PRAVASI

മലയാളി സംഘടനകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്

Blog Image

മലയാളികളുടെ സംഘബോധവും സഹജീവി സൗഹാർദ്ദവും മലയാളി സാന്നിധ്യമുള്ള ലോകത്തിലെവിടെയും പ്രകടമാണ്. കുടിയേറ്റത്തിൽ മുക്കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കൻ മലയാളികളുടേതായി അനേകം സംഘങ്ങൾ ഇവിടേയും പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകളും മത ഭാഷാ തൊഴിലധിഷ്ഠിത സൗഹൃദ വേദികളും അതിൽ ഉൾപ്പെടുന്നു. ദേശ ഭാഷാ വ്യത്യാസമില്ലാതെ അവർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സത്ഗുണ സാമൂഹ്യ നിർമ്മിതിയും കണക്കിലെടുത്തു അവയിൽ പലതിനും നികുകിവിമുക്ത പദവി നൽകിയും സംഭാവന തുകക്ക് നികുതി വിടുതൽ പരിരക്ഷയും നൽകി ഫെഡറൽ സർക്കാരും റവന്യൂ വകുക്കും പ്രോത്സാഹനവും നൽകി വരുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് നൽകുന്ന നികുതിരഹിത പദവി നിലനിർത്താനും ധനസഹായത്തിനുള്ള ഇളവുകൾക്കും കൃത്യമായ മാനദണ്ഡങ്ങൾ അമേരിക്കൻ ഇന്റേണൽ റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
                കേരളത്തിന്റെ അയൽ സംസ്ഥാന പ്രവാസികൾ വർഷങ്ങളായി നേതൃത്വം നൽകുന്ന ഒരു ദേശിയ സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന ഫെഡറൽ അന്വേഷണങ്ങളും നിയമക്കുരുക്കുകളുമാണ് ഇത്തരമൊരു കുറിപ്പിന് കാരണമായത്.
                       മലയാളികളുടെ സഹോദര സംഘടന സ്ഥാനത്തുള്ള അവിടത്തെ വർഷങ്ങൾക്ക് മുൻപുള്ള ചില ഭാരവാഹികൾ നടത്തിയ ചട്ടവിരുദ്ധമായ ധന കൈമാറ്റങ്ങളും കൃത്രിമ രേഖ ചമയ്ക്കലുമാണ് മുഖ്യ അന്വേഷണ വിഷയം. സംഘടനക്കുള്ളിലെ അധികാര തർക്കങ്ങളാണ് ചിലരുടെ പരാതികളായി അധികാരികളുടെ മുന്നിലെത്തിയതും കഴിഞ്ഞ പത്തുവർഷത്തെ ധനവിനിയോഗം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാൻ കാരണമായതും. അമേരിക്കയിലെ ഉൾപ്പോര് നേരിടുന്ന എല്ലാ സംഘടനകൾക്കും ഇതൊരു ഗുണപാഠമാക്കാവുന്നതുമാണ്.
                       ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനായി എല്ലാ കോർപറേറ്റ് സ്ഥാപനങ്ങളും ഒരു വിഹിതം മാറ്റിവെക്കുക എന്നത് അവരുടെ പതിവ് രീതിയാണ്. അവിടത്തെ ഒരു ജീവനക്കാരൻ ഒരു അംഗീകൃത സംഘടനക്ക് അതെ ആവശ്യത്തിന് ഒരു തുക സംഭാവന നൽകുകയാണെങ്കിൽ അതിനു സമാനമായ തുക സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്നും നൽകുന്ന Matching Grants Program ആണ് ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. സ്ഥാപനത്തിന്റ വിഹിതം ഉറപ്പായി കഴിയുമ്പോൾ ആദ്യ ദാതാവിനു അയാളുടെ പണം മടക്കിനൽകി കമ്പനി പണം അനധികൃതമായി കരസ്ഥമാക്കുക എന്ന കുറ്റമാണ് ഇവിടെ തെളിയിക്കപ്പെട്ടത്.
അങ്ങനെ സമാഹരിച്ച തുക ഇവിടത്തെ നിയമ
പരിധിക്കുള്ളിൽ ചെലവഴിക്കണം എന്ന നിയമം
ലംഘിച്ചു  ഇന്ത്യയിലേക്ക് അയച്ചു എന്നതാണ് അടുത്ത ഗുരുതരമായ കണ്ടെത്തൽ. അമേരിക്കയോടൊപ്പം ജന്മനാട്ടിലെ സഹോദരങ്ങളുടെ ക്ഷേമവും അഭിലഷണീയമാണെങ്കിലും ഈ രാജ്യം അനുവദിക്കുന്ന സൗജന്യം നിയമവിധേയമായി മാത്രം ഉപയോഗിക്കാൻ സംഘടനകൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഒരു സംഘടന നടത്തിയ കൃത്യവിലോപം മറ്റു സംഘടനകളെക്കൂടി സംശയത്തിന്റെ നിഴലിലാക്കാനുള്ള സാദ്ധ്യതകൾ വര്ധിപ്പിക്കുന്നുണ്ട്. വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കാനും ധനപരമായ സുതാര്യത എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്താനുമുള്ള ഒരു അവസരമായി ഇതിനെ മറ്റു സംഘടനകൾ കാണുമെന്നും നമുക്ക് പ്രത്യാശിക്കാം.
                     പല സംഘടനകളും കൃത്യമായ നിയമബോധത്തോടെ ധനവിനിമയങ്ങൾ നടത്തുമ്പോളും അപവാദങ്ങൾ അനേകമുണ്ട്.
മേൽ വാർത്ത സംബന്ധമായി സാമൂഹ്യമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങളിൽ അത് വ്യക്തമാകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലും കൺവൻഷൻ അതിഥികളുടെ വിസ സമ്പാദനത്തിലും കലാ മാമാങ്കങ്ങളുടെ വരവേൽപ്പിലും അനേകം സംശയങ്ങൾ ഇത്തരക്കാർ ബാക്കിവച്ചു ഇറങ്ങിപോകുന്നു.
                               അംഗീകൃത നികുതി വിമുക്‌ത സംഘടനകളുടെ വരവുചെലവ് കണക്കുകൾ പൊതുനിരീക്ഷണത്തിനു വിധേയമാണെന്ന വിവരം പോലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ അറിയുന്നില്ല. റവന്യൂ അധികാരികൾക്ക് സമർപ്പിക്കുന്നതിനുമുന്പ് വരവിന്റെ ഇനംതിരിച്ചുള്ള രസീതുകളും നടത്തിയ ചെലവിന്റെ ബഡ്ജറ്റ് വിഹിതവും ഭരണാനുമതിയും സർവ്വോപരി സേവനമോ സാധനമോ നൽകിയ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ വൗച്ചറുകളും ബന്ധപ്പെട്ട കമ്മിറ്റി അംഗീകരിക്കുകയും എല്ലാ അംഗങ്ങൾക്ക് വേണ്ടി അവർ തെരഞ്ഞെടുത്ത ആഭ്യന്തര ആഡിറ്റ് കമ്മിറ്റി പരിശോധിച്ച് സാക്ഷ്യപത്രം നൽകേണ്ടതുണ്ട്.
അത് സംഘടന കാര്യമാണെങ്കിൽ യോഗ്യനായ
ഒരു പബ്ലിക് അക്കൗണ്ടന്റ് കണക്കുകൾ
പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടത് നിയമപരമായ അനിവാര്യത. ഇക്കാര്യങ്ങൾ സാമാന്യേന എല്ലാപേർക്കും അറിവുള്ളതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ള ഒരു ദേശിയ സംഘടനയിൽ കാലാവധി മുഴുവൻ ധനസമാഹരണം നടത്തി കൺവൻഷനും നടത്തിയ പ്രസിഡന്റ് ഒരു കണക്കും ഒരു വേദിയിലും അവതരിപ്പിക്കാനോ ഓഡിറ്റ് ചെയ്യാനോ തയ്യാറാകാതെ സ്വന്തം കുടുംബത്തിലെ പബ്ലിക് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി IRS ൽ സമർപ്പിച്ച അസാധാരണ സംഭവം സാമൂഹ്യ മാധ്യമമാണ് മാലോകരെ അറിയിച്ചത്.
                                  മറ്റൊരു മാന്യൻ നടത്തിയതോ താൻ മുഖ്യ കാര്യക്കാരനായ സംഘടനയെതന്നെ അടിച്ചുമാറ്റാൻ അടവുകൾ പയറ്റി അഭ്യാസം തെളിയിച്ചു. ദീർഘകാലത്തെ വിശ്വാസമാര്ജിച്ച സംഘടനയുടെ പേരും ചിഹ്നവും വെബ്സൈറ്റും മറ്റു ബൗദ്ധിക സ്വത്തുക്കളും തന്റെ സ്ഥാനം ഉപയോഗിച്ച് താൻ തന്നെ ചില അനുചരന്മാരോടൊപ്പം രൂപംകൊടുത്ത ഒരു കടലാസ്സ് സംഘടനക്കായി പേറ്റന്റ് നിയമം ഉപയോഗിച്ച് ട്രേഡ് മാർക്ക് ചെയ്തു സ്വന്തമാക്കാൻ USPTO  എന്ന അധികാര സ്ഥാപനത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയും അത് മറച്ചുവച്ചു കാലാവധി മുഴുവൻ കാഴ്ചക്കാരെ ഇരുട്ടത്ത് നിർത്തിയതും ചെയ്തത് അടുത്ത കാലത്തു മാത്രമാണ്.
                  മഹാ ദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ജന്മനാടിന്റെ സഹായത്തിനായി ഓടിയെത്തുകയും നിരാലംബരായ അനേകർക്ക്‌ ആശ്വാസം നൽകുകയും പ്രവാസ ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കാൻ പ്രേരകമാകുകയും ചെയ്യുന്ന നമ്മുടെ കൂട്ടായ്മകളെ വിഷലിപ്തമാക്കാനും നിയമ കുരുക്കുകളിൽ എത്തിച്ചു ശ്വാസംമുട്ടിക്കാനും ആര് ശ്രമിച്ചാലും അവരെ സാമൂഹ്യ ദ്രോഹികളായി ഒറ്റപ്പെടുത്താൻ എല്ലാ സംഘടനാ ബന്ധുക്കളും തയ്യാറാകുമെന്ന് പ്രത്യാശിക്കാം. എലിയെ പേടിച്ചു ഇല്ലമല്ല എലിയെ തന്നെയാണ് ചുട്ടുകൊല്ലേണ്ടത്.
 

സുരേന്ദ്രൻ നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.