ലാവരും ഒന്നടങ്കം ഞെട്ടി. അച്ഛൻ മാത്രം ഞെട്ടിയില്ല.ആക്ടീവ വിറ്റിട്ട് പുത്തൻ ഹീറോ ഹോണ്ട എടുത്തു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് വിറ്റിട്ട് പുതിയ ടി.വി. എസ് വിക്ടർ എടുത്തു. മൂന്ന് വർഷം മുൻപ് വീണ്ടും സ്പ്ലെണ്ടറിലേക്ക് മാറി. ഒരു തവണ വണ്ടിയിൽ നിന്ന് വീണ് ആശുപത്രിയിലായി. ഞങ്ങൾ ആശുപത്രിയിൽ ചെല്ലുമ്പോൾ " എൻ്റെ കുഴപ്പമല്ല, പട്ടി കുറുക്ക് ചാടിയതാ . പട്ടി കുറുക്ക് ചാടിയാൽ ഏത് കൊലകൊമ്പനായാലും വീഴും. "
ഹെൽമറ്റ് നിർബന്ധമാക്കിയപ്പോൾ അച്ഛൻ പറഞ്ഞു " ഹോ ഇനിയും ഞാൻ വണ്ടി ഓടിച്ച് പോകുമ്പോൾ എന്നെ ആരും കാണില്ലല്ലോ എന്ന് " . ഇടയ്ക്കൊക്കെ ഫൈൻ അടച്ച പേപ്പർ ഒക്കെ മുറിയിൽ നിന്ന് കിട്ടുമ്പോൾ മക്കൾ കളിയാക്കും. അപ്പോൾ അച്ഛൻ പറയും " ഓരോരോ നിയമങ്ങൾ ".
ഒരിക്കലും തൻ്റെ ഒരു തെറ്റ് തെറ്റാണെന്ന് സമ്മതിക്കാത്ത ഒരാൾ . അച്ഛന് ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു . " അത് അച്ഛൻ തന്നെ "'. പക്ഷെ കൊച്ചുമക്കളുമായി നല്ല അടുപ്പം ആണ്.
ഈയിടെ നെഞ്ചിന് വേദന വന്ന് ചെങ്ങന്നൂരിൽ  നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ 108 ആംബുലൻസിൽ പോകുന്നു. അച്ഛനൊപ്പം എൻ്റെ മകൻ മാത്രം. 
അപ്പോൾ അച്ഛൻ മോനോട് പറയുന്നു " ഒട്ടും പേടിക്കരുത് . ആംബുലൻസ് നല്ല സ്പീഡിൽ പോകും."
മകൻ പോലും ചിരിച്ചു പോയ നിമിഷം.
രണ്ടാം തവണ നെഞ്ച് വേദന വന്നപ്പോൾ അല്പം സീരിയസ് ആയിരുന്നു. ഞാൻ മലപ്പുറത്ത് നിന്ന് ആലപ്പുഴ എത്തുമ്പോൾ സഹോദരിമാരും മോനും അവിടെയുണ്ട്. അവരെല്ലാം വലിയ ടെൻഷനിൽ . അച്ഛന് അപ്പോഴും വലിയ ടെൻഷൻ ഞാൻ കണ്ടില്ല. ഐസിയു സംവിധാനം തകരാറിൽ ആയതിനാൽ മൾട്ടി സ്പ്യഷ്യാലിറ്റിയിലേക്ക് മാറ്റണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. പക്ഷെ അച്ഛൻ ഉഷാറായി. അസുഖം ഭേദമായി വന്നപ്പോഴാണ്  മുൻപ് കാലിൽ ഒരാണി കൊണ്ട ഭാഗം പഴുക്കാൻ തുടങ്ങിയത്. അച്ഛൻ്റെ ആശ്രിത വത്സലനായ ഡോ. ശ്രീഹരിയുടെ ചികിത്സ. കംപ്ലീറ്റ് റസ്റ്റ് പറഞ്ഞപ്പോഴും അച്ഛൻ ബൈക്കിൽ എപ്പോൾ കയറാൻ പറ്റും എന്നാണ് ചിന്തിച്ചത്.
അച്ഛൻ്റെ സ്ഥിരം നേഴ്സായ എൻ്റെ മകൾ കാല് ഡ്രസ് ചെയ്യുമ്പോൾ തള്ള വിരലിൻ്റെ താഴെ കണ്ണാടി പിടിക്കണം. അച്ഛന് കാല് കാണാൻ.
" ഈ തുള എന്ന് അടയും മോനെ "
" അച്ഛാ അച്ഛന് ഷുഗർ ഉള്ളതുകൊണ്ടാ കരിയാത്തത്. കംപ്ലീറ്റ് റസ്റ്റ് എടുത്താൽ ശരിയാകുകയുള്ളു"
" റെസ്റ്റ് എടുക്കാനൊന്നും പറ്റില്ല. ഞാൻ ഇരുന്ന് പോകും. വീണ് പോയാൽ ശരിയാവില്ല... നിങ്ങൾക്കെല്ലാം ബുദ്ധിമുട്ടാവും "
" ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് അച്ഛാ.. അച്ഛൻ ഞങ്ങടെ മുത്തല്ലേ ..."
കാല് കരിവായി തുടങ്ങി.
ഒരിക്കൽ രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഞെട്ടി. " അച്ഛൻ ബൈക്ക് എടുത്തു" . തിരികെ എത്തിയ അച്ഛനെ മക്കൾ വഴക്ക് പറഞ്ഞു. അച്ഛൻ ചിരിച്ചു. ഞാനൊന്നും പറഞ്ഞില്ല. കാരണം പറഞ്ഞിട്ട് വിശേഷമില്ല അത്ര തന്നെ. സഹോദരിമാരെ വിളിച്ച് അച്ഛൻ വയ്യാത്ത കാലും വെച്ച് വണ്ടി എടുത്ത കാര്യം പറഞ്ഞു. അവിടെ വന്നാൽ നിങ്ങൾ ഒന്ന് ഉപദേശിക്കണം .
" ലോകത്ത് ആരു പറഞ്ഞാലും കേൾക്കാത്ത ആളോട് ഞങ്ങൾ എന്ത് പറയാൻ . ഒരു കാര്യം ചെയ്യ് അണ്ണൻ തന്നെ പറയ്"

കഴിഞ്ഞ ദിവസം ചെക്കപ്പിനായി ഡോക്ടറെ കാണാൻ പോയി.  എൻ്റെ മക്കൾ ആയിരുന്നു ഒപ്പം .
" മാക്സിമം റെസ്റ്റ് എടുക്കണമെന്ന് "ഡോക്ടർ ഇത്തവണയും പറഞ്ഞു. "ഇനി ഒരു പൊടിക്കേ ഭേദമാകാനുള്ളു " എന്ന് അച്ഛൻ 
മരുന്ന് വാങ്ങി മക്കളോടൊപ്പം ഓട്ടോയിൽ വരുമ്പോൾ ഒരു വല്യപ്പച്ഛൻ ബുള്ളറ്റിൽ പോകുന്നത് കണ്ടു. അപ്പോൾ അച്ഛൻ്റെ ആത്മഗതം.
" ഒരു ബുളറ്റ് വാങ്ങണം"
മക്കൾ അച്ഛനെ നോക്കി. ഒപ്പം കാലിലേക്കും.
" അച്ചാ കാല്''
" കാലൊക്കെ  ശരിയാകും "
അതാണ് അച്ഛൻ.
ഹാപ്പി ഫാദേഴ്സ് ഡേ

അനിൽ പെണ്ണുക്കര 

Related Posts