ഒരു വിഷു കൂടി വന്നുപോയി. മക്കൾ കൂടെയുണ്ടായിരുന്ന ആ നല്ല നാളുകളിൽ വിഷുവിന് എന്തു മധുരമായിരുന്നു! തലേന്നു രാത്രി തന്നെ അവർ ഉറക്കമാകുമ്പോഴേക്കും വിഷുക്കണി ഒരുക്കി വയ്ക്കും. വിഷുപ്പുലരിയിൽ ഓരോരുത്തരെയായി കിടപ്പു മുറിയിൽ നിന്നു കണ്ണു പൊത്തിപ്പിടിച്ചുകൊണ്ടുവന്ന് വിഷുക്കണി കാണിക്കും. ഞാൻ മുണ്ടും നേരിയതും ധരിച്ചുനിന്ന് മൂന്നു പേർക്കും ഓരോ ഒറ്റരൂപ ത്തുട്ട് വിഷുക്കൈനീട്ട മായി നൽകും. കൈനീട്ടം വാങ്ങിയിട്ട് അവർ എന്റെ കാൽ തൊട്ടു വണങ്ങി, കെട്ടിപ്പിടിച്ച് ഉമ്മ തരും. ഉച്ചയാകുമ്പോൾ ജാൻസി വാഴയിലയിൽ വിഭവ സമൃദ്ധമായ സദ്യ വിളമ്പും. പായസമാണ് സദ്യയിലെ താരം.
പതിവ് തെറ്റിക്കാതെ ജാൻസി ഇന്നലെയും വിഷുക്കണി ഒരുക്കി. ഉരുളിക്കു പകരം വാഴയിലയിൽ അരിയും,ധാന്യങ്ങളും, കണിവെള്ളരിയും, നാളികേരവും, മാങ്ങയും, ചക്കയും, പഴങ്ങളും, കൊന്നപ്പൂവും നാണയത്തുട്ടുകളും മാത്രമല്ല, ആറന്മുള കണ്ണാടിയും വിശുദ്ധ ബൈബിളും നിരത്തിവച്ചൊരുക്കിയ കണി കാണാൻ ഞാൻ മാത്രം! പ്രിയതമക്കും ജോലിക്കാരിക്കും വിഷു ക്കൈനീട്ടം കൊടുത്ത ശേഷം കുരിശു പിടിപ്പിച്ച നിലവിളക്കിന്റെ നാളങ്ങളിൽ നോക്കി നിൽക്കേ, ഓർമ്മകളുടെ തിരയടിയിൽ എന്റെ കണ്ണുകൾ ഈറനണിഞ്ഞോ?
പകലും രാത്രിയും ഏതാണ്ട് തുല്യമായി വരുന്ന മേടം ഒന്ന് പുതു വർഷ പുലരിയാകുന്നത് എങ്ങനെയെന്നോ, ഈ കാർഷികോത്സവത്തിൽ സമൃദ്ധി സ്വപ്നം കണ്ടുകൊണ്ട് പാവം കർഷകൻ കാർഷിക പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നത് എങ്ങനെയെന്നോ, ' വിത്തും കൈക്കോട്ടും ' നീട്ടിപ്പാടുന്ന വിഷുപ്പക്ഷി എവിടെയെന്നോ ഒന്നും അന്നത്തെപ്പോലെ പറഞ്ഞുകൊടുക്കാൻ അവരാരും ഇപ്പോൾ കൂടെയില്ലല്ലോ. നാ രകാസുരൻ ശ്രീകൃഷ്ണനാൽ വ ധിക്കപ്പെട്ട കഥയോ, രാവണന്റെ മേൽ രാമൻ നേടിയ വിജയത്തിന്റെ കഥയോ വിഷുവുമായി ബന്ധിപ്പിച്ചു പറഞ്ഞാൽ കേൾക്കാൻ അവർ കൂടെ യില്ലല്ലോ. കണിയുടെ ഭാഗമായി ബൈബിൾ കൂടി വച്ചും കുരിശുള്ള നിലവിളക്കു കൊളുത്തിയും പകർന്നു കൊടുക്കാൻ ശ്രമിച്ച മത മൈത്രിയുടെയും സാംസ്കാരിക സംഗമത്തിന്റെയുമൊക്കെ സന്ദേശം അവർ ഉൾക്കൊണ്ടിട്ടുണ്ടല്ലോ : അതു വലിയ ആശ്വാസം തന്നെ !
അല്ല, 'അച്ഛനുമമ്മയും കൊമ്പത്ത്, മക്കൾ മൂന്നും വരമ്പത്ത് ' എന്നാ യിരിക്കുമോ വിഷുപ്പക്ഷി അപ്പോൾ പാടിയത്? എന്തുകൊണ്ടാവാം നിശ്ശബ്ദതയുടെ ആ നിമിഷങ്ങളിൽ എന്റെ കൈകൾ അവളെ പുണരാൻ നീണ്ടത്? അന്നൊക്കെ നമ്മൾ അഞ്ചു പേർ, ഇന്നു നമ്മൾ രണ്ടു പേർ. ഇനി ഒരാൾക്കു വേണ്ടി മാത്രമായി വിഷു കടന്നു വരുന്ന നാളിനെ ഓർത്തു ഭയന്നിട്ടാകുമോ ?
ജയിംസ് ജോസഫ് കാരക്കാട്ട്