ആലപ്പുഴ: കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബി.ജെ.പി. എത്തില്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും. ഇതാണ് എല്‍.ഡി.എഫ്. നല്‍കുന്ന ഉറപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നപ്പോഴാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സ്വന്തം വോട്ട് ദാനം ചെയ്ത് കോണ്‍ഗ്രസ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ എന്നതില്‍ സംശയമുണ്ട്. രാജ്യത്തെ ധ്രുവീകരിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കും എന്ന ഉറപ്പ് മാനിഫെസ്റ്റോയില്‍ ഇല്ല. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കുറ്റകരമായ മൗനമാണ് കോണ്‍ഗ്രസ് പാലിക്കുന്നത്. എന്നാല്‍ ആ നിയമം റദ്ദാക്കുമെന്ന ഉറപ്പ് സി.പി.എം. നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നതായി കണ്ടു. തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളില്‍ പൗരത്വ ഭേദഗതി വിഷയം ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം കോണ്‍ഗ്രസിന് എങ്ങനെയാണ് വരുന്നത്. പൗരത്വം മതാടിസ്ഥാനത്തില്‍ എന്നതിനെ എല്ലാവരും ഒന്നിച്ച എതിര്‍ക്കേണ്ട കാര്യമല്ലേ – മുഖ്യമന്ത്രി ചോദിച്ചു.
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍, ശക്തമായ നടപടി ഉണ്ടാകുമെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നീതി കിട്ടാതെ പ്രതിഷേധം തുടരുന്ന സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘വകുപ്പുതലത്തിലാണ് ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കുന്നത്. വകുപ്പിന് ഏതെങ്കിലും ഒരാളോട് പ്രത്യേക വിരോധമോ പ്രത്യേക താത്പര്യമോ വെച്ചല്ല നടപടി സ്വീകരിക്കുന്നത്. അവിടെ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചു. അതില്‍ അന്വേഷണം നടന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരേയാണ് നടപടിയുണ്ടായത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശം എന്താണോ അത് പാലിക്കും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.