PRAVASI

ക്രൈസ്തവ ദൗത്യത്തിൽനിന്നു മാറിപ്പോകുന്ന കേരളത്തിലെ സഭകൾ

Blog Image

ഒരു ക്രിസ്തുമസ് പുതുവത്സര കാലം കൂടി കടന്നുപോയിരിക്കുന്നു . ക്രിസ്തീയ സാക്ഷ്യവും മൂല്യങ്ങളും ഉൾക്കൊണ്ട് മാന്യമായി സമൂഹത്തിൽ നിലനിൽക്കേണ്ട കേരളത്തിലെ ക്രിസ്തീയ സഭകൾ ആന്തരികമായും പരസ്പരവും വഴക്കും കേസുകളുമായി അനന്ത നിർബാധം മുൻപോട്ടുപോകുന്നു. ഒരുകാലത്ത്‌ അടിച്ചമർക്കപെട്ടവരുടേയും കീഴാളരുടേയും ഉന്നതിക്കും സമൂഹ നന്മക്കുമായി നിലനിന്നിരുന്ന ക്രിസ്തീയ സഭകൾ ഇന്ന് മൊത്തം ഒരു ബിസിനസ് സ്ട്രാറ്റജിയിലൂടെയാണ് നീങ്ങുന്നത്. മുമ്പ് യാക്കോബായ -ഓർത്തഡോക്സ്‌ കുഞ്ഞാടുകൾ ആയിരുന്നു പരസ്പരം തെരുവിൽ ഏറ്റുമുട്ടയിരുന്നതെങ്കിൽ ഇന്നത് മറ്റുള്ള സഭകൾ അതിലും മികച്ച രീതിയിൽ സ്ഥാന മാനങ്ങളുടെ പേരിലും എങ്ങോട്ടാണ് തിരിഞ്ഞു നിൽക്കേണ്ടത് എന്നതിലൊക്കെ തെരുവിൽ പോരടിക്കുന്നു.
പണ്ട് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക, സാമ്പത്തിക പുരോഗതി കൈവരിക്കാൻ ശ്രെമിച്ച ഒരു സമുദായം ആണ് കേരളത്തിലെ ആദ്യകാല ക്രൈസ്തവർ. ഒരു കാലഘട്ടത്തിൽ ദാരിദ്ര്യം മൂലം സ്ത്രീകളെ മഠങ്ങളിൽ ആക്കിയിരുന്ന ക്രൈസ്തവർ, വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുള്ള സ്ത്രീകളെ നഴ്സിങ്ങിലും മറ്റും വിട്ടു ലോകത്തിന്റെ പല ഭാഗങ്ങളിൽ ജോലിക്കായി അയച്ചു. അവർ സാമ്പത്തികമായി ഒരു ജനതയെ മുന്നോട്ട് നയിക്കുകയായിരുന്നു. കൂടാതെ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ നിന്നുമാണ് ഒരു സമയങ്ങളിൽ ഏറ്റവും കൂടുതൽ വനിതാ കായികതാരങ്ങൾ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയതും. സഭകൾ ആദ്യകാലങ്ങളിൽ ഒരു പരിധി വരെ മത നിയമങ്ങളെ സമൂഹപുരോഗതിക്കനുസൃതമായി വിനോയോഗിച്ചു മുന്നോട്ട് ഓടി. മാത്രവുമല്ല ലോകമഹായുദ്ധ കാലഘട്ടത്തിൽ തിരുവിതാംകൂറിലുണ്ടായ പട്ടിണിയെ മലബാർ കുടിയേറ്റം എന്ന പ്രതിഭാസത്തിലൂടെ കാർഷിക അഭിവൃദ്ധി മുന്നോട്ടു കൊണ്ടുവന്നു പട്ടിണി മരണത്തെ തരണം ചെയ്യാൻ ശ്രെമിച്ചു. മറ്റു സമുദായങ്ങൾ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ ഭൂമിയിൽ സ്കൂൾ പണിയാൻ വിസ്സമ്മതിച്ചപ്പോൾ സഭ ഞായാറാഴ്ച കുർബാനക്ക് ഇടയിൽ കിട്ടുന്ന നേർച്ച പണം കൊണ്ട് പള്ളികൂടങ്ങൾ പണിതു. യാതൊരു വിവേചനവും ഇല്ലാതെ എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങൾക്കും വിദ്യാഭ്യാസം നൽകി.

സ്വത്വമെന്താണെന്ന് പോലും അറിവില്ലാതിരുന്ന മലയാളികളെ വിദ്യാഭ്യാസത്തിലൂടെ സമുദ്ധരിച്ചത് ക്രൈസ്ത സഭകളുടെ പ്രവര്‍ത്തനങ്ങളാണ്. ഏതൊരു സമൂഹത്തിന്‍റെയും വളര്‍ച്ചയുടെ അടിസ്ഥാനമെന്നു പറയുന്നത് വിദ്യാഭ്യാസമാണ്. ക്രൈസ്തവ മിഷണറിമാര്‍ ആളുകളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ജാതി നോക്കിയിട്ടായിരുന്നില്ല. താന്നവനെയും, ഉയര്‍ന്നവനേയും ഒരുമിച്ചിരുത്തി പഠിപ്പിച്ചു. ഒട്ടനവധി അനാചാരങ്ങളിലും മാമൂലുകളിലും കടിച്ചു തൂങ്ങി കിടന്ന ആളുകളെ അതില്‍ നിന്ന് മോചിപ്പിച്ച് തുറന്ന ചിന്താഗതികളുടെ ഒരു വലിയ വാതായനം തുറന്നു കൊടുത്തു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച വി. ചാവറയച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്ത സമൂഹത്തിന്‍റെ വിദ്യാഭ്യാസ മേഖലലിയിലെ സംഭാവനകളെപ്പറ്റി പറയുമ്പോള്‍ എടുത്ത് പറയണം.

കന്നുകാലികളെപ്പോലെ കച്ചവടം ചെയ്യപ്പെട്ട അടിമകള്‍ക്കായി ആദ്യം ശബ്ദമുയര്‍ത്തിയത് ക്രൈസ്തവരാണ്. അടിമകള്‍ക്കും അന്തസോടെ ജീവിക്കാനവകാശമുണ്ടെന്നും അവരെ സ്വാതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടു 1847 ല്‍ ചാള്‍സ് മീഡ്, ചാള്‍സ് മോള്‍ട്ട്, ഹെന്‍റി ബേക്കര്‍, സാമുവേല്‍ മറ്റീര്‍ എന്നീ മിഷനറിമാര്‍ ചേര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു നിവേദനം സമര്‍പ്പിക്കുന്നതായി ചരിത്രത്തില്‍ കാണുന്നു . അടിമകള്‍ ജോലിചെയ്തില്ലെങ്കില്‍ കാര്‍ഷികരംഗം തകരുമെന്നും ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും പറഞ്ഞ സവര്‍ണര്‍ ഒരു ഘട്ടത്തില്‍ അടിമകള്‍ക്കായി നിലനിന്ന മിഷനറിമാര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടു . എന്നാല്‍ തളരാതെ പോരാടിയ മിഷനറിമാരുടെ നിവേദനങ്ങളെതുടര്‍ന്ന് 1853 സെപ്റ്റംബര്‍ 15 ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. 1854 ല്‍ അടിമ വ്യാപാരം നിര്‍ത്തലാക്കി അവര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ അനുവാദം നല്‍കിക് അടിമക്കച്ചവടം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചു തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1854 ല്‍ മിഷനറിമാരുടെ സമ്മര്‍ദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു ഉത്തരവിറക്കി.

ഇങ്ങനെ പുരോഗതിയിലൂന്നിയ നവോഥാനത്തിനുവേണ്ടി നിലകൊണ്ട സഭകൾ ഇപ്പോൾ ഇതിൽനിന്നെല്ലാം വഴിമാറിയിരിക്കുന്നു ഇന്നത്തെ കേരളീയ ക്രിസ്തീയ സമൂഹം വിമോചനത്തിനായി കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു. സമൂഹ സമത്വത്തിനായി നിലകൊള്ളേണ്ടിയിരിക്കുന്നു.
സമഭാവനയുടെ വഴികളിലൂടെ സഞ്ചരിക്കാനും സമത്വബോധത്തിന്‍റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ മക്കളെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ ചിന്ത വിട്ട് ഞങ്ങളാണ് വലുത് എന്നുള്ള ഇടുങ്ങിയ ചിന്ത ഇപ്പോൾ സഭകൾക്കുള്ളിൽ ഉടലെടുത്തിരുന്നു .

ജാതീയസ്വത്വവും സവര്‍ണ്ണമനോഭാവവും സൂക്ഷിക്കുന്ന ഒരു വിഭാഗമാണ് ഇപ്പോള്‍ ഒരു വലിയ വിഭാഗം സുറിയാനി ക്രിസ്ത്യാനികള്‍. ചില അഭിമാനി ക്രിസ്ത്യാനികളെ കോട്ടയം ജില്ലയിലെ പലപ്രദേശങ്ങളിലായി കണ്ടുമുട്ടുമ്പോൾ കൊടിമതയിലെ ആ ഹോട്ടൽ ഞങ്ങളുടെ ആളിന്റെയാണ് , എറണാകുളത്തു ടൗണിൽ ഞങ്ങളുടെ രക്തത്തിൽപെട്ടയാൾ സ്ഥലംവാങ്ങിയിട്ടിട്ടുണ്ട് എന്നൊക്കെപറഞ്ഞു കോൾമയിൽ കൊള്ളുന്നത് സ്ഥിരമായി കാണാറുണ്ട് .പണിയൊന്നും ചെയ്യാതെ വിദേശത്തുള്ള സ്വന്തക്കാരുടെ ചിലവിലും സ്വല്പം ബ്രോക്കർ പണിപോലെയുള്ള ഉഡായിപ്പുകളുമൊക്കെയായി വിലസുന്ന ഇവർ വലിയ ജാത്യാഭിമാനികളാണ് . ഇവർ ഇപ്പോൾ പള്ളികളിൽ അടിയോടടിയാണ്.

ഒരു ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രണ്ടു മനുഷ്യർ യഹൂദിയായിലെ എന്ന പാട്ട് പാടുന്നത് ഞങ്ങളുടെ ഗ്രാമപ്രദേശത്തിലെ ഒരു ക്ലബ്ബിൽ കാണാനിടയായി . ഒരാൾ ദളിതനും മറ്റേയാൾ ജന്മംകൊണ്ട് ക്രൈസ്തവനും . ദളിത് യുവാവിന്റെ ശബ്ദം ഭാവ തീവ്രവും വൈകാരികവുമയിരുന്നു. ഇത് ഒരു യാദൃശ്ചികതയല്ല. ക്രിസ്ത്യാനികളായി മാറാത്ത ഹൈന്ദവ ദളിതർ പോലും യേശുക്രിസ്തുവിനെ സമീപിക്കുന്നത് അതിവൈകാരികമായാണ് . ക്രിസ്തുവിൽ അവർ ഒരു വിമോചന നായകനെ കാണുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതാണ്ട് എല്ലാ ഹൈന്ദവ ദളിത് ഭവനങ്ങളിലും ക്രിസ്തുവിൻറെ ക്രൂശിതരൂപം കാണാൻ കഴിയും. ഒരു പരിധിവരെ ഈഴവ ഭവനങ്ങളിലും കണ്ടിട്ടുണ്ട്. അതിലുപരി, വഴിവക്കിൽ കാണപ്പെടുന്ന യാചകരും കുഷ്ഠരോഗികളും കുരിശുമാലയണിഞ്ഞ് കാണാറുണ്ട്.സമൂഹത്തിലെ ഏറ്റവും പാവങ്ങളായ മനുഷ്യരുടെ ഹൃദയത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന ക്രൂശിതരൂപം ഒരു ആത്മീയ പ്രകോപനമാണ് .സമൂഹം അറപ്പോടെ കാണുന്ന ചില തൊഴിലുകളിലേർപ്പെടുന്ന മനുഷ്യരും ക്രൂശിതരൂപത്തെ പുൽകുന്നതു കണ്ടിട്ടുണ്ട്.
അന്തരികമായി വിമോചകനും പരമകാരുണ്യവാനായ ഒരു ശക്തിസ്വരൂപമായി അവരും യേശുവിനെ പ്രണയിക്കുന്നു.വ്യവസ്ഥാപിത ക്രൈസ്തവ ജീവിതത്തിനപ്പുറമാണ് പലപ്പോഴും ഇവിടെ ക്രിസ്തുവിനെ കാണാൻ കഴിയുന്നത്.

കേരളത്തിലെ കീഴാള ജനതയുടെ വിമോചനത്തിനായി ഏറ്റവും വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്നത് ബാധ്യസ്ഥമായത് യേശുവിൻറെ പേരിൽ പ്രവർത്തിക്കുന്ന സഭകൾക്കും സ്ഥാപനങ്ങൾക്കും ആണെന്ന് ക്രൈസ്തവ നേതൃത്വത്തെ ഒന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. സഭകൾക്ക് പല തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു, അത് തിരുത്തി സമൂഹ ഉന്നമനത്തിനായി മുന്നോട്ട് പോവുകയാണ് വേണ്ടത്


ജിനു കുര്യൻ പാമ്പാടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.