കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനില്‍ നിന്നാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. ഇക്കാര്യം കോഴിക്കോടും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ആ നിര്‍ണ്ണായക പ്രഖ്യാപനം മാര്‍പാപ്പ നടത്തിയത്. തലശ്ശേരി അതിരൂപതാ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി മാര്‍പാപ്പയുടെ പ്രഖ്യാപനം കോഴിക്കോട് വായിച്ചു. കണ്ണൂര്‍ രൂപതാ ബിഷപ് അലക്സ് വടക്കുംതല മാര്‍പാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷയും വായിച്ചു. ഇതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കയലിനെ അതിരൂപത ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തി. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലായിരിക്കും. ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതെന്ന് മാര്‍ ജോസഫ് പാംപ്ലാനി ആശംസിച്ചു. രണ്ട് വര്‍ഷം മുമ്പ് ശതാബ്ദി ആഘോഷിച്ച കോഴിക്കോട് രൂപത നൂറ്റിരണ്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് അതിരൂപതയായി ഉയര്‍ത്തപ്പെട്ടത്.