PRAVASI

ആത്മകഥകളുടെ ചില പിന്നാമ്പുറക്കാഴ്ചകള്‍

Blog Image
ലോകം കീഴടക്കിയവന്‍റെ മുഖഭാവത്തോടെ ഒരു തൂമന്ദഹാസവുമായി ഒന്നാം പേജില്‍ കാണപ്പെടുന്ന ഗ്രന്ഥകാരന്‍റെ കളര്‍ഫോട്ടോ ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഉള്ളടഞ്ഞ (ഭീതിദവും വേദനാജനകവും, ലജ്ജാകരവുമായ) ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന സത്യം ഈ ഫോട്ടോ കാണുന്ന ആര്‍ക്കും ഊഹിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല.

ഒരു പഴയ സുഹൃത്തായ ബാബു (പേര് സാങ്കല്പികം) ആത്മകഥ എഴുതുന്ന തിരക്കിലാണെന്നു കേട്ടപ്പോള്‍ മനസ്സു തുറന്നു സന്തോഷിച്ച ഒരാളായിരുന്നു ഈ എളിയ ലേഖകന്‍. കാരണം, മറ്റൊന്നുമല്ല. ആ പുസ്തകം വായനക്കാരില്‍ സൃഷ്ടിക്കാന്‍ പോകുന്ന അനുരണനങ്ങളും സ്വീകാര്യതയും എത്രയെന്ന് ഞാന്‍ ഭാവനയില്‍ ഒന്നു കണ്ടുനോക്കി. അത്രമാത്രം സംഭവബഹുലവും അനുഭവതീക്ഷ്ണവുമായ ഒരു ജീവിതത്തിനുടമയായിരുന്നു ഈ കഥാനായകന്‍. അങ്ങനെയുള്ള ഒരാളുടെ തുറന്നു പറച്ചിലുകളായിരിക്കുമല്ലോ അതിന്‍റെ ഉള്ളടക്കമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് ആകാംക്ഷയോടെ ഞാന്‍ കാത്തിരുന്നു.

എന്നാല്‍, എന്‍റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടുള്ള ഒരു വികല സൃഷ്ടിയായിട്ടായിരുന്നു ഇരുനൂറില്‍പ്പരം പേജുകളുള്ള ആ ഗ്രന്ഥം പുറത്തിറങ്ങിയത്. താന്‍ അനുഭവിച്ചതും മറ്റുള്ളവരെക്കൊണ്ട് അനുഭവിപ്പിച്ചതുമായ കയ്പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചൊന്നും ഒരക്ഷരം പോലും അതില്‍ ഉണ്ടായിരുന്നില്ല. പകരം ഒന്നാം ക്ലാസില്‍ വെച്ച് കല്ലുപെന്‍സില്‍ ഒടിഞ്ഞുപോയതിന് പൊട്ടിക്കരഞ്ഞത്, വര്‍ണ്ണമനോഹരമായ ഹൈസ്കൂള്‍ വിദ്യാലയ വര്‍ഷങ്ങള്‍, വിനോദയാത്രകളുടെ മധുരസ്മരണകള്‍, കഥയില്ലാത്ത കൗമാരപ്രണയങ്ങള്‍, കോളജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് മോര്‍ണിംഗ് ഷോയ്ക്കു പോയ വീരത്വം ഇവയെല്ലാം ഒരു പൈങ്കിളി നോവല്‍ പോലെ വിവരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വായനക്കാരുടെ മനോമുകുരത്തില്‍ ഒരു സ്വര്‍ണ്ണവിഗ്രഹം പോലെ തിളങ്ങി നില്‍ക്കുവാന്‍ മാത്രമാണ് തന്‍റെ രചനയിലുടനീളം ബാബു ശ്രമിച്ചിട്ടുള്ളത്. ശരിക്കും അതൊരു ആത്മവഞ്ചനയുടെ കഥയായിട്ടാണ് എനിക്കു തോന്നിയത്.

ലോകം കീഴടക്കിയവന്‍റെ മുഖഭാവത്തോടെ ഒരു തൂമന്ദഹാസവുമായി ഒന്നാം പേജില്‍ കാണപ്പെടുന്ന ഗ്രന്ഥകാരന്‍റെ കളര്‍ഫോട്ടോ ആരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഉള്ളടഞ്ഞ (ഭീതിദവും വേദനാജനകവും, ലജ്ജാകരവുമായ) ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന സത്യം ഈ ഫോട്ടോ കാണുന്ന ആര്‍ക്കും ഊഹിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. അതെ, ഇരുപത്തിനാല് മണിക്കൂറും മദ്യലഹരിയില്‍ ആറാടിയ ഒരു നാലുവര്‍ഷക്കാലം! ചെറിയ ഒരു സൗഹൃദ കൂട്ടായ്മക്കിടയിലെ ഏതോ അഭിശപ്ത നിമിഷങ്ങളില്‍ കേവലം ഒന്നോരണ്ടോ പെഗ്ഗുകളില്‍ നിന്നായിരുന്നു അതിന്‍റെ തുടക്കം. പിന്നെ അതൊരു ശീലമായി. ഉറ്റവരുടെ എതിര്‍പ്പുകളും സ്നേഹിച്ചവരുടെ ഉപദേശങ്ങളുമൊന്നും വിലപ്പോയില്ല. ക്രമേണ അതിന്‍റെ അളവും കാഠിന്യവും വര്‍ദ്ധിക്കുകയും ഒഴിവാക്കാന്‍ കഴിയാത്ത ഒരു ജീവിതാവശ്യമായി അതു മാറുകയും ചെയ്തു. അങ്ങനെ ഒരു തികഞ്ഞ മദ്യപാനി ചെന്നെത്താവുന്നതിന്‍റെ പരമാവധിയിലേക്ക് പടിപടിയായി നടന്നടുക്കുകയായിരുന്നു  ആ ചെറുപ്പക്കാരന്‍. ഭീതിദമായ ആ നാള്‍വഴികളില്‍ ധനനഷ്ടം, മാനനഷ്ടം, ആരോഗ്യനഷ്ടം എന്നിവയ്ക്കു പുറമെ നിരവധി ക്രിമിനല്‍ കേസുകള്‍ കൂടിയായപ്പോള്‍ ഒരു കുടുംബത്തിന്‍റെ തകര്‍ച്ച പൂര്‍ത്തിയായി എന്നു പറയേണ്ടതില്ലല്ലോ. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയുടെ പ്രാര്‍ത്ഥനകളും സ്നേഹമയിയായ അമ്മയുടെ അപേക്ഷകളുമെല്ലാം അവിടെ വനരോദനങ്ങളായി ഭവിച്ചു. മാത്രവുമല്ല, ലക്ഷണമൊത്ത ഒരു മദ്യാസക്തന്‍റെ വിഭ്രാന്തി കലര്‍ന്ന ആലസ്യത്തിലേക്കും വിരക്തിയിലേക്കും കടക്കുകയായിരുന്നു അവന്‍. കുളിയും ശുചിത്വവുമില്ലാതെ വിയര്‍പ്പുനാറിയുള്ള നടപ്പ്, ആഹാരം പൂര്‍ണ്ണമായും വേണ്ടെന്നായി. വെള്ളംപോലും ചേര്‍ക്കാത്ത മദ്യം ആര്‍ത്തിയോടെ വലിച്ചുകുടിച്ചു. ഉടുവസ്ത്രം ഉരിഞ്ഞുപോയിട്ടും സ്വയം അറിയാതെ തെരുവീഥികളിലൊക്കെ അവന്‍ അലഞ്ഞുനടന്നു. അവിടംകൊണ്ടും തീര്‍ന്നില്ല. അതിരാവിലെ രണ്ടുതുള്ളി അകത്തു ചെന്നില്ലെങ്കില്‍ കൈകാലുകള്‍ വിറച്ച് അപസ്മാര രോഗിയെപ്പോലെ വീണുരുണ്ട് പിടയുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തി. ഹൃദയഭേദകമായ ഈ കാഴ്ചകള്‍ നിരന്തരം കണ്ട് നാട്ടുകാര്‍ക്കു പോലും മനംമടുത്തു. അവസാനം വീട്ടുകാരും പഴയ ചില സുഹൃത്തുക്കളും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ആദ്യം ഒരു ആശുപത്രിയിലേക്കും തുടര്‍ന്ന് പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റുകയാണുണ്ടായത്.

മേല്‍പ്പറഞ്ഞ സംഭവപരമ്പരകളെക്കുറിച്ചൊന്നും ഒരു ചെറിയ സൂചനപോലും ആത്മകഥയില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. തന്നെ മാറ്റിമറിച്ച അതിനിര്‍ണ്ണായകമായ ആ നാലു വര്‍ഷക്കാലം കൗശലപൂര്‍വം ബാബു തമസ്കരിപ്പിക്കുന്നു. ഒന്നു മനസ്സുവെച്ചിരുന്നെങ്കില്‍ വായനക്കാരെ കോള്‍മയിര്‍ക്കൊള്ളിക്കുമായിരുന്ന നിരവധി പേജുകള്‍ തന്നെ എഴുതാവുന്ന ഒരു വിഷയമായിരുന്നു അത്. മദ്യത്തിന് അടിമകളായി ജീവിതം ഹോമിക്കപ്പെട്ട അനവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. വിനാശകാരിയായ ആ വിപത്തില്‍ നിന്നും രക്ഷപ്പെടുവാനായി പ്രാര്‍ത്ഥനകളും വഴിപാടുകളും മരുന്നും മന്ത്രവാദവുമെല്ലാം പരീക്ഷിച്ചിട്ടും പരാജയപ്പെട്ട് കുടുംബസമേതം ആത്മഹത്യയെ അഭയംപ്രാപിക്കുന്ന സംഭവങ്ങളും വേദനയോടെ നാം കാണുന്നുണ്ട്. അങ്ങനെയുള്ള ആയിരങ്ങളുടെ മുമ്പിലേക്ക് ഒരു രക്ഷകനെപ്പോലെ കടന്നുവരുവാന്‍ ബാബുവിന്‍റെ കഥ ഉപകരിക്കുമായിരുന്നു. സമൂഹത്തിനാകെ വെളിച്ചം പകരാന്‍ ശക്തിയുള്ള തന്‍റെ വിലയേറിയ അനുഭവസാക്ഷ്യം വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഇവിടെ നിഷ്ക്കരുണം നഷ്ടപ്പെടുത്തിയത്. അക്ഷന്തവ്യമായ ഒരപരാധമാണിത്. ദുരഭിമാനം എന്ന ശപിക്കപ്പെട്ട വികാരം ഒന്നുമാത്രമാണ് അതിനു പിന്നില്‍.
എന്തിനു വേണ്ടിയാണ് ഇത്രയും ബദ്ധപ്പെട്ട് ഇത്രമാത്രം പണവും ചെലവാക്കി ഇങ്ങനെയൊരു പദ്ധതിക്ക് തുനിഞ്ഞത് എന്നല്ലേ? അഹന്ത അഥവാ പൊങ്ങച്ചം മാത്രമാണ് അതിനു പിന്നിലുള്ള ചേതോവികാരം. താനൊരു വലിയ സംഭവമാണെന്നും തന്‍റെ കാലശേഷം ഭാവിതലമുറകളൊക്കെ തന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് വാഴ്ത്തു പാട്ടുകാരായി നടക്കണമെന്നുള്ള ഗൂഢോദ്ദേശ്യം ബുദ്ധിപൂര്‍വം നടപ്പാക്കുകയാണിവിടെ. ആയകാലത്തൊന്നും മനുഷ്യോചിതമായ ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാതെ, സ്വന്തം ഭാര്യയോട് പോലും മനസ്സ് തുറന്നു സംസാരിക്കാതെ, ഭിക്ഷക്കാരെ പറമ്പില്‍ പോലും കയറ്റാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രത്യയശാസ്ത്രവുമായി നടന്ന മാന്യന്മാര്‍ ഹീറോ പരിവേഷത്തിനായി കണ്ടുപിടിച്ച ഒരു നൂതന മാര്‍ഗ്ഗമാണിത്.
വായനക്കാരെ ഒന്നടങ്കം വിഡ്ഢികളാക്കുന്ന ഈ കുത്സിത പ്രവണത ഏറ്റവും കൂടുതല്‍ വ്യാപിച്ചിരിക്കുന്നത് പ്രവാസിലോകത്താണ് എന്നത് ഒരു ദുഃഖസത്യമാണ്. ഒരു കുടില്‍വ്യവസായം പോലെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ സംരംഭത്തിന് പ്രായഭേദമോ സ്ത്രീ-പുരുഷ വ്യത്യാസങ്ങളോ ഇല്ല. പറയത്തക്ക സാഹിത്യവാസനയോ ഭാവനാവിലാസമോ ഒന്നും ഇതിനാവശ്യമില്ല. എഴുത്തും വായനയും അറിയാത്ത (കൂലിഎഴുത്തുകാര്‍ ഇഷ്ടംപോലെ ലഭ്യമാണ്) വര്‍ക്കുപോലും കയറി മേയാവുന്ന ഒരേയൊരു സാഹിത്യശാഖയാണ് 'ആത്മകഥാപ്രസ്ഥാനം'. ഉത്തേജകത്തിനും ധൈര്യത്തിനുമായി 'രണ്ട് സ്മോള്‍' (നിര്‍ബന്ധമുള്ളവര്‍ക്കു മാത്രം) കൂടിയുണ്ടെങ്കില്‍ പിന്നെയെല്ലാം ഉഷാറായി വന്നുകൊള്ളും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു പുസ്തക പ്രസിദ്ധീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു നല്ല അവതാരിക എഴുതിക്കിട്ടുക എന്നുള്ളതായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട്, പ്രഫ. എം. ലീലാവതി തുടങ്ങിയ പ്രഗത്ഭരുടെ ഒരു അവതാരിക എഴുതിക്കിട്ടുവാന്‍ കാലങ്ങളോളം കാത്തുനില്‍ക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല. കറവ വറ്റിയ സിന്ധിപ്പശുക്കളെപ്പോലെ, ഭാവനാദാരിദ്ര്യം മൂലം ആര്‍ക്കും വേണ്ടതായ ഒരു വിഭാഗം നേരംകൊല്ലി (സെലിബ്രിറ്റി) കള്‍ നമ്മുടെ നാട്ടിലുണ്ട്. കഷ്ടിച്ച് ഒന്നോ രണ്ടോ കഥയോ കവിതയോ എഴുതിക്കഴിഞ്ഞു വറ്റിവരണ്ട പേന കളര്‍ ജൂബ്ബയുടെ പോക്കറ്റില്‍ കുത്തി തോളില്‍ കാലിസഞ്ചിയും തൂക്കി നടക്കുന്ന അവരുടെ മുമ്പിലേക്ക് എങ്ങനെ ചെല്ലണമെന്ന് ഒരു പ്രവാസിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഒരു കൈയില്‍ ആത്മകഥയുടെ കൈയ്യെഴുത്തു കോപ്പിയും മറുകൈയില്‍ മികച്ച ബ്രാന്‍ഡിലുള്ള ഒരു ഫുള്‍ബോട്ടിലുമായി വരുന്ന കഥാനായകനെ സാഹിത്യകാരന്‍ രണ്ട്കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യം ഉറപ്പ്. ആരെഴുതി, എന്തെഴുതി എന്നതൊന്നും ഒരു പ്രശ്നമേയല്ല. കുപ്പിയുടെ ലേബലാണ് പ്രധാനം. അവതാരിക റെഡി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശ്വസാഹിത്യവേദിയില്‍ അദ്വൈതീയമായ ഒരു സ്ഥാനം തന്നെയുണ്ട് ആത്മകഥകള്‍ക്ക്. ആധുനിക ലോകത്തിനു വഴികാട്ടികളായ വിജ്ഞാനഭണ്ഡാകാരങ്ങളാണ് അവയില്‍ പലതും. രണ്ടാം ലോകമഹായുദ്ധകാലത്തെ ആന്‍ ഫ്രാങ്കിന്‍റെ 'ദി ഡയറി ഓഫ് എ യംങ് ഗേള്‍' മുതല്‍ മഹാത്മാഗാന്ധിയുടെ 'ദി സ്റ്റോറി ഓഫ് മൈ എക്സ്പിരിമെന്‍റ്സ് വിത്ത് ട്രൂത്ത്' വരെയുള്ള ഹൃദയസ്പര്‍ശികളായ കൃതികള്‍ നമുക്കു നല്കിയത് അമൂല്യമായ വിശ്വദര്‍ശനങ്ങളാണ്. സത്യസന്ധതയുടെ അതിതീവ്രമായ ഉള്‍ക്കാഴ്ച ഒന്നുകൊണ്ടു മാത്രമാണ് അവയൊക്കെ കാലത്തെ അതിജീവിച്ചത്. അത്തരത്തിലുള്ള മഹോന്നത സൃഷ്ടികള്‍ ഇന്നുണ്ടാകുന്നില്ല എന്നത് കാലത്തിന്‍റെ ദുര്യോഗം. വായില്‍ വെള്ളിക്കരണ്ടിയുമായി പട്ടുമെത്തയില്‍ പിറന്ന് പൂന്തോട്ടത്തില്‍ കളിച്ച്, കോളജില്‍ (പഠിച്ചെന്നു  വരുത്തി) പിന്‍വാതിലിലൂടെ ഉയരങ്ങളിലെത്തുന്നവന്‍റെ കള്ളക്കഥകളല്ല നമുക്കു വേണ്ടത്. പകരം ഒഴുക്കിനെതിരെ തളരാതെ നീന്തി സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജീവിതലക്ഷ്യം കൈവരിച്ചവരുടെ ധീരതയുടെയും ത്യാഗത്തിന്‍റെയും കഥകളാണ് നമുക്ക് പ്രചോദനമാകേണ്ടത്. നന്മയും എളിമത്തവും ഉള്ളവരില്‍ നിന്നേ ആത്മസ്പര്‍ശമുള്ള രചനകള്‍ പ്രതീക്ഷിക്കാനാവൂ. മാനുഷികമായ ദൗര്‍ബല്യങ്ങള്‍, അറിവില്ലായ്മകള്‍, തെറ്റുകുറ്റങ്ങള്‍ അവമൂലം സംഭവിച്ച അമളികള്‍, അബദ്ധങ്ങള്‍, അവിവേകങ്ങള്‍, പരാജയങ്ങള്‍ ഇവയുടെയെല്ലാം കൂടിയുള്ള ആകെത്തുകയാണ് സത്യസന്ധവും വസ്തുനിഷ്ഠവുമായ ആത്മകഥ. അത്തരം തുറന്നുപറച്ചിലുകള്‍ പൊതുമധ്യത്തില്‍ വെക്കുവാന്‍ ഹൃദയവിശാലതയും കറതീര്‍ന്ന മാനവികതയുള്ളവര്‍ക്കേ കഴിയൂ.
പ്രശസ്തിക്കും പ്രതാപത്തിനും വേണ്ടിയുള്ള രചനകള്‍ നടത്തി ആത്മരതിയില്‍ അഭിരമിക്കുന്ന 'പ്രാഞ്ചിട്ടയേട്ട'ന്മാരെ അല്പന്മാര്‍ എന്ന നിലയില്‍ മാറ്റിനിര്‍ത്താം. അവരുടെ പണം, അവര്‍ക്കു കിട്ടുന്ന സായൂജ്യം. അത്രതന്നെ! എന്നാല്‍, പണമുണ്ടാക്കാന്‍ വേണ്ടിമാത്രം സ്വന്തം ജീവിതകഥയെ വളച്ചൊടിച്ച പ്രശസ്തരായ ചില ബുദ്ധിജീവികള്‍ നമ്മുടെ സാഹിത്യനപോമണ്ഡലത്തില്‍ വിലസിയിരുന്നു എന്ന പരമാര്‍ത്ഥം മറച്ചുവെക്കുന്നത് ശരിയല്ല. 1970-കളില്‍ 'മലയാളനാട്' വാരികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ട 'എന്‍റെ കഥ' വായനക്കാരില്‍ പലരും ഇന്നും ഓര്‍മ്മിക്കുന്നുണ്ടാകും. അല്പം ലൈംഗികച്ചുവയോടെ കോള്‍മയിര്‍ കൊള്ളിച്ച ആ സൃഷ്ടി, വാരികയുടെ സര്‍ക്കുലേഷന്‍ വാനോളം ഉയര്‍ത്തിയെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍, അതില്‍ പ്രതിപാദിച്ചിരുന്ന പലതും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പണത്തിന്‍റെ അത്യാവശ്യംകൊണ്ട് അന്ന് അങ്ങനെയൊക്കെ എഴുതേണ്ടി വന്നതാണെന്നും വര്‍ഷങ്ങള്‍ക്കുശേഷം കുറ്റബോധത്തോടെ ആ രചയിതാവ് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ അരങ്ങേറിയ ദുര്‍ന്നടപ്പുകളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. നിരുപദ്രവകരമായ കൊച്ചുകൊച്ചു നുണകള്‍ അവസരത്തിനൊത്തു കാച്ചിവിട്ട് പണമുണ്ടാക്കിയ ഒട്ടേറെപ്പേരുടെ കഥകള്‍ ഇനിയുമുണ്ട്. വിശാലഹൃദയരായ മലയാളികള്‍അവയൊക്കെ അങ്ങ് ക്ഷമിച്ചു അല്ലെങ്കില്‍ സഹിച്ചു. പക്ഷേ, സംഗതി അവിടംകൊണ്ടൊന്നും അവസാനിച്ചില്ല.

സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ ആത്മകഥയുടെ രൂപവും ഭാവവുമൊക്കെ അപ്പാടെ മാറി. അക്ഷരദേവതയുടെ സൗമ്യരൂപം മാത്രമല്ല, സംഹാരരൂപിണിയുടെ രൗദ്രഭാവവും അതിന് ഇണങ്ങുമെന്ന് പുതിയ കാലത്തിന്‍റെ നടത്തിപ്പുകാര്‍ തെളിയിച്ചു. അങ്ങനെയാണ് എകെ-47 നേക്കാള്‍ പതിന്മടങ്ങ് പ്രഹരിശേഷിയുള്ള ഒരു ന്യൂജെന്‍ ആയുധമാണ് ആത്മകഥകളെന്നു മലയാളികള്‍ തിരിച്ചറിഞ്ഞത്. ഇന്ന് ആര്‍ക്കു നേരെയും പ്രയോഗിക്കാവുന്ന ഒരൊന്നാന്തരം 'ബ്ളാക്ക്മെയിലിങ് എലിമെന്‍റ്' ആയി അതു പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സാധാരണക്കാരന് ഒരെത്തും പിടിയും കിട്ടാത്ത ഈ അത്യാധുനിക സാംസ്കാരിക ഭീഷണിക്കു മുമ്പില്‍ വെറുതെ കൈയുംകെട്ടി നോക്കിനില്‍ക്കാനേ പൊതുജനത്തിനു കഴിയൂ. കാരണം, ഇതിന്‍റെ ഗുണഭോക്താക്കളില്‍ അധികവും ആനുകാലിക വാര്‍ത്തകളില്‍ വിവാദ വ്യക്തിത്വങ്ങളായി ഉയര്‍ത്തപ്പെട്ടവരാണ്. വളരെ നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഈ പീഡനത്തിന്‍റെ തുടക്കം ഒരു കൊച്ചു പരസ്യമായിരിക്കും.

'ഞാനിതാ എന്‍റെ ആത്മകഥ എഴിുതാന്‍ പോകുന്നു' ഈ ഒറ്റവാര്‍ത്ത മതി സമൂഹത്തില്‍ പലരെയും മുള്‍മുനയിലാക്കാന്‍. തന്ത്രശാലികളായ ചിലരൊക്കെ വരാന്‍ പോകുന്ന പുസ്തകത്തിന്‍റെ പേരുകൂടി അങ്ങ് പ്രഖ്യാപിച്ചുകളയും. ഭാവസുന്ദരവും ജിജ്ഞാസാജന്യവുമായ ആ തലക്കെട്ടുകള്‍ ഇതാ: 'ഞാനൊരു യാഗാശ്വരമാണ്, സഹായിച്ചവരും ചതിച്ചവരും, ഞാന്‍ ഒളിക്യാമറയാണ്, ചിലര്‍ക്കൊക്കെ പൊള്ളും'. ഇത്തരം ടൈറ്റിലുകള്‍ പുറത്തുവരുന്നതോടെ കഥാനായക/നായികയെ അടുത്തറിയാവുന്ന പലരും ആശയക്കുഴപ്പത്തിലാകും. 'അതെന്നെപ്പറ്റിയാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്ന വേവലാതിയോടെ പലര്‍ക്കും ഉറക്കംപോലും നഷ്ടപ്പെട്ടു തുടങ്ങും. പുറത്തുവരാന്‍ പോകുന്ന ഭവിഷ്യത്തുകളുടെ ആഴവും വ്യാപ്തിയും അനുസരിച്ചായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങള്‍. പിന്നെ, ഫോണ്‍കോളുകള്‍, രഹസ്യമായ (തലയില്‍ മുണ്ടിട്ട്) കൂടിക്കാഴ്ചകള്‍, രചനാത്മകമായ ഒത്തുതീര്‍പ്പുകള്‍, അഡ്ജസ്റ്റ്മെന്‍റുകള്‍ ഇവയൊക്കെ അരങ്ങേറുകയായി. ഇവിടെയാണ് സാമ്പത്തിക സൗഭാഗ്യങ്ങളുടെ പെരുമഴപ്രവാഹം. ആത്മകഥയില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ചില പ്രത്യേക പരാമര്‍ശങ്ങളും വ്യക്തികളും ഒഴിവാക്കപ്പെടുവാനുള്ള പ്രതിഫലം അത്ര നിസ്സാരമൊന്നുമായിരിക്കില്ല. ആത്മാഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടി കിടപ്പാടം വിറ്റിട്ടുപോലും മനുഷ്യര്‍ പണമുണ്ടാക്കിയെന്നിരിക്കും. അങ്ങനെ അവസാനം തനിക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത വന്‍ തുക സമാഹരിച്ച ശേഷമായിരിക്കും ആത്മകഥ പൂര്‍ത്തിയാക്കുക. കാപട്യശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള മറ്റു ചില വേന്ദ്രന്മാര്‍ തടിതപ്പാന്‍ ഉപയോഗിക്കുന്നത് മറ്റൊരു 'റെഡിമെയ്ഡ്' പരസ്യമായിരിക്കും. 'ആകസ്മികവും സാങ്കേതികവുമായ കാരണങ്ങളാല്‍ എന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുവാനുള്ള തീരുമാനം തല്ക്കാലം ഉപേക്ഷിച്ചിരിക്കുന്ന വിവരം ഖേദപൂര്‍വം അറിയിച്ചുകൊള്ളുന്നു.' ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല, ആവിഷ്കരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഈ ജനാധിപത്യം നമുക്കു കല്പിച്ചുതന്നിട്ടുള്ളതുകൊണ്ട് ആര്‍ക്കും ഒരിടത്തും പരാതിപ്പെടുവാനുള്ള അവകാശമില്ലെന്നും ഓര്‍ക്കണം.

നിര്‍ഭയവും നിസ്വാര്‍ത്ഥവുമായി എഴുതപ്പെട്ട ആത്മകഥകളാണ് മാനവസംസ്കാരത്തിന്‍റെ ആകെത്തുക. അവയോരോന്നും വായിച്ചുകഴിയുമ്പോള്‍ ഒരു വലിയ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള നിര്‍വൃതിയും അനുഭൂതിയും സായൂജ്യവുമാണ് വായനക്കാരന് ലഭിക്കുക. അത്തരം മഹത്ഗ്രന്ഥങ്ങളുടെ ഓരോ പേജ് മറിക്കുമ്പോഴും അവിടെയൊക്കെ ദൈവത്തിന്‍റെ അനശ്വരമായ കൈയൊപ്പ് നമുക്കു കാണാം.

കാളിയാര്‍ തങ്കപ്പന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.