കാക്കനാടിന്റെ വളകിലുക്കമായിരുന്നു ചക്കരവളളി മൂമ . അങ്ങനെയാണ് അവിടെയുള്ള എല്ലാവരും മൂമയെ വിളിക്കുക. ശരിക്കുമുള്ള പേര് അങ്ങനെയൊന്നുമല്ല. പക്ഷേ, ശരിയായ പേരെന്താണെന്ന് നാട്ടുകാർക്കും അറിയില്ല. അത് മൂമയ്ക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. ആരോടും പറയാതെ വച്ച ഒത്തിരി രഹസ്യങ്ങളിൽ ഒന്ന് മാത്രം.
കാക്കനാടിന്റെ വളകിലുക്കമായിരുന്നു ചക്കരവളളി മൂമ . അങ്ങനെയാണ് അവിടെയുള്ള എല്ലാവരും മൂമയെ വിളിക്കുക. ശരിക്കുമുള്ള പേര് അങ്ങനെയൊന്നുമല്ല. പക്ഷേ, ശരിയായ പേരെന്താണെന്ന് നാട്ടുകാർക്കും അറിയില്ല. അത് മൂമയ്ക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. ആരോടും പറയാതെ വച്ച ഒത്തിരി രഹസ്യങ്ങളിൽ ഒന്ന് മാത്രം.
ഒരാൾക്കു മാത്രം കിടക്കാവുന്ന ഒരു
മൺവീട്. തനിയെ മണ്ണ് മെഴുകിയുണ്ടാക്കിയ ഒറ്റമുറിവീട്. ഓലമേഞ്ഞ വീടുകളാണവിടെയുണ്ടായിരുന്നതെല്ലാം.
ആരുമില്ലാത്ത മൂമയുടെ വീട് എല്ലാവരും കൂടി മേഞ്ഞ് കൊടുക്കും. പുര മേയൽ (ഓലമേയൽ) ഒരുത്സവമാണ്. വീടിനകത്തെ സാധനങ്ങളെല്ലാം വാരിപ്പുറത്തിട്ടിരിക്കും. അന്നത്തെ ദിവസം വയ്ക്കലും തിന്നലുമെല്ലാം മുറ്റത്ത് തന്നെ.അയ്യപ്പനും കൂട്ടരും പരിസരത്തെ വീടുകളെല്ലാം ഒന്നിന് പിറകെ ഒന്നായി മേഞ്ഞു കൊടുക്കും.ചെറിയ ചെറിയ ഓലപ്പുരകളല്ലേ. വേഗം കഴിയും പുരമേയൽ.
" ഇവിടത്തെ കഴിയാറായിട്ടോ, ഇനി അവിടെയാ , എല്ലാം ഒതുക്കിക്കോളൂ."
പുരമേയുന്നയാൾ പറയുമ്പോഴേക്കും എല്ലാവരും വീടിനകത്തെ സാധനങ്ങൾ ഒതുക്കാൻ തുടങ്ങും. സാധനങ്ങളായിട്ടൊന്നുമില്ല , രണ്ട് മൂന്ന് പായയും , തലയിണകളും , കുറച്ച് തുണികളും പിന്നെ വയ്ക്കുന്നതും തിന്നുന്നതുമായ കുറച്ച് പിഞ്ഞാണങ്ങളും ചട്ടീം കലോം .
റബർ തോട്ടത്തിന് നടുവിലാണ് മൂമയുടെ കുടിൽ. ആ തോട്ടം പ്രശസ്ത സിനിമാനടിയുടെ ഭർത്താവ് പാട്ടത്തിനെടുത്തിരിക്കുന്നു.. റബർ വെട്ടുകാരൻ രാവിലെ തന്നെ വന്ന് ചാലു വെട്ടി ചിരട്ട വയ്ക്കും. മൂമയുടെ കുടിലിനോട് ചേർന്നുള്ള റബ്ബർ മരങ്ങളിൽ നിന്ന് പാലെടുക്കാൻ മുമ സമ്മതിക്കാറില്ല.
കൈയ്യിൽ നിറയെ വളകളും കഴുത്തിൽ നിറയെ മാലകളുമണിഞ്ഞ് നടന്നിരുന്ന മൂമയുടെ വള കിലുക്കങ്ങൾ അവരുടെ വരവറിയിച്ചിരുന്നു.
അയൽ വീടുകളിലൊന്നും അവരങ്ങനെ പോകാറില്ല. എങ്കിലും കുറച്ച് നടക്കണ മായിരുന്നു അത്യാവശ്യത്തിനുള്ള വെള്ളം ശേഖരിക്കാൻ . ആ വഴിയരികിലെ വീട്ടുകാരോട് അല്പമൊക്കെ മിണ്ടിയിരുന്നു. ഇടയ്ക്ക് അവരുടെ വീടിന്റെ കോലായിയിൽ ചെന്നിരിക്കും. അല്പനേരം സംസാരിക്കും.
കെട്ടിലും മട്ടിലും അല്പം ആഡ്യത്വമൊക്കെയുണ്ട്. ആരോടും ഭിക്ഷയൊന്നും ചോദിക്കില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ നിഷേധിക്കാറുമില്ല. പക്ഷേ മുഴുവൻ സമയവും അല്പം നൊസ്സുള്ള പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ട് പോയ മനസ്സിന്റെ വിങ്ങലുകളാവാം അവരെ അങ്ങനെയാക്കിയത്.
ഇടയ്ക്ക് ഫാത്തിമയുടെ വീട്ടിൽ ചെന്നിരിക്കും. പഴയ കഥകൾ പറയും . ഒരു ട്രെയിൻ യാത്രയ്ക്കിടെ
ഉറങ്ങിപ്പോയ അവർ ഉണർന്നപ്പോൾ തന്റെ കൂടെയുണ്ടായിരുന്ന മകനെ കാണാനില്ലായിരുന്നു. തിരക്കി നടന്ന് ഒടുവിൽ എത്തിപ്പെട്ടത് കാക്കനാട്.
ഇടയ്ക്കൊക്കെ അവർ അലഞ്ഞ് തിരിഞ്ഞ് കൊച്ചിയിൽ പോകും. കുറെ ദിവസങ്ങൾ കഴിഞ്ഞ് പഴയപടി തിരിച്ച് വരും...
മകനെ തിരക്കിയിറങ്ങുന്നതായിരുന്നു ആ യാത്രകൾ .
ഒരിക്കലും തന്നെ മകൻ ഉപേക്ഷിച്ച് പോയതാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ മകൻ വരുമെന്ന വർ വിശ്വസിച്ചിരിക്കാം.
സത്യം എന്തായാലും ആർക്കും അറിയില്ല. ആ മകനും ഒരു പക്ഷേ അമ്മയെ അന്വേഷിച്ച് നടന്നിട്ടുണ്ടാകാം, ഇല്ലായിരിക്കാം.
ഒരിക്കൽ മകനെന്ന് പറഞ്ഞ് ഒരാൾ വന്നു. പക്ഷേ തന്റെ മകനെ തിരിച്ചറിയാനാവാത്തത്ര നൊസ്സാണവർക്കെന്ന് ആർക്കും തോന്നിയിട്ടില്ല.
മൂമയുടെ മകനല്ല അയാളെന്ന് നാട്ടുകാർക്ക് മനസ്സിലായി എങ്കിലും,
അയാൾ തിരികെ മടങ്ങാതെ കുടുംബവുമായി അവിടെയടുത്ത് സ്ഥലം വാങ്ങി താമസമാക്കി.
കാലങ്ങളങ്ങനെ കടന്ന് പോയി. ചക്കരവള്ളി ഒറ്റയ്ക്കും , ചട്ടിയിൽ വറുക്കാനിട്ട മീനിനോടും വരെ വർത്തമാനം പറഞ്ഞ് കാലം കഴിച്ചു കൂട്ടി. വാർദ്ധക്യം പിടിമുറുക്കിയ ചക്കരവള്ളിയെ നോക്കാനെന്ന പോലെ ഒരുമ്മയും മകളും വീട്ടിലെത്തി. ആരുമില്ലാത്ത മൂമയ്ക്ക് സഹായമായിരുന്നു അതെങ്കിലും മൂമയ്ക്ക് കിട്ടുന്ന പട്ടയഭൂമിയായിരുന്നു അവരുടെ ലക്ഷ്യം.
സർക്കാർ ഭൂമിയിൽ കുടിലുകെട്ടി താമസിച്ചിരുന്ന മൂമയ്ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആഗ്രഹമില്ലായിരുന്നു. മരണംവരെ അവിടെ കിടക്കണമെന്ന ആശയേ അവർക്കുണ്ടായുള്ളൂ.
അരയിൽ നിറയെ ചെറിയ ചെറിയ കിഴികൾ
കെട്ടിയിട്ടിട്ടുണ്ട്.
മാണിക്യവും ,മരതകവും, സ്വർണ്ണവുമെല്ലാം കയ്യിലുണ്ടെന്ന് പറയുമായിരുന്നു.
കുടം നിറയെ വെള്ളവും എളിയിൽ ചുമന്ന് വരുന്നത് കാണാൻ നല്ല ചന്തമാണ്. കവിളിൽ വലിയ കറുത്ത മറുകും. കുളിച്ചൊരുങ്ങി നടന്നാൽ ആളൊരു സുന്ദരിയാ . പക്ഷേ അവരങ്ങങ്ങനെ നടക്കാറില്ല എന്നതാണ് സത്യം
മരിക്കുമ്പോൾ കയ്യിലിരിക്കുന്ന കിഴികളിലൊന്നിലെ മാണിക്യക്കല്ല് തന്റെ കവിളിൽ വയ്ക്കണമെന്ന് പറയുമായിരുന്നു.
മരണശയ്യയിലായ ചക്കര വള്ളിക്ക് ആ നാട് മുഴുവൻ കാവലിരുന്നു. ആരുമില്ലാത്ത ചക്കര വള്ളിയുടെ വളകിലുക്കങ്ങൾ നിശ്ചലമാകുമ്പോൾ മൂകമായത് ഒരു ഗ്രാമം മുഴുവനായിരുന്നു.
കുറെ നാണയങ്ങളും ,
പഴകിയ നോട്ടുകളും ബാക്കിയാക്കി ആ വളകിലുക്കങ്ങൾ നിശ്ചലമായപ്പോഴും
അവസാന നിമിഷങ്ങളിലും ആ കണ്ണുകൾ തന്റെ മകനെ പ്രതീക്ഷിച്ചിരുന്നു.
ആ നാടിന്റെ കാല്പാടുകളിൽ ചക്കര വള്ളി ഇന്നും മരിക്കാത്ത ഓർമ്മയാവുന്നു..... അനാഥമായ വാർദ്ധക്യത്തിന്റെ നോവുകളായി ഞെരിഞ്ഞമർന്നു ആ വളകിലുക്കങ്ങൾ ...
(എന്റെ കാതിലും ആ വളകിലുക്കങ്ങൾ ഇന്നും മുഴങ്ങിക്കേൾക്കുന്നു. ചക്കര വള്ളി ഇന്നും ഞങ്ങൾക്ക് മറക്കാനാവാത്ത
വളകിലുക്കമാവുന്നു.
ഹൃദയത്തിൽ തട്ടിയ ഓർമ്മകളുടെ ഒരേട് )