PRAVASI

ആറാട്ടുപുഴക്കാരന് വധു ജപ്പാൻകാരി സെന

Blog Image

ഹരിപ്പാട്: ആറാട്ടുപുഴ സ്വദേശിയായ യുവാവിന് ജപ്പാൻകാരി വധു.   മംഗലം വളവിൽ കരവീട്ടിൽ രാധാകൃഷ്ണൻ-അനിത ദമ്പതികളുടെ മകൻ റാസിലാണ് ജപ്പാൻകാരിയായ സെനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഇന്ന് രാവിലെ 10:30- ന് മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടന്നു.  ജപ്പാനിൽ നിന്നും സെനയുടെ പിതാവ് ടൊമോക്കിയും മാതാവ് ജിൻകോയും സഹോദരൻ ഷുട്ടോയും ചടങ്ങിന് സാക്ഷിയാകുവാൻ എത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള  പട്ട് സാരിയുടുത്ത് കേരളീയ വേഷത്തിലാണ് സെന കല്യാണ പന്തലിലേക്ക് എത്തിയത്. മാതാവ് ജിൻകോയും സാരിയാണ് ധരിച്ചത്. സനക്ക് ഇംഗ്ലീഷ് ഭാഷയും അറിയാം. സെനയുടെ മാതാപിതാക്കൾക്ക് ജാപ്പനീസ് മാത്രമാണ് വശം ഉണ്ടായിരുന്നത്. വിവാഹ കർമി റാസിലിനോട് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ സെനയെ അറിയിക്കുകയും, സന ജാപ്പനീസ് ഭാഷയിൽ മാതാപിതാക്കളോട് വിശദീകരിക്കുകയും ചെയ്താണ് സനയുടെ മാതാപിതാക്കൾ ഉൾപ്പെടേണ്ട ചടങ്ങുകൾ നിർവഹിച്ചത്. ഒരു പാളിച്ചയും കൂടാതെയാണ് അവർ തങ്ങളുടെ ഭാഗം നിർവഹിച്ചത്. കല്യാണത്തിൽ പങ്കെടുത്തവർക്ക് ഇതൊരു കൗതുക കാഴ്ചയായി. അവരും കൗതുകത്തോടെയാണ് ഇതെല്ലാം വീക്ഷിച്ചത്.  കടുത്ത ചൂടിൽ  വധുവും ബന്ധുക്കളും ഏറെ പ്രയാസപ്പെട്ടെങ്കിലും ചടങ്ങിന്‍റെ അവസാനം വരെയും അവർ പങ്കുകൊണ്ടു.  നാട്ടുകാരും കുട്ടികളും കുശലാന്വേഷണങ്ങളുമായി ഒത്തുകൂടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ആസ്ട്രേലിയയിലെ സിഡ്നിയിലാണ് റാസിലും സെനയും ജോലി ചെയ്യുന്നത്. 

റാസിൽ ഐ.ടി ഫീൽഡിലും എം.ബി.എ ബിരുദധാരിയായ  സെനക്ക് ഇൻഷ്വറൻസ് കമ്പനിയിലുമാണ് ജോലി. അവിടെ വെച്ചുള്ള പരിചയമാണ് വിവാഹബന്ധത്തിൽ കലാശിച്ചത്. ദിവസങ്ങൾക്കുശേഷം വധവും വരനും ഓസ്ട്രേലിയയിലെ ജോലി സ്ഥലത്തേക്കും  വധുവിന്‍റെ  മാതാപിതാക്കളും സഹോദരനും ജപ്പാനിലേക്കും മടങ്ങും.  ഇവിടെയുള്ളവർ നല്ല ആളുകളാണ്. കേരളം ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് സെന പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.