മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.കെഎം എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് വാദിച്ചതും ജോമോന്‍ തന്നെ ആയിരുന്നു.
കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെഎം എബ്രഹാമിനോട് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷനില്‍ നിന്നുള്ള സഹായത്താല്‍ ലോണ്‍ അടച്ചു എന്നായിരുന്നു മറുപടി നല്‍കിയത്. അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടുള്ളതാണെന്ന് മറച്ചുവച്ചാണ് ഈ വാദം ഉന്നയിച്ചത്.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്‌ലാറ്റും 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലേനിയം അപാര്‍ട്ട്‌മെന്റിന്റെ വായ്പയിലുമാണ് ഹൈക്കോടതി കെഎം എബ്രഹാമിനോട് വിശദീകരണം തേടിയത്. 8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലാണ് എന്ന വാദവും കോടതി തള്ളി. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഓണര്‍ഷിപ്പ് കെഎം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന കൊല്ലം കോര്‍പറേഷനില്‍ നിന്നുളള ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ജോമോന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ചീഫ് സെക്രട്ടറിക്ക് കെഎം എബ്രഹാം ഒരിക്കല്‍ പോലും ഫയല്‍ ചെയ്തിട്ടില്ലന്ന വിവരാവകാശ രേഖയും ഹാജരാക്കി.
ഭാര്യ ഷേര്‍ളി എബ്രഹാമിന് ദൈന്യംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകള്‍ അല്ലാതെ മറ്റ് സ്വത്തുക്കള്‍ ഒന്നുമില്ല എന്നായിരുന്നു എബ്രഹാം വാദിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യ ഷേര്‍ളിയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയതിന്റെയും രേഖയും ഫെഡറല്‍ ബാങ്ക് നന്ദന്‍കോട് ശാഖ അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപയുടെ .ഇടപാടി നടന്നതിന്റെ രേഖകളും കണ്ടെത്തി. ഈ രേഖകളും ജോമോന്‍ ഹാജരാക്കിയിരുന്നു. ഇതെല്ലാ പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്ത് കേസിലടക്കം പ്രതിയായി പുറത്ത് പോയപ്പോഴാണ് കെഎം എബ്രഹാം ആ സ്ഥാനത്ത് എത്തിയത്. ഇപ്പോള്‍ എബ്രഹാമിനെതിരേയും സിബിഐ അന്വേഷണം വരുമ്പോള്‍ മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുളളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഇത്തരക്കാരെ ഇരുത്തിയാണോ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തും എന്ന് ഉറപ്പാണ്. മകള്‍ വീണ വിജയനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ നീക്കം നടത്തുന്നതിനൊപ്പമാണ് ഈ പ്രതിസന്ധിയും മുഖ്യമന്ത്രിയെ തേടി എത്തുന്നത്.