എൺപതുകളുടെ തുടക്കത്തിൽ കേരളത്തിലെ ഏറ്റവും മിടുമിടുക്കനായിരുന്ന മുപ്പത്തിനലുകാരൻ വ്യവസായമന്ത്രിയും മുൻ ലോക്സഭാഗവും ആയിരുന്ന പി സി ചാക്കോ ഇപ്പോൾ ഭരണ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ടു പതറുകയാണ്
. എഴുപതുകളിൽ കേരളത്തിലെ കോൺഗ്രസിൽ കരുണാകര വിരുദ്ധ ചേരിയിൽ എ കെ ആന്റണിക്കൊപ്പം നിലകൊണ്ട് ആ ഗ്രൂപ്പിലെ മുന്നണി പോരാളികളിൽ ഒരാളായിരുന്ന ചാക്കോ സാഹചര്യങ്ങൾ അനുസരിച്ചു കളം മാറി ചവിട്ടുവാൻ അന്നും ഇന്നും ഒരു മടിയും കാണിക്കാറില്ല
. എൺപതുകളുടെ മദ്ധ്യത്തിൽ ശരത് പവാർ കോൺഗ്രസ് എസ് പാർട്ടി ഉണ്ടാക്കി കോൺഗ്രസ് വിട്ടു പോയപ്പോൾ അധികാര മോഹിയായ ചാക്കോ ആ കൂടെ കൂടി. കേരളത്തിൽ കോൺഗ്രസ് എസ് ക്ലച്ചു പിടിക്കില്ലെന്നു മനസ്സിലാക്കിയ ചാക്കോ അധികം വൈകാതെ മാതൃ സംഘടനയായ കോൺഗ്രസിൽ തിരിച്ചെത്തി
. തൊണ്ണൂറുകളുടെ ആരംഭം മുതൽ ചക്കോയ്ക്കു ചാകര ആയിരുന്നു. തൊണ്ണൂറ്റി ഒന്നുമുതൽ ഉള്ള ലോക്സഭ തെരെഞ്ഞെടുപ്പുകളിൽ കേരളത്തിലെ കോൺഗ്രസ് വന്ദ്യ വയോധികരായ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് അനുവദിച്ചപ്പോൾ എ സി ജോസിനോടും കെ വി തോമസിനൊപ്പവും ചക്കൊച്ഛനും ലിസ്റ്റിൽ ഇടം പിടിച്ചു
. കോൺഗ്രസിന്റെ ഉറച്ച സീറ്റുകളായ ഇടുക്കിയിലും മുകുന്ദാപുരത്തും തൃശൂരും എ സി ജോസും ചാക്കോച്ഛനും മാറി മാറി വാശിച്ചു മത്സരിച്ചപ്പോൾ ഡൽഹിയിലേയ്ക്കു വന്നും പോയും നിന്ന ചാക്കോച്ചൻ പിന്നെ ഡൽഹിയിലെ താമസം സ്‌ഥിരമാക്കി
. ഏതു മണ്ഡലത്തിൽ നിന്നും ജയിച്ചു ഡൽഹിക്ക് പോയാൽ പിന്നെ ആ മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത ചാക്കോച്ചൻ രണ്ടായിരത്തി പതിനാലിലെ തെരഞ്ഞെടുപ്പിൽ ഒരു പണി പാവപ്പെട്ടവനായ ജനകീയ നേതാവ് കെ പി ധനപാലനും കൊടുത്തു. അഞ്ചു വർഷം ധനപാലൻ അമ്മയെ പോലെ കൊണ്ടുനടന്ന ചാലക്കുടി സീറ്റ് ചാക്കോച്ചൻ ഡൽഹിയിൽ നാടകം കളിച്ചു നേടിയെടുത്തു താൻ തിരിഞ്ഞു നോക്കാതെ കുളമാക്കിയ തൃശൂർ ധനപാലനുമായി വച്ചു മാറി ധനപാലന് പരാജയം രുചിക്കേണ്ടി വന്നു
. 2014 നു ശേഷം ഏതാണ്ട് ഏഴു വർഷത്തോളം അധികാരവും ആർഭാടവും ഇല്ലാതിരുന്ന ചാക്കോച്ചൻ 2020 ൽ പഴയ സുഹൃത്ത് ശരദ് പവാറിന്റെ എൻ സി പി യിൽ ചേർന്നു കേരളത്തിൽ എൽ ഡി ഫ് ന്റെ ഭാഗം ആയി
. 2021 മുതൽ എൻ സി പി യുടെ സംസ്‌ഥാന പ്രസിഡന്റ് ആയ ചാക്കോച്ചൻ അന്നു മുതൽ പാർട്ടിയുടെ മന്ത്രിയായ എ കെ ശശീന്ദ്രനുമായി ശീത യുദ്ധം ആരംഭിച്ചിരിക്കുകയാണ്
. താൻ ശുപാർശ ചെയ്യുന്ന ഒരു കാര്യവും നടത്തി കൊടുക്കുവാൻ തയ്യാറാകാത്ത ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും മാറ്റാൻ അടവുകൾ പതിനെട്ടും പുറത്തെടുത്ത ചാക്കോച്ചൻ അതിനായി ദേശീയ പ്രസിഡന്റ് പവാർജിയെ കാണാൻ മുംബൈക്കു പോയതിന് കണക്കില്ല
. താൻ ഇരിക്കാൻ പറയുമ്പോൾ ഇരിക്കുകയും നിൽക്കാൻ പറയുമ്പോൾ നിൽക്കുകയും ഓടാൻ പറയുമ്പോൾ ഓടുകയും ചെയ്യുന്നവരെ മാത്രം മന്ത്രിസഭയിൽ എടുക്കുന്ന പിണറായിയുടെ അടുത്ത് തോമസ് കെ തോമസിന്റെ പേര് പറഞ്ഞു ചാക്കോച്ചൻ പലവട്ടം പോയെങ്കിലും പിണറായി കണ്ട ഭാവം നടിച്ചില്ല
. തനിക്കു മന്ത്രിയാകാൻ പറ്റില്ലെങ്കിലും തോമസ് കെ തോമസിനെ മുന്നിൽ നിർത്തി പിൻസീറ്റ് ഭരണം നടത്താം എന്നുള്ള ചാക്കോച്ചന്റെ വ്യാമോഹം നിലവിൽ ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ മൂപ്പനായ പിണറായിയുടെ അടുത്ത് ചിലവാകുന്ന ലക്ഷണം കാണുന്നില്ല
. ഏതായാലും ഡൽഹി രാഷ്ട്രീയ കളരിയിൽ ഏറെ നാൾ അങ്കം വെട്ടിയ ചാക്കോച്ചൻ യൂ ഡി ഫ് ഉം എൽ ഡി ഫ് ഉം കഴിഞ്ഞു മറ്റൊരു അങ്കത്തിനു കൂടി ബാല്യം ഉണ്ടോയെന്നു താമസിയാതെ തെളിയിക്കും
സുനിൽ വല്ലാത്തറ ഫ്‌ളോറിഡ