പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം പുരോഗമിക്കുന്നതിന് ഇടയിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം നൽകിയ മറുപടി വൈറലാകുന്നു. കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് ശ്രേയ ജുനേജ എക്സിൽ പോസ്റ്റ് ചെയ്ത അഭ്യർത്ഥനക്ക് പ്രധാനമന്ത്രി നൽകിയ മറുപടിയാണ് കയ്യടി നേടുന്നത്. ദ്വിദ്വിന സന്ദർശനത്തിനായി എത്തുന്ന മോദിയോട് മുൻ ഐഎഫ്എസ് ഓഫീസറായ മുത്തച്ഛനെ കാണണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റാണ് ചർച്ചയാവുന്നത്.
101 വയസുള്ള തൻ്റെ മുത്തച്ഛൻ മംഗൾ സെയിൻ ഹാൻഡ പ്രധാനമന്ത്രിയുടെ വലിയ ആരാധനാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയേയും വിദേശകാര്യ മന്ത്രി ജയശങ്കറിൻ്റെ ഓഫീസിനെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ് പങ്കുവച്ചത്. കൂടുതൽ വിവരങ്ങൾ ഇരുവരുടേയും ഓഫീസിലേക്ക് ഇമെയിൽ ചെയ്തിട്ടുണ്ടെനും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.വളരെ വേഗത്തിൽ പോസിറ്റീവായി പ്രധാനമന്ത്രിയും പോസ്റ്റിന് മറുപടി നൽകി.
“തീർച്ചയായും! ഇന്ന് കുവൈറ്റിൽ വെച്ച് മംഗൾ സെയിൻ ഹാൻഡജിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു”- എന്ന് പറഞ്ഞ് കൊണ്ട് പ്രധാനമന്ത്രിയും പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. മുമ്പ് ഹാൻഡയുടെ നൂറാം പിറന്നാളിന് മോദി, അദ്ദേഹത്തിന് കത്തെഴുതിയിരുന്നു. ഇന്ത്യക്ക് വേണ്ടി അദ്ദേഹം നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു കത്ത്.ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഹാൻഡ നടത്തിയ പ്രവർത്തനങ്ങളും സങ്കീർണ്ണമായ ആഗോള പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകളും പ്രധാനമന്ത്രി അന്ന് അനുസ്മരിച്ചിരുന്നു. തനിക്ക് ആശംസ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ച കത്ത് മംഗൾ സെയിൻ ഹാൻഡ തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.