ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ കേരളത്തിലും ദേശീയ തലത്തിലും ഉന്നത പാർട്ടി പദവികളും അധികാര സ്‌ഥാനങ്ങളും വഹിച്ച രണ്ടു പേർ കെ കരുണാകരനും എ കെ ആന്റണിയും ആണെങ്കിലും കരുണാകരനെക്കാൾ ഒരു പടി കൂടുതൽ അധികാരസ്‌ഥാനങ്ങൾ തേടി എത്തിയത് ആന്റണിയെ ആണ്.
ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി ആയ ആന്റണി ഒരിണ സമരത്തിലൂടെ ആണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.
അറുപതുകളിൽ കേരളത്തിലെ കോൺഗ്രസിന്റെ യുവ പോരാളി ആയിരുന്ന ആന്റണി കെ സ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്‌ഥാന പ്രസിഡന്റ് ആയ ശേഷം വളരെ ചെറുപ്പത്തിൽ തന്നെ കെ പി സി സി പ്രസിഡന്റ് ആയി.
കേരളത്തിലെ കോൺഗ്രസിൽ അന്ന് അജയ്യൻ ആയിരുന്ന കരുണാകരനെതിരെ സമകാലീനരായിരുന്ന ഉമ്മൻചാണ്ടിയെയും വയലാർരവിയെയും വി എം സുധീരനെയും കൂട്ട് പിടിച്ചാണ് ആന്റണി പട നയിച്ചത്.
നിരവധി തവണ എം ൽ എ യും രാജ്യസഭ മെമ്പറും ആയിട്ടുള്ള ആന്റണി 77ൽ രാജൻ കേസിൽ പെട്ടു കരുണാകരൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയേണ്ടി വന്നപ്പോൾ മുപ്പത്തിആറാമത്തെ വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയി.
ഏറെ കഴിയാതെ ഇന്ദിരാഗാന്ധിയുമായി തെറ്റി കോൺഗ്രസിലെ ഒരു വിഭാഗത്തെ അടർത്തി എടുത്ത ആന്റണി ഇടതു പക്ഷത്തോടൊപ്പം ചേർന്ന് ഇടതുപക്ഷ ഗവണ്മെന്റിന് പിന്തുണ നൽകി.
82ൽ എറണാകുളം മറൈൻഡ്രൈവിൽ ജനലക്ഷങ്ങൾ പങ്കെടുത്ത എ ഐ ഗ്രൂപ്പ് ലയന സമ്മേളനത്തോടെ മാതൃ സംഘടനയിൽ തിരികെ എത്തി ആന്റണിയും കൂട്ടരും. ഇന്ദിരയുടെയും രാജീവ്ഗാന്ധിയുടെയും കാലത്തു വളരെ കരുത്തൻ ആയിരുന്ന കരുണാകരൻ മുഖ്യമന്ത്രി ആകുമ്പോൾ എ ഐ സി സി ജനറൽസെക്രട്ടറിയോ കെ പി സി സി പ്രസിടെന്റോ ആവുക ആന്റണി ആയിരുന്നു.
അധികാര സ്‌ഥാനങ്ങൾ രാജി വയ്ക്കുവാൻ പിശുക്കു കാട്ടാതിരുന്ന ആന്റണി ചില നിലപാടുകളുടെ പേരിൽ രണ്ടു വട്ടം മുഖ്യമന്ത്രി സ്‌ഥാനവും കേന്ദ്രമന്ത്രി സ്‌ഥാനവും രാജീവച്ചിട്ടുണ്ട്.
92ലെ കെ പി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അടുത്ത സുഹൃത്തും ഉറ്റ അനുയായിയുമായിരുന്ന വയലാർ രവി കരുണാകര പക്ഷത്തേയ്ക്കു കൂടുമാറി തനിക്ക് എതിരെ മത്സരിച്ചപ്പോൾ അദ്ദേഹത്തോട് പരാജയപ്പെട്ട ചരിത്രവും ആന്റണിയ്ക്കുണ്ട്.
95ൽ ചാരകേസിൽ പെട്ടു കരുണാകരൻ രണ്ടാം പ്രാവശ്യവും മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചപ്പോൾ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായിരുന്ന പി വി നരസിംഹറാവു സ്വർണതളികയിൽ വച്ചു നീട്ടിയ മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കുവാൻ ഉമ്മൻചാണ്ടി തയ്യാറാകാതിരുന്നപ്പോൾ വീണ്ടും നറുക്കു വീണത് ഭാഗ്യശാലി ആയ ആന്റണിക്കായിരുന്നു.
ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തു പറന്നിറങ്ങിയ ആന്റണി രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രി ആയി.
തുടർന്ന് ലീഗിന്റെ സീറ്റായ തിരൂരങ്ങാടിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു എം ൽ എ ആയ ആന്റണി 96ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് ചാരായ നിരോധനം നടപ്പിലാക്കിയത് തുടർഭരണം നഷ്ടമാക്കി.
96മുതൽ 2001വരെ ഇ കെ നായനാർ മുഖ്യമന്ത്രി ആയപ്പോൾ പ്രതിപക്ഷ നേതാവ് ആന്റണി ആയിരുന്നു.
2001ൽ നൂറു സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ യൂ ഡി ഫ് അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി ആയ ആന്റണിയെ കാത്തിരുന്നത് പരീക്ഷണ കാലഘട്ടം ആയിരുന്നു.ഗ്രൂപ്പ് വൈര്യം ആളിക്കത്തിയ ആ സമയത്തു 26 ഐ ഗ്രൂപ്പ് എം ൽ എ മാരുടെ പിന്തുണ ഉണ്ടായിരുന്ന കരുണാകരൻ രാജ്യസഭ തെരഞ്ഞെടുപ്പിൽ തന്റെ അടുത്ത അനുയായിയും കാസർഗോഡുകാരനുമായ കോടൊത്തു ഗോവിന്ദൻ നായരെ വിമത സ്‌ഥാനാർഥി ആക്കി മത്സരിപ്പിച്ചത് അതിജീവിക്കാൻ ആയെങ്കിലും ജോർജ് ഈഡൻ അന്തരിച്ച ഒഴിവിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ സ്വന്തം സ്‌ഥാനാർഥി എം ഓ ജോൺ പരാജയപ്പെട്ടത് ആന്റണിയ്ക്കു തിരിച്ചടി ആയി.
തുടർന്ന് മുത്തങ്ങ വെടിവയ്പ്പും 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് ന്റെ പത്തൊൻപതു സ്‌ഥാനാർഥികൾ പരാജയപ്പെട്ടതും ആന്റണിയെ പ്രതിരോധത്തിൽ ആക്കി.
വിവാദം ആയ ന്യൂനപക്ഷ പരാമർശം നടത്തി മുസ്ലീംലീഗിന് വെറുപ്പിച്ചതോടെ രാജി അനിവാര്യം ആയി തീർന്നു ആന്റണിയ്ക്കു.
തുടർന്ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന സോണിയഗാന്ധിയെ രാജി തീരുമാനം അറിയിച്ച ആന്റണി വീണ്ടും കാലാവധി തികയ്ക്കാതെ പടി ഇറങ്ങി.
പക്ഷേ സോണിയയുടെ വിശ്വസ്‌തൻ ആയിരുന്ന ആന്റണി രണ്ടു യൂ പി എ സർക്കാരുകളിൽ ആയി എട്ടു വർഷം ഇന്ത്യയുടെ പ്രതിരോധമന്ത്രി ആയി.
2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതോടെ അധികാര സ്‌ഥാനങ്ങൾ നഷ്ടപ്പെട്ട ആന്റണിയ്ക്കു രാഹുൽഗാന്ധി കോൺഗ്രസ് പാർട്ടിയുടെ അമരത്തു എത്തിയതോടെ പാർട്ടിയിലെ പിടി അയഞ്ഞു.
കുറച്ചു കാലങ്ങൾ മുൻപ് വരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന മകൻ അനിൽ ആന്റണി നരേന്ദ്രമോദിയെ പുകഴ്ത്തി പാർട്ടി വിട്ട് ബി ജെ പി യിൽ ചേക്കേറിയത് ആന്റണിയ്ക്കു കടുത്ത പ്രഹരം ആയി.
തുടർന്ന് ഭാര്യ എലിസബത്തു ആലപ്പുഴ ജില്ലയിൽ ഉള്ള കൃപാസനം ധ്യാനകേന്ദ്രത്തിൽ മകൻ അനിൽ ആന്റണി ബി ജെ പി യിൽ പോയതിന് ന്യായീകരിച്ചു സാക്ഷ്യം പറഞ്ഞത് ആന്റണിയ്ക്കു ഇരുട്ടടി ആയി.
ഏറെക്കാലം ആയി കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമായിരിക്കുന്ന ആന്റണി ഡൽഹി ജീവിതം അവസാനിപ്പിച്ചു തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുമ്പോൾ ആണ് കൂനിൻമേൽ കുരു എന്നു പറഞ്ഞപോലെ അനിൽ ആന്റണിയെ ബി ജെ പി പത്തനംതിട്ടയിൽ സ്‌ഥാനാർഥി ആക്കിയത്.
ചെകുത്താനും കടലിനും ഇടയിൽ പെട്ടുപോയ ആന്റണി സ്വന്തം ഗ്രൂപ്പ്‌കാരനും പത്തനംതിട്ടയിലെ കോൺഗ്രസ് സ്‌ഥാനാർഥിയുമായ ആന്റോ ആന്റണിയ്ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയാൽ കുടുംബ വഴക്ക് ഉണ്ടാകുമെന്നു ഉറപ്പാണ്. പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിൽ പാർട്ടിയെയും അണികളെയും ബോധ്യപ്പെടുത്തുക ദുഷ്കരമാണ്.
അങ്ങനെ ആപ്പിലായ ആന്റപ്പൻ മനസ്സിൽ പറയുന്നുണ്ടാകും മാതൃഭൂമിയുടെ സർവേയിൽ 31ശതമാനം വോട്ടോടെ രണ്ടാം സ്‌ഥാനത്തു എത്തിയിരിക്കുന്ന മകൻ അനിൽ വോട്ടു ചോദിക്കുമ്പോൾ എങ്കിലും ഒന്നു ചിരിച്ചിരുന്നു എങ്കിൽ എന്ന്
സുനിൽ വല്ലാത്തറ ഫ്‌ളോറിഡ