"വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല . തയ്യാറെടുപ്പിൻ്റേയും കഠിനാധ്വാനത്തിൻ്റേയും പരാജയത്തിൽ നിന്നുള്ള പാഠത്തിൻ്റേയും ഫലമാണത് "
വിജയമല്ല സന്തോഷത്തിന്‍റെ താക്കോല്‍. സന്തോഷമാണ് വിജയത്തിന്‍റെ താക്കോല്‍. നിങ്ങള്‍ ചെയ്യുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ വിജയിക്കുമെന്ന് തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കാട്ടിത്തരുന്ന മനുഷ്യരാണ് ലോകത്തിന് വിജയം സമ്മാനിച്ചിട്ടുള്ളത്. കൈ വെച്ച മേഖലകളിലെല്ലാം വിജയം വരിച്ച ഒരു വ്യക്തിയുണ്ട് ന്യൂജേഴ്സിയില്‍. ദിലീപ് വര്‍ഗീസ്. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍. കഠിനാധ്വാനവും ബുദ്ധിപൂര്‍വ്വമായ ആസൂത്രണത്തിലൂടെയും, നേര്‍വഴിയിലൂടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ സുസ്ഥിര വിജയം വരിച്ച ദിലീപ് വര്‍ഗീസിന്‍റെ ജീവിത കഥ ഒരു പാട്ടുപോലെ സാന്ദ്രമാണ്.
തൃശൂരില്‍ നിന്നും അമേരിക്കയിലേക്ക്
തൃശൂരിലെ അറിയപ്പെട്ടിരുന്ന രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകനും, രണ്ടുതവണ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.സി. വര്‍ഗീസിന്‍റെയും, റോസിയുടെയും മകനായ ദിലീപ് വര്‍ഗീസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. പൊതുജനാരോഗ്യ വകുപ്പില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ദിലീപ് അമേരിക്കയില്‍ എത്തുന്നത്. സ്വന്തം ബിസിനസ്സ് കരുപ്പിടിപ്പിക്കണമെന്ന കടുത്ത ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും അദ്ദേഹത്തിനുണ്ടായിരുന്നു. മുടക്കുമുതല്‍ സംഘടിപ്പിക്കുന്നതിനായി പല ജോലികള്‍ ചെയ്തു.
നിരവധി കോണ്‍ട്രാക്ടര്‍മാരുടെ കൂടെ പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യുവാര്‍ക്ക് നഗരസഭയില്‍ ഉദ്യോഗസ്ഥനായ ഐസക്ക് ജോണ്‍ (തമ്പി) സിറ്റിയുടെ ഒരു പോഗ്രാം അറിയിച്ചു. അത് അദ്ദേഹം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. അങ്ങനെ അരലക്ഷം ഡോളറുമായി ഡി ആന്‍ഡ് കെ. കണ്‍സ്ട്രക്ഷന്‍സ് 1979-ല്‍ ആരംഭം കുറിച്ചു. ആദ്യഘട്ടത്തില്‍ വിഷമതകളുണ്ടായിരുന്നെങ്കിലും നിശ്ചയ ദാര്‍ഢ്യവും സ്വന്തം ബിസിനസ് കരുപ്പിടിപ്പിക്കണമെന്ന അഭിവാഞ്ചയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും ഭാര്യ കുഞ്ഞുമോളുടെ അകമഴിഞ്ഞ പിന്തുണയും കരുത്തായി.
സബ്കോണ്‍ട്രാക്ടറില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലേക്ക്
സബ്കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ ചെറിയ ജോലികളാണ് ആദ്യം ഏറ്റെടുത്തത്. ഇതില്‍ നിന്നും ആര്‍ജിച്ച വിശ്വാസ്യത കൂടുതല്‍ വലിയ ജോലികള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കി. കരാര്‍ പണികള്‍ ഏറ്റെടുക്കുമ്പോള്‍ ജോലിയുടെ വലുപ്പം അനുസരിച്ചുള്ള തുകയ്ക്ക് ബോണ്ടിങ് ഗ്രാന്‍റ് നല്‍കേണ്ട സ്ഥാപനങ്ങളുടെ സഹകരണം നേടാന്‍ ദിലീപ് ശ്രദ്ധിച്ചു. 1979-ല്‍ രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോള്‍ അമേരിക്കയിലെ തന്നെ വലിയ കമ്പനിയായി മാറി. കമ്പനി ഏറ്റെടുത്ത ജോലികളില്‍ 99 ശതമാനവും യു.എസ്. ആര്‍മി, നേവി എയര്‍ ഫോഴ്സിനും വേണ്ടി ആയിരുന്നു. അമേരിക്കന്‍ രാജ്യരക്ഷാവകുപ്പിനും ഫെഡറല്‍ ഏജന്‍സികള്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിലുമായി ആയിരക്കണക്കിന് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ട് ജോലികള്‍. കൃത്യതയുടെയും അര്‍പ്പണ മനോഭാവത്തോടെയും രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ പിന്തുണയോടുകൂടി പബ്ലിക് കോണ്‍ട്രാക്ടര്‍മാരുടെ മുന്‍നിരയിലേക്ക് വളര്‍ന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്‍റെ ഉടമ. അമേരിക്കന്‍ മിലിട്ടറി മേഖലയില്‍ നിരവധി പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ വിശ്വസ്ഥനായി മാറിയ കോണ്‍ട്രാക്ടര്‍ കൂടിയാണ് അദ്ദേഹം.
ഡി ആന്‍ഡ് കെ (ദിലീപ് ആന്‍ഡ് കുഞ്ഞുമോള്‍)
കണ്‍സ്ട്രക്ഷന്‍റെ വിജയഗാഥ
കൃത്യതയോടെ ഏറ്റെടുത്ത ജോലികള്‍ നിര്‍വ്വഹിക്കുന്ന കമ്പനി എന്ന പേര് തുടക്കത്തില്‍ തന്നെ ലഭിച്ചതോടുകൂടി ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ (ദിലീപ് ആന്‍ഡ് കുഞ്ഞുമോള്‍) കമ്പനി വിജയത്തിലേക്ക് കുതിക്കുവാന്‍ തുടങ്ങി. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വലിയ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായി ഡി ആന്‍ഡ് കെ മാറി. പിന്നീട് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പലരും ഈ കമ്പനിയുടെ തണലില്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലേക്ക് ചുവടു വെച്ചു. ദിലീപ് വര്‍ഗീസ് അവരെയൊക്കെ പരമാവധി സഹായിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും അദ്ദേഹം ശ്രദ്ധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്കുകുകയും ചെയ്യും. സ്വന്തം കമ്പനിക്ക് ഇത്തരം കമ്പനികള്‍ ഭാവിയില്‍ ഒരു ഭീഷണിയായി മാറുമെന്നുള്ള ചിന്തയൊന്നും ദിലീപ് വര്‍ഗീസിനെയും കുഞ്ഞുമോളെയും അലട്ടുന്നില്ല.
സാങ്കേതിക നൈപുണ്യം, മാനേജ്മെന്‍റ് വൈദഗ്ധ്യം
സാങ്കേതിക നൈപുണ്യം, മാനേജ്മെന്‍റ് വൈദഗ്ധ്യം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങളാണ് അദ്ദേഹത്തിന്‍റെ വിജയം നിര്‍ണ്ണയിക്കുന്നത്. ഗുണമേന്മയോടെ നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ജീവനക്കാരുടെ പിന്‍ബലത്തോടെ ഒരേസമയം നിരവധി പ്രൊജക്ടുകളും അസംഖ്യം സബ്കോണ്‍ട്രാക്ടര്‍മാരേയും കൈകാര്യം ചെയ്യാന്‍ കഴിവുള്ള കമ്പനി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിലിട്ടറി ആസ്ഥാനങ്ങളിലും മറ്റും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും നേരിടാതെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രത്യേക വൈദ്ഗ്ധ്യം പ്രകടമാക്കുന്നു. ഏറ്റെടുത്ത ജോലികളില്‍ പണം നഷ്ടമായ ഒറ്റ സംഭവംപോലും ഇത്രയും വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ പറയുമ്പോള്‍ വിജയിച്ച ഒരു സംരംഭകനെ നോക്കിക്കാണാം.
ദീര്‍ഘവീക്ഷണവും ആസൂത്രണ പാടവവും
ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വളര്‍ച്ചയുടെ പ്രധാന ഘടകം ദിലീപ് വര്‍ഗീസിന്‍റെയും കുഞ്ഞുമോളുടെയും ദീര്‍ഘവീക്ഷണവും ആസൂത്രണ പാടവവുമാണ്. ക്രമാനുഗതമായ വളര്‍ച്ചയായിരുന്നു ഇരുവരുടെയും ലക്ഷ്യം. കുറഞ്ഞത് രണ്ട് മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ശൈലിയാണ് അദ്ദേഹത്തിന്‍റേത്. പതിനഞ്ച് മില്യണ്‍ ഡോളര്‍ മുടക്കി അമേരിക്കന്‍ ഡിഫന്‍സിനു വേണ്ടി പികറ്റിനി മിലിട്ടറി സേഡില്‍ ദിലീപ് നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ സമുച്ചയം യുദ്ധഭൂമിയില്‍ അമേരിക്കയെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് രാജ്യത്തിന് സമര്‍പ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ദിലീപാണെന്നുള്ളത് മിലിട്ടറിക്ക് അദ്ദേഹത്തോടുള്ള വിശ്വാസ്യതയെ സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ രംഗത്തേക്ക്
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ നിരവധി സ്കൂള്‍ പ്രൊജക്ടുകളാണ് ദിലീപ് വര്‍ഗീസിന്‍റെ കമ്പനി ന്യൂജേഴ്സി സ്കൂള്‍ ഡവലപ്മെന്‍റ് അഥോറിറ്റിക്കു വേണ്ടി പൂര്‍ത്തീകരിച്ചത്. 30 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂജേഴ്സിയില്‍ പണികഴിപ്പിച്ച സ്കൂള്‍ ന്യൂജേഴ്സിയിലെ സ്കൂളുകളുടെ ഗണത്തില്‍ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധനേടിയതാണ്. ദിലീപിന്‍റെ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച 'സീദെര്‍ ഹില്‍' എന്ന പ്രൈവറ്റ് സ്കൂള്‍ ഇതിനോടകം തന്നെ പ്രശസ്തിയിലേക്കുയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനം ആണ്. വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെടുന്നവ്യക്തിത്വത്തിനുടമയായ നന്ദിനി മേനോന്‍റെ പങ്കാളിത്തത്തോടെയാണ് പന്ത്രണ്ട് വര്‍ഷം മുന്‍പ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ദിലീപ് വര്‍ഗീസിന്‍റെ മകന്‍ അജിത്, രഘു മേനോന്‍ എന്നിവരും ഈ സ്കൂളിന്‍റെ പങ്കാളികളാണ്. 350 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കിന്‍റര്‍ ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെ. 'ബ്ലൂ റിബണ്‍' ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഇത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ദിലീപ് വര്‍ഗീസ് തന്‍റെ സഹജീവി സ്നേഹ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ആരംഭിച്ച 'ശാന്തി ഭവന്‍ സ്കൂള്‍' ഇതിനൊരു തുടക്കമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും അനാഥരുമായ മുന്നൂറില്‍പ്പരം കുട്ടികളെ എടുത്തുവളര്‍ത്തി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കി ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ നിര്‍മ്മാണ സമയത്ത് ദിലീപ് വര്‍ഗീസ് വലിയ സഹായം നല്‍കി ഒപ്പംനിന്നു. 1995-ല്‍ ആരംഭിച്ച ഈ സ്ഥാപനം നിരവധി കുട്ടികളുടെ ജീവിതത്തിന്‍റെ തണലാണ്. ഇവിടെനിന്നും പഠിച്ചിറങ്ങിയ പല കുട്ടികളും ലോകത്തിന്‍റെ പല കോണുകളിലും ജോലി ചെയ്യുകയും അവര്‍ സ്കൂളിന്‍റെ പ്രമോട്ടര്‍മാരായി മാറുകയും ചെയ്യുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത്. ഫാ. ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്നി ഫൗണ്ടേഷന് ആയിരം ഡയാലിസിസ് കിറ്റുകള്‍, കോവിഡ് സമയത്ത് തൃശൂര്‍ ഗവണ്മെന്‍റ് ആശുപത്രിക്ക് വെന്‍റിലേറ്റര്‍ നല്‍കി. കൂടാതെ തന്നെ തേടിയെത്തുന്ന എല്ലാവരെയും സഹായിക്കുവാനും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുവാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ആദരവുകള്‍
പ്രവര്‍ത്തന രംഗത്തെ മേന്മയും സമൂഹത്തിന് നല്‍കിയ സംഭാവനയും മാനദണ്ഡമാക്കി ന്യൂയോര്‍ക്ക് സ്റ്റേറ്റിന്‍റെ ലൈഫ് ടൈം അച്ചീവ് മെന്‍റ് അവാര്‍ഡ് 1996-ല്‍ ലഭിച്ച ദിലീപിനെ വിവിധ ഇന്ത്യന്‍ സംഘടനകളും ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രവാസി ചാനലിന്‍റെ 'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പത്നി കുഞ്ഞുമോളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. അക്കൗണ്ട്സ് വിഭാഗം അവരുടെ മേല്‍നോട്ടത്തിലാണ്. നേരത്തെ മെഡിക്കല്‍ ടെക്നോളജി രംഗത്ത് ജോലി നോക്കിയിരുന്ന കുഞ്ഞുമോള്‍ ദിലീപിന്‍റെ സംരംഭം വളര്‍ന്ന് വികസിച്ചപ്പോള്‍ മാനേജ്മെന്‍റ് കാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാനായിട്ടാണ് സ്വന്തം കമ്പനിയില്‍ എത്തുന്നത്. കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപൂര്‍വമായ ആസൂത്രണത്തോടു കൂടിയ അധ്വാനമാണ് ദിലീപിന്‍റെ വിജയത്തിന്‍റെ കാതല്‍. ഈ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും ദിലീപ് വര്‍ഗീസ് നല്‍കുന്നത് ഭാര്യ കുഞ്ഞുമോള്‍ക്കാണ്.
ജീവിതം സംഗീത മയം
അമേരിക്കയില്‍ ഇന്ത്യന്‍ പാട്ടുകളുടെ ശേഖരമുള്ള ദിലീപ് വര്‍ഗീസിനെ പോലെ മറ്റൊരു മലയാളി ഉണ്ടോ എന്ന് സംശയമാണ്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകളുടെ ശേഖരമുള്ള അദ്ദേഹം പാട്ടുകേള്‍ക്കാനായി ദിവസവും രണ്ട് മണിക്കൂറെങ്കിലും മാറ്റിവെക്കും. മാറിയ കാലത്തില്‍ സംഗീതത്തെ കൂടുതല്‍ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി പാട്ട് ഗ്രൂപ്പുകളിലും സജീവമായ ദിലീപ് വര്‍ഗീസ് ഏതൊരു ചെറിയ പ്രശ്നത്തേയും തരണം ചെയ്യുന്നത് പാട്ടുകളിലൂടെയാണ്. തമിഴ് ഗായകന്‍ സൗന്ദര്‍ രാജന്‍ തുടങ്ങി മലയാളത്തില്‍ എം.ജി. ശ്രീകുമാര്‍ വരെ ഉള്ള ബന്ധം വിലമതിക്കാനാവാത്തതാണ്. സൗന്ദര്‍ രാജന്‍ ന്യൂജേഴ്സിയില്‍ വരുന്ന നാളുകളിലൊക്കെ തന്നോടൊപ്പമാണ് താമസം. അദ്ദേഹത്തിന്‍റെ ഹൈപിച്ച് പാട്ടുകള്‍ ഒക്കെ ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. യേശുദാസ്, സുശീലാമ്മ, എസ്. ജാനകി, ജയചന്ദ്രന്‍ തുടങ്ങി എല്ലാവരുടേയും പാട്ടുകള്‍ ഇഷ്ടമാണ്.
കേരളത്തിലേക്കുള്ള യാത്രകളില്‍ എല്ലാം പാട്ടുകേള്‍ക്കലാണ് പ്രധാന പരിപാടി. 1985-ല്‍ നടന്‍ പ്രേംനസീറുമായി തുടങ്ങിയ ബന്ധം അദ്ദേഹത്തിന്‍റെ മരണംവരെ ഉണ്ടായിരുന്നു. അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ദിലീപ് വര്‍ഗീസ് എം.ജി. ശ്രീകുമാറുമായി ഉണ്ടാക്കിയ സൗഹൃദം ഒരു യാത്രയില്‍ കാറില്‍ പാട്ട് ഇട്ട് തുടങ്ങിയതാണ്. ആ ബന്ധം നിരവധി ചാനലുകളിലെ സംഗീത പരിപാടികള്‍ക്ക് അതിഥിയായും പങ്കെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഉമ്പായിയുടെ ഗസലുകളുടേയും ആരാധകനായ ദിലീപ് വര്‍ഗ്ഗീസിന് പാട്ടുകള്‍ ഇല്ലാതെ ഒരു ജീവിതമില്ല.
ദിലീപ് വര്‍ഗീസ് എന്ന കര്‍ഷകന്‍
കേരളത്തിന്‍റെ നന്മ എക്കാലവും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയാണ്. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ക്കേ കൃഷിയോട് വലിയ താല്പര്യമുണ്ടായിരുന്നുവെങ്കിലും ബിസിനസിലേക്ക് കടന്നതുകൊണ്ട് കൃഷിയിലേക്ക് തിരിഞ്ഞിരുന്നില്ല. ഒപ്പം ബിസിനസില്‍ ഉണ്ടായിരുന്ന സുഹൃത്ത് കെ.എസ്. കുമാര്‍ ജെമേക്കയില്‍ ആയിരം ഏക്കര്‍ കൃഷിഭൂമി വാങ്ങി കൃഷി ചെയ്യുന്ന ഒരു സംരംഭത്തിന് ഒപ്പം കൂടാമോ എന്ന് ചോദിച്ചു. അങ്ങനെ ഫാം ബിസിനസിലേക്കും തിരിഞ്ഞു. ഇപ്പോള്‍ ഇരുന്നൂറ് ഏക്കറില്‍ തുടങ്ങിയ കൃഷി ആയിരം ഏക്കറിലേക്ക് വളരുന്നു.
കുടുംബം, ജീവിത വിജയം
പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരിക്കെ പി.എസ്പി സ്റ്റേറ്റ് പ്രസിഡന്‍റായിരുന്നു ദിലീപ് വര്‍ഗീസിന്‍റെ പിതാവ് ബി.സി. വര്‍ഗീസ്. ചാലക്കുടിയില്‍ നിന്ന് ഒരു തവണ മത്സരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സിലും ജേര്‍ണലിസത്തിലും ഡിപ്ലോമയും നേടിയ ശേഷം ബി.സി. വര്‍ഗീസ് മദ്രാസ് ലയോള കോളജില്‍ അദ്ധ്യാപകനായി. പിന്നെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. പിന്നീട് പട്ടം താണുപിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി.എസ്.പി വിട്ടു. അന്‍പത്തിയേഴാമത്തെ വയസില്‍ അദ്ദേഹം മരിച്ചു. പിന്നീട് കണ്ണിലെ കൃഷ്ണമണിപോലെ മക്കളെ നോക്കി വളര്‍ത്തിയ അമ്മ റോസി വര്‍ഗീസിനു ജനുവരി നാലിന് 101 വയസ്സ് തികഞ്ഞു. അമ്മയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ തൊണ്ടയിടറി. അമ്മയ്ക്ക് പകരം അമ്മ മാത്രം. ഒന്‍പതു മക്കളാണ്. അഞ്ചാണും നാലു പെണ്ണും. മൂന്നുപേര്‍ അമേരിക്കയിലുണ്ട്. ദിലീപ് വര്‍ഗീസിന്‍റെ പത്നി കുഞ്ഞുമോള്‍ 'ഓക്സ്ഡന്‍റല്‍ കണ്‍സ്ട്രക്ഷന്‍' എന്ന കമ്പനിയുടെ ചുമതല വഹിക്കുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഗവണ്മെന്‍റ് ഏജന്‍സികളുടെ വര്‍ക്കുകള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കമ്പനി ഏറ്റെടുത്ത് നടത്തുന്നു. എഞ്ചിനിയറായ ഏകമകന്‍ അജിത് വര്‍ഗീസ് പിതാവിന്‍റെ പാതയില്‍ ഒപ്പമുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ മുന്നില്‍കണ്ട് സ്ഥാപിച്ചതാണ് 'ക്രോസ് റോഡ്സ് സര്‍വീസസ്'. കുടുംബത്തിന്‍റെ പിന്തുണയും അമ്മയുടെ പ്രാര്‍ത്ഥനയും കൂടി ആകുമ്പോള്‍ അദ്ദേഹത്തിന്‍റെ വിജയത്തിന് പത്തരമാറ്റ് തിളക്കം.
ദിലീപ് വര്‍ഗീസ് പടുത്തുയര്‍ത്തിയ സാമ്രാജ്യം മലയാളികള്‍ക്ക് എക്കാലത്തെയും അഭിമാനമാണ്. ദിലീപ് വര്‍ഗീസിന്‍റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ശുഭാപ്തി വിശ്വാസവും സര്‍വോപരി ആസൂത്രണ മികവും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തെ മികച്ച സംരംഭകനാക്കുന്നതും അസൂയാവഹമായ വിജയങ്ങള്‍ വാരിക്കൂട്ടാന്‍ പ്രാപ്തനാക്കുന്നതും. അദ്ദേഹത്തിന്‍റെ ജീവിതം പുതിയ തലമുറയ്ക്കുള്ള പാഠപുസ്തകമാണ്. ജീവിതത്തില്‍ വിജയം കൊയ്യാന്‍ വെമ്പുന്നവര്‍ക്ക് നേരിന്‍റെ വലിയ മാതൃക. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ദിലീപ് വര്‍ഗീസ് തന്‍റെ യാത്ര തുടരട്ടെ.... പ്രാര്‍ത്ഥനകള്‍ ...