PRAVASI

ജനാധിപത്യത്തിന്‍റെ കാവല്‍ക്കാര്‍

Blog Image
ഭാവിയെകുറിച്ചുള്ള ആശങ്കയാണ് കാലിഫോര്‍ണിയായില്‍നിന്നുള്ള മലയാളി യുവതി ലിസാ ജോസഫിനെ തന്‍റെ കോര്‍പറേറ്റ് ജോലിപോലും ഉപേക്ഷിച്ച് ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസിന്‍റെ പ്രചരണത്തില്‍ സജീവമാകുവാന്‍ പ്രേരിപ്പിച്ചത്. ലിസയെപോലുള്ള അനേകര്‍ക്കൊപ്പം നമുക്കും ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാകാം.  

അമേരിക്കയെ ഒരു സ്വയംഭരണ ജനാധിപത്യ റിപ്പബ്ലിക്കായി സ്ഥാപിക്കുവാന്‍ തോമസ്സ് ജെഫേഴ്സണ്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്പികളെ സ്വാധീനിച്ച മുഖ്യ ഘടകം, ഈ ദേശത്തുള്ള ജനതയ്ക്ക് ജീവിക്കുവാനുള്ള അവകാശവും, സ്വാതന്ത്ര്യവും സന്തോഷവും പ്രദാനം ചെയ്യുന്നൊരു ജീവിതം തുടരുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതുമായിരുന്നു. രണ്ടര നൂറ്റാണ്ടോളമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചും ഭേദഗതികള്‍ക്ക് വിധേയപ്പെട്ടും നിലനില്ക്കുമ്പോഴും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും ആദര്‍ശങ്ങളും ഇപ്പോഴും അതേപടി നിലകൊള്ളുന്നു. രാഷ്ട്രീയ ചായ്വുകളിലും നിലപാടുകളിലും വ്യക്തമായ അന്തരം നിലനില്ക്കുമ്പോഴും ദേശീയ സുരക്ഷയേയും താല്പര്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക്-ഇന്‍ഡിപെന്‍ഡന്‍റ് എന്ന പരിഗണന കൂടാതെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പൊതുനിലപാട് സ്വീകരിക്കുവാനും സമവായം കണ്ടെത്തുവാനും കഴിഞ്ഞിരുന്നു.
വ്യവസ്ഥാപിതമായ നിയമങ്ങളും ഭരണഘടനാപരമായ സംവിധാനങ്ങളും അധികാര ദുര്‍വിനിയോഗം തടയുന്ന ശക്തമായ നടപടികളും ജനതയുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ദേശീയപ്രതിബദ്ധതയും പൗരബോധവുമൊക്കെയാണ് അമേരിക്കന്‍ ജനാധിപത്യത്തിന് ഇക്കാലമത്രയും സുരക്ഷാകവചം തീര്‍ത്തിരുന്നത്. മാധ്യമങ്ങളുടെ ജാഗ്രതയും നിരീക്ഷണ കണ്ണുകളും പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അവ വഹിച്ച നിര്‍ണായക പങ്കും വിസ്മരിക്കാനാകില്ല.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന് അനിവാര്യമാണ്. ജനഹിതം അറിയുവാനുള്ള തെരഞ്ഞെടുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുകയെന്നത് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്. വോട്ടവകാശം വിനിയോഗിക്കുകയെന്നത് ജനങ്ങളുടെ പൗരധര്‍മ്മവും ജനവിധി അംഗീകരിക്കുകയെന്നത് മത്സരാര്‍ത്ഥികളുടെ കടമയും. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എവിടെങ്കിലും വീഴ്ചയോ അട്ടിമറിയോ സംഭവിച്ചാല്‍ ജനാധിപത്യത്തിന്‍റെ നിലനില്പ് ദുര്‍ബലമാകും. 2020 നവംബര്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ കൂട്ടാക്കാതെ, ഒരട്ടിമറിയിലൂടെ പ്രസിഡണ്ടായി തുടരുവാന്‍ ശ്രമിച്ച ഡോണള്‍ഡ് ട്രംപും അദ്ദേഹത്തെ അന്ധമായി അനുകരിക്കുകയും സായുധവിപ്ലവത്തിനുകൂടി തയാറായതുമായ അനുഭാവികള്‍ അമേരിക്കന്‍ ജനാധിപത്യത്തിന് ഒരു ഭീഷണിയായി തുടരുന്നു.
അമേരിക്കന്‍ ജനാധിപത്യം നിലനിര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഭരണഘടനാപരമായി സ്ഥാപിതമായിട്ടുള്ള ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നീ സ്വതന്ത്ര ഭരണസംവിധാനങ്ങളാണ്. ഇവ മൂന്നിനും വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള അധികാര മണ്ഡലവും ഏതെങ്കിലും വിഭാഗത്തിന്‍റെ അധികാര ദുര്‍വിനിയോഗ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നതിനും വിഫലമാക്കുന്നതിനും ഉതകുന്ന 'ചെക്ക് ആന്‍ഡ് ബാലന്‍സ്സ് സിസ്റ്റ'വും ഉണ്ട്. നിയമനിര്‍മ്മാണ ചുമതല വഹിക്കുന്ന ലെജിസ്ലേറ്റീവിന് ഒരിറ്റ് മേല്‍ക്കോയ്മ കല്പിച്ചാണ് ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളതെങ്കിലും ഇടവേളകളില്‍ ഉടലെടുക്കുന്ന ഈഗോ ക്ലാപ്പ്കള്‍ക്കപ്പുറം പൂര്‍ണ്ണമായ ഭരണസ്തംഭനം അതുമൂലമുണ്ടാകാറില്ല. ദേശീയതാല്പര്യം മുന്‍നിര്‍ത്തി മുതിര്‍ന്ന റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് നേതാക്കള്‍ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധരായി സമവായം കണ്ടെത്തുന്നതുവഴിയാണ് പലപ്പോഴും ലെജിസ്ലേറ്റീവിലെ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് പക്ഷങ്ങള്‍ തമ്മിലും ലെജിസ്ലേറ്റീവ്-എക്സിക്യൂട്ടീവ് ബ്രാഞ്ചുകള്‍ തമ്മിലുമുള്ള ഭിന്നത പരിഹരിക്കപ്പെടുന്നത്. അത്തരം സമവായങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍നിന്നും അപ്രത്യക്ഷപ്പെടുത്തുന്ന സമീപനമാണ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തെ പ്രീണിപ്പിക്കാന്‍ ഏതറ്റംവരെ പോകാന്‍ സന്നദ്ധരായ തീവ്ര വലതുപക്ഷ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പ്രതിനിധി സഭാംഗങ്ങളും കൈക്കൊള്ളുന്നതിപ്പോള്‍. ജനങ്ങളാല്‍ തിരസ്കരിയ്ക്കപ്പെട്ടിട്ടും അമേരിക്കയുടെ ലെജിസ്ലേറ്റീവ് അജണ്ട നിയന്ത്രിക്കുവാന്‍ ഡോണള്‍ഡ് ട്രംപിന് സാധ്യമാകുന്നുവെന്നത് ജനാധിപത്യബോധ്യം ഇവിടെ ദുര്‍ബലമാകുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണ്.
അമേരിക്കന്‍ പ്രസിഡണ്ട് നിയന്ത്രിക്കുന്ന എക്സിക്യുട്ടീവ് ബ്രാഞ്ചും ലെജിസ്ലേറ്റീവ് ബ്രാഞ്ചായ യുഎസ് കോണ്‍ഗ്രസ്സിന്‍റെ ഭാഗമായ സെനറ്റും തമ്മിലുള്ള ധാരണയും പരസ്പര ബഹുമാനവും അമേരിക്കന്‍ ഭരണസംവിധാനത്തിന്‍റെ സുഗമമായ പ്രയാണത്തിന് മുഖ്യ ഘടകമാണ്. പ്രസിഡണ്ടിന്‍റെ കാബിനറ്റ് അംഗങ്ങള്‍, സുപ്രധാന വകുപ്പുകളുടെ മേധാവികള്‍, സുപ്രീംകോര്‍ട്ട് ഫെഡറല്‍ കോര്‍ട്ടസ്സ് എന്നിവയിലെ ജഡ്ജസ് എന്നിവരെയെല്ലാം നോമിനേറ്റ് ചെയ്യുവാനുള്ള അവകാശം പൂര്‍ണ്ണമായും പ്രസിഡണ്ടില്‍ നിക്ഷിപ്തമാണ്. എങ്കിലും പ്രസ്തുത പദവികളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് യുഎസ് സെനറ്റിന്‍റെ സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ അതതു പദവികളില്‍ പ്രവേശിക്കാനാകൂ. നോമിനികളുടെ അറിവും അനുഭവവും പശ്ചാത്തലവും സ്വഭാവവുമെല്ലാം വിശദ പരിശോധനയ്ക്ക് വിധേയമാക്കി അനുയോജ്യനെന്നു കണ്ടെത്തിയാല്‍ മാത്രമേ നോമിനേഷനുകള്‍ക്ക് സെനറ്റ് സ്ഥിരീകരണം ലഭിക്കാറുള്ളൂ. സെനറ്റിലെ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് സഹകരണവും സമവായവും ഇത്തരം സ്ഥിരീകരണങ്ങള്‍ സുഗമവും അനുയോജ്യവുമാക്കുന്നു. ആദ്യ ഊഴത്തില്‍ സെനറ്റിന്‍റെകൂടെ സഹകരണത്തോടെയും ധാരണയോടും കൂടെ കാബിനറ്റ് നിയമനങ്ങള്‍ നടത്തിയ ഡോണള്‍ഡ് ട്രംപ്, സുപ്രീംകോര്‍ട്ട് ജഡ്ജ് ബ്രട്ട് കവൗ നവീനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെമേല്‍ നടത്തിയ അന്വേഷണത്തിലെ ഗൗരവ കണ്ടെത്തലുകള്‍ സെനറ്റര്‍മാരില്‍നിന്നും മറച്ചുവെച്ചാണ് അദ്ദേഹത്തിന്‍റെ സ്ഥിരീകരണം തരപ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപിന് നിയമ പരിരക്ഷ നല്‍കിയ വിധിന്യായത്തെ അനുകൂലിച്ചവരില്‍ ജസ്റ്റിസ് ബ്രട്ട് കവൗനവും ഉള്‍പ്പെടും.
ഇക്കാലമത്രയുമുള്ള ചരിത്രം പരിശോധിച്ചാല്‍ അനേകം അറിവും അനുഭവവും ആത്മാര്‍ത്ഥതയും ദേശസ്നേഹവുമുള്ള സെനറ്റര്‍മാരാലും പ്രതിനിധി സഭാംഗങ്ങളാലും സമ്പന്നവും അലംകൃതവുമായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസ്. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും വ്യക്തിപ്രഭാവം തെളിയിച്ചവരും ജനഹൃദയങ്ങളില്‍ ഇടംനേടിയിട്ടുള്ളവരുമായ അവരിലേറെയും സ്വന്തം പ്രതിച്ഛായയുടെ കരുത്തില്‍മാത്രം പലപ്പോഴും പ്രൈമറി തെരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടേണ്ടിവരാതെപോലും തുടര്‍ച്ചയായി പുനര്‍വിജയം കൈവരിച്ചവരായിരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അത്തരം നേതാക്കളുടെ അഭാവത്തില്‍, യുഎസ് കോണ്‍ഗ്രസ്സിലും സംസ്ഥാന ഭരണകൂടങ്ങളിലുമുള്ള റിപ്പബ്ലിക്കന്‍സില്‍ ഏറെപ്പേര്‍ക്കും ഡോണള്‍ഡ് ട്രംപിന്‍റെ അനുഗ്രഹവും പിന്തുണയും തങ്ങളുടെ വിജയത്തിന് അനിവാര്യമായിരിക്കുന്നു. പ്രതിഫലമായി ട്രംപിന് പൂര്‍ണ്ണമായും വിധേയപ്പെട്ട് അദ്ദേഹത്തിന്‍റെ കല്പനകള്‍, അവ ജനാധിപത്യ വിരുദ്ധവും നിയമലംഘനവും ആകുമ്പോള്‍കൂടി അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ കടപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ ആഭിമുഖ്യം സുപ്രീംകോര്‍ട്ട്, ഫെഡറല്‍ കോര്‍ട്ട് ന്യായാധിപരുടെ നിയമനത്തെ സ്വാധീനിക്കാറുള്ളപ്പോഴും പ്രസ്തുത പദവികളിലേക്ക് പരിഗണിക്കപ്പെടുന്നവര്‍ ആദര്‍ശവ്യക്തിത്വത്തിന്‍റെ ഉടമകളും ഭരണഘടനയോടും നിയമവ്യവസ്ഥയോടും വിധേയത്വം പുലര്‍ത്തി നീതിബോധം ഉള്ളവരുമാകണമെന്ന പൊതുധാരണ അമേരിക്കയില്‍ എക്കാലവും നിലനിന്നിരുന്നു. അതില്‍നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ച് കടുത്ത യാഥാസ്ഥിതികരെയും തന്നോട് പൂര്‍ണ്ണവിധേയത്വം പുലര്‍ത്തുന്നവരെയുമാണ് ഡോണള്‍ഡ് ട്രംപ് ന്യായാധിപരായി നിയമിച്ചത്. അദ്ദേഹത്തിന്‍റെ ഈ നടപടി ക്ലാസ്സിഫൈഡ് ഡോക്യുമെന്‍റ് കേസില്‍ തനിക്ക് തുണയായി ഭവിക്കുകയും ചെയ്തു. അമേരിക്കയുടെ സുരക്ഷയെയും താല്പര്യങ്ങളെയും സംബന്ധിച്ചുള്ള ക്ലാസിഫൈഡ് ഡോക്യുമെന്‍റുകളുടെ വലിയൊരു ശേഖരം നാഷണല്‍ ആര്‍ക്കൈവ്സിന് കൈമാറാതെ ഫ്ളോറിഡയിലെ തന്‍റെ വസതിയില്‍ അലക്ഷ്യമായി വിതറിയിട്ട അദ്ദേഹത്തെ വിചാരണപോലും കൂടാതെ കുറ്റവിമുക്തനാക്കിയ ജഡ്ജി അദ്ദേഹത്തില്‍നിന്ന്തന്നെ നിയമനം ലഭിച്ചിട്ടുള്ള വ്യക്തിയാണ്. നവംബര്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചാല്‍ ഇവര്‍ അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു.
ഭരണകൂടങ്ങളുടെ അഴിമതികളും അധികാര ദുര്‍വിനിയോഗവും അടിച്ചമര്‍ത്തലുകളും തടയുന്നതില്‍ വ്യവസ്ഥാപിത സംവിധാനങ്ങള്‍ അലംഭാവം കാട്ടുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോള്‍, അവ തുറന്നുകാട്ടുവാന്‍ പലപ്പോഴും തയ്യാറാകുന്നത് മാധ്യമങ്ങളാണ്. ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമായ മാധ്യമങ്ങളെ ഫോര്‍ത്ത് പില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പീഡിപ്പിച്ചും പ്രീണിപ്പിച്ചും മാധ്യമങ്ങളെ നിശബ്ദരാക്കുന്ന ഭരണകൂട പ്രവണത നാലാംതൂണില്‍ പലതിലും വിള്ളല്‍ വീഴ്ത്തി. നിലനില്ക്കലിനെ കുറിച്ചുള്ള ആശങ്കയാകും കമലാ ഹാരിസിന് അനുകൂലമായി ലോസ് ഏഞ്ചല്‍സ്സ് ടൈംസ് എഡിറ്റര്‍ മാരിയേല്‍ ഗാര്‍സാ എഴുതിയ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുവാന്‍ പത്രഉടമ വിലക്ക് കല്പിച്ചതും അക്കാരണത്താല്‍ എഡിറ്റര്‍ രാജിവെച്ചതും.
ഭാരിച്ച ചെലവേറിയ അമേരിക്കന്‍ തെരഞ്ഞുടുപ്പുകളില്‍ മത്സരിക്കുക സമ്പന്നര്‍ക്കും അവരുടെ പിന്തുണയും ധനസഹായവും ലഭിക്കുന്നവര്‍ക്കും മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. അറിവും അനുഭവവും സേവനതല്പരരുമായ അനേകം വ്യക്തികളെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പൊതുജീവിതത്തില്‍നിന്നും വിട്ടുനില്‍ക്കുവാന്‍ ഈ സ്ഥിതി കാരണമാകുന്നു. ടെസ്ലാ മോട്ടേഴ്സ് ഉടമ എലോണ്‍ മസ്ക്, ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണത്തിന് 75 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കി. ഏതാനും സെനറ്റ് ഹൗസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേറെയും. പ്രത്യുപകാരം വ്യക്തമായി പ്രതീക്ഷിച്ചുകൊണ്ടാകുമല്ലോ ഒരു ചൂതാട്ടത്തിന് അദ്ദേഹം ഒരുമ്പെട്ടത്.
മുന്‍ മറൈന്‍ ജനറല്‍ ജോണ്‍ കെല്ലി ഏതാണ്ട് ഒന്നരവര്‍ഷക്കാലം ഡോണള്‍ഡ് ട്രംപിന്‍റെ ചീഫ് ഓഫ് സ്റ്റാഫായി സേവനംചെയ്ത വ്യക്തിയാണ്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ ഒരഭിമുഖത്തില്‍ ഒരു സ്വേച്ഛാധിപതിയായി അവരോധിക്കുവാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ വ്യഗ്രത അദ്ദേഹം തുറന്നു കാട്ടി. രണ്ടാം ലോകമഹായുദ്ധത്തില്‍ ആറ് മില്യണിലധികം യഹൂദരെ ക്രൂരമായി പീഡിപ്പിക്കുകയും ഗ്യാസ്ചേംബറുകളില്‍ വിഷപ്പുക ശ്വസിപ്പിച്ച് വധിക്കുകയും ചെയ്ത അഡോള്‍ഫ് ഹിറ്റ്ലറുടെ ആരാധകനാണ് ഡോണള്‍ഡ് ട്രംപ് എന്ന വസ്തുത അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
അമേരിക്കയുടെ ജനാധിപത്യം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ഗാര്‍ഡ് റെയിലുകള്‍ക്കെല്ലാം ഇളക്കം തട്ടിക്കഴിഞ്ഞു. തെല്ലൊരു പ്രഹരമേറ്റാല്‍ അവയെല്ലാം നിലംപതിക്കും. അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക ആളും ആയുധവും ധനവും നല്‍കി സ്ഥാപിച്ചതും സംരക്ഷിച്ചുപോരുന്നതുമായ നിരവധി ജനാധിപത്യ രാഷ്ട്രങ്ങളുടെ ഭാവിയും അപകടത്തിലാകും. ഭാവിയെകുറിച്ചുള്ള ആശങ്കയാണ് കാലിഫോര്‍ണിയായില്‍നിന്നുള്ള മലയാളി യുവതി ലിസാ ജോസഫിനെ തന്‍റെ കോര്‍പറേറ്റ് ജോലിപോലും ഉപേക്ഷിച്ച് ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസിന്‍റെ പ്രചരണത്തില്‍ സജീവമാകുവാന്‍ പ്രേരിപ്പിച്ചത്. ലിസയെപോലുള്ള അനേകര്‍ക്കൊപ്പം നമുക്കും ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാകാം.

ജോസ് കല്ലിടിക്കില്‍

ലിസാ ജോസഫ് 

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.