പക്ഷെ സ്ത്രീയെ അവരുടെ അറിവോ സമ്മതത്തോടെയോ അല്ലാതെ ബലാത്സംഗം ചെയ്യുന്നവനെ സ്റ്റെറിലൈസ് ചെയ്തേ മതിയാവു . എന്റെ അഭിപ്രായം പ്രയോഗികമല്ലെന്നറിയാം .ഇവർ പീഡന വീരന്മാർ നമ്മുടെ ഇടയിൽ തന്നെയുണ്ട് . പല വേഷത്തിലും രൂപത്തിലും ഭാവത്തിലും .മിക്കവാറും എല്ലാ തലോടലുകളികും കരുതലുകളിലും അപകടം പതിയിരിക്കുന്നു . അനാവശ്യവും അനവരസത്തിലുമുള്ള " എടി " വിളികളിലും , " മോളെ " അല്ലെങ്കിൽ " മോളു " വിളികളും അപരിചിതരിൽ നിന്നാണെങ്കിൽ സൂക്ഷിക്കണമവരെ .
വേനൽക്കാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നു വടക്കേ അമേരിക്കൻ മലയാളിക്ക് . ചിലരൊക്കെ നാട്ടിലേക്കുള്ള യാത്രകൾ , അലാസ്‌കൻ , ക്യാൻകുണ് , പുണ്ടാക്കണ വെക്കേഷനുകൾ , മറ്റുചിലരൊക്കെ ബാക് യാർഡിലെ പച്ചക്കറി കൃഷികളിലൊക്കെ വ്യാപൃതരായിരിക്കുന്നു .ലേഖകൻ ഇതെഴുതുമ്പോൾ , നോർത്ത് കരോലിനയിലെ ചാർലോട്ട് മാരിയോട്ട് സെന്ററിൽ റൂം 711 ൽ . അടുത്ത ബന്ധുവിൻറെ മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ . എന്നത്തേയും പോലെ ഇന്നും പ്രഭാതത്തിൽ എന്തെങ്കിലും ഒന്ന് കുത്തി കുറിക്കാൻ ശ്രമിക്കുന്നു .
43 വർഷത്തിന് ശേഷം തലേന്ന് കണ്ടുമുട്ടിയ ടോണി എടുത്തു ചോദിച്ചിരുന്നു " എന്തെ ഇപ്പോൾ കേരളാ എക്സ്പ്രെസ്സിൽ എഴുതുന്നില്ലേ , എനിക്ക് താങ്കളുടെ ലേഖനങ്ങൾ ഇഷ്ടമാണെന്നു . "പെട്ടെന്നോർത്തു കേരളാ എക്സ്പ്രെസ്സിലേക്കു എഴുതി വിട്ട ലേഖനം ഇതുവരെ പ്രസിദ്ധികരിച്ചില്ല . അതൊന്നുകൂടി ലഖൂകരിച്ചെഴുതിയാലോ . ശൈലീ മാറ്റിയെഴുതിയാലോ , തൊഴുത്ത് മാറി പശുവിനെ കെട്ടുന്നത് പോലെ , എന്റെ ലേഖനത്തിനു ചന കിട്ടിയാലോ .
കൺവൻഷനുകളും ദേശിയ അന്തർ ദേശിയ സമ്മേളനങ്ങളും
ഇത്തരം ആഘോഷങ്ങളും സമ്മേളനങ്ങളും സമൂഹത്തിനു നൽകുന്ന നന്മകളെ വിസ്മരിക്കാനാവില്ല , തമസ്കരിക്കാൻ ഒരിക്കലും സാധിക്കില്ല .
കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് അവരുടെ കലാസാഹിത്യ അഭിരുചികൾ പ്രദർശിപ്പിക്കാനും പ്രകടിപ്പിക്കാനും ധാരാളം അവസരങ്ങൾ കിട്ടുന്നുന്നുണ്ട് . നൂറു കോടി മുടക്കുമ്പോൾ അഞ്ചുകോടിയെങ്കിലും നമ്മുടെ നാട്ടിലെ പാവങ്ങൾക്ക് ലഭിക്കുന്നു . ഒപ്പം കേരളത്തിലെ വസ്ത്രവ്യസ്പരികൾക്കു കുറഞ്ഞത് മറ്റൊരു അഞ്ചുകോടിയെങ്കിലും . ഇതിനൊക്കെ ഉപരിയായി വാർത്താമാധ്യമങ്ങളിലൂടെ ലഭിക്കുന്ന മനോഹരങ്ങളായ എന്നാൽ ചിലപ്പോഴെങ്കിലും നയനങ്ങൾക്കു ഉൾക്കൊള്ളാനാവാത്ത , അനാനുപാതികങ്ങളായ സെല്ഫികളും . സെൽഫികൾ പലപ്പോഴും സ്വയം പ്രകടിപ്പിക്കുന്ന വല്ലാത്ത ഒരു കപടതയുണ്ട് , ഒപ്പം നിഷ്കളങ്കമായതും .ആരവങ്ങളും അരങ്ങുമൊഴിഞ്ഞ അമ്പലപ്പറമ്പുകളായി മാറികൊണ്ടിരിക്കുന്നു അമേരിക്കൻ മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ മനസ്സും ശരീരവും ഈ അവധികാലം ഓടിയകലുമ്പോൾ .തിരുനാളുകളും പെരുന്നാളുകളും ഓരോന്നായി നന്നായി ആഘോഷിച്ചവർ .ദേശിയ അസോസിയേഷനുകളുടെ വാര്ഷികസമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും കഴിഞ്ഞപ്പോൾ കുറെ വിജയികളും അതിലേറെ പരാജിതരും . നഷ്ടങ്ങളുടെ കണക്കെടുന്നവരും , വിജയിച്ചിട്ടും ഇതിന് വേണ്ടിയായിരുന്നോ ഇക്കണ്ട പണമെല്ലാം നഷ്ടപെടുത്തിയതെന്നു കുണ്ഠിതപ്പെടുന്നവരും .
മാനഹാനിയും ധനനഷ്ടവും ചിലർക്കെങ്കിൽ , മനസ്സിൽ ലഡ്ഡു പൊട്ടിക്കാൻ അവസരം കിട്ടാതിരുന്നവർ മറ്റു ചിലർ . ചുരുക്കം ചിലർക്കെങ്കിലും മനസ്സിൽ ലഡ്ഡു പൊട്ടിയില്ലെങ്കിലും കൊഴുക്കട്ടെയെങ്കിലും മനസ്സിൽ പൊട്ടികാണും കാലാവധി ( expired date) കഴിഞ്ഞതാണെങ്കിലും .
ദൈവങ്ങളെ പ്രീണിപ്പിക്കാനും ആൾദൈവങ്ങളെ പ്രസാദിപ്പിക്കാനുമായി ഏകദേശം നൂറു കൊടിയെങ്കിലും പൊടിച്ചുകാണുമി മാമാങ്കങ്ങൾക്കായി.എല്ലാ വർഷവും കാണാറുള്ള നാട്ടിലെ രാഷ്ട്രീയമേലാളന്മാരും പത്രക്കാരും , പുട്ടിനിടയിലെ പീരപോലെ സിനിമ സീരിയൽ നടി നടന്മാരും , ഇവിടെയും കണ്ടു .കുട്ടിയുടുപ്പിട്ട നേതാക്കന്മാർ ഇടക്കിടെ വസ്ത്രക്കടയിലെ പരസ്യമെന്നപോലെ നിറമുള്ള വെസ്റ്റുകളും ധരിച്ചു തിളങ്ങുമീ സമ്മേളനങ്ങളിൽ .ചിലനേതാക്കന്മാർ തിരഞ്ഞെടുപ്പുകഴിഞ്ഞു പൊതുജീവിതത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുന്നതായി കാണുന്നു ചിലപ്പോഴെങ്കിലും . സാമ്പത്തികമോ അതോ അഭിമാനത്തിനേറ്റ ക്ഷതമോ ?.
സമ്മേളനപ്പിറ്റേന്നുകൾ
സമ്മേളനങ്ങളും ആഘോഷങ്ങളും അവസാനിക്കുമ്പോൾ ആരംഭിക്കുന്നു പിളർപ്പുകളും പരസ്പരമുള്ള ചെളിവാരിയെറിയലും .
ദേശിയ സംഘടനകൾ പിളരുന്നു , അന്തർദേശിയസംഘടനകൾ മലയാളിക്കിന്നു മൂന്നോ നാലോ ? പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപെടുമ്പോൾ പഴയ ഭാരവാഹികൾ പാരവാഹികളായി മാറുന്ന ദയനീയമായ, ലജ്ജാകരമായ കാഴ്ചകൾ .ഈ അവസരത്തിൽ ലേഖകനോർമ്മവരുന്നത് നാട്ടിലെ കന്നി മാസത്തിലെ ചില കഥകൾ .
ശുനക സ്വയം വരങ്ങൾ
നാട്ടിലെ എന്റെ ചെറുപ്പകാലത്തിൽ , കന്നി മാസമാകുമ്പോൾ വൈകുന്നേരമാകുമ്പോൾ മുതൽ രാത്രിയുടെ മൂന്നാം യാമങ്ങൾ വരെ പട്ടികളുടെ കുരകളും മോങ്ങലും കേട്ടുറങ്ങാതെ കിടന്നിട്ടുണ്ട് .
എല്ലാ വർഷങ്ങളിലും ഇതിങ്ങനെ മുടങ്ങാതെ നടക്കുന്നത് കൊണ്ട് ഗ്രാമവാസികൾ കേൾക്കാത്ത ഭാവത്തിൽ കിടന്നുറങ്ങാറുമുണ്ട് . വളരെ കൗതുകം തോന്നിയിട്ടുണ്ട് എന്താണിങ്ങനെ നായകൾ മോങ്ങുന്നതെന്നു , ചെറുപ്പമായതു കൊണ്ട് ഒന്നും മനസ്സിലായതുമില്ല .കന്നിമാസത്തിലെ ചില ദിവസങ്ങളിൽ ഞങ്ങളുടെ സോമൻ നായയും ഇങ്ങനെ വളരെ ശോകമായ ഈണത്തിൽ കുരയ്ക്കുകയും മോങ്ങുകയും ചെയ്യാറുമുണ്ടായിരുന്നു . രാത്രിയുടെ രണ്ടാം യാമത്തിൽ ഗ്രാമത്തിലെ എല്ലാ ശുനകന്മാരും ശുനകികളും ( എണ്ണത്തിൽ വളരെ കുറവ്) ഒരുമിച്ചിങ്ങനെ കുരക്കുകയും മോങ്ങുകയും ചെയ്യും .
കുറെ കഴിയുമ്പോൾ അങ്ങകലെയെവിടെയോ നിന്നും പട്ടികളുടെ കുരകൾ നിലവിളികളായി മാറും .
പരസ്പരം കടിപിടികൾ നടത്തുകയാണിശുനകന്മാരെന്നു മനസ്സിലായത് കൗമാരക്കാരനായപ്പോൾ .
കണിയാൻ ഗോപാലൻ പറഞ്ഞു തന്നപ്പോഴാണു,കന്നി മാസത്തിൽ ശുനക കന്യകമാരെ അന്വേഷിച്ചു പോകുമ്പോഴാണ് സാധാരണ പൂവാലൻമാരായ ശുനകർ , കാരണമൊന്നുമില്ലാതെ കുരക്കുകയും മോങ്ങുകയും ഓലിയിടുകയും ചെയ്യാറുള്ളതെന്ന് . ഇണയെ തീക്ഷണമായി ആഗ്രഹിക്കുമ്പോൾ , പ്രണയിക്കുമ്പോൾ ഇഴ ജന്തുക്കൾ പോലും സീല്കാരങ്ങൾ പുറപ്പെടുവിക്കാറുണ്ടല്ലോ . ശിലായുഗം മുതൽ ഇരുകാലികളും നാല്കാലികളും തുടർന്ന് വരുന്നു ഈ പ്രതിഭാസം , പ്രോക്രീയഷൻ എന്ന റിക്രിയേഷൻ .
ശാന്തിമുഹൂർത്തം
ഗ്രാമത്തിലെ ഏതെങ്കിലുമൊരു ശുനക വയസ്സറിയിച്ചാൽ അത് മണത്തറിയും മറ്റു ശുനകന്മാർ .
ഇവിടെയാണ് സംഗതി രസകരമാകുന്നത് . ഒരു ശുനകക്കു വയസ്സറിഞ്ഞാൽ , കാർന്നോമ്മാരാരുമില്ലല്ലോ കേമനായ ഒരു ശുനകനേ അവൾക്ക് തുണയായി അന്വേഷിക്കാനും ശാന്തി മുഹൂർത്തമൊരുക്കാനും .ഇവിടയാണ് സംഭവങ്ങളുടെ തുടക്കം .
" സോമൻ " ഞങ്ങളുടെ നായയുടെ ഓമനപ്പേര് . ആ പേരിട്ടത് ആരാണെന്നറിയില്ല . സാമാന്യം കാണാൻ ഭംഗിയുള്ള സോമന്റെ നിറം ചെങ്കല്ലിന്റെതായിരുന്നു . ഏതോ സങ്കരയിനം മുന്തിയ നായകുട്ടിയാകാനാണ് ചാൻസ് . കാരണം അവന്റെ നിറം ഗ്രാമത്തിലെ മറ്റു നായകൾക്കില്ലായിരുന്നു . ഏതോ ജർമൻ പട്ടിക്ക് നാടൻ നായ ഇനത്തിൽ പെട്ട വലിയവീട്ടിലെ ശുനകസുന്ദരിയിൽ ഉണ്ടായ അനേക നായകുഞ്ഞുങ്ങളിൽ ഒരാളാകാനാണ് വഴി . കാരണം ഏതോ വകയിൽ ഒരമ്മായിയുടെ വീട്ടിൽ , അവരുടെ പട്ടികുട്ടികളിൽ നിന്നും അപ്പൻ എടുത്തുകൊണ്ടുവന്നതാണെന്നു സോമനെന്നു പണി പുലയന്റെ മകൻ പാക്കരൻ എന്ന ഭാസ്കരൻ പറഞ്ഞിരുന്നു ( എന്റെ കളിക്കൂട്ടുകാരൻ ) .
സോമൻ നായക്ക് പുറമെ ഗ്രാമത്തിൽ മറ്റു നായകൾ , ഹിറ്റ്ലറും , മുസ്സോളിനിയും , ടൈഗറും ടിപ്പുവുമൊക്കെ ഇവരിൽ ചിലരുടെ വിളിപ്പേരുകൾ . കടുത്ത കോൺഗ്രസ് വിരോധം ചില നായകൾക്ക് ഗാന്ധിയെന്നും നെഹ്‌റുവെന്നുമുള്ള വിളിപ്പേരുകൾ സമ്മാനിച്ചിരുന്നു .
സോമൻ നായക്ക് ഭക്ഷണം കൊടുക്കാനായി കരിങ്കല്ലിൽ കൊത്തിയ ഒരു കുഴിയൻ പാത്രം , ഉണ്ടായിരുന്നതോർക്കുന്നു . ഏതോ കരിങ്കൽ പണിക്കാരെനെ കൊണ്ടമ്മ കൊത്തിച്ചതാണ് . സാധാരണ നാടൻ പട്ടികൾക്കൊന്നുമില്ലാത്ത ഒരു ഭാഗ്യം അവനു കിട്ടി , സ്വന്തമായ ഒരു പാത്രം .
എന്റെ പൊങ്ങ ഗ്രാമം , ചുറ്റും പാടശേഖരങ്ങളും , ഇടത്തോടുകളും , വട്ടക്കായലും . കൃഷിയില്ലാത്ത മാസങ്ങളിൽ , പാടത്തു വെള്ളം കയറ്റിയിടുമ്പോൾ , വെള്ളത്താൽ ചുറ്റപ്പെട്ട ഒരു വലിയ തുരുത്തുപോലെ .
പട്ടിയുടെ കുരയും , ഉഴവ് പാട്ടുകളും , തെറിവിളികളും , രാമ രാമ ജപങ്ങളും , സന്ധ്യ പ്രാർത്ഥനകളും പരന്ന mവെള്ളപ്പരപ്പിലൂടെ . മൈലുകൾക്കപ്പുറം ചെന്നെത്തുന്ന ഒരു ഓർക്കസ്ട്ര പോലെ . പലപ്പോഴും , പട്ടികൾക്ക് ഭക്ഷണം ഇട്ടു കൊടുത്തിട്ടു , അവയെ വിളിക്കുന്നത് " ഉമ്പോ ഉംബ്ബോ " എന്നാണ് . കേൾക്കുന്ന പട്ടികൾ സന്തോക്ഷത്തോട് വന്നു കഴിച്ചിട്ട് അൽപനേരം അവിടെ ഒക്കെ കറങ്ങി നടന്നിട്ടു ഒന്നുകിൽ വരാന്തയുടെ ഒരു കോണിലോ അല്ലെങ്കിൽ എവിടെയെങ്കിലും ചപ്പോ ചവറോ , നെല്ലിന്റെ പതിരോ കത്തിച്ച ചാരം തണുത്തു കിടന്നാൽ , ആ ചാരത്തിൽ കിടക്കുന്നുറങ്ങാറുണ്ട് . അങ്ങനെയാന്നെന്നു തോന്നുന്നു " ചാരത്തിൽ കിടന്ന് പട്ടിയെപ്പോലെ " എന്ന പ്രയോഗം ഉണ്ടായതെന്ന് കരുതുന്നു .
എനിക്കേറ്റവും കൗതുകമായി തോന്നിയത് എല്ലാ വൈകേന്നേരങ്ങളിലും വെള്ളപ്പരപ്പിലൂടെ ഒരു സംഗീതം പോലെ കേട്ടിരുന്ന ഉമ്പോ ഉമ്പോ വിളികളാണ് , ഒരു പ്രാർത്ഥനാഗീതം പോലെ എല്ലാ വൈകുന്നേരങ്ങളിലും . മിക്കവാറും വൈകുന്നേരങ്ങളിൽ ഒരേസമയത്തായിരിക്കുമല്ലോ മനുഷ്യരെല്ലാം അത്താഴം കഴിക്കുന്നതും , മിച്ചവരുന്നതും , അല്പം മോശമായിട്ടുള്ളതും , എല്ലും മുള്ളുമൊക്കെയെടുത്തു വീടുകളിലെ വളർത്തു നായക്ക് കൊടുക്കുന്നതും .വായനക്കാർക്കു മനസ്സിൽ ഊഹിക്കാവുന്നതേയുള്ളു ഇത്തരം ശീലുകളുടെ അക്ഷരാര്ഥവും ആലങ്കാരികതയും വ്യംഗ്യാർത്ഥവുമൊക്കെ .
ഇനി വീണ്ടും ഞങ്ങളുടെ സോമനെന്ന നായകുട്ടിയുടെ കാര്യത്തിലേക്കു . നായകുട്ടിയായി വന്നു ഇപ്പോൾ തികച്ചും പൂർണ്ണ ആരോഗ്യവാനായ ഒരു നായയായി മാറിയ സോമനെന്ന അൾസേഷ്യൻ ഡോഗ് . നല്ല ചുണകുട്ടിയായിരുന്ന സോമനെ ഡ്രൈവർ മാധവൻ നായർ വിളിക്കുമ്പോൾ അൾസേഷ്യൻ എന്ന് പറയുമ്പോൾ "ആള് ശോഷനെന്നാണ് " പുറത്തു വരുന്നത് . ഓട്ടവും ചാട്ടവും കൊണ്ടവൻ നീണ്ട കൈകകാലുകളും ഒട്ടിയ വയറുമുള്ളൊരു അഭ്യാസി അല്ലെങ്കിൽ തോന്ന്യവാസി ആയിക്കഴിഞ്ഞിരിക്കുന്നു .
അവനും തുടങ്ങിയിരിക്കുന്നു കന്നി മാസത്തിൽ വേലിചാടി ശുനക കന്യകയെ പരിണയിക്കാനുള്ള വെപ്രാളങ്ങളും വേവലാതിയും . ചിലദിവസങ്ങളിൽ അവൻ ഉറക്കമെഴുന്നേറ്റ് അപ്രത്യക്ഷനാകാൻ തുടങ്ങി . പക്ഷെ പലപ്രഭാതങ്ങളിലും അവൻ തിരിച്ചുവരാറുള്ളത് പരാജിതനും ക്ഷിണിതനുമായി . ചെവികൾ തൂങ്ങിയും മുടന്തിയ കാലുകളുമായിയുള്ള അവന്റെ വരവ് അപ്പനുൾപ്പടെ ഞങ്ങളർക്കും മനസ്സിൽ ഉൾക്കൊള്ളാനായില്ല സോമന്റെ ഈ വഴി വിട്ട പോക്കുകൾ . ചങ്ങലയിൽ ബന്ധിച്ചു നോക്കി . ഫലം കണ്ടില്ല . തരം കിട്ടുമ്പോഴൊക്കേ അവൻ വേലിചാടി കൂടുതൽ പരിക്കുകളുമായി തിരിച്ചുവന്നു കൊണ്ടിരുന്നു . വാസ്തവത്തിൽ സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും കൂടുതൽ പരാജയങ്ങളാണെന്നു ഞങ്ങൾക്ക് മനസ്സിലായി . കാരണം പലപ്പോഴും ഒരു ശുനകക്കു വേണ്ടി മത്സരിക്കുക അഭ്യാസികളായ നാടൻ നായകളോടായിരുന്നു .
സോമൻ എന്ന സങ്കര നായക്ക് ഇനിയും വലിയ പരുക്കുകൾ വരാതിരിക്കാൻ അപ്പനൊരു തീരുമാനമെടുത്തു , അവനെ കപ്പാസ് ഇടാൻ . നായയെ സ്റ്റെറിലൈസ് ചെയ്യുന്നതിന്റെ മലയാളം പദമാണ് " കപ്പാസ് "
അറുപതുകളിലൊന്നും ആരും നായയെ കപ്പാസ് ചെയ്യാൻ മൃഗാശുപത്രിയിൽ കൊണ്ടുപോകാറില്ലായിരുന്നു . ഒന്നുകിൽ ഏതെങ്കിലുമിരു മൃഗഡോക്ടറുടെ കൂടെ ജോലിചെയ്ത ഒരാൾ നാട്ടുമ്പുറത്തുണ്ടെങ്കിൽ , പെട്ടെന്നൊരു പശുവിനു പ്രസവസംബന്ധമായ തകരാറു വന്നാലോ കുളമ്പു രോഗം വന്നാലോ ആശ്രയിക്കുക ഇങ്ങനെ ചുരുങ്ങിയ സാങ്കേതിക അറിവുള്ളവരെ സമീപിക്കുക അന്നത്തെ രീതി .
അങ്ങനെ ഞങ്ങളുടെ നാട്ടിലുമൊരു മൃഗഡോക്ടറുണ്ടായിരുന്നു ( മൃഗഡോക്ടറായി പഠിച്ചിട്ടുമില്ല ) സ്കൂളിൽ കഷ്ടി രണ്ടാം ക്ലാസ്സു മാത്രം . ഒരു ഐപ്പ് ചേട്ടൻ . വീട്ടിൽ അന്ന് മൂന്നോ നാലോ പശുക്കളും ഒരു കാളയുമുണ്ടായിരുന്നു . അതുങ്ങടെ ഒക്കെ ചില്ലറ അരിഷ്ടതകൾ മാറ്റിയിരുന്നത് സാക്ഷാൽ ഐപ്പ് ചേട്ടനായിരുന്നു . സോമൻ പട്ടിയെ സ്റ്റെറിലൈസഷൻ ചെയ്യാൻ കേട്ട പാടെ അങ്ങേരു സമ്മതിച്ചു . രണ്ടു സഹായികളെയും , കുറച്ചുപ്പും ചാരവും പഴന്തുണിയും മാത്രമേ നമ്മുടെ ഐപ്പ് ഡോക്ടർ ആവശ്യപ്പെട്ടുള്ളു .
യാതൊരു മയക്കു മരുന്നും നൽകാതെ സോമന്റെ വരി കീറി ഐപ്പ് ഡോക്ടർ അവനെ കപ്പാസു ചെയ്തുവെന്ന് ഞങ്ങൾ അവന്റെ ദയനീയമായ മോങ്ങലുകൾ കെട്ടായിരുന്നു മനസ്സിലാക്കിയത് . കന്നിമാസത്തിലെ ഓലിയിടലുകളും കാമാവേശത്തിലുള്ള മോങ്ങലും പോലെയായിരുന്നില്ല അവന്റെ കരച്ചിലുകൾ . പച്ച മാംസത്തിൽ കത്തിയിറങ്ങുമ്പോൾ ഉണ്ടാവുന്ന അസ്സഹനീയമായ വേദനയുടെ മോങ്ങലുകൾ.
അന്ന് മനസ്സിലായില്ലെങ്കിലും , ആ വേദനയുടെ കാഠിന്യം ലേഖകന് അനുഭവിക്കേണ്ടി വന്നു കുറച്ചെങ്കിലും ഒരു പല്ലുപറിയൻ ഡെന്റൽ സ്റ്റുഡന്റിൻറെ സാഹസികതയിൽ .
ഇൻഡോറിൽ പഠിക്കുന്ന കാലത്തു അസഹ്യമായ ഒരു പല്ലു വേദന . ഒരു മദ്രാസുകാരൻ അയ്യര് ഡെന്റൽ കോളേജ് മൂന്നാം വർഷവിദ്യാർത്ഥി , വെള്ളമടി പാർട്ടിയിൽ വച്ച് തന്ന ഓഫർ മറ്റൊന്നും ചിന്തിക്കാതെയെറ്റെടുത്തു . സ്കൂളിൽ ചെന്നാൽ ആ പല്ലു എടുത്തു കളയാമെന്ന അദ്ദേഹത്തിന്റെ ഓഫർ , കഷ്ടിച്ച് ഏതോ ചെറിയ ഒരു അനസ്‌തെറ്റിക് സ്പ്രേയുടെ ബലത്തിൽ ആരംഭിച്ച പല്ലുപറി എനിക്ക് സമ്മാനിച്ച വേദന അസഹനീയമായിരുന്നു . ഇരുപത്തിരണ്ടുകാരെന്റെ ദൃഢമായ മോണയിൽ നിന്നും , കേവലം ഒരു പോഡിന്റെ മറവിൽ മറ്റൊരു ഇരുപത്തിരണ്ടുകാരൻ ഡെന്റൽ സ്റ്റുഡന്റ് മറ്റാരുടെയും സഹായമില്ലാതെ പല്ലു വലിച്ചൂരിയപ്പോൾ പലതായി പൊട്ടിയ പല്ലിൻ കഷണങ്ങൾ , ഓരോന്നായി കോഡില് കൊണ്ട് വീണ്ടും വീണ്ടും അയ്യര് ഊരിയെടുത്തപ്പോൾ ? . പക്ഷെ അങ്ങനെയൊരു സാഹസികത എന്നെ എന്നന്നേക്കുമായി മാറ്റിയെടുത്തിരുന്നു .
വീണ്ടുമെന്റെ സോമൻ നായയുടെ കപ്പാസിന്റെ കഥയിലേക്ക് :
മുറിവ് പഴുക്കാതിരിക്കാൻ മുറിവിൽ ഉപ്പും ചാരവും വച്ച് , പഴം തുണി വച്ച് മുറുക്കികെട്ടി .
സര്ജറിയേക്കാളും വേദനയായിരിക്കണം മുറിവിൽ വച്ച് കെട്ടിയ ഉപ്പു അവനു സമ്മാനിച്ചത് . അടുത്ത നാല് അഞ്ചു ദിവസം പകലും രാത്രിയും സോമൻ നായുടെ വിങ്ങുന്ന കരച്ചിലുകൾ ഞങ്ങൾ കേട്ടിരുന്നു .
വീണ്ടും അനേക കന്നി മാസങ്ങൾ വന്നെങ്കിലും സോമൻ ശുനക സ്വയം വരങ്ങൾക്കു വേണ്ടി വേലിചാടിയില്ല , ഓരോ ശുനക കുരകളും അവനെ ഓര്മിപ്പിച്ചിരിക്കണം കപ്പാസിന്റെ വേദനകൾ .
ദേശിയ സംഘടനകളുടെ സമ്മേളനങ്ങളും , തെരഞ്ഞെടുപ്പുകളും , പരാജിതരുടെ പരാതികളും എന്റെ ലേഖനവും തമ്മിൽ യാതൊരു സാമ്യവുമില്ല എന്ന് അടിവരയിട്ടു പറയട്ടെ . കാരണം ഞാൻ വെറുമൊരുഭിത്തിയിൽ ഇരുന്നു മറ്റുള്ളവർ ചെയ്യുന്ന പേക്കൂത്തുകളും നല്ല കർമങ്ങളും കാണാൻ മാത്രം ( fly on the wall) ഒരു പറക്കും പ്രാണി .ഒരു സംശയം നിലനിൽക്കുന്നു . തോൽക്കുമെന്നറിഞ്ഞിട്ടും ഏന്തേ നമ്മുടെ ചിലനേതാക്കന്മാർ കെട്ടിപ്പുറപ്പെടുന്നു അവരെക്കാൾ അഭ്യാസികളായ ദേശിയ നേതാക്കന്മാരോട് മത്സരിക്കാൻ ?
ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട് . വേനൽക്കാലത്തെ അസോസിയേഷൻ തിരഞ്ഞെടുപ്പുകൾ കന്യകാ സ്വയംവരങ്ങൾ പോലെയാണ് . രാമായണത്തിലും മഹാഭാരതത്തിലും എത്രയോ ഉദാത്തമായ ഉദാഹരണങ്ങൾ . കോസലരാജാവിന്റെ മകൾ അതീവ സുന്ദരിയായിരുന്ന , അയോനിജയയായ സീതയുടെ സ്വയം വരത്തിനായി എത്തിച്ചേർന്ന രാജകുമാരന്മാരിൽ വിജയിക്കാനായി കഴിഞ്ഞത് ദശരഥപുത്രനായ ശ്രീ രാമനുമാത്രം . സീതയെ വേളികഴിക്കാൻ എത്തിച്ചേർന്ന രാജകുമാരന്മാർക്കൊപ്പം നമ്മുടെ നേതാക്കന്മാർ , ഇന്നിവിടെ മലയാളി സംഘടനയെന്ന സുന്ദരിക്ക്‌വേണ്ടി പ്രായത്തെ മറക്കാൻ നിറമുള്ള കുപ്പായങ്ങളുമണിഞ്ഞു , മഹാവില്ലെടുത്തു കുലയ്ക്കാൻ ശ്രമിക്കുന്നു . അന്തിമമായി ഒരാൾക്കേ വിജയിക്കാൻ കഴികയുള്ളു , പരാജയം സ്പോർട്സ്മാൻ ഷിപ്പിലൂടെ സ്വീകരിക്കുക .
ഇനി അല്പം സിനിമ വിശേഷങ്ങൾ
ഏതാനും വര്ഷങ്ങള്ക്കു മുൻപേ അമേരിക്കയിൽ ആരംഭിച്ച" മീ ടൂ മൂവേമെന്റ് " ഇന്നിപ്പോൾ നമ്മുടെ ദൈവത്തിന്റെ നാട്ടിലും .
സ്ത്രീ പീഡനം ആദാമിന്റെ കാലം മുതൽ ഉണ്ടായിരുന്നു . മനുഷ്യൻ ചന്ദ്രനിലും മറ്റുപഗ്രഹങ്ങളിലും ചെന്നെത്താനും അവിടെ കുടി താമസിക്കാനുമൊക്കെ പ്ലാനും പദ്ധതിയും ഇടുമ്പോൾ , ഇവിടെ ചിലരെങ്കിലും ഇപ്പോഴും സ്ത്രീ പീഡന വീരന്മാർ . ഇവരെ കപ്പാസ് ( സ്റ്റെറിലൈസഷൻ ) ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .പരപുരുഷ പരസ്ത്രീ ബന്ധം ഉഭയ സമ്മതത്തോടെയാണെങ്കിൽ ക്ഷമിക്കാം .
പക്ഷെ സ്ത്രീയെ അവരുടെ അറിവോ സമ്മതത്തോടെയോ അല്ലാതെ ബലാത്സംഗം ചെയ്യുന്നവനെ സ്റ്റെറിലൈസ് ചെയ്തേ മതിയാവു . എന്റെ അഭിപ്രായം പ്രയോഗികമല്ലെന്നറിയാം .ഇവർ പീഡന വീരന്മാർ നമ്മുടെ ഇടയിൽ തന്നെയുണ്ട് . പല വേഷത്തിലും രൂപത്തിലും ഭാവത്തിലും .
മിക്കവാറും എല്ലാ തലോടലുകളികും കരുതലുകളിലും അപകടം പതിയിരിക്കുന്നു . അനാവശ്യവും അനവരസത്തിലുമുള്ള " എടി " വിളികളിലും , " മോളെ " അല്ലെങ്കിൽ " മോളു " വിളികളും അപരിചിതരിൽ നിന്നാണെങ്കിൽ സൂക്ഷിക്കണമവരെ .
ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ