PRAVASI

അവസരം മുതലാക്കി യുഡിഎഫില്‍ കയറിപറ്റാന്‍ പിവി അന്‍വര്‍ എന്നാൽ അതത്ര ‘ഈസി’യല്ല

Blog Image

അപ്രതീക്ഷിതമായി  കിട്ടിയ അവസരം മുതലാക്കി യുഡിഎഫില്‍ കയറിപറ്റാന്‍ പിവി അന്‍വര്‍ ശക്തമായ നീക്കം തുടങ്ങി . ജയില്‍ മോചിതനായ ശേഷം യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അന്‍വര്‍ ഇന്ന് ഒരു പടി കൂടി കടന്ന് യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. ജനകീയ വിഷയത്തില്‍ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ പ്രഖ്യാപിച്ചു.

മുന്നണി പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയടക്കം നിലപാടില്‍ മാറ്റം വന്നതോടെയാണ് അന്‍വര്‍ നീക്കം ശക്തമാക്കിയത്. പ്രതിപക്ഷ നേതാവുമായി അന്‍വര്‍ ഫോണില്‍ സംസാരിച്ചു. മറ്റ് നേതാക്കളെയെല്ലാം നേരില്‍ കാണാനാണ് അന്‍വറിന്റെ ശ്രമം. ഇതിനെല്ലാം മുസ്ലിം ലീഗിന്റെ പിന്തുണയും അന്‍വര്‍ ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചു കൂടെ നില്‍ക്കും. ഒരു ഉപാധിയുമില്ല. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം.

മനുഷ്യ വന്യമൃഗ സംഘര്‍ഷം അടക്കമുളള ജനകീയ വിഷയങ്ങളുമായി മുന്നോട്ടു പോകാനാണ് അന്‍വറിന്റെ തീരുമാനം. ഈ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ യുഡിഎഫ് പിന്തുണയും അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്. വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടതും ഇത് മുന്‍നിര്‍ത്തിയാണ്.

ആശങ്കയായി നില്‍ക്കുന്ന വനനിയമഭേദഗതിയും അന്‍വര്‍ ആയുധമാക്കുന്നുണ്ട്. യുഡിഎഫും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരാണ്. നിയമഭേദഗതി പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നാണ് അന്‍വറിന്റെ ആരോപണം. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥര്‍ വനംവിസ്തൃതി വര്‍ധിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിക്കുന്നു.

ജനകീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി യുഡിഎഫിനും തന്നെ അവഗണിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കാനാണ് അന്‍വറിന്റെ ശ്രമം. ഇത് വിജയിച്ചാല്‍ അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. സ്വാഭാവികമായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിന് നിലമ്പൂര്‍ സീറ്റ് നല്‍കേണ്ടിയുംവരും. അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക കോണ്‍ഗ്രസിലാകും. ഇപ്പോള്‍ തന്നെ ഒന്നിലധികം സീറ്റ് മോഹികള്‍ നിലമ്പൂരിനായി സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിയിട്ടുണ്ട്. അന്‍വര്‍ വന്നാല്‍ അവരുടെ എതിര്‍പ്പ് പൊട്ടിത്തെറിയായി മാറും എന്ന് ഉറപ്പാണ്.

എന്നാൽ പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിന് കൃത്യമായ നിബന്ധനകളും പെരുമാറ്റചട്ടങ്ങളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട് . .എല്‍ഡിഎഫില്‍ അന്‍വര്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടങ്ങളും തന്‍പോരിമയും വകവെച്ചു കൊടുക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ പൊതുധാരണ.2011 -16 കാലത്ത് പിസി ജോര്‍ജ് യുഡിഎഫില്‍ സൃഷ്ടിച്ച കോലാഹലങ്ങളും അച്ചടക്കരാഹിത്യവും മുന്നണിയെ ആകമാനം പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പോലും അപമാനിക്കും വിധത്തിലുള്ള പെരുമാറ്റമായിരുന്നു ജോര്‍ജിന്റേത്. അന്‍വറിന്റെ കാര്യത്തില്‍ അത്തരമൊരു മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. പിസി ജോര്‍ജിന്റേതിന് സമാനമായ രാഷ്ടീയ സ്വഭാവരീതികളാണ് അന്‍വറും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ അന്‍വറിനെ മുന്നണിയിലുള്‍പ്പെടുത്തതില്‍ റിസ്‌ക് ഉണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഇടതു മുന്നണിവിട്ട ശേഷം രാഷ്ട്രീയമായി ദുര്‍ബലനായി നില്‍ക്കുന്ന അന്‍വറിനെ കൂടെ കൂട്ടിയാലുണ്ടാകുന്ന ഗുണ – ദോഷങ്ങളെ കുറിച്ച് മുന്നണിയില്‍ കൂടിയാലോചന വേണമെന്നാണ് കോണ്‍ഗ്രസിന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നിലപാട്.
2011 വരെ കോണ്‍ഗ്രസുകാരനായിരുന്ന അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ അന്‍വര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മലബാറില്‍ മുസ്ലീം നേതാക്കളുടെ അഭാവം പരിഹരിക്കാന്‍ അന്‍വര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് സതീശന്‍ മനസ് തുറന്നിട്ടില്ല. യുഡിഎഫിലോ കോണ്‍ഗ്രസിലോ അന്‍വറിനെ ഉള്‍പ്പെടുത്തുമ്പോള്‍ മലപ്പുറത്തേയും നിലമ്പൂരിലേയും രാഷ്ടീയ സമവാക്യങ്ങളിലും ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്തേണ്ടി വരും. നിലമ്പൂര്‍ സീറ്റ് മോഹികളായവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കണം. അന്‍വറിന്റെ രാഷ്ടീയ സ്വാധീനങ്ങള്‍ ഒറ്റയടിക്ക് തള്ളിക്കളയാനും കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നുമില്ല.
ഇന്നലെ താന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചതായി അന്‍വര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണില്‍ വിളിച്ച അന്‍വര്‍, അറസ്റ്റ് സമയത്ത് നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിന്നാലെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അന്‍വറിന്റെ നീക്കം. യുഡിഎഫില്‍ തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു അന്‍വറിന്റെ നിലപാട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.