ബെൻസൻവിൽതിരുഹൃദയ ക്നാനായകത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പെസഹാ ആചരണത്തിന് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു.
ചിക്കാഗോ: ബെൻസൻവിൽതിരുഹൃദയ ക്നാനായകത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പെസഹാ ആചരണത്തിന് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. നമുക്കുവേണ്ടി സ്വന്തംശരീരരക്തങ്ങൾ ദാനമായി നൽകി വി.കുർബാന സ്ഥാപിച്ച കർത്താവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ മറക്കരുതെന്നും പൗരോഹിത്യസ്ഥാപനദിനമോർമിപ്പിച്ചുകൊണ്ട് ഉച്ചിയുറയ്ക്കാത്ത പിഞ്ചുകുഞ്ഞിന്റെ ശിരസ്സിൽ മാമോദീസാജലം തളിച്ചാരംഭിച്ച് മരവിച്ച മൃതദേഹത്തിൽ കുന്തിരിക്കമിട്ട് സ്വർഗയാത്രയുടെ അനുഭവങ്ങളിലേയ്ക്ക് നയിക്കുന്ന പുരോഹിതരെ നന്ദിയോടെ ഓർക്കുവാനും പെസഹാ സന്ദേശത്തിൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ ആഹ്വാനം ചെയ്തു. കാൽ കഴുകൽ ശുശ്രൂഷയിൽ റ്റീൻ മിനിസ്ട്രി അംഗങ്ങളായ 12 കുട്ടികളാണ് പങ്കെടുത്തത്. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി നടന്ന പീഡാനുഭവസ്മരണയ്ക്ക് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികനായി. സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ദുഃഖവെള്ളിയുടെ സന്ദേശം നൽകി. സഹനങ്ങളെ ദൈവീക പദ്ധതിയുടെ ഭാഗമായി കാണാനും സ്നേഹത്തിന്റെ എക്കാലത്തെയും പ്രസക്തമായ ചിഹ്നമായ വി. കുരിശിന്റെ മാർഗം നമ്മുടെ ജീവിതവഴികളെ നയിക്കട്ടെയെന്നും അച്ചൻ ആഹ്വാനം ചെയ്തു. കുരിശിൻ്റെ വഴി പ്രാർത്ഥനയ്ക്ക് അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. കുരിശുരൂപം വണങ്ങിയശേഷം എല്ലാവർക്കും നേർച്ചക്കഞ്ഞിയും ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ലീൻസ് താന്നിച്ചുവട്ടിൽ PRO