നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് തിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നത്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടത്.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ വെച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ചാണ് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാഷ്ട്രപതിക്ക് കത്തയച്ചത്. കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയത്.