ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു ജനമിരുന്നു. വലിയ വാദ്യോപകരണങ്ങൾക്കൊപ്പം പുതിയ പാട്ടുകാരി പാട്ടുതുടങ്ങി. ആൾക്കാർ ഉച്ചത്തിൽ കയ്യടിക്കാനും പിന്നെ എഴുന്നേറ്റുനിന്നു താളത്തിനൊത്തു ആടാനും തുള്ളാനും തുടങ്ങി . മിന്നുന്ന വസ്ത്രം ധരിച്ച പാട്ടുകാരിയും ഡാൻസ് തുടങ്ങി. അതല്ലേ പുതിയ രീതി . പുതിയ തലമുറയ്ക്ക് പുതിയ രീതികളല്ലേ ഇഷ്ടപ്പെടുന്നത്. . മതിമറന്നെല്ലാവരും ആസ്വദിച്ചു . എത്ര മനോഹരമായ പാട്ട് . ഇനി ഇവളാണ് നമ്മുടെ പാട്ടുകാരി. നമുക്കിനി ഇവളെ മതി. .
എല്ലാം കേട്ടുകൊണ്ട് ഒരു മൂലയ്ക്ക് ഒരാൾ നിന്നിരുന്നു. അത് അവിടുത്തെ പഴയ പാട്ടുകാരിയായിരുന്നു . വർഷങ്ങൾക്കുമുൻപ് ആദ്യമായി താൻ അരങ്ങത്തു വന്നപ്പോഴും ഇതുതന്നെയായിരുന്നു നടന്നത്. കിട്ടിയ കയ്യടിക്കും അഭിനന്ദനങ്ങൾക്കും കണക്കില്ലായിരുന്നു. അന്ന് താനും ഒത്തിരി അഹങ്കരിച്ചിട്ടുണ്ട്. ഇടയിലെത്രയോ നല്ല പാട്ടുകാർ തലപൊക്കി വന്നതാണ് . തന്റെ പ്രഭാവത്തിൽ അവരെല്ലാം കരിഞ്ഞുണങ്ങി പോയി ആരെങ്കിലും ഒരു കയ്യ് കൊടുത്തു സഹായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവരുമൊക്കെ ഉയർന്നു വന്നേനെ . പിടിച്ചുനില്ക്കാനാവാതെ കാലയവനികക്കുള്ളിൽ പെട്ടെന്നവർ ഊളിയിട്ടു . അത് തന്റെ തെറ്റൊന്നുമല്ലല്ലോ. സത്യത്തിൽ ചെറിയ വരക്കടുത്തു് വലിയ വര വരച്ചാൽ പഴയതു ചെറുതാകുന്നൊന്നുമില്ല . അതൊരു മിഥ്യ മാത്രമാണ് . ചെറുതായി പോകുന്നതൊരു തോന്നൽ മാത്രമാണ്. ചെറിയ വരയുടെ നീളം അന്നും ഇന്നും ഒരുപോലെയാണ് .
ശുദ്ധ സംഗീതത്തോടുള്ള തന്റെ സ്നേഹം അവിടെത്തന്നെയുണ്ട്. അതിനൊരു കുറവും സംഭവിച്ചിട്ടില്ല. ആരുടെയും മുൻപിൽ മനഃപൂർവം വലുതാകാൻ താൻ ശ്രമിച്ചിട്ടില്ല. തന്നെ വലുതാക്കി കാണിക്കാൻ മറ്റുള്ളവർ ശ്രമിച്ചിട്ടല്ലെയുള്ളൂ. . ആ കാലത്തു തന്റെ ശബ്ദം സമൂഹത്തിന് ഇഷ്ട്ടമായിരുന്നു അവർക്കന്നതാവശ്യമായിരുന്നു. ആ തലമുറ കടന്നുപോയി. പുതിയ തലമുറ തലപൊക്കി . കാലം മാറി കാറ്റിന്റെ ഗതിയും മാറി എല്ലാ കാലവും ഒരുപോലെയായിരിക്കുകയില്ലല്ലോ. കാലത്തിനൊത്തുള്ള മാറ്റങ്ങളെ അംഗീകരിക്കുകതന്നെവേണം . തന്നിലെ സംഗീതം അതതുപോലെതന്നെ അവിടെയുണ്ട് . സ്വരം മാറികാണും രൂപം മാറിക്കാണും . പുതിയ താളങ്ങളും മേളങ്ങളും വന്നിട്ടുണ്ടാകും . എന്നാൽ ശുദ്ധ സംഗീതം അത് തന്റെ ഉള്ളിൽ അതേപടി ഇപ്പോഴും കുടികൊള്ളുന്നു. തനിക്കതുമതി. അതുകളായാൻ ആഗ്രഹിക്കുന്നില്ല.
നിശബ്ദയായി നിന്ന ആ പഴയ പാട്ടുകാരി തന്റെ ജീവന്റെ ജീവനായ വയലിനും കയ്യിലെടുത്തു് മെല്ലെ നടന്ന് ഹാളുവിട്ടു പുറത്തുവന്നു. . അപ്പോഴും പുതിയ പാടുകാരി പുതിയ രീതിയിലുള്ള പാട്ടുകൾ പാടി ആടി തിമിർക്കുന്നുണ്ടായിരുന്നു. ആരോ പിറകിൽ പിറുപിറുക്കുന്നതു കേട്ടു "അസ്സൂയ അല്ലാതെന്താ" .
എന്നാൽ പുറത്തിറങ്ങിയപ്പോൾ കണ്ടത് പഴയപാട്ടിഷ്ടപെടുന്ന കുറെ ആൾക്കാർ അവൾക്കുമുന്നെതന്നെ പുറത്തിറങ്ങി അവളെ പ്രതീക്ഷിച്ചവിടെ നില്പുണ്ടായിരുന്നു. അവർക്കറിയാമായിരുന്നു അവൾ വരുമെന്ന്. അവർക്കിപ്പോഴും അവൾ മതി. അവളുടെ പാട്ടുമതി . അവളുടെ ഈണം മതി. പഴയ അവളുടെ വയലിനിൽ നിന്നുള്ള ശ്രുതിമതി. അവരുടെ നിർബന്ധപ്രകാരം അവളൊരു പഴയ പട്ടു പാടി. വലിയ ബഹളങ്ങളില്ലാതെ കേട്ടുനിന്നവർ അവസാനം ആർദ്രമായി കയ്യടിച്ചു. പാട്ട് പാടിത്തീർന്നതവൾ അറിഞ്ഞില്ല . എന്നാൽ എപ്പോഴോ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരുതുള്ളി കണ്ണുനീർ വയലിന്റെ കമ്പിയിൽ തട്ടി ചിതറിത്തെറിച്ചത് അവളറിഞ്ഞിരുന്നു.
മാത്യു ചെറുശ്ശേരി