കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിയായ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കോട്ടയം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വെവ്വേറെ അനുഭവിക്കണം.രണ്ട് വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെയും (പൂച്ചക്കൽ രാജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.