കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ബില്ലിനെ അനുകൂലിച്ച് രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ കാലങ്ങളായി നിലനിന്നിരുന്ന സൗഹാര്‍ദത്തിന് ഇളക്കം തട്ടുന്ന നടപടിയാണ് അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ചെയ്തതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ ദയാല്‍. ഇന്ത്യയിലുടനീളം ഇസ്ലാമോ ഫോബിയ പടര്‍ത്തുന്ന സര്‍ക്കാരിനെ വഖഫ് ബില്ലിന്റ പേരില്‍ പിന്തുണയ്ക്കാന്‍ സിബിസിഐ തീരുമാനിച്ചത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയില്‍ (United Catholic News Agency) എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
വഖഫ് നിയമത്തില്‍ ഭേദഗതി വന്നാലെ മുനമ്പത്തെ 600 കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളു എന്നു പറഞ്ഞാണ് സിബിസിഐ ബില്ലിനെ പിന്തുണയ്ക്കുന്നത്. മുനമ്പത്തെ 600 കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും ലത്തീന്‍ കത്തോലിക്ക സഭയില്‍ ഉള്‍പ്പെട്ടവരാണ്. മുനമ്പത്തെ ഭുമി വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുന്നിലാണ്. അതിനൊപ്പം സമവായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഖിലേന്ത്യ മെത്രാന്‍ സമിതിയില്‍ നിര്‍ണായക ഭുരിപക്ഷമുള്ള സിറോ മലബാര്‍ സഭയും മലങ്കര കത്തോലിക്ക സഭയും പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയത് തികച്ചും അനുചിതമായ നീക്കമായിപ്പോയെന്ന് ജോണ്‍ ദയാല്‍ കുറ്റപ്പെടുത്തി.
കുറച്ച് നാളുകളായി കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ബിജെപിയുമായി രഹസ്യമായും പരസ്യമായും ചങ്ങാത്തത്തിലാണ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം സൂചിപ്പിക്കുന്നത് അതാണ്. വടക്കേ ഇന്ത്യയില്‍ വിവിധ ക്രൈസ്തവ സഭകളുടെ ഏക്കറ് കണക്കിനുള്ള ഭുമിയില്‍ ഹിന്ദുത്വ ശക്തികള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പിടിച്ചെടുക്കില്ലെന്ന് ഉറപ്പു പറയാനാവാത്ത സ്ഥിതി ഉണ്ടെന്നും ജോണ്‍ ദയാല്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.