ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് സൈമൺ വളാച്ചേരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
ഹൂസ്റ്റൺ: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് സൈമൺ വളാച്ചേരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ഓഗസ്റ്റ് 15-ാം തീയതി രാവിലെ 9 മണിക്ക് സ്റ്റാഫോർഡിലെ കേരള ഹൗസിലായിരുന്നു പരിപാടികൾ.
''കോളനി വക്താക്കളുടെ കൊടിയ പീഡനങ്ങളിൽ നിന്ന് മോചിക്കപ്പെട്ട ഇന്ത്യയുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും. നിരവധി ധീര നേതാക്കൾ അവരുടെ ജീവൻ പണയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത്. സഹനത്തിന്റെയും ചെറുത്ത് നിൽപ്പിന്റെയും അതിജീവനത്തിന്റെയുമൊക്കെ സ്മരണ തുളുമ്പുന്ന ശുഭ നിമിഷങ്ങളാണിത്...'' ചടങ്ങിൽ അധ്യക്ഷം വഹിച്ച സൈമൺ വളാച്ചേരിൽ പറഞ്ഞു.
''ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനതയെ സംബന്ധിച്ച് നമ്മുടെ വീരോചിതമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഏറ്റവും ആവേശകരമായ ഒരു ഏടാണ്. ഈ അവിസ്മരണീയ ദിനത്തിൽ, നമുക്ക് നമ്മുടെ വീര നായകന്മാരെ ആദരിക്കാം, അവർ നമുക്ക് വേണ്ടി നേടിയ സ്വാതന്ത്ര്യത്തെ ഹൃദയത്തിലേറ്റി ആഘോഷിക്കാം. ഈ സന്തോഷ വേളയിലും നമുക്ക് ചുറ്റും നികത്താനാവാത്തൊരു ദുഖം തളംകെട്ടിക്കിടക്കുന്നു. അത് വയനാട്ടിലെ ഉരുൾപൊട്ടലാണ്. ഈ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തിനേരാം. ഒപ്പം ഉറ്റവരെയും ഉടയവരെയുമെല്ലാം നഷ്ടപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ വേദനിക്കുന്നവർക്ക് കൈത്താങ്ങാവുകയും ചെയ്യാം...'' അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റണിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് സ്വാതന്ത്ര്യ ദിന പരിപാടികൾ വേറിട്ടുനിന്നു. വയനാട് ഉരുൾ പൊട്ടലിൽ ഒരു രാത്രി കൊണ്ട് ഒരു നാട് ഒന്നാകെ ഇല്ലാതായതിനെ സ്മരിച്ചു കൊണ്ട് ആരംഭിച്ച പരിപാടിയിൽ മാഗ് വൈസ് പ്രസിഡന്റ് സൈമൺ വളാച്ചേരിൽ ആണ് അധ്യക്ഷത വഹിച്ചത്. മാഗ് പബ്ലിക് റിലേഷൻസ് ഓഫിസർ (പി.ആർ.ഒ) അജു വാരിക്കാട് സ്വാഗതം ആശംശിച്ചു.
സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥിയായ, കോൺഗ്രസിന്റെ യുവ നേതാവും, 2021-ൽ മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ ഡോ. മാത്യു കുഴൽനാടൻ ആണ് അമേരിക്കൻ പതാക ഉയർത്തിയത്. പതാക ഉയർത്തലിനു ശേഷം, ഡോ. മാത്യു കുഴൽനാടൻ മുഖ്യ പ്രഭാക്ഷണം നടത്തുകയും, തുടർന്ന് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മഹത്ത്വവും, ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ശക്തമായ ബന്ധങ്ങളുടെ പ്രാധാന്യവും ഉന്നയിച്ച് ഡോ. മാത്യു കുഴൽനാടൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ. ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫോമായുടെ സ്ഥാപക പ്രസിഡന്റ്ശശിധരൻ നായർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ചു. ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേൽ പ്രത്യേക അത്ഥിതിയായി ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ കോ-ഓർഡിനേറ്ററായ ലതീഷ് കൃഷ്ണന്റെ മികവാർന്ന അവതരണവും, ചടങ്ങിന് ഒരു സമഗ്രത നൽകി. ജോയിന്റ് സെക്രട്ടറി പൊടിയമ്മ പിള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ജോർജ് തെക്കേമലയാണ് (മീഡിയ) പരിപാടിയുടെ മീഡിയ കവറേജ് നിയന്ത്രിച്ചത്. പരിപാടികൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും പ്രാതൽ ഭക്ഷണം ഒരുക്കിയിരുന്നു.