PRAVASI

ഇലക്ഷൻ സുതാര്യം; ഫോമായുടെ കുതിപ്പിൽ അഭിമാനം: ബേബി ഊരാളിൽ

Blog Image
ഫോമയുടെ ഒപ്പം വളരെ കാലമായി യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. സംഘടനയുടെ മൂന്നാമത്തെ പ്രസിഡന്റായും സ്ഥാനം അലങ്കരിച്ചിരുന്നു. അങ്ങനെ തുടരുന്ന ഈ യാത്രയുടെ ഒരു അവസരത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന സ്ഥാനം തേടിയെത്തിയത്. വളരെ സുതാര്യമായി, പരാതികളില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നത് തന്നെയായിരുന്നു വെല്ലുവിളി

ഫോമാ തെരെഞ്ഞെടുപ്പിനെപ്പറ്റിയും സംഘടനയുടെ നേട്ടങ്ങളെപ്പറ്റിയും മുഖ്യ  ഇലക്ഷൻ കമ്മീഷണറും മുൻ പ്രസിഡന്ടുമായ ബ്ബാബി ഊരാളിൽ തിരിഞ്ഞു നോക്കുന്നു.ഫോമാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇലക്ഷന്‍ നടത്തുകയുണ്ടായി. എങ്ങനെയായിരുന്നു അത്തരമൊരു ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് നിറവേറ്റിയത്?

ഫോമയുടെ ഒപ്പം വളരെ കാലമായി യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. സംഘടനയുടെ മൂന്നാമത്തെ പ്രസിഡന്റായും സ്ഥാനം അലങ്കരിച്ചിരുന്നു. അങ്ങനെ തുടരുന്ന ഈ യാത്രയുടെ ഒരു അവസരത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന സ്ഥാനം തേടിയെത്തിയത്. വളരെ സുതാര്യമായി, പരാതികളില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നത് തന്നെയായിരുന്നു വെല്ലുവിളി. കൃത്യമായ പ്ലാനിങ്ങോടെ ഇലക്ട്രോണിക് വോട്ടിങ് രീതിയില്‍, സംഘടനയുടെ ഭരണഘടന പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, യാതൊരു പരാതിയുമില്ലാതെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ എനിക്കും സംഘത്തിനും സാധിച്ചു.

അതില്‍ പ്രത്യേകം എടുത്തുപറയേണ്ടത് എനിക്കൊപ്പം തെരഞ്ഞെടുപ്പ് സമിതിയില്‍ ഉണ്ടായിരുന്ന അനു സ്‌കറിയ, മാത്യു ചരുവില്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ പറ്റിയാണ്. കംപ്യൂട്ടര്‍ പ്രോഗ്രാമറായ അനുവാണ് ഇലക്ട്രോണിക് വോട്ടിങ് സംവിധാനം കുറ്റമറ്റ രീതിയില്‍ നടത്താന്‍ സഹായം നല്‍കിയത്. ഫോമയുടെ ഭരണഘടനാ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായ മാത്യു ചരുവില്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഭരണഘടനയോട് 100% കൂറുപുലര്‍ത്തിക്കൊണ്ടാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്താനും സഹായിച്ചു. അതോടെ എന്റെ ജോലികള്‍ എളുപ്പമായി. അങ്ങനെ വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ യാതൊരു പരാതിക്കും ഇടവരാതെ, സുതാര്യമായി ഫലപ്രഖ്യാപനം നടത്താനും സാധിച്ചു. പൂര്‍ണ്ണമായും ഒരു ടീം വര്‍ക്ക് ആയിരുന്നു അത്. സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും വലിയ രീതിയില്‍ സഹായം നല്‍കി.

താഴെപ്പറയുന്നവരോടെല്ലാം ഞങ്ങൾ മൂന്നു പേരും കടപ്പെട്ടിരിക്കുന്നു: ഓജസ് ജോൺ, ബിജു തോണിക്കടവിൽ, ജോസ് മണക്കാട്ട്, സ്റ്റാൻലി കളത്തിൽ, കുര്യാക്കോസ് വർഗീസ്, ജോൺ ടൈറ്റസ്, അനിയൻ ജോർജ്, കുസുമം ടൈറ്റസ്, ബോബി തോമസ്, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തിൽ, ഗ്രേസി ജെയിംസ്, മനോജ് വർഗീസ്, സാബു സ്കറിയ, ഷാജി എഡ്വേർഡ്, ജിബി തോമസ്, ജൂലി ബിനോയ്, സൈജൻ  കണിയോടിക്കൽ, സുനിത അനീഷ്, ഫ്രാൻസിസ് മാത്യു, ചെറിയാൻ കോശി, ഷിബു വർഗീസ്, അനിൽ പുത്തൻചിറ, ജെയിംസ് ജോർജ്, ലിജോ ജോർജ്ജ് എന്നിവർ

അമേരിക്കന്‍ പ്രവാസിയായി മാറുന്നത് എങ്ങനെയാണ്?

50 വര്‍ഷം മുമ്പ് 1973-ലാണ് ഞാന്‍ അമേരിക്കയിലെത്തുന്നത്. എന്റെ 19-ആമത്തെ വയസില്‍ പഠനാവശ്യത്തിനായിട്ടായിരുന്നു അത്. കോട്ടയം മോനിപ്പള്ളിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മൂത്ത സഹോദരി ഗ്രേസി ജെയിംസ് ആണ്  സ്പോൺസർ ചെയ്തത്. എന്റെ അങ്കിളും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്ന മോൺ. പീറ്റർ   ഊരാളില്‍ ആണ്  സംഘടനാ പ്രവർത്തനങ്ങൾക്ക് മാതൃകയായത്.

ഇവിടെ മെഡിക്കല്‍ ടെക്‌നോളജി പഠനശേഷം കുറച്ചുകാലം ആ രംഗത്ത് ജോലി ചെയ്യുകയും, പിന്നീട് മെഡിക്കല്‍ ലാബുകള്‍ ആരംഭിച്ച് ബിസിനസിലേയ്ക്ക് കടക്കുകയും ചെയ്തു.

ഫോമയുടെ ഒപ്പമുള്ള യാത്രയുടെ ആരംഭം എങ്ങനെയായിരുന്നു?

ഫോമയുടെ ആദ്യകാലം മുതല്‍ സംഘടനയില്‍ ഉണ്ടായിരുന്ന എന്നെ മൂന്നാമത്തെ പ്രസിഡന്റായി പിന്നീട് തെരഞ്ഞെടുത്തു. ആരംഭകാലത്ത് വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും  സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വാര്‍ഡ് എന്നിവരുടെ അകമഴിഞ്ഞ സഹകരണത്താല്‍ ഫോമയുടെ ആദ്യ ക്രൂസ് കണ്‍വെന്‍ഷന്‍ നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പിന്നീട് കാലക്രമേണ മികച്ച പ്രവര്‍ത്തനങ്ങൾ നടത്തുന്ന സംഘടനയായി ഫോമ മാറി. കോവിഡ് കാലത്ത് കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിച്ചില്ലെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന രാജു ചാമത്തിലിന്റെ നേതൃത്വത്തില്‍ 50 പേര്‍ക്ക് വീടുകള്‍ വച്ചുകൊടുക്കാന്‍ സംഘടനയ്ക്കായി. തിരുവനന്തപുരം കാന്‍സര്‍ ചികിത്സാ ആശുപത്രിയിലെ വാര്‍ഡില്‍ പുതിയ റൂം നിര്‍മ്മിക്കാന്‍ സഹായം ചെയ്യാനും സാധച്ചു.

ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ 170 സ്‌പോണ്‍സര്‍മാരെ ലഭിക്കുക എന്ന വലിയ നേട്ടവും ഉണ്ടായിരുന്നു. സാധാരണയായി പത്തോ പതിനഞ്ചോ സ്‌പോണ്‍സര്‍മാരെയാണ് കണ്‍വെന്‍ഷനുകള്‍ക്ക് ലഭിച്ചിരുന്നത്. ഈ 170 സ്‌പോണ്‍സര്‍മാരില്‍ വലിയൊരു ഭാഗവും സാധാരണക്കാര്‍ ആയിരുന്നു എന്നതും ഫോമയുടെ ജനകീയത വെളിവാക്കുന്നതാണ്. അതിനാല്‍ വന്‍ ജനപങ്കാളിത്തവും ഇക്കഴിഞ്ഞ കണ്‍വെന്‍ഷനില്‍ ഉണ്ടായി.

പുതിയ തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ കമ്മിറ്റിയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേയ്ക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ളവരാണ്. അതില്‍ പലരും ചെറുപ്പക്കാരുമാണ്.

അമേരിക്കയിലെ പ്രവാസികള്‍ക്കിടയില്‍ ഫോമയ്ക്കുള്ള സ്വാധീനം എത്രത്തോളമാണ്?

പ്രവാസികള്‍ക്ക് എന്ത് പ്രശ്‌നം വന്നാലും മുന്നില്‍ നിന്ന് പരിഹരിക്കാന്‍ ഫോമ ശ്രമിക്കാറുണ്ട്. മുമ്പ് പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം വന്നപ്പോള്‍ ഇന്ത്യന്‍ അധികാരികളുമായി സംസാരിക്കാനും, ഫീസ് 250-ല്‍ നിന്നും 25 ആക്കി കുറയ്ക്കാനുമെല്ലാം ഫോമയും, ഫോമയുടെ ഭാരവാഹിയായ തോമസ് ടി ഉമ്മനുമെല്ലാമാണ് മുന്‍കൈയെടുത്തത്. ഒപ്പം കേരളത്തില്‍ നിന്നുമുള്ള രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍ എന്നിവരെല്ലാം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അവരെ സ്വീകരിക്കാനും, നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ഫോമ എപ്പോഴും മുന്നിലുണ്ട്. ഈയിടെ ഇവിടം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളായ മോന്‍സ് ജോസഫ്, മാത്യു കുഴല്‍നാടന്‍ എന്നിവരോട് നാട്ടില്‍ അനാഥമായിപ്പോകുന്ന പ്രവാസികളുടെ സ്വത്തുക്കളെ പറ്റി ചര്‍ച്ച ചെയ്യാനും, വേണ്ട നടപടികള്‍ സ്വീകരിക്കാനും സംഘടന അഭ്യര്‍ത്ഥിച്ചിരുന്നു.

വയനാട് ദുരന്തത്തില്‍ ഫോമ ചെയ്യാനുദ്ദേശിക്കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്?

ആദ്യ ഘട്ടത്തില്‍ പത്ത് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാനായിരുന്നു സംഘടന തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കണ്‍വെന്‍ഷന്‍ നടത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലുമധികം തുക ഫോമയ്ക്ക് ലഭിക്കുകയുണ്ടായി. ഈ അധികതുക വയനാട്ടില്‍ വീട് നഷ്ടമായ കൂടുതല്‍ പേരുടെ പുരധിവാസത്തിന് ഉപയോഗിക്കാനാണ് തീരുമാനമെന്നറിയുന്നു  

അമേരിക്കയിലെ മലയാളഭാഷയുടെ പ്രചാരണം നിലവില്‍ എങ്ങനെയാണ് നടക്കുന്നത്? മാതൃഭാഷയ്ക്ക് പ്രവാസലോകത്തും പ്രധാന്യം വേണ്ടതല്ലേ?

അമേരിക്കയില്‍ വിവിധ സംഘടനകള്‍ ഓണ്‍ലൈനായി മലയാളം ക്ലാസുകള്‍ ആരംഭിച്ചത് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്. തീര്‍ച്ചയായും മാതൃഭാഷയെ നാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഇത്തരം ക്ലാസുകളില്‍ പങ്കെടുത്ത പ്രവാസികളുടെ മക്കള്‍ക്ക് നന്നായി ഭാഷ സംസാരിക്കാനും, വായിക്കാനും, എഴുതാനും സാധിക്കുന്നതിനൊപ്പം, അവര്‍ ഭാഷയെ സ്‌നേഹിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട് എന്നത് വലിയ കാര്യമാണ്.

അമേരിക്കയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പായി, കേരളത്തില്‍ ചെലവഴിച്ച കാലത്തും രാഷ്ട്രീയ-സംഘടനാ ബന്ധങ്ങള്‍ ഉണ്ടായിരുന്നോ?

രാഷ്ട്രീയക്കാരുമായി അന്നും ഇന്നും നല്ല അടുപ്പമുണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയോടുള്ള ആഭിമുഖ്യമല്ല, മറിച്ച് എല്ലാവരുമായും സമദൂരവും, നല്ല നേതാക്കളുമായി വ്യക്തിബന്ധവും ഞാന്‍ കാത്തുസൂക്ഷിക്കുന്നു. കോട്ടയം സ്വദേശിയായതിനാല്‍ തന്നെ കെ.എം മാണിയുമായും, അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുമെല്ലാം നല്ല ബന്ധമായിരുന്നു. ഇപ്പോഴും മകന്‍ ജോസ് കെ. മാണിയുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും, നാട് സന്ദര്‍ശിക്കുമ്പോള്‍ മാണി സാറിന്റെ വീടും, കുടുംബത്തെയും സന്ദര്‍ശിക്കുകയും ചെയ്യുന്നു. മറ്റൊരു നേതാവായ മോന്‍സ് ജോസഫുമായും നല്ല അടുപ്പമാണ്. അതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായും വ്യക്തിബന്ധങ്ങളുണ്ട്.

കുടുംബത്തെ പറ്റി?

ഭാര്യ സലോമി ആർ.എൻ. മകന്‍ ഷോബിന്‍ കാലിഫോര്‍ണിയയിലെ ലൈവ്ലി  എന്ന  കമ്പനിയുടെ സ്ഥാപകരിലൊരാൾ.   മകള്‍ ഷാരോണ്‍ ന്യൂയോര്‍ക്കില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന ഡോക്ടർ.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.