ബ്രേക്കിംഗ് ബാഡിന്റെ സെക്കന്റ് സീസണിൽ ആണെന്ന് തോന്നുന്നു മറിയുടെ പർപ്പിൾ നിറത്തോടുള്ള ഒബ്സെഷൻ ശ്രദ്ധിക്കുന്നത്. ഒരു ഇഷ്ടം എന്നതിനപ്പുറം മറിക്കു അതൊരു അഭിനിവേശം തന്നെ ആണെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് മറിയുടേം ഹാങ്കിന്റെയും വീടിന്റെ ഇന്റീരിയർ പ്രത്യേകിച്ച് കിച്ചൺ. പർപ്പിൾ കെറ്റിലിൽ ചായ ഉണ്ടാക്കുന്ന മറി ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ക്ലെപ്റ്റോമാനിയയും പർപ്പിൾ നിറവും തമ്മിലുള്ള അന്തർധാര അറിയാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ കുറച്ചു നേരം സഞ്ചരിച്ചെങ്കിലും, പെട്ടെന്നു തിരിച്ചു വരികയാണുണ്ടായത്. കാര്യമായി ആ വഴിക്കു ഒന്നും തടഞ്ഞില്ല. എങ്കിലും പോയത് വെറുതെ ആയില്ല. എന്റെ കുറെ നിരീക്ഷണങ്ങൾ ശരി വയ്ക്കുന്ന കുറെ ഫാൻ തീയറിസ് കാണാൻ കഴിഞ്ഞു. ഈ സീരീസ് കണ്ടിട്ടുള്ള പലരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവും.
അങ്ങനെ നിരീക്ഷിക്കാൻ തുടങ്ങിയത് മുതൽ അത്തരത്തിൽ കൃത്യമായി ചിട്ടപ്പെടുത്തിയ ഒരു കളർ കോഡിങ് പാറ്റേൺ ഈ സീരിസിൽ ഉടനീളം കാണാൻ സാധിച്ചു എന്നുള്ളതാണ് വാസ്തവം. BBയോട് ബന്ധപ്പെട്ടു ഒരു പാട് കളർ തിയറികൾ ഉണ്ടെങ്കിലും എന്റെ നിരീക്ഷണങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
നിറങ്ങൾക്ക് വളരെ അധികം പ്രാധാന്യമുള്ള ഒരു സീരീസ് ആണ് ബ്രേക്കിംഗ് ബാഡ്. അതിന്റെ ഏറ്റവും വലിയ സവിശേഷതയാണല്ലോ അതിലെ കഥാപാത്ര ഘടനയും അവരുടെ മാനസിക വ്യാപാരങ്ങളും. മനുഷ്യമനസുകളുടെ ബ്ലാക് ആൻഡ് വൈറ്റ് എന്ന രണ്ടു ഷേഡുകൾക്ക് ഇടയ്ക്കു ഗ്രേ ഷെയ്ഡിന്റെ പല വേരിയേഷൻസിന്റെ പുറത്താണ് ഓരോ പാത്ര നിർമ്മിതിയും എന്നത് ഈ സീരീസ് കണ്ടിട്ടുള്ളവർക്ക് അറിയാം. ഓരോ കഥാപാത്രത്തിന്റേയും, പല സാഹചര്യങ്ങളിലുമുള്ള മാനസികവസ്ഥയോടു ചേർന്ന് നിൽക്കുന്ന ഒരു കളർ പാറ്റേൺ കൂടെ ഇതിന്റെ സംവിധായകൻ വിൻസ് ഗില്ലിഗനും കോസ്റ്റും ഡിസൈനറും പ്ലാൻ ചെയ്തിരുന്നു എന്നുള്ളത് വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി. ഓരോ സീസണും മുൻപും
കാരക്ടേർസിന്റെ കോസ്റ്റും ഷെയ്ഡ്സിനെ കുറിച്ച് അവർ കൃത്യമായ ധാരണയിൽ എത്തിയിരുന്നു. ശ്രദ്ധിച്ചാൽ, മിക്ക സീനുകളിലും കഥാപാത്രങ്ങളുടെ ഇമോഷൻസിനെ കണക്ട് ചെയ്യാൻ അവരുടെ വസ്ത്രങ്ങളുടെ നിറങ്ങളിലൂടെ പ്രേക്ഷകർക്കു കഴിയും. നിറ വൈവിധ്യങ്ങളുടെ ഇത്രമാത്രം സൂക്ഷ്മമായ ഡീറ്റൈലിംഗ് വേറെ ഏതെങ്കിലും സ്ക്രീൻ ഷോസിൽ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ്.
വാൾട്ടർ വൈറ്റിന്റെ കാര്യത്തിൽ ഈ നിറങ്ങൾ അയാളുടെ മനസികാവസ്ഥക്കു പുറമെ അയാൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കുള്ള സൂചനകളും പലപ്പോഴും തരാറുണ്ട്. ഏറ്റവും കൂടുതൽ ഷെയ്ഡ്സ് ഉള്ളതും വാൾട്ടറിനു തന്നെ. വാൾട്ടർ വൈറ്റിൽ നിന്നും ഹൈസൻബർഗിലേക്കുള്ള യാത്രയിലെ ദുഷ്കരമായ മനസിക തലങ്ങൾ തന്നെയാണ് അതിനു കാരണം.
ഗ്രീൻ
ഒന്നാമത്തെ സീസണിന്റെ തുടക്കത്തിൽ വാൾട്ട് മെത് കുക്കിംഗ് ആരംഭിക്കുന്നത് തന്നെ ഒരു ഗ്രീൻ ഏപ്രൺ ധരിച്ചാണ്. പച്ച നിറം സീസണിൽ ഉടനീളം പ്രതീക്ഷ, വളർച്ച, പണം, അത്യാഗ്രഹം തുടങ്ങിയ എലെമെന്റ്സിനെ ആണ് സൂചിപ്പിക്കുന്നത്. ജൂനിയർ വൈറ്റ്, വാൾട്ടറിന്റെ ചികിത്സക്ക് വേണ്ടി വെബ്സൈറ്റ് ഉണ്ടാക്കുമ്പോളും ഗ്രീൻ ആണ് വേഷം. സോൾ ഗുഡ്മാനെയും പലപ്പോഴും ഗ്രീനിൽ കാണാം. വാൾട്ടിന്റെ കയ്യിലെ പണം കണ്ട ശേഷം വക്കീലിനെ കാണാൻ വരുന്ന സ്കൈ പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കുന്നതു. ആദ്യ കീമോ സെഷൻ കഴിയുമ്പോൾ വാൾട്ടിന് ഹോസ്പിറ്റലിൽ നിന്നും കൊടുക്കുന്ന HOPE എന്നെഴുതിയ കാർഡ്,ട്യുക്കയുടെ കസിൻസ് വെറുതെ വിടുമ്പോൾ ബെഡിൽ വയ്ക്കുന്ന ഗ്രീൻ ഐ ബോൾ അങ്ങനെ 'പച്ച' പിടിക്കുന്ന ഒരുപിടി പ്രതീക്ഷകൾ. കാൻസർ ഉണ്ടെന്നു അറിഞ്ഞതിനു ശേഷം വാൾട്ടിന്റെ വസ്ത്രങ്ങൾ കൂടുതൽ ഡാർക്ക് ആവുന്നുണ്ട്.
ബ്ലൂ
ഒരു കളർ വീലിൽ(ചുവടെ), പച്ചയോടു തൊട്ട് അടുത്ത് നിൽക്കുന്ന നിറങ്ങളാണ് നീലയും മഞ്ഞയും. അത് കൊണ്ടാവാം വാൾട്ടിന്റെ ഭാര്യ സ്കൈലെറിന്റെ വാർഡ്റോബ് നിറയെ സംവിധായകൻ നീല നിറച്ചു കൊടുത്തത് . പ്രത്യേകിച്ചും വാൾട്ടിന്റെ ആൾട്ടർ ഈഗോ ഹൈസെൻബർഗിനെ അവൾ അറിയും മുൻപ്. നീല നിറം തെളിമ, സുരക്ഷിതത്വം ഒക്കെയാണ് സൂചിപ്പിക്കുന്നത്. വാൾട്ടിന്റെ ഐകോണിക് മെത് തന്നെ 'ബ്ലൂ ഐസ്' എന്നറിയപ്പെടുന്ന 99% പ്യൂരിറ്റി ഉള്ള പ്രോഡക്റ്റ് ആണ്.
യെല്ലോ
ജെസ്സിയുടെ സീനുകളിൽ മഞ്ഞ നിറത്തിനു പ്രാധാന്യമുള്ള ഒരുപാട് സീൻസ് ഉണ്ട്. വാൾട്ടിനോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ ആണല്ലോ ജെസ്സിയും സ്കൈലറും. അങ്ങനെ നോക്കുമ്പോ മഞ്ഞയുടെയും നീലയുടെയും കോമ്പിനേഷൻ ആണ് പച്ച നിറം. വീണ്ടും ബ്രില്ല്യൻസ്. മറിയെ പോലെ തന്നെ ശ്രദ്ധിച്ചതാണ് ജെസ്സിയുടെ സിംബോളിക് യെല്ലോ കളർ. ജെയിൻ ഉള്ള സമയത്തു ജെസ്സിയുടെ ബെഡ് സ്പ്രെഡ്, കർട്ടൻ ഒക്കെ മഞ്ഞ ആണ്. ജെസ്സിയെ പോലൊരു അലസനായ junkie യുടെ മുറിയിൽ ഈ നിറങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോവാൻ തരമില്ല. മെത് കുക്ക് ചെയ്യുമ്പോൾ വാൾട്ടറിന്റെയും പിങ്ക്മാന്റെയും ജമ്പ് സ്യൂട്ടും മഞ്ഞ തന്നെ. മാത്രമല്ല റെസ്റ്ററന്റ് ഓണർ-മെത് ഡീലർ- ഗസ്, യെല്ലോ ഷർട്ടിലാണ് അധികവും അദ്ദേഹത്തിന്റെ റെസ്റ്ററന്റ്സിൽ ജോലി ചെയ്യുന്നത്. അതായതു മെതിനോട് അടുത്ത് നിൽക്കുമ്പോൾ മഞ്ഞ നിറത്തിനാണു പ്രാധാന്യം. ജെയിൻ മരിക്കുന്നതു വരെ ജെസ്സിയുടെ കോസ്റ്റുംസ് ഒക്കെ ഒരു മിക്സഡ് കളേർസും വൈൽഡ് പാറ്റേൺസും ആണ്. കാരണം അത് വരെ അവന്റെ സ്വത്വത്തെ കുറിച്ച് അവനു തന്നെ വ്യക്തത ഇല്ല. തന്റെ തന്നെ മനസ്സാക്ഷിയുമായി, ധാർമ്മികതയുമായി ഒക്കെ നിരന്തര കലഹത്തിൽ (moral conflicts) ആണവൻ. പിങ്ക്മാന്റെ വയലൻസ്, ദേഷ്യം ഒക്കെ ചുവന്ന വേഷങ്ങളിലൂടെയാണ് സൂചന നല്കുന്നത്.
ഓറഞ്ച്
മെതിനോട് അല്ലെങ്കിൽ വാൾട്ടറിന്റെ പ്രവൃത്തികളോട് എതിർപ്പുള്ള
ഏജന്റ് ഹാങ്കിന്റെ ഇഷ്ട നിറമാണ് ഓറഞ്ച്. കളർ വീലിൽ ഗ്രീനിന്റെ എതിർ വശത്താണ് റെഡ്, ഓറഞ്ച് നിറങ്ങളുടെ സ്ഥാനം. ഹാങ്ക് ഓറഞ്ച്, റെഡ്ഡിഷ് പീച്ച് ഷേഡുകളിൽ വരുന്ന ഒരു പാട് ഫ്രെയ്മ്സ് ഉണ്ട്. ട്യൂകയുടെ കസിൻസുമായുള്ള ഫൈറ്റിനു ശേഷം കിടപ്പിലാവുന്ന ഹാങ്കിന്റെ നിറങ്ങൾ ബ്രൗൺ, മെറൂൺ അങ്ങനെ കൂടുതൽ ഡാർക് ആവുന്നുമുണ്ട്. വീണ്ടും കേസ് പഠിക്കാൻ തുടങ്ങുമ്പോൾ ഓറഞ്ചും.
പർപ്പിൾ
ഹാങ്കിന്റെ ഭാര്യ മറിയുടെ ഇഷ്ടനിറം പർപ്പിളിന്റെ സ്ഥാനം കളർ വീലിൽ ഓറഞ്ചിനും നീലക്കും ഇടക്കാണ്. മറിയോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ ആണല്ലോ സ്കൈലെറും ഹാൻകും. കളറിൽ ഒരുപാടു വേരിയേഷൻസ് ഇല്ലാത്ത കഥാപാത്രം മറി ആയിരിക്കും. വലിയൊരു വ്യത്യാസം മാനസിക തലത്തിൽ വരാത്തത് കൊണ്ടാവും അത്. മറിക്കു മെതുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും ക്ലെപ്റ്റോമാനിയ ട്രിഗർ ചെയ്യുമ്പോൾ മറിയുടെ വസ്ത്രങ്ങൾ കൂടുതൽ ഡാർക്കർ ഷെയ്ഡ്സിലേക്കു പോകുന്നുണ്ട്.
തനിക്കേതു കഥാ പാത്രത്തോടാണോ അനുഭാവമുള്ളതു, അതിനനുസരിച്ചാണ് ജൂനിയർ വാൾട്ടിന്റെ നിറങ്ങൾ. ഹാങ്ക് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മറിയുടെ ദുഃഖത്തിൽ പങ്കു ചേർന്ന് കൊണ്ടു പർപ്പിളിലും, ഹാൻകിന്റെ കൊലപാതകി എന്ന് വിളിച്ചു അച്ഛനെ തള്ളിപ്പറയുമ്പോൾ ഓറഞ്ചിലും ഫ്ലിൻ ആ അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്.
റെഡ്
ചുവപ്പു നിറം സിംബോളിക് ആയിട്ടു സീരിസിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. വയലൻസ്, അഗ്രെഷൻ, പ്രതികാരം ഒക്കെ കാണിക്കുവാൻ പ്രത്യേകിച്ചും. ഗസിന്റെ അണ്ടർ ഗ്രൗണ്ട് കുക്കിംഗ് ലാബ് ബ്രൈറ്റ് റെഡ് ആണ്. ഗസ് വിക്ടറിനെ കൊല്ലുന്നതിനു തൊട്ട് മുൻപ് റെഡ് ജമ്പ് സ്യൂട്ട് ധരിക്കുന്നുണ്ട്. ഗസിന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിനു മുൻപ് വാൾട്ടും ജെസ്സിയും റെഡ് ജമ്പ് സ്യൂട്ടിടുന്നുണ്ട്. ഒരു വാണിംഗ് കളർ ആയിട്ടും റെഡ് ഉപയോഗിക്കുന്നുണ്ട്. വയലൻസിന്റെ തീവ്രതക്കനുസരിച്ചു യെല്ലോ അല്ലെങ്കിൽ റെഡ് വാണിംങ്സ് സിംബോളിക് ആയിട്ട് കാണിക്കുന്ന കുറെ ഫ്രെയിംസ് ഉണ്ട്. ഹൈസെൻബെർഗിനെ മനസ്സിലാക്കിയ ഹാങ്കിനെ, വാൾട് garage ൽ കാണാൻ വരുന്ന സീനിൽ, അടുത്ത വീട്ടിലെ കുട്ടിയുടെ മഞ്ഞ ടോയ് കാർ ആണ് ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നത്. അത് പോലെ ക്രേസി 8 നെ കൊല്ലുന്നതിന് തൊട്ടു മുൻപിൽ കാണിക്കുന്ന പൊട്ടിയ യെല്ലോ പ്ലേറ്റ്, വാൾട്ടിന്റെ വീട് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ജെസ്സി വരുന്ന സീനിൽ ചുവന്ന പെട്രോൾ കാൻ, ടോഡിനെയും ടീമിനെയും കൊല്ലാൻ വാൾട്ട് പോകുന്ന സീനിലെ ചുവന്ന കാർ കീ(അപൂർവമല്ലേ റെഡ് കാർ കീ?) ഒക്കെ സിംബോളിക് ആണ്.
പിങ്ക്
പിങ്ക് യുവത്വം ആണ് കാണിക്കുന്നത്. ഹോളി എപ്പോഴും പിങ്കിഷ് ആണ്. ഹോളിയുടെ മുറിയിലെ പെയിന്റിംഗ്, അത് പോലെ സർജറിക്ക് ശേഷമുള്ള ഡോക്ടർസ് വിസിറ്റിൽ വാൾട്ടിന്റെ ബ്രൈറ്റ് പിങ്ക് വേഷം, വാൾട്ടിന് കിട്ടുന്ന സെക്കന്റ് ലൈഫിനെ പ്രതിനിധാനം ചെയ്യുന്നതായി തോന്നുന്നു. പിങ്കിനു ട്രാജഡി എന്ന് കൂടെ അർഥമുള്ളതായി തോന്നുന്ന സീനുകൾ ഉണ്ട്. ജെയിനിന്റെ മരണശേഷം അവളുടെ മുറിയിലെ പെയിന്റിംഗ്, പ്ലെയിൻ ക്രാഷിനു ശേഷം വാൾട്ടിന്റെ സ്വിമ്മിങ് പൂളിൽ പതിക്കുന്ന പിങ്ക് ടെഡി ബിയർ ഒക്കെ ട്രാജിക് സൂചനകൾ ആണ്.
ബെയ്ജ്
അവസാന സീസണിൽ ഉടനീളം ബെയ്ജ് നിറങ്ങളാണ് പ്രധാന കഥാപാത്രങ്ങൾ ധരിക്കുന്നത്. നിസ്സഹായത, അത്ര നിഷ്കളങ്കമല്ലാത്ത, എന്നാൽ അപ്രതീക്ഷിതമായ കാര്യങ്ങൾക്ക് സാധ്യത ഇല്ലാത്ത സാഹചര്യങ്ങളിൽ ഒക്കെ ആണ് ബെയ്ജിന്റെ പ്രസക്തി എന്ന് തോന്നുന്നു.
വൈറ്റ്
ചെയ്യുന്ന കാര്യങ്ങൾ നിയമപരമായി തെറ്റാണെന്നു അറിയുമ്പോളും ധാർമികപരമായി മനസ്സാക്ഷിയെ വഞ്ചിക്കാത്ത അവസരങ്ങളിൽ(pure intentions) ആണ് കഥാപാത്രങ്ങൾ വെള്ള വസ്ത്രങ്ങളിൽ വരുന്നത്.
ബ്ലാക്ക്
കഥാപാത്രങ്ങൾ ആത്മവഞ്ചന ചെയ്യുന്ന സന്ദർഭങ്ങളിൽ ബ്ലാക്കും കടന്നു വരുന്നുണ്ട്.
ഇനി കഥാ പത്രങ്ങളുടെ പേരുകളിലും കാണാം നിറങ്ങളുടെ നിറ സാന്നിധ്യം. മെത് ലോർഡ് 'വാൾട്ടർ 'വൈറ്റ്', പങ്കാളി ജെസ്സി 'പിങ്ക്' മാൻ. 'സ്കൈ'ലെർ എന്ന് കേൾക്കുമ്പോൾ ആകാശ നീലിമ ആണ് ഓർമ വരിക, ജൂനിയർ വൈറ്റിന്റെ 'ഫ്ലിൻ' എന്ന അപരനാമത്തിനു ഐറിഷ് ഭാഷയിൽ ചുവപ്പ് എന്ന് അർത്ഥം ഉണ്ടത്രേ. 'ഹോളി' ഒരു നിത്യഹരിത സസ്യമാണ്. പച്ച നിറവും വെള്ള പൂക്കളും ചുവന്ന കായ്കളുമുള്ള ഒരു സുന്ദരി ചെടി. വാൾട്ടിന്റെ ബേബിയെ പോലെ തന്നെ. വാൾട്ടിന്റെ സുഹൃത്ത് എലിയറ്റ് 'ഷ്വാർട്സ്', ഷ്വാർട്സ് എന്ന ജർമൻ വാക്കിന് 'കറുപ്പ്' എന്നർത്ഥം. വാൾട് തന്നെ ഒരു എപ്പിസോഡിൽ പറയുന്ന പോലെ അവരുടെ പാർട്ണർഷിപ്പിൽ വന്ന ബിസിനസ്സ് ഐഡിയ ആയതു കൊണ്ടാണ് കമ്പനിക്ക് 'ഗ്രേ' മാറ്റർ ടെക്നോളോജിസ് എന്ന പേരിട്ടത്. ഗ്രേ കളർ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ ആണല്ലോ.
ഇങ്ങനെ സിംബോളിക് നിറങ്ങളിലൂടെയുള്ള മൂഡ് സെറ്റിംഗിലൂടെ ഡയറക്ടർക്ക് പ്രേക്ഷകരുമായി സംവദിക്കാൻ പറ്റുന്നു എന്നത് ശരിക്കും ഒരു directorial ബ്രില്ലിയൻസ് തന്നെ അല്ലെ? അതിന്റെ പാറ്റേൺ സീരിസിൽ ഉടനീളം കഥാഗതിയെ അലോസരപ്പെടുത്താതെ, മറ്റൊന്നായി മുഴച്ചു നിൽക്കാതെ നിലനിർത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെ ആയിന്നിരിക്കണം കോസ്റ്റും ഡിസൈനർക്കും.
ഫെമി ജോസ് ,ബോസ്റ്റൺ