PRAVASI

ചില ജന്മദിന ചിന്തകള്‍

Blog Image

അങ്ങനെ ആയുസ്സിന്‍റെ കലണ്ടറിലെ ഒരു താളുകൂടി മറിയുന്നു. ജീവിതത്തിന്‍റെ"Grace  period'-ല്‍ കൂടി കടന്നുപോകുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും നാമറിയാതെ തന്നെ ജീവിത രഥചക്രം മുന്നോട്ടുരുളുകയാണ്. യാത്രയുടെ അന്തിമലക്ഷ്യം സുനിശ്ചിതമാണ്. എന്നാല്‍, എപ്പോള്‍, എങ്ങനെ, എവിടെ...?
"Age is just a number' എന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള വെറും ഒരു ഭംഗിവാക്കാണ്. എത്ര ചിട്ടയോടു കൂടി ജീവിച്ചാലും അറുപതു കഴിയുമ്പോള്‍ ശരീരം അതിന്‍റെ അവശലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും.
'പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്രോലെ ഫലിക്കുന്നില്ല' എന്ന തിരിച്ചറിവൃ് ഉണ്ടാകും.
'ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം' എന്ന പഴഞ്ചൊല്ലിന്‍റെ പൊരുള്‍ ശരിക്കും മനസ്സിലാകും.
പ്രാഥമികാവശ്യങ്ങള്‍ (Activities of Daily Living) നിറവേറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുപോലെ മറ്റൊരു ഗതികേട് ഇല്ല.
വാര്‍ദ്ധക്യത്തിലേക്കു കടക്കുന്നവര്‍ 'എനിക്കുശേഷം പ്രളയം' എന്ന ധാരണ ഒഴിവാക്കണം.
'താനൊരു സംഭവമാണെന്നും താനില്ലാതെ കാര്യങ്ങളൊന്നും ശരിയായി നടക്കില്ല' എന്നുള്ള മിഥ്യാധാരണ മാറ്റണം. സംഘടനകളുടെ തലപ്പത്തു സ്ഥിരമായി കടിച്ചുതൂങ്ങി കിടക്കാതെ, യുവജനങ്ങള്‍ക്കായി അവസരമൊരുക്കുവാനുള്ള നല്ല മനസ്സ് കാണിക്കണം.
സ്ഥാനത്തും അസ്ഥാനത്തും നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും അടിച്ചേല്പിക്കുവാന്‍ ശ്രമിക്കരുത്. അത് അംഗീകരിക്കപ്പെടുവാനുള്ള സാദ്ധ്യത കുറവാണ്.
എപ്പോഴും സ്റ്റേജിലും മുന്‍നിരയിലും ഒരു ഇരിപ്പിടം വേണമെന്നുള്ള വാശി ഉപേക്ഷിക്കണം. താന്‍ കൂടി നിലവിളക്കിന്‍റെ ഒരു തിരി കൊളുത്തിയാലേ കാര്യങ്ങള്‍ മംഗളമായി പര്യവസാനിക്കുകയുള്ളൂ എന്നു കരുതരുത്.
'ഒരുത്തന്‍ നിന്നെ വിരുന്നിനു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുത്. ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്ന് 'ഇവന് ഇടം കൊടുക്കുക' എന്നു നിന്നോടു പറയുമ്പോള്‍, നീ ലജ്ജയോടെ പിന്‍നിരയില്‍ പോയി ഇരിക്കേണ്ടിവരും.'
നിന്നെ ക്ഷണിച്ചാല്‍, പിന്‍നിരയില്‍ ഇരിക്ക, നിന്നെ ക്ഷണിച്ചവന്‍ വന്ന് നിന്നോട് 'സ്നേഹിതാ, മുന്നോട്ടുവന്ന് ഇരിക്ക' എന്നു പറയുവാന്‍ ഇടവരട്ടെ. അപ്പോള്‍ സദസ്സിനു മുന്നില്‍ നിനക്കു മാനം ഉണ്ടാകും.
തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും.
തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.(St. Mathew 23)
സമ്പന്നന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നുപോലും അര്‍ഹിക്കുന്ന സ്ഥാനം നമ്മള്‍ക്കു ലഭിക്കില്ല എന്ന സത്യം മനസ്സിലാക്കണം.
ഇതിലൊന്നും പരാതി പറഞ്ഞിട്ടോ, പരിഭവം പറഞ്ഞിട്ടോ ഒരു കാര്യവുമില്ല. നമ്മുടെ സാന്നിദ്ധ്യം അവര്‍ക്ക് ആവശ്യമില്ല എന്നൊരു തോന്നലുണ്ടായാല്‍, മാന്യമായ അകലം പാലിക്കണം.
സാരോപദേശങ്ങള്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. കഴിഞ്ഞ കുറച്ചു കാലമായി എനിക്കു ലഭിക്കുന്ന"Mail solicitation'ഓഫറുകളുടെ സ്വഭാവവും മാറിയിട്ടുണ്ട്.
ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഈയിടെയായി എന്നോട് കരുതല്‍ കുറച്ചു കൂടുതലാണ്.
"Are you ready to meet the final expenses?
Don’t leave the burden to your loved ones' ഇതാണ് അവരുടെ അന്വേഷണവും ഉപദേശവും.
മാസം നൂറോ നൂറ്റമ്പതോ ഡോളര്‍ പ്രീമിയം കൊടുത്താല്‍, നമ്മുടെ കാറ്റു പോയിക്കഴിയുമ്പോള്‍ നമ്മുടെ ബന്ധുക്കള്‍ക്ക് 15000-25000 ഡോളര്‍ കിട്ടും. അവരുടെ കൈയില്‍ നിന്നും നയാപൈസാ മുടക്കാതെ നമ്മളെ മണ്ണിലേക്കു തന്നെ മടക്കി അയയ്ക്കാം.
എണ്‍പതു വയസുവരെ മാത്രമേ ഈ ആനുകൂല്യമുള്ളൂ. അതിനോടകം തട്ടിക്കിട്ടിയില്ലെങ്കില്‍ അതുവരെ അടച്ച തുക കമ്പനിക്ക്.
കഴിഞ്ഞദിവസം ഒരു "Luncheon Seminar'ല്‍ സംബന്ധിക്കാനുള്ള invitation ലഭിച്ചു. ഞാനൊരു 'വലിയ പുള്ളി' ആയതുകൊണ്ട് സെമിനാറില്‍ ഒരു പ്രഭാഷണം നടത്തുവാനായിരിക്കും എന്നെ ക്ഷണിച്ചതെന്നു ഞാന്‍ കരുതി.
തുടര്‍ന്നു വായിച്ചപ്പോള്‍ എന്‍റെ മനസ്സിന് ചെറിയൊരു പൊള്ളലേറ്റു.
"Smart Cremation-Evening you need to know about cremation. Cremation is
much cheaper than funeral.'
ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ആരെയും ബുദ്ധിമുട്ടിക്കാതെ വെറും അഞ്ചു മിനിട്ടുകൊണ്ട്, കാലങ്ങളോളം ഈ ദുനിയാവില്‍ ഓടി നടന്ന എന്‍റെ ശരീരം ചുട്ടുകരിച്ച് ചാമ്പലാക്കി, ഒരു കുപ്പിയിലടച്ച് ബന്ധുക്കള്‍ക്ക് കൈമാറുന്ന ഒരു പദ്ധതി.
ഭൂമിയിലെ സംഭവബഹുലമായ എന്‍റെ ജീവിതത്തിന്‍റെ അടയാളമായി അവശേഷിക്കുന്നത് ഒരുപിടി ചാരം!
എന്‍റെ മരണം ആര്‍ക്കും വലിയൊരു നഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്. 'പൊതുദര്‍ശനം' ഉണ്ടെങ്കില്‍ അവിടെ വന്ന് എന്നെക്കുറിച്ച് നല്ല രണ്ട് വാക്ക് പറയുവാനും ആരും കാണില്ല.
അതുകൊണ്ട് പണ്ഡിതനായ ഡോ. ബാബു പോള്‍ ചെയ്തതുപോലെ, ഒരു 'ചരമ പ്രസംഗം' മുന്‍കൂട്ടി തയ്യാറാക്കി വെച്ചാലോ എന്നാലോചിച്ചതാണ്.
'മരിച്ചു കഴിഞ്ഞിട്ടും ഇവന്‍ മനുഷ്യരെ വെറുപ്പിക്കുകയാണല്ലോ' എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കണ്ട എന്നു കരുതി ആ തീരുമാനത്തില്‍ നിന്നും പിന്മാറി.
'മരിച്ചു കിടക്കണം, കിടന്നു മരിക്കരുത്'-എന്‍റെ ഒരു സുഹൃത്ത് ഇടയ്ക്കിടെ പറയാറുണ്ട്.
'ഒരു ജീവി ജനിക്കിലന്നു, ദൈവം
കരുതിയിട്ടുണ്ടവനുള്ള മൃത്യുകാലം
ഒരു ലേശമതൊന്നു മാറ്റിവെക്കാന്‍
അരുതാര്‍ക്കും, വിഫലം മനുഷ്യയജ്ഞം'
അതുകൊണ്ട്, ഒന്നിനെക്കുറിച്ചും അധികമൊന്നും ആലോചിക്കാതെ, ശുഭാപ്തി വിശ്വാസത്തോടെ യാത്ര തുടരുകയാണ്.

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.