താര സംഘടനായ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. രണ്ട് മാസത്തിനകം പുതിയഭരണ സമിതി നിലവിൽ വരും. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ സംഘടനയിൽ അഭിപ്രായഭിന്നത ശക്തമായിരുന്നു
താര സംഘടനായ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാൽ രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. രണ്ട് മാസത്തിനകം പുതിയഭരണ സമിതി നിലവിൽ വരും. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ സംഘടനയിൽ അഭിപ്രായഭിന്നത ശക്തമായിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനും ജോയിൻ്റ് സെക്രട്ടറി ബാബുരാജിനും എതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നത് സംഘടനയെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് ഓൺലൈൻ യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു തീരുമാനം.
മോഹൻലാലിന്റെ വാർത്താകുറിപ്പിൻ്റെ പൂർണ രൂപം
ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.