ഭൂമിയുടെ അറ്റം വരെ നടന്നടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് നമ്മുടെ പാഷനാണ്. പാഷന്‍ ഒരു ഊര്‍ജ്ജമാണ്. നമ്മെ ആവേശം കൊള്ളിക്കുന്ന ഏതൊരു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ലഭിക്കുന്ന ശക്തി നമ്മെ ഭൂമിയുടെ അറ്റം വരെ കൊണ്ടെത്തിക്കും. ഇങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ നാം കണ്ടുമുട്ടുന്നു.
ഡോ. സിന്ധു പിള്ള. അമേരിക്കയിലെ അറിയപ്പെടുന്ന ഡോക്ടര്‍. അതും കുട്ടികളുടെ പ്രിയപ്പെട്ട കൊച്ചുഡോക്ടര്‍ ഡോ. സിന്ധു പിള്ള ഇന്ന് ചവിട്ടി നില്‍ക്കുന്ന പടി അത്ര ചെറുതല്ല. അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ. കെ.എം.ജിയുടെ പ്രസിഡന്‍റ് കൂടിയായ ഡോ. സിന്ധു പിള്ള തന്‍റെ ജീവിത വഴികളെ നമുക്ക് മുന്‍പില്‍ വരച്ചിടുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ ബാല്യം
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് ചൊല്ല്. ഡോ. സിന്ധു പിള്ളയുടെ ജീവിതവും അങ്ങനെ തന്നെ. ചേര്‍ത്തല മരുത്തോര്‍വട്ടത്ത്, പൊന്നാരത്ത് ജി.എന്‍. വാസുദേവപ്പണിക്കരുടേയും (അക്കൗണ്ടന്‍റ്), അദ്ധ്യാപികയായ സരസ്വതി ദേവിയുടേയും മകളായി ജനനം. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ മതിലകം ലിറ്റിര്‍ ഫ്ളവര്‍ യു.പി. സ്കൂളില്‍ പഠനം. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലും പഠനം. ഒന്നാം ക്ലാസ്മുതല്‍ക്കേ പഠനത്തില്‍ ക്ലാസില്‍ ഒന്നാം സ്ഥാനം. സ്കൂള്‍ കലോത്സവങ്ങളിലും മിന്നുന്ന പ്രകടനവുമായി സിന്ധു എന്ന കൊച്ചു മിടുക്കി എല്ലാവരുടേയും കണ്ണിലുണ്ണിയായി. ലളിതഗാനം, നൃത്ത മത്സരം, പദ്യപാരായാണം നാടോടി നൃത്തം, തിരുവാതിര, അധികമാരും കൈ വെക്കാത്ത അക്ഷര ശ്ലോകം എന്നിവയിലെല്ലാം സമ്മാനം നേടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്‍റേയും, സെന്‍റ് മേരീസ് സ്കൂളിന്‍റേയും അഭിമാന താരമായി മാറി. പഠനത്തില്‍ സ്കൂളില്‍ ഒന്നാം സ്ഥാനം. പത്താം ക്ലാസിനോട് വിടപറയുമ്പോള്‍ അച്ഛന്‍റെ ആഗ്രഹം മകളെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു. അങ്ങനെ ചേര്‍ത്തല ഡെന്‍റ് മൈക്കിള്‍സ് കോളേജില്‍ പ്രീഡിഗ്രി സെക്കന്‍റ് ഗ്രൂപ്പിന് ചേര്‍ന്നു. റിസള്‍ട്ട് അറിയുന്നതിന് മുന്‍പേ എറണാകുളം എ.സി.എസ് സെന്‍ററില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നു. മോക്ക് ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ നേടിയത് വലിയ പ്രതീക്ഷയായി. അറുപത്തിയഞ്ചാം റാങ്കോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എം.ബി. ബി. എസ്. പഠനത്തിന് തുടക്കം.
മനസ്സുകൊണ്ട് ഡോക്ടറായ നിമിഷങ്ങള്‍
പത്താം ക്ലാസില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം മാര്‍ക്ക് നേടി ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ പടി കയറുമ്പോള്‍ ഇതാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ലോകത്തെ ഏറ്റവും മികച്ച ഒരു പ്രൊഫഷനിലേക്കാണ് തന്‍റെ യാത്രയെന്ന് കണ്ടെത്തിയ നിമിഷങ്ങള്‍. ആതുര സേവനം എന്ന പ്രൊഫഷന്‍റെ മഹത്വം മനസ്സിലാക്കിയ പഠനകാലങ്ങള്‍ സിന്ധുവെന്ന പ്രതിഭയെ അവിടെയും രൂപപ്പെടുത്തിയെടുത്തു. പഠനത്തില്‍ അവിടെയും ഒന്നാമതായ സിന്ധുവിന്‍റെ സാമൂഹിക നേതൃത്വ രംഗത്തേക്കുള്ള തുടക്കം കുറിച്ചതും ആലപ്പുഴ മെഡിക്കല്‍കോളേജ് തന്നെ. ഒന്നാം വര്‍ഷം തന്നെ വനിതാ പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. കുട്ടികളുടെ ഏതൊരു ആവശ്യത്തിനും ഓടിയെത്തിയ വിദ്യാര്‍ത്ഥി നേതാവ് മെഡിസിന്‍ പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെ. ആഗ്രഹിച്ചത് കഷ്ടപ്പെട്ട് നേടിയ വന്‍ വിജയത്തിന്‍റെ തുടക്കം. പ്രൊഫഷണലായി ജീവിതത്തെ മാറ്റുന്ന തിരക്ക്. ആ തിരക്കുകള്‍ക്കിടയില്‍ 1990 ല്‍ വിവാഹം.
കുഞ്ഞുങ്ങളുടെ സിന്ധു ഡോക്ടര്‍ - ഷിക്കാഗോ മുതല്‍ കാലിഫോര്‍ണിയ വരെ
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു. കുഞ്ഞുങ്ങളുടെ ഡോക്ടറായി മാറണമെന്ന്. വേദനകളും രോഗങ്ങളും തിരിച്ചറിയുവാന്‍ സാധിക്കാത്ത കുഞ്ഞുകുഞ്ഞുങ്ങള്‍ മുതല്‍ കൗമാരക്കാരായ കുട്ടികള്‍ വരെയുള്ളവരുടെ ആരോഗ്യ ജീവിതത്തിന് കരുത്താകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു വിവാഹം. 1991ല്‍ അമേരിക്കയില്‍ എത്തി. കാലിഫോര്‍ണിയായിലേക്കാണ് വന്നതെങ്കിലും റഡിഡന്‍സി ലഭിച്ച് ചിക്കാഗോയിലേക്ക് മാറി. നാല് വര്‍ഷത്തിന് ശേഷം കാലിഫോര്‍ണിയായിലേക്ക് തിരികെവന്നു. പീഡിയാട്രീഷ്യന്‍സ് ആയ മൂന്ന് പേരോടൊപ്പം ഒരു ഗ്രൂപ്പായി പ്രാക്ടീസ് തുടങ്ങി. ചെറുപ്പം മുതല്‍ക്കേ കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാവാം ഏറെ കുട്ടികളും രക്ഷിതാക്കളും ഡോ. സിന്ധു പിള്ളയുടെ ക്ലൈന്‍റുകളായി മാറി. സ്വാഭാവികമായും ഒരു ഡോക്ടര്‍ക്ക് തന്‍റെ പ്രൊഫഷനില്‍ തിരക്കാകുമ്പോള്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ താല്പര്യം കൂടും. 2004ല്‍ മറിയേറ്റയില്‍ സ്വന്തമായി പ്രാക്ടീസ് തുടങ്ങി. പ്രൊഫഷനില്‍ ഉണ്ടാക്കിയെടുത്ത ക്രഡിബിലിറ്റി കൊണ്ട് അവിടെയും നിരവധി കുട്ടികളുടെ പ്രിയപ്പെട്ട തിരക്കുള്ള ഡോക്ടറായി ഡോ. സിന്ധു പിള്ള മാറി. തനിക്ക് പ്രത്യേക മാജിക് ഒന്നും ഇല്ലായെന്നും തന്‍റെ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്ന സമയത്ത് എങ്ങനെ അവരെ പരിചരിക്കുമോ അതുപോലെയാണ് തന്‍റെ മുന്നിലെത്തുന്ന ഓരോ കുഞ്ഞുങ്ങളേയും നോക്കുക. ഏറ്റവും വലിയ ആനന്ദം ആദ്യകാലത്ത് ചികിത്സിച്ച കുട്ടികള്‍ അവരുടെ മക്കളുമായി തന്നെ കാണാനെത്തുന്ന നിമിഷങ്ങള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കാണുന്നതെന്ന് ഡോ. സിന്ധു പിള്ള പറയുന്നു. ഗര്‍ഭാവസ്ഥ മുതല്‍ ജനിച്ച് പതിനെട്ട് വയസുവരെയുള്ള ബന്ധം ഒരു അമ്മ മക്കള്‍ ബന്ധമായി തന്നെ വളര്‍ത്തിയെടുക്കാറുണ്ട്.
തിങ്കള്‍ മുതല്‍ വെള്ളിവരെ ദീര്‍ഘമായ പ്രാക്ടീസ്, കുട്ടികളുമായി കൂടുതല്‍ അടുക്കുവാനും അവരുടെ മാനസിക പ്രശ്നങ്ങളേയും മറ്റും അടുത്തറിയുവാനും ഡോക്ടര്‍ എന്ന നിലയില്‍ സാധിക്കുന്നുണ്ട്. ഫിസിഷ്യന്‍ അസിസ്റ്റാന്‍റായി രണ്ട് പേരും, സ്ഥാപനം തുടങ്ങിയ സമയത്ത് ഒപ്പം ഉണ്ടായിരുന്ന സീനിയര്‍ നഴ്സും ഓഫീസ് മാനേജരും ഇപ്പോഴും ഒപ്പം ഉണ്ടെന്ന് പറയുമ്പോള്‍ സഹപ്രവര്‍ത്തകരോടുള്ള ഡോ. സിന്ധു പിള്ളയുടെ സമീപനവും കരുതലും നമുക്ക് തിരിച്ചറിയുവാന്‍ പറ്റും. ഇപ്പോള്‍ പതിനഞ്ചോളം സ്റ്റാഫുകള്‍ ഒപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അമ്മമാരിലും നല്ലൊരു ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് തന്‍റെ സങ്കല്പം. ഓരോ സമയവും കുട്ടികളേയും കുട്ടികളുടെ മാറ്റങ്ങള്‍, അവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവയെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയുമാണ് ഒരു പീഡിയാട്രീഷന്‍റെ കടമ. കുട്ടികളുടെ രോഗം മാറുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന സന്തോഷത്തേക്കാള്‍ സന്തോഷം ലഭിക്കുക തനിക്കാണെന്ന് ഡോ. സിന്ധു പിള്ള പറയുന്നു. അതാണ് പ്രൊഫഷണല്‍ ജീവിതത്തിലെ സന്തോഷങ്ങളില്‍ ഏറ്റവും പ്രധാനം.
ഫോമയില്‍ നിന്ന് എ.കെ.എം.ജി പ്രസിഡന്‍റ് പദത്തിലേക്ക്
ഡോ. സിന്ധു പിള്ളയ്ക്ക് സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും നന്മയുടേത് മാത്രമാണ്. അവിടെ അധികാരത്തിന് യാതൊരു സ്ഥാനവും അവര്‍ കല്‍പ്പിക്കുന്നില്ല. 2018ല്‍ ഫോമയുടെ വനിതാ പ്രതിനിധിയായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ് കേരളത്തില്‍ പ്രളയം ഉണ്ടാകുന്നത്. ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും സാധിച്ചു. കൂടാതെ ഫോമയുടെ നേഴ്സിംഗ് സ്കോളര്‍ഷിപ്പ് പ്രോഗ്രാം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുവാനും സാധിച്ചു. അധികാരം ജനങ്ങളുടെ ഔദ്യാര്യമാണ്. ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരായി വേണം സംഘടനാ നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതാണ് ഡോ. സിന്ധു പിള്ളയുടെ നയം. ഫോമയില്‍ നിന്ന് അമേരിക്കയിലെയും, കാനഡയിലേയും നാലായിരത്തിലധികം വരുന്ന ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ. എം.ജിയുടെ 2023- 2024 കാലയളവിലെ പ്രസിഡന്‍റായി നിയമിതയാകുമ്പോള്‍ കാലം കാത്തുവെച്ച പദവിയായി അതിനെ വിലയിരുത്താം. കാരണം ഡോ. സിന്ധു പിള്ള ഏര്‍പ്പെട്ട മേഖലകള്‍ എല്ലാം വിജയത്തിന്‍റേതായിരുന്നു. അതുകൊണ്ട് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രവര്‍ത്തന കാലഘട്ടമാകും എ.കെ. എം. ജിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന കാലയളവ്. 1999ലാണ് ഡോ. സിന്ധു പിള്ള അംഗത്വമെടുക്കുന്നത്. ഡോ. രാധാ മേനോന്‍ പ്രസിഡന്‍റ് ആയിരിക്കെ കാലിഫോര്‍ണിയായില്‍ എ. കെ. എം. ജി കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്ത് കള്‍ച്ചറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചത് ഡോ. സിന്ധു പിള്ള ആയിരുന്നു.
ആതുരസേവന രംഗത്ത് മാത്രമല്ല കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലും ഡോക്ടര്‍മാര്‍ ഒട്ടും പിറകോട്ടല്ല എന്ന് തെളിയിക്കുവാനും എ. കെ. എം. ജിക്ക് സാധിച്ചു. അലാസ്ക ക്രൂയിസ് കണ്‍വര്‍ഷനിലും, ഹവായിയിലും, ഡിട്രോയിറ്റിലും നടന്ന കണ്‍വന്‍ഷന്‍റേയും നിറസാന്നിദ്ധ്യമായിരുന്നു ഡോ. സിന്ധു പിള്ള. 2020ല്‍ എ. കെ. എം.ജിയുടെ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് സ്ഥാനത്തേക്ക് നിയമിതയായി. കൂടാതെ എക്സിക്യുട്ടീവ് കമ്മറ്റി മെമ്പര്‍, ട്രഷറര്‍, വൈസ് പ്രസിഡന്‍റ് തുടങ്ങി പദവികളിലും തിളങ്ങിയ ശേഷമാണ് ഇപ്പോള്‍ സംഘടനയുടെ പ്രസിഡന്‍റായി എ.കെ. എം.ജി നേതൃത്വം ഏറ്റെടുത്തത്. കൂടുതലായി പ്രവര്‍ത്തിക്കുവാന്‍ കിട്ടിയ സമയം ഒരു സമയത്തും പാഴാക്കിയില്ല. നിരവധി ഡോക്ടര്‍മാരെ കൂടി സംഘടേനയുടെ ഭാഗമാക്കി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാനും സംഘടനയ്ക്കൊപ്പം നില്‍ക്കുന്നു. പ്രവര്‍ത്തിക്കുന്നു. ഓരോ നിമിഷവും കര്‍മ്മ നിരതയാകുന്നു.
എ.കെ. എം.ജി പ്രസിഡന്‍റ്; ഉത്തരവാദിത്വത്തിന്‍റെ അടയാളം
നേതൃത്വമെന്നത് നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള ഒന്നാണ്. കാരണം ഒരു നേതൃത്വത്തിന്‍റെ പിന്നില്‍ നിരവധി ആളുകളെ എത്തിക്കുവാന്‍ സാധിച്ചാല്‍ ആ നേതൃത്വം അത്രമേല്‍ മികച്ചതാവും. ഡോ. സിന്ധു പിള്ളയുടെ നേതൃത്വത്തില്‍ എ. കെ. എം. ജി അതിന്‍റെ ജൈത്രയാത്ര തുടരുമ്പോള്‍ നിരവധി കര്‍മ്മ പരിപാടികളാണ് നടന്നതും ഇനി നടക്കുവാനുള്ളതും. മുന്‍ ഭരണസമിതി തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍സിന് മെമ്പര്‍ഷിപ്പ് പ്രോഗ്രാം നടത്തുക, ഓണ്‍ലൈന്‍ ട്രയിനിംഗ് പ്രോഗ്രാമുകള്‍ നടത്തുക, നാട്ടില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അമേരിക്കയില്‍ റസിഡന്‍സി ചെയ്യുവാനുള്ള സഹായം നല്‍കുക, അതിനായി വിദഗ്ദ്ധ ഉപദേശം നല്‍കുന്നതോടൊപ്പം എ. കെ. എം.ജി ഹ്യുമാനിറ്റേറിയന്‍ സര്‍വ്വീസ് എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സര്‍വീസ് വിംഗും സജ്ജമാണ്. കോവിഡ് കാലത്ത് രണ്ട് ലക്ഷം ഡോളറിന്‍റെ പദ്ധതികള്‍ നടപ്പിലാക്കി. പള്‍സ് ഓക്സി മീറ്ററുകള്‍, മാസ്ക്കുകള്‍ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കി. ഡോക്ടര്‍മാരുടെ കലാപരമായ കഴിവുകള്‍ പ്രകടപ്പിക്കുവാന്‍ വേദികള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രോഗാമുകള്‍ സംഘടിപ്പിച്ചു. വേദമിത്രയുടെ വയലിന്‍ പ്രോഗ്രാം, ഡോ. ജാനകിയുടെ വെര്‍ച്വല്‍ ഡാന്‍സ് പ്രോഗ്രാം, എ.കെ. എം.ജി വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഹെല്‍ത്ത് അവയര്‍നെസ് പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. റീജിയണല്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്‍ററുമായി ചേര്‍ന്ന് ഒരു പ്രോഗ്രാമും മനസ്സിലുണ്ട്.
എ.കെ. എം.ജി കണ്‍വന്‍ഷന്‍
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ ഇത്തവണ സാന്‍റിയാഗോയില്‍ നടക്കും. ഹില്‍ട്ടണ്‍ ബേഫ്രണ്ടില്‍ നടക്കുന്ന കണ്‍വര്‍ഷന്‍റെ രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോട്ട് ട്രിപ്പ്, യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ പരിപാടികള്‍, ഡോക്ടര്‍മാരുടെ ഡാന്‍സ്, നാടകം, സ്കിറ്റ്, ഗാനമേള തുടങ്ങി നിരവധി വിഭവങ്ങളാണ് കണ്‍വന്‍ഷനില്‍ ഒരുങ്ങുന്നത്.
നൃത്തം, കല, സൗഹൃദം
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ എപ്പോഴും ഒരു മാറ്റം ആരും ആഗ്രഹിക്കും. ഡോ. സിന്ധു പിള്ളയും അതില്‍ നിന്നും വ്യത്യസ്തയല്ല. പക്ഷെ ഡോക്ടര്‍ ഇക്കാര്യത്തില്‍ ചെറുപ്പകാലം മുതല്‍ക്കേ മുന്‍പന്തിയിലാണ്. സ്കൂള്‍ കാലം മുതല്‍ തുടങ്ങിയ നൃത്ത പഠനം എത്തി നില്‍ക്കുന്നത് പ്രശസ്ത നര്‍ത്തകി ഗോപികാ വര്‍മ്മയുടെ കീഴിലാണ്. 2024 ജനുവരി 28ന് ബാംഗ്ലൂരില്‍ ഒരു നൃത്തപരിപാടിയും നടത്തുവാന്‍ സാധിച്ച ഡോ. സിന്ധു പിള്ള നിരവധി വേദികളില്‍ നൃത്ത സാന്നിദ്ധ്യമാണ്. നമുക്ക് എന്തിനോടും ആഭിമുഖ്യം ഉണ്ടായാല്‍ മാത്രം മതി. അവയെ നമുക്ക് സ്വായത്തമാക്കാം എന്നതാണ് ഡോ. സിന്ധു പിള്ളയുടെ പോളിസി. നൃത്തം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം എന്നിവ പഠിക്കുവാന്‍ സമയം കണ്ടെത്തുന്നു. ഗോപികാ വര്‍മ്മ സംഘടിപ്പിച്ച 'ഭാഗവതം വര്‍ക്ക് ഷോപ്പില്‍' 90 ശിഷ്യര്‍ക്കൊപ്പം ഡോ. സിന്ധു പിള്ള പങ്കെടുത്തിരുന്നു. സ്മിത ആല്‍വ്സിന്‍റെ കീഴില്‍ രണ്ട് വര്‍ഷമായി കഥകും അഭ്യസിക്കുന്നു. ബോളിവുഡ് ഡാന്‍സ് മാസ്റ്ററായ നകുല്‍ ദേവിന്‍റെയും ശിഷ്യയാണ് ഡോ. സിന്ധു പിള്ള. 20 സ്ത്രീകള്‍ അടങ്ങുന്ന ഒരു ഡാന്‍സ് ടീമും കഴിഞ്ഞ നാല് വര്‍ഷമായി നിരവധി വേദികളില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
സൗഹൃദത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഡോ. സിന്ധു പിള്ള പത്താംക്ലാസ് മുതലുള്ള വാട്സ് ആപ് ഗ്രൂപ്പുകളിലും സജീവമാണ്. നൊസ്റ്റാള്‍ജിയ സെന്‍റ് മൈക്കിള്‍സ് ഫേസ് ബുക്ക് ഗ്രൂപ്പും സജീവമാകുമ്പോള്‍ പഴയകാല സൗഹൃദങ്ങള്‍ ഓരോ വ്യക്തികളേയും കൂടുതല്‍ ചെറുപ്പമാക്കുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.
പുരസ്കാരങ്ങള്‍
നേട്ടങ്ങളും ആദരവുകളും ഓരോ വ്യക്തിയുടെയും കഴിവുകള്‍ക്കുള്ള അംഗീകാരങ്ങളാണ്. ഒന്നാം ക്ലാസ് മുതല്‍ പഠനത്തിനും, പാഠ്യേതര വിഷയങ്ങള്‍ക്കും ലഭിച്ച പുരസ്കാരങ്ങള്‍, എസ്. എസ്. എല്‍.സിക്ക് സംസ്ഥാനത്ത് പതിനൊന്നാം റാങ്ക്, പ്രീഡിഗ്രി, എം.ബി. ബി. എസ്സിനും ഒന്നാം റാങ്ക്, അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെ എജ്യുക്കേഷന്‍ അവാര്‍ഡ്, ഫോമയുടെ പുരസ്കാരം, ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍ അംഗീകാരം തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ഡോ. സിന്ധു പിള്ളയെ തേടിയെത്തിയിട്ടുള്ളത്. സ്ഥിരോത്സാഹത്തിനും, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരങ്ങളാണ് അവയെല്ലാം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
നിരവധി സംഘടനകളുടെ ഭാഗമാകുമ്പോഴും സഹജീവികളെ കരുതുക, അവര്‍ക്ക് തണലാവുക എന്നത് ഡോ. സിന്ധു പിള്ളയുടെ പ്രവര്‍ത്തനരീതിയാണ്. സംഘടനകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ക്ക് പുറമെ നിരവധി ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഡോ. സിന്ധുപിള്ള നേതൃത്വം നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ മെഡിസിന് പഠിക്കുന്ന ഒരു കുട്ടിക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വാര്‍ഡിലേക്ക്, സൈക്യാട്രി വിഭാഗത്തിലും ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അങ്ങനെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. സിന്ധു പിള്ള നേതൃത്വം നല്‍കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം സദാ കര്‍മ്മ നിരതയായ ഒരു ഡോക്ടര്‍ നമ്മുടെ മുന്‍പില്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.
കുടുംബം, സമ്പത്ത്
അച്ഛന്‍റെയും അമ്മയുടെയും കരുതലില്‍ വളര്‍ന്ന ഡോ. സിന്ധു പിള്ളയുടെ ഒരു സങ്കടം പിതാവിന്‍റെ വിയോഗമാണ്. എങ്കിലും തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി അമ്മ ഇപ്പോഴും ഒപ്പമുണ്ട്. അമ്മയാണ് തന്‍റെ ഏറ്റവും വലിയ ശക്തി. ഒപ്പം പിന്തുണയുമായി മൂത്ത മകന്‍ വിനായക് (ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, വിവാഹിതനായി ഓസ്റ്റണില്‍ താമസം), ഇളയ മകന്‍ വിശാല്‍ ന്യൂയോര്‍ക്കില്‍ കെമിക്കല്‍ എഞ്ചിനീയര്‍. കൂടാതെ ഏക സഹോദരി രശ്മി സൗദിയിലും ഒപ്പമുണ്ട്.
ഡോ. സിന്ധു പിള്ള ഒരു മാതൃകയാണ്. അവര്‍ കൈവെയ്ക്കാത്ത ഒരു മേഖലയും ഇല്ല എന്നു തന്നെ പറയാം. വളര്‍ന്നു വരുന്ന ഒരോ യുവസമൂഹത്തിനും ചൂണ്ടിക്കാണിക്കാവുന്ന വലിയ മാതൃക. തൊട്ടതെല്ലാം പൊന്നാക്കി കാണിച്ച വ്യക്തിത്വം. ഡോ. സിന്ധു പിള്ളയുടെ വഴിത്താരയില്‍ ഇനിയും നന്മയുടെ പൂക്കള്‍ വിരിയട്ടെ... പ്രാര്‍ത്ഥനകള്‍..