VAZHITHARAKAL

ജോയി ഇട്ടൻ ;സ്നേഹം ചേർത്ത് ജീവിതം എഴുതുന്ന മനുഷ്യൻ (വഴിത്താരകൾ )

Blog Image

"അപരജീവിതത്തിൽ അനുദിനം സഹായം ചൊരിയുകിൽ, ധന്യമാകുമീ യാത്ര "

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാവുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഒന്നുകിൽ  ഒരു നേരത്തെ അന്നം, അതുമല്ലെങ്കിൽ വസ്ത്രം, വെള്ളം, താമസം തുടങ്ങി നമ്മൾ കൊടുത്തുകൊണ്ടേയിരിക്കണം. എത്ര നമ്മൾ പകുത്തു നൽകുന്നു അത്രത്തോളം നമ്മളിൽ എല്ലാം നിറഞ്ഞു നിൽക്കും എന്നാണ്. ഈ കൊടുക്കൽ വാങ്ങൽ തന്നെയാണ് മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്ന്  വ്യത്യസ്തമാക്കുന്നതും അതുപോലെ തന്നെ  അപചയം സംഭവിക്കാതെ നിലനിർത്തുന്നതും.

മനുഷ്യത്വം ജനിക്കുമ്പോൾ

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സംഘടനാപ്രവർത്തനങ്ങളിലൂടെയും  അമേരിക്കയിലും കേരളത്തിലും ഒരു വലിയ മാതൃകയായി മാറിയ വ്യക്തിയാണ് ജോയി ഇട്ടൻ. സംഘടനാ പ്രവർത്തനം കൊണ്ടും, നേതൃത്വം കൊണ്ടും പലരെയും അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആദ്യ പുരസ്കാരം , തിരുവനന്തപുരം കരുണാഹസ്തം ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡ് ,കേരളാ സെന്ററിന്റെ പുരസ്കാരമടക്കം  നിരവധി അംഗീകാരങ്ങൾ നേടിയതോടെ അദ്ദേഹം അമേരിക്കൻ  മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു.മൂവാറ്റുപുഴ  ഊരമന  ഗവ. ഹൈ സ്കൂൾ  ലീഡർ ആയി തുടങ്ങിയ സാമൂഹ്യ പ്രവർത്തനം,കേരളാ  യൂണിവേഴ്സിറ്റി  യൂണിയൻ  കൗൺസിൽ   മെമ്പർ,  കെ എസ് യു - ജനറൽ  സെക്രട്ടറി , കെ പി സി സി മെമ്പർ , യൂത്ത്  കോൺഗ്രസ് എറണാകുളം  ജനറൽ സെക്രട്ടറി , എറണാകളും ജില്ല  ട്രേഡ്  യൂണിയൻ - പ്രസിഡന്റ് (ടിംബർ വർക്കേഴ്സ്  യൂണിയൻ , ഓട്ടോ  റിക്ഷാ  ഡ്രൈവേഴ്സ്  യൂണിയൻ , ബിൽഡിംഗ് വർക്കേഴ്സ്  യൂണിയൻ തുടങ്ങിയ നിലകളിലേക്ക് വ്യാപിക്കുകയും തുടർന്ന് ഒരു നാടിന്റെ തന്നെ ഹൃദയമായി അദ്ദേഹം മാറുകയും ചെയ്തു . ഒരു മനുഷ്യനെ മഹാനാക്കുന്നത് അദ്ദേഹത്തിന്റെ  ചുറ്റുപാടാണ്,  കുടുംബമാണ്,  സാമൂഹ്യ സാഹചര്യമാണ്. പിതാവിൽ  നിന്നും മുൻ തലമുറകളിൽ നിന്നും പകർന്നു കിട്ടിയ നന്മയാണ് ജോയ് ഇട്ടൻ  സമൂഹത്തിലേക്ക് പകർന്നു നൽകുന്നത്. മൂവാറ്റുപുഴ  ഊരമന പാടിയേടത്തു കുടുംബാംഗമാണ്   അദ്ദേഹം.നന്മയുടെ ഉറവ വറ്റാത്ത ഒരു കുടുംബത്തിൽ നിന്നും അമേരിക്കയുടെ സാംസ്കാരിക ഭൂമികയിലേക്ക് പറിച്ചുനടപ്പെട്ട ഒരു ജീവിതം .അവിടെ നിന്നും ലഭിച്ച വിജയസാധ്യതകൾ മാതൃരാജ്യത്തിന്റെയും ജന്മനാടിന്റെയും നന്മയ്ക്കായി മാറ്റിവെച്ച ഒരു നല്ല മനുഷ്യൻ .അതാണ് ജോയി  ഇട്ടൻ .

അമേരിക്കൻ അനുഭവങ്ങൾ മാറ്റിമറിച്ച ജീവിതം

മൂവാറ്റുപുഴയുടെ രാഷ്ട്രീയ ഭൂമികയിൽ ഒരുകാലത്ത് സജീവമായിരുന്ന ഒരാൾ .ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുകയും കേരളരാഷ്ട്രീയ രംഗത്ത് മൂവാറ്റുപുഴയുടെ നിറസാന്നിധ്യമായി മാറുകയും ചെയ്ത  സമയത്താണ് ജോയ് ഇട്ടൻ അമേരിക്കയിലേക്ക് എത്തുന്നത് .
അമേരിക്കയിൽ എത്തിയ ശേഷവും  സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ തുടക്കം മുതൽ സജീവമായി .ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനിൽ തുടങ്ങിയ പ്രവർത്തനം അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയിലേക്കും തുടർന്ന് ഫൊക്കാനയുടെ നാഷണൽ ട്രഷറർ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ്  തുടങ്ങി നിരവധി പദവികളിൽ പ്രവർത്തിക്കുകയും ചെയ്തു .ഫൊക്കാന അദ്ദേഹത്തിന്റെ പ്രവർത്തന മഹത്വം മനസിലാക്കുകയും അദ്ദേഹത്തെ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വത്തിലേക്ക് നയിക്കുകയും ചെയ്തു .വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ രണ്ടു തവണ  പ്രസിഡന്റ്,മലങ്കര യാക്കോബായ അമേരിക്കൻ ഭദ്രാസനം മൂന്നു തവണ  കൗൺസിൽ മെമ്പർ,മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്   നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി  ,കോലഞ്ചേരി മെഡിക്കൽ കോളേജ് മാനേജിംഗ്  കമ്മിറ്റി അംഗം ,കൂത്താട്ടുകുളം ബസേലിയോസ് എൻജിനീയറിങ് കോളേജ്  ഡയറക്ടർ ബോർഡ് അംഗം,മലങ്കര  യാക്കോബായ സെന്റർ വൈഡ് പ്ലെയിൻസ്‌ ജനറൽ സെക്രട്ടറി , ഇപ്പോൾ ട്രസ്റ്റി ആയും വിജയക്കൊടി പാറിച്ച മുന്നേറ്റം അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വലിയ വിജയമാണ് സമ്മാനിച്ചത് .
ഒരുപക്ഷെ ഇത്രത്തോളം സ്ഥാനങ്ങൾ അമേരിക്കയിലും കേരളത്തിലും അലങ്കരിച്ച ഒരു പൊതു പ്രവർത്തകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മനുഷ്യരോടുള്ള ഇടപെടലും, കൃത്യമായി നേതൃപാടവവുമാണ് ജോയി  ഇട്ടനെ  ഈ നിലയിലേക്ക് നയിച്ചത്. കൂടാതെ സാംസ്കാരിക പ്രവർത്തങ്ങളുടെ ഭാഗമായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യം പ്രത്യേകം എടുത്തു പറയേണ്ടതാണ് .

ജീവനിൽ അലിഞ്ഞു ചേർന്ന ജീവകാരുണ്യം

ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വ രംഗത്ത് ജോയി  ഇട്ടൻ വന്നതോടെ ആ പദ്ധതികളുടെ നടത്തിപ്പിന് ഒരു രൂപവും ഭാവവും വന്നു എന്നുതന്നെ പറയാം .ഫൊക്കാന "സ്നേഹ വീട് "എന്ന പദ്ധതിയിലൂടെ നിരവധി മനുഷ്യരുടെ ഭവനം എന്ന സ്വപ്നം നിറവേറ്റാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന്  കഴിഞ്ഞു . ഒൻപത്  വീടുകൾ സ്വന്തമായും,പത്താമത്തെ വീടിന്റെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു .എല്ലാവിധ സൗകര്യങ്ങളോടു കൂടിയ വീടാണ് എല്ലാവർക്കും വേണ്ടത് എന്നാണ് ജോയി ഇട്ടൻ്റെ സങ്കല്പം. അതിന് അനുസരിച്ചു തന്നെയാണ് എല്ലാ വീടുകളുടെ പണിയും  പൂർത്തിയാക്കിയത്.അഞ്ച്  നിർധനരായ യുവതികളുടെ വിവാഹം എല്ലാ ചിലവുകളും നൽകി നടത്തി കൊടുത്തതും കർമ്മനിരതനായ അദ്ദേഹത്തിന്റെ  സ്നേഹത്തിന്റെ ചില കണങ്ങളിൽ ഒന്ന് മാത്രമാണ്. ഉപരി പഠനത്തിന് നാല്  കുട്ടികൾക്ക് പൂർണ്ണമായും ചെലവ് വഹിച്ചു അവർക്കു ജോലിയിലും പ്രവേശിക്കുവാൻ അവസരം നൽകിയതും,  മൂന്നു കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും അതേ സ്നേഹത്തിന്റെ ബാക്കിപത്രങ്ങളാണ്.

ഒരിക്കൽ ഒരു ട്രയിൻ യാത്രയിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് വിധവയായ ഒരു സ്ത്രീ വീട് വേണമെന്ന ആവശ്യം പറഞ്ഞപ്പോൾ അദ്ദേഹം ഉടൻ തന്നെ ജോയി ഇട്ടനെ വിളിച്ച് അവൾക്ക് വീട് നിർമ്മിച്ച നൽകാൻ ആവശ്യപ്പെട്ട ഒരു സംഭവമുണ്ട്. പിറവത്ത് ഇടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ഒരു  വിധവയ്ക്കും, അവരുടെ പെൺമക്കൾക്കും എല്ലാ സൗകര്യങ്ങളോടു കൂടിയ വീട് നിർമ്മിച്ചു നൽകിയത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇത് കൂടാതെ വിദ്യാഭ്യാസമാണ് ഒരു വ്യക്തിയുടെ വളർച്ചയുടെ നാഴികക്കല്ല് എന്ന് വിശ്വസിക്കുന്ന ജോയി ഇട്ടൻ തന്നെ തേടി വരുന്ന ഒരു വിദ്യാർത്ഥിയേയും നിരാശരാക്കാറില്ല എന്നത് യഥാർഥ്യമാണ്. നേഴ്സിംഗ് തുടങ്ങി നിരവധി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന ജോയി ഇട്ടൻ കഴിഞ്ഞ പത്ത് വർഷമായി ഇത് തുടരുന്നുണ്ട്.

ചെറുതും വലുതുമായ സഹായങ്ങൾ വേറെയും നൽകുന്ന അദ്ദേഹത്തിന്റെ പോളിസി മനുഷ്യൻ വിശന്നിരിക്കരുതെന്നും തലചായ്ക്കാൻ ഒരു കൂര ഇല്ലാതിരിക്കരുതെന്നും എന്ന വിശാലമായ ചിന്താഗതിയാണ് .തന്റെ നേരെ കൈനീട്ടുന്ന ഏതൊരാൾക്കും ജോയി  ഇട്ടൻ അവരുടെ ആവശ്യമനുസരിച്ച് ഒരു സഹായി മാത്രമല്ല .നല്ലൊരു സുഹൃത്തുകൂടിയാണ് .

ലോക കേരള സഭയും അനുബന്ധ പ്രവർത്തനങ്ങളും

കേരളത്തിൻ്റെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കുന്ന ലോക കേരള സഭയുടെ മെമ്പറായി പ്രവർത്തിക്കുന്ന  ജോയി ഇട്ടൻ ലോക കേരള സഭയുടെ സമ്മേളനങ്ങളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു. അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോക മലയാളികളുടെ പ്രശ്നങ്ങൾ പഠിച്ച് വിഷയത്തെ അവതരിപ്പിച്ച് സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനും കഴിഞ്ഞു. അമേരിക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ സർക്കാരിൻ്റെ മുൻപിൽ വച്ച പ്രവാസി ട്രൈബൂണൽ ഉൾപ്പെടെ ഉള്ള നിരവധി പ്രോജക്ടുകൾ സർക്കാർ പരിഗണനയ്ക്കു എടുത്തത് തന്നെ ജോയി  ഇട്ടൻ്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയാണ്.ലോക കേരളസഭ  അമേരിക്കൻ മേഖലാ സമ്മേളനത്തിന് വിജയത്തിന് നേതൃത്വം നൽകിയ പ്രധാനപ്പെട്ടവരിൽ ഒരാളായിരുന്നു ജോയ് ഇട്ടൻ .കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നിട്ടും അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കപ്പെട്ട പരിപാടി എന്ന നിലയിൽ അതിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ നന്മയായി കരുതാം .

വരും കാല മുന്നേറ്റങ്ങൾ

2024 - 2026 സജിമോൻ ആൻ്റെണി നേതൃത്വം നൽകുന്ന ഫൊക്കാനയുടെ കേരളാ കൺവൻഷൻ ചെയർമാനാണ് ജോയി ഇട്ടൻ. കേരളത്തിൽ ഫൊക്കാനയുടെ കൺവൻഷന് നേതൃത്വം കൊടുക്കുവാൻ ജോയി ഇട്ടനെ  പോലെ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും എന്നത് തന്നെയാണ് അദ്ദേഹത്തിന് ഈ സ്ഥാനം നൽകാൻ കാരണം.
അത്രത്തോളം സംഘാടന പാടവം അദ്ദേഹത്തിന് കേരളത്തിലും അമേരിക്കയിലും ഉണ്ട്. ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിലെ കഴിവുകൾ 2025 ൽ നടക്കാൻ പോകുന്ന കേരളാ കൺവൻഷന് മുതൽ കൂട്ടാവും എന്ന് തന്നെയാണ് അമേരിക്കൻ  മലയാളികൾ വിശ്വസിക്കുന്നത്.

ഒരു മനുഷ്യന്റെ എല്ലാ ഉയർച്ചയ്ക്കും പിറകിൽ അദ്ദേഹത്തിന്റെ കുടുംബവുമുണ്ടാകും.പരേതരായ മാതാപിതാക്കൾ ഇട്ടൻ പിള്ള ,ഏലിയാമ്മ ഇട്ടൻ എന്നിവരുടെ കരുതലിൽ വളർന്ന ജോയി  ഇട്ടന്   ഭാര്യ ജെസി ഇട്ടൻ , മക്കൾ ആൻ മേരി ഇട്ടൻ ( അറ്റോർണി ) , മരുമകൻ : കെവിൻ സണ്ണി , എലിസബത്ത് ഇട്ടൻ ( അധ്യാപിക  ) , ജോർജ് ഇമ്മാനുവേൽ ഇട്ടൻ ( മെഡിക്കൽ വിദ്യാർത്ഥി  ) ,കൊച്ചുമക്കൾ ജൂലിയ ,ജോഷ്വാ എന്നിവരും സഹോദരങ്ങളായ ഷെവലിയാർ ജോർജ് ഇട്ടൻ ,ജെയിംസ്  ഇട്ടൻ ,മേരി ഈപ്പൻ,ഡെയ്‌സി പോൾ (എല്ലാവരും അമേരിക്കയിൽ )അദ്ദേഹത്തിന്റെ  എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട് .

 മനുഷ്യനെ മാനുഷികത കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ള ജീവികളിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നതും അത് തന്നെയാണ് എന്ന് ജോയ് ഇട്ടന്റെ ജീവിത വഴികൾ നമ്മെ പഠിപ്പിക്കുന്നു .
അതെ ,ജോയ് ഇട്ടൻ ഒരു മാതൃകയാണ് .എന്താണ് സംഘടനാ പ്രവർത്തനമെന്നും അതെങ്ങനെയാണ് സമൂഹത്തിനു വഴികാട്ടിയാണെന്ന് വരും കാലത്തിനും  ഓർമ്മപ്പെടുത്തുന്ന മാതൃക .അദ്ദേഹം തന്റെ യാത്ര തുടരട്ടെ ..ആശംസകൾ ...


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.