PRAVASI

ഇനിയെങ്കിലും വർഗീയത വച്ചുള്ള കളി സിപിഎം അവസാനിപ്പിക്കണം:സമസ്ത മുഖപത്രം

Blog Image
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൻ്റെ എഡിറ്റോറിയലിലാണ് വിമർശനം.

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൻ്റെ എഡിറ്റോറിയലിലാണ് വിമർശനം. ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠങ്ങൾ’ എന്ന പേരിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമുദായിക വിഭാഗീയത ഉള്‍പ്പെടെയുളള വിലകുറഞ്ഞ പ്രചാരണങ്ങളാണ് ഇപ്പോള്‍ സിപിഎം നടത്തുന്നതെന്നാണ് കുറ്റപ്പെടുത്തൽ. ഇത് കേരളത്തിന്റെ മതേതരത്വത്തിന്റെ മനസാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് ആഴമുള്ളതാണെന്നും എഡിറ്റോറിയലിൽ പറയുന്നു.

“സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിച്ചിട്ടും എന്തുകൊണ്ട് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാൻ കഴിഞ്ഞില്ല എന്നത് സിപിഎം പരിശോധിക്കേണ്ടിയിരിക്കുന്നു. സാമുദായിക വിഭാഗീതയ ഉൾപ്പെടെ ഒട്ടേറെ വിലകുറഞ്ഞ പ്രചാരണങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടക്കുകയുണ്ടായി. ഇത് മതേതര കേരളത്തിന്റെ മനസാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളത് തന്നെയായിരുന്നു. അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചാരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞുവെന്ന വ്യക്തമായ സൂചനകൂടിയാണ് പാലക്കാട്ടെ ഫലം”- ഇങ്ങനെയായിരുന്നു മുഖപ്രസംഗത്തിലെ വരികള്‍.

പാലക്കാട്ടെ യുഡിഎഫിന്റെ ജയം വിവിധ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളുടേയും വോട്ട് വാങ്ങിയാണ് എന്നായിരുന്നു സിപിഎം തോൽവിയിൽ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ഇത്തരം ആരോപണം പാർട്ടി ഉയർത്തിയിരുന്നു. അതിനെയെല്ലാം തള്ളി രൂക്ഷ വിമർശനമാണ് സമസ്ത ഉയർത്തിയിരിക്കുന്നത്. യുഡിഎഫിനെ പുകഴ്ത്തുകയും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് എഡിറ്റോറിയൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ടിടത്തും ജയിക്കാനായത് യുഡിഎഫിന്റെ ആത്മവിശ്വാസം വലിയ രീതിയില്‍ വർധിപ്പിച്ചെന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു. തൃക്കാക്കരയിൽ തുടങ്ങി പുതുപ്പള്ളിയിലൂടെ ലോക്സഭ കടന്ന ഈ വിജയത്തിൻ്റെ കരുത്തിലായിരിക്കും യുഡിഎഫ് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടുക. ഈ വിജയത്തിൽ അഹങ്കരിക്കാതെ കോൺഗ്രസും ഘടകകക്ഷികളും ഊർജത്തോടെ എങ്ങനെ പൊതുമണ്ഡലത്തിൽ ഇടപെടുന്നു എന്നത് അടിസ്ഥാനമാക്കി ആയിരിക്കും തുടർവിജയമെന്നും സമസ്ത മുഖപത്രം പറയുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.