VAZHITHARAKAL

ജീവിതം സേവന പാതയിലൂടെ ;ജോയി ചാക്കപ്പൻ

Blog Image

"നേതൃത്വം വേറിട്ടതാകുമ്പോഴാണ് അത് ആരാധനയ്ക്ക് അർഹമാകുന്നത്."


അമേരിക്കന്‍ മലയാളികളുടെ മഹാസംഘടനയായ ഫൊക്കാന (Federation of Kerala Asosciations in North America)യുടെ 2024 - 2026 കാലയളവിലേക്കുള്ള ട്രഷററായി ജോയി ചാക്കപ്പനെ തെരഞ്ഞെടുത്തത്, ഒരു മികച്ച നേതാവിന് അമേരിക്കന്‍ മലയാളികള്‍ നല്‍കിയ വലിയ അംഗീകാരം കൂടിയാണ്. കൊരട്ടിയില്‍ നിന്നാരംഭിച്ച് ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിന്‍റെ തിരക്കുള്ള സാംസ്കാരിക ജീവിതത്തിലേക്ക്, പിന്നീട് ഫൊക്കാനയുടെ ട്രഷറര്‍ പദവിയിലേക്ക്, തന്‍റെ ജീവിതയാത്രയില്‍ അദ്ദേഹം എത്തിപ്പിടിച്ചതെല്ലാം ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്.


തുടക്കത്തിന്‍റെ അധ്യായങ്ങള്‍:
കൊരട്ടിയില്‍ നിന്നുള്ള വിജയ യാത്ര
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി, ചൂടും സ്നേഹവും നിറഞ്ഞ ഒരു ചെറിയ ഗ്രാമം. ഇവിടെ നിന്നാണ് ജോയി ചാക്കപ്പന്‍റെ ജീവിതം ആരംഭിച്ചത്. കൊലയിടം വളപ്പില്‍ കുടുംബത്തില്‍, പരേതരായ ചാക്കപ്പന്‍ - മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി ജനിച്ച ജോയി, കുട്ടിക്കാലം മുതല്‍ തന്നെ മനസ്സില്‍ വലിയ സ്വപ്നങ്ങളുമായി വളര്‍ന്നു. മഠം സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ, തുടര്‍ന്ന് കൊരട്ടി ങ.അ.ങ ഹൈസ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവിടെ നിന്നുള്ള വിദ്യാഭ്യാസം പിന്നീട് ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കുന്നതിലേക്ക് വരെ നയിച്ചു. പഠനമികവില്‍ സമാനതകള്‍ ഇല്ലാത്ത ജോയി, കാലടി ശ്രീ ശങ്കര കോളജില്‍നിന്നും ഫിസിക്സില്‍ ബിരുദം എടുത്തു. എന്നാല്‍, അദ്ദേഹത്തിന്‍റെ ജീവിതത്തിന് മറ്റൊരു ദിശ കിട്ടിയത് ബിരുദ പരീക്ഷകളില്‍ നിന്നല്ല മറിച്ച് 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആ രാത്രിയില്‍ നിന്നും പകലില്‍ നിന്നുമായിരുന്നു.


അമേരിക്കയിലെ ജീവിതത്തിന്‍റെ തുടക്കം:
വിദ്യാഭ്യാസവും തൊഴിലും

അമേരിക്കയില്‍ എത്തിയശേഷം, ജോയി കമ്പ്യൂട്ടര്‍ സയന്‍സ് രംഗത്ത് തന്‍റെ പഠനം തുടര്‍ന്നു. അക്കാലത്ത് സമൂഹത്തില്‍ മികവ് തെളിയിക്കുന്നതിന് സാധാരണക്കാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ മറികടന്ന്, തന്‍റെ കഴിവുകള്‍ പുറത്തുകൊണ്ടുവന്നാണ് ജോയി ഒരു ജോലി സ്വന്തമാക്കിയത്. ഇ.ഡി.എസ് കമ്പനിയില്‍ ഐ.ടി. മേഖലയിലാണ് അദ്ദേഹം ജോലി ആരംഭിച്ചത്. ഒരു കരിയര്‍ മാത്രമല്ല, അദ്ദേഹത്തിന് വളര്‍ച്ചയുടെ പാതയായി മാറിയ ഈ ജോലി ജീവിതത്തിന്‍റെ വലിയ ഭാഗം കവര്‍ന്നു എന്ന് വേണമെങ്കില്‍ പറയാം. 34 വര്‍ഷമായി, ഇപ്പോഴും അദ്ദേഹം അതേ കമ്പനിയില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.
അതേസമയം, ജോയി ചാക്കപ്പന്‍റെ  കഴിവുകള്‍ ഐ.ടി. മേഖലയില്‍ മാത്രം പരിമിതമായിരുന്നില്ല. ഫിനാന്‍ഷ്യല്‍ അഡ്വൈസറായും, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന വ്യക്തിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക രംഗത്തെ വിജ്ഞാനവും അനുഭവവും, സമൂഹത്തിനുള്ള സേവനമായി അദ്ദേഹം കാണുന്നു, ഇത് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ മഹത്തായ ഭാഗമാണ്.


സാമൂഹ്യ സേവനത്തിലേക്കുള്ള പ്രവേശനം:
മലയാളികള്‍ക്കായി സമര്‍പ്പിച്ച ജീവിതം

20 വര്‍ഷം മുമ്പ്, ന്യൂജേഴ്സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെ (കെ.സി.എഫ്.), ജോയി തന്‍റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രസിഡന്‍റായി രണ്ടുതവണ, സെക്രട്ടറിയായും ട്രസ്റ്റി ബോര്‍ഡ് അംഗമായും, തുടങ്ങി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കെ.സി.എഫ്-നെ കൂടുതല്‍ പ്രഗത്ഭമായ ഒരു സംഘടനയാക്കി  മാറ്റി.
സീറോ മലബാര്‍ സഭയുടെ ന്യൂജേഴ്സിയിലെ വളര്‍ച്ചയ്ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം, ന്യൂജേഴ്സിയിലെ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ സ്ഥാപക ട്രസ്റ്റിയായിരുന്നു. നാലു തവണ ട്രസ്റ്റിയായി (എട്ട് വര്‍ഷം), ഒരുതവണ സെക്രട്ടറിയായും, പ്രവര്‍ത്തിക്കുകയും സഭയുടെയും പള്ളിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം  നിലനില്‍ക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. 2003-ല്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍റെ ജനറല്‍ സെക്രട്ടറിയായി, കണ്‍വന്‍ഷന്‍ വിജയകരമായി നടത്തിയത് ജോയി ചാക്കപ്പന്‍റെ നേതൃത്വപാടവത്തിന്‍റെ തെളിവായിരുന്നു.


ഫൊക്കാനയ്ക്കൊപ്പമുള്ള 25 വര്‍ഷങ്ങള്‍
 പ്രവര്‍ത്തനങ്ങള്‍: ഉയര്‍ച്ചയുടെ പാത

2018 - 2020 കാലയളവില്‍ ഫൊക്കാനയുടെ ജോയിന്‍റ് സെക്രട്ടറിയായും, അതിനുമുമ്പ് ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാനായും, അദ്ദേഹം സംഘടനയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഫൊക്കാനയുടെ 18-ാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാമുകളുടെ കോ-ഓര്‍ഡിനേറ്ററായി, സേവനം തുടങ്ങിയ നാള്‍മുതല്‍ അദ്ദേഹം തന്‍റെ സംഘാടക കഴിവുകള്‍ തെളിയിച്ചു. നാഷണല്‍ കമ്മിറ്റിയില്‍ അംഗമായും പ്രവര്‍ത്തിച്ച ജോയി, ഫൊക്കാനയുടെ സമഗ്ര വളര്‍ച്ചക്ക് അതുല്യമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
സേവനത്തിനും നേട്ടങ്ങള്‍ക്കും ഒപ്പം ജോയി ചാക്കപ്പന്‍ ഫൊക്കാനയുമായി സഹകരിച്ചിട്ടുള്ള 25 വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ സമൂഹത്തിനുള്ള സമര്‍പ്പണത്തിനും അസാമാന്യ പാടവത്തിനും തെളിവാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം ഫൊക്കാനയിലേക്ക് സമഗ്രമായി അടുക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് അദ്ദേഹം നിരവധി പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഡോ. സജിമോന്‍ ആന്‍റണിയ്ക്കും ശ്രീകുമാര്‍ ഉണ്ണിത്താനുമൊപ്പം കരുത്തുറ്റൊരു ടീമിന്‍റെ ഭാഗമായിട്ടാണ് ജോയി, ഫൊക്കാനയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. അത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിനുള്ള വലിയ അംഗീകാരമായി മാറി. മലയാളി സമൂഹത്തിന്‍റെ ഐക്യത്തിനും വളര്‍ച്ചയ്ക്കും തുടര്‍ച്ചയായി സമര്‍പ്പിച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.


നാട്ടുകൂട്ടത്തിലെ നന്മ നിറഞ്ഞ മനുഷ്യന്‍

സാമൂഹിക നീതിയും സാംസ്കാരിക ഐക്യവും ഒത്തുചേരുന്ന ജോയി ചാക്കപ്പന്‍റെ മറ്റൊരു പ്രിയപ്പെട്ട കൂട്ടായ്മയാണ് 'നാട്ടുകൂട്ടം', 35 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സാംസ്കാരിക ഐക്യത്തിന്‍റെ ശക്തമായ മാതൃകയായി ഈ സംഘടന തുടരുകയാണ്. ജാതിയും മതവും മറികടന്ന് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ, മലയാളികളുടെ ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് ലക്ഷ്യമിടുന്നത്. മലയാളം മറക്കാതെ, യുവതലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും തമ്മില്‍ ബന്ധം സൃഷ്ടിക്കാന്‍ ശ്രദ്ധിക്കുന്ന നാട്ടുകൂട്ടം, വ്യക്തിപരമായ പരിഗണനകളില്ലാതെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന ഒരു ശക്തമായ സമൂഹവേദി കൂടിയാണ്.


പ്രവര്‍ത്തനങ്ങളുടെ പറുദീസകള്‍

ഒരാള്‍ക്കും സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ ഒരു സ്വയം പര്യാപ്ത സിസ്റ്റം സൃഷ്ടിക്കുക എന്നതാണ് ഏതൊരു സംഘടനാ പ്രവര്‍ത്തനത്തിലും ജോയി ചാക്കപ്പന്‍  വിശ്വസിക്കുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പകരമായി പണം മാത്രം ആശ്രയിക്കുന്നത് വേണ്ട, അതിനുപകരം, മനുഷ്യബന്ധങ്ങളുടെയും സഹകരണങ്ങളുടെയും ശക്തി ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ സാധ്യമാക്കാവുന്നതാണ് എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. ഇതിലൂടെ എല്ലാ അംഗങ്ങള്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുന്നതാവണം ഓരോ സംഘടനയുടെയും ലക്ഷ്യം. എല്ലാവരെയും ഒപ്പം നിര്‍ത്തുകയും അവര്‍ക്കും സംഘടനയിലൂടെ കൂടുതല്‍ അവസരങ്ങളും നല്‍കുക. അതാണ് ജോയി ചാക്കപ്പന്‍റെ ലക്ഷ്യം.


ഫൊക്കാന ബിസിനസ് ഡയറക്ടറി:
മലയാളി പ്രൊഫഷനലുകളുടെ കൂട്ടായ്മ

ഫൊക്കാനയുടെ പുതിയ ബിസിനസ് ഡയറക്ടറി തയാറാക്കുന്നതിലൂടെ മലയാളി പ്രൊഫഷണലുകളെ ഒരുമിച്ചുള്ള കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ജോയി ചാക്കപ്പന്‍ ലക്ഷ്യമിടുന്നത്. ഈ ഡയറക്ടറിയുടെ പ്രധാന ആസൂത്രണം, അമേരിക്കന്‍ മലയാളി സമൂഹത്തിലെ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ക്ക് ഒരു വ്യത്യസ്തവും ശക്തവുമായ പ്ലാറ്റ്ഫോം നല്‍കുക എന്നതാണ്. എല്ലാ അംഗങ്ങളും അവരുടെ മേഖലയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ നൂതനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പുതിയ തുടക്കമാണ് ഈ ഡയറക്ടറി. സാധാരണ അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ അവരുടെ ചെറു വിവരണങ്ങളും കൂടി
ഉള്‍പ്പെടുത്തി ഒരു അടയാളപ്പെടുത്തലായി ഈ ഡയറക്ടറിയെ മാറ്റുകയാണ് ഫൊക്കാനയുടെ  ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
'സുതാര്യമാണ് ഫൊക്കാനയുടെ  പ്രവര്‍ത്തനങ്ങള്‍ - പുതിയ തലമുറയെ ഫൊക്കാനയിലേക്ക് കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. യൂത്ത് വിഷന്‍ പദ്ധതി ഉണ്ടാക്കും. നിയമജ്ഞര്‍, മറ്റു യുവപ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ കോര്‍ത്തിണക്കി ഒരു പ്രോജക്ട് നടപ്പിലാക്കും. മലയാളി സമൂഹത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് പുതിയ തലമുറ ഉണ്ടാകേണ്ടത് ആവശ്യമാണ്', ജോയി ചാക്കപ്പന്‍ തന്‍റെയും ഫൊക്കാനയുടെയും നിലപാട് പറഞ്ഞത് ഇങ്ങനെയാണ്.


ഭവനം പ്രോജക്ട്: അശരണരായവര്‍ക്കായി വീടുകള്‍
ഫൊക്കാനയുടെ ഭവനം പ്രോജക്റ്റിന്‍റെ പ്രധാന ലക്ഷ്യം അശരണരായ വ്യക്തികള്‍ക്ക് സുരക്ഷിതമായ, ശാശ്വതമായ വീടുകള്‍ പണിയുന്നത് ആണ്. ഇത്തരം പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഭവനസഹായം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനും, എല്ലാവര്‍ക്കും നിത്യതയുള്ള വീട് നല്‍കാനുമാണ് ഈ പദ്ധതി. ഭവനം പ്രോജക്ട് ഫൊക്കാനയുടെ സാമൂഹിക ഉത്തരവാദിത്വത്തിനും, സമൂഹത്തിന്‍റെ വരുമാനം കുറഞ്ഞ വിഭാഗങ്ങളുടെ സംരക്ഷണത്തിനും വലിയ പങ്ക് വഹിക്കും. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഫൊക്കാന ഈ പദ്ധതിയും ഉയര്‍ത്തിക്കൊണ്ട് വന്നത്.


കേരളാ കണ്‍വന്‍ഷന്‍-2026

ഫൊക്കാന 2026 ഓഗസ്റ്റ് 1 - 2 തീയതികളില്‍, കുമരകത്ത് കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഈ രണ്ട് ദിവസത്തെ പരിപാടി ഒരു കുടുംബ വെക്കേഷനായി ആസൂത്രണം ചെയ്തിരിക്കുകയാണ്. കുടുംബങ്ങള്‍ ഒന്നിച്ചു വന്ന് വിശ്രമകാലം ചെലവഴിക്കാന്‍, പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍, സാമൂഹിക - സാംസ്കാരിക അടിത്തറകളില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഒരു അവസരമാകും ഇത്. ഈ ആശയം കണ്ടെത്തുമ്പോള്‍ ഫൊക്കാന ആഗ്രഹിക്കുന്നത് കേരളത്തിന്‍റെ പഴയ സംസ്കാരം നമ്മുടെ യുവതലമുറ കൂടി അറിയട്ടെ, മനസ്സിലാക്കട്ടെ എന്നാണ്. സാഹിത്യം, സംസ്കാരം, കല എല്ലാം കൂട്ടിയിണക്കി ഒരു മഹനീയമായ ഒത്തുചേരലാകും കേരളാ കണ്‍വന്‍ഷന്‍.


വയനാട്ടില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

ഫൊക്കാന, വയനാട്ടില്‍ നടന്ന പ്രദേശിക ദുരന്തത്തില്‍ പെട്ടവര്‍ക്കായി അവശ്യ സഹായം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. ഈ സഹായപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഫൊക്കാനയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അനുഭവ സമൃദ്ധമായവ ആയിരിക്കും, കൂടാതെ ഫൊക്കാന പുതിയ പ്രതിസന്ധികളില്‍ അനിവാര്യമായ പിന്തുണ നല്‍കാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഏതു പ്രതിസന്ധികളിലും കേരളത്തിനുവേണ്ടി ശബ്ദിക്കുവാനും ഫൊക്കാന ഒപ്പമുണ്ടാകും.


കുടുംബം: അര്‍പ്പണത്തിന്‍റെയും 
പിന്തുണയുടെയും ആധാരം

ഭാര്യ വല്‍സമ്മ ജോയി, കോട്ടയം കുമരകം സ്വദേശി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ശേഷം ടെസ്റ്റ് എഴുതി മെഡിക്കല്‍ ഫീല്‍ഡിലേക്ക് മാറിയ വ്യക്തിയാണ്. നേഴ്സിംഗ് പഠിച്ചു. രണ്ട് മാസ്റ്റേഴ്സ് എടുത്തു. സൈക്യാട്രിസ്റ്റായി പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നു. മകള്‍ നീന ജോയി ക്യൂന്‍സ് ഹോസ്പിറ്റലില്‍ ഡോക്ടറാണ്.  മകന്‍ നവീന്‍ ജോയിയാകട്ടെ മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്നു. എങ്കിലും തുടര്‍ പഠനത്തിനായി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ എം.ബി.എ യ്ക്ക് ഉടന്‍ ചേരും. ജോയി ചാക്കപ്പന്‍ ബര്‍ഗര്‍  കൗണ്ടിയിലെ വീട്ടില്‍, കുടുംബ സ്നേഹത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും സത്യസന്ധമായ ജീവിതം നയിക്കുന്നു. കുടുംബമാണ് ഏതൊരു സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെയും കാതലെന്നു അദ്ദേഹം വിശ്വസിക്കുന്നു.


മലയാളി സമൂഹത്തിന്‍റെ അഭിമാനം
2023-ല്‍ ജോയി ചാക്കപ്പന്  ലഭിച്ച  ബര്‍ഗന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് തന്‍റെ  സാമൂഹ്യ  സംഭാവനകള്‍ക്കുള്ള അംഗീകാരമായി. കൂടാതെ നിരവധി വേദികളില്‍ വിവിധങ്ങളായ ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫൊക്കാനയുടെ ട്രഷറര്‍ പദവിയില്‍  അദ്ദേഹം ഒരു പുതിയ അദ്ധ്യായം തുടങ്ങി മുന്നോട്ടു പോകുമ്പോള്‍ ജോയി ചാക്കപ്പന്‍റെ ജീവിതം, പ്രവര്‍ത്തനങ്ങള്‍, കഴിവുകള്‍ എന്നിവ അദ്ദേഹത്തെ ഫൊക്കാനയുടെ ഏറ്റവും നല്ല നേതാക്കളില്‍ ഒരാളാക്കി മാറ്റുന്നു. സാമൂഹിക സേവനം, സാംസ്കാരിക ബോധം, സാമ്പത്തിക വിന്യാസം എന്നിവയുടെ സമന്വയമാണ് അദ്ദേഹത്തിന്‍റെ പ്രബലത. മാതൃഭൂമിയുടെ ആത്മാവും അമേരിക്കന്‍ ഭൂമിയുടെ സംരക്ഷണവുമുള്ള ഒരു നേതാവായി, ജോയി ചാക്കപ്പന്‍ ഫൊക്കാനയുടെ ഭാവി കാഴ്ചപ്പാടിന് അതുല്യമായ സംഭാവനകളുമായി മുന്നോട്ട് പോകുന്നു.
'സേവനമനുഷ്യനായി ജനങ്ങള്‍ക്കായി ജീവിക്കുക' എന്ന അദ്ദേഹത്തിന്‍റെ ദര്‍ശനം, പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാകുന്നു. ജോയി ചാക്കപ്പന്‍ ഫൊക്കാനയ്ക്ക് ഒരു നേട്ടം മാത്രമല്ല, എല്ലാവര്‍ക്കും മാതൃകയാണ്. അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.