PRAVASI

ടൈറ്റാനിക്ക് മുങ്ങിയിട്ട് ഇന്നേക്ക് 113 വർഷം പിന്നിടുന്നു

Blog Image

ഒരിക്കലും മുങ്ങില്ലെന്നും പറഞ്ഞ് ഇറക്കി ആദ്യ യാത്രയിൽതന്നെ മുങ്ങിപ്പോയ ടൈറ്റാനിക്കിനെ  ഉയർത്തിക്കൊണ്ടുവരാൻ ഭയങ്കര കഷ്ടപ്പാടായിരുന്നു മനുഷ്യർ സഹിച്ചത്.  പക്ഷേ , പൊക്കണമെങ്കിൽ അത് എവിടെയാണെന്ന് കണ്ടെത്തണ്ടേ.  ടൈറ്റാനിക് മുങ്ങിയത് ഒറ്റ ദിവസം കൊണ്ടാണെങ്കിൽ അത് എവിടെയാണ് കിടക്കുന്നതെന്ന്  കണ്ടെത്താൻ എടുത്തത് 73  വർഷങ്ങളാണ്.  
അത് മുങ്ങിയെന്നറിഞ്ഞ് ഉടനടി അതിന്റെ പിന്നാലെ മനുഷ്യൻ പോയെങ്കിലും  അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ, മനുഷ്യ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ആഴത്തിൽ അത് ആണ്ടു പോയിരുന്നു.  
'എവിടെയാണ് ടൈറ്റാനിക്ക്'? എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നെങ്കിലും അത്തരം ശ്രമങ്ങൾ നടത്തിയവരിൽ പ്രമുഖനായിരുന്നു ഇവർ. 
പ്രശസ്ത ഗഹനസമുദ്ര ഗവേഷകനായ വൈല്യം ബീവർ 1930കളിൽ ബഥിസ്‌ഫിയർ (Bathysphere) എന്ന ആഴം പരിശോധിക്കാവുന്ന ഉപകരണം ഉപയോഗിച്ച് ടൈറ്റാനിക്കിനെ കണ്ടെത്താൻ ശ്രമിച്ചു. എങ്കിലും, സാങ്കേതിക പരിധികളും കണ്ടുപിടുത്ത മാർഗങ്ങൾ പരിമിതപ്പെട്ടതുമായതിനാൽ തിരച്ചിൽ വിജയിച്ചില്ല.
പിന്നീട് 1953 ൽ അമേരിക്കൻ നാവികൻ ആയിരുന്ന ജോൺസൺ കണക്കുകൂട്ടിയ ടൈറ്റാനിക്കിന്റെ മുങ്ങിയ പ്രദേശത്ത് തിരച്ചിൽ നടത്തി. അദ്ദേഹം മുൻകൂട്ടി കണക്കാക്കിയ സ്ഥലത്ത് ഒന്നും കണ്ടെത്താനായില്ല.
ഫ്രഞ്ച് സമുദ്രശാസ്ത്രജ്ഞനും പ്രപഞ്ചപ്രശസ്ത ഡോക്യുമെന്ററി ചിത്രകാരനുമായ കൊസ്റ്റോ 1950-ലും 1970-ലും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടി തിരച്ചിൽ നടത്തിയെങ്കിലും അന്നത്തെ സാങ്കേതികപ്രാപ്തിയില്ലായ്മ കാരണം വലിയ ദൗർഭാഗ്യവശാൽ അദ്ദേഹം കൃത്യസ്ഥാനം കണ്ടെത്താനാകാതെ വന്നുപോയി.
 ചർളസ് പെല്ലിഗ്രിനി (Charles Pellegrino) & ഡവ്ഡ് ബ്രൈറ്റിൻറെ (David Bright) എന്നിവർ  പലവട്ടം ടൈറ്റാനിക്കിന്റെ ശരിയായ സ്ഥാനം കണക്കാക്കാൻ ശ്രമിച്ചു, പക്ഷേ അക്കാലത്തെ നാവിഗേഷൻ സാങ്കേതികവിദ്യ പരിമിതമായിരുന്നതിനാൽ 1970 ൽ ആരംഭിച്ച ഇവരുടെ ശ്രമങ്ങൾ 1980 ൽ പരാജയപ്പെട്ടു.
ശീതസമരകാലത്ത് യു.എസ്. നാവികസേനയിൽ ചില രഹസ്യ പദ്ധതികൾ ടൈറ്റാനിക്കിന്റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഈ ശ്രമങ്ങളും വിജയിച്ചില്ല, അതേസമയം, ബല്ലാർഡിന്റെ തിരച്ചിലിന് വേണ്ടിയുള്ള ഫണ്ടിംഗ് ഈ പദ്ധതികളിലൂടെ ലഭിച്ചു.
ഒടുവിൽ അവരെത്തി ,  RMS ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ 1985 സെപ്റ്റംബർ 1-ന്  ആദ്യമായി കണ്ടെത്തിയ റോബർട്ട് ബല്ലാർഡ് (Robert Ballard) എന്ന അമേരിക്കൻ സമുദ്രശാസ്ത്രജ്ഞനും, ഫ്രഞ്ച് ഗവേഷകനായ ജീൻ-ലൂയിസ് മൈക്കൽ (Jean-Louis Michel) ലും. 
മുമ്പ് ശ്രമങ്ങൾ നടത്തിയവരുടെ പദ്ധതികളിൽ നിന്നും വളരെ വ്യത്യസ്തമായ പ്ലാനാണ് ഇവർ തെരഞ്ഞെടുത്തത്.  ടൈറ്റാനിക് മുഴുവനായി കണ്ടെത്താതെ അവശിഷ്ടങ്ങൾ മാത്രമായി കണ്ടെത്തുക എന്നുള്ളത്.  
SONAR ഉപയോഗിച്ച്   അതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ക്യാമറയുമായി നീങ്ങാനാകുന്ന ഒരു ദൂരനിയന്ത്രിത വാഹനമായ അർഗോ ഉപയോഗിച്ച്  ടൈറ്റാനിക്കിന്റെ ബോയിലർ (boiler) ഉൾപ്പെടെയുള്ള ഭാഗങ്ങൾ ആദ്യം കണ്ടെത്തി.
അപ്പോഴായിരുന്നു , അവർ ഒരു കാര്യം കണ്ടെത്തിയത്.  ടൈറ്റാനിക്കിനെ ഇതുവരേയും മുഴുവനുമായി കണ്ടെത്താൻ കഴിയാതെ പോയതിന്റെ രഹസ്യം.  ടൈറ്റാനിക് കപ്പൽ രണ്ടായി പിളർന്നിരിക്കുന്നു. 3,800 മീറ്റർ (12,500 അടി) ആഴത്തിൽ, ന്യൂഫൗണ്ട്ലാൻഡിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (370 മൈൽ) അകലെയാണ് ടൈറ്റാനിക്കിനെ ആ നിലയിൽ കണ്ടെത്തിയത്.  
1985-ലെ ഈ കണ്ടെത്തലിന് ശേഷം, നിരവധി സംഘങ്ങൾ അവശിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ചു, അതിന്റെ വിചിത്രമായ അവസ്ഥയും സമുദ്രത്തിൽ അതിന്റെ സ്ഥിതിയും കൂടുതല്‍ മനസ്സിലാക്കാനായി.
ടൈറ്റാനിക് കണ്ടെത്തുന്നതിന് മുമ്പേ , കണ്ടെത്തി കഴിഞ്ഞാൽ അത് എങ്ങനെ ഉയർത്തും എന്നതിനെ കുറിച്ച് വളരെ രസകരമായ പ്ലാനുകളായിരുന്നു പല പ്രമുഖരും കൊണ്ടുവന്നത്.    കാന്തം ഉപയോഗിച്ച് ആകർഷിച്ച് ഉയർത്തുക , ടെന്നീസ് ബോളുകൾ നിറച്ച് ഉയർത്തുക , വൻ ബലൂണുകൾ വെച്ച് ഉയർത്തുക എങ്ങനെ പലതും. 
പക്ഷേ , മനുഷ്യർക്ക് വിട്ടു നൽകാതെ വേണമെങ്കിൽ ഇവിടെ വന്നു കണ്ടോളിൻ എന്നും പറഞ്ഞു കൊണ്ട് അറ്റ്‌ലാന്റിക് മഹാസമുദ്രം നമ്മുടെ ടൈറ്റാനിക്കിനെ പിടിച്ചു വെച്ചിരിക്കുന്നു.  പ്രകൃതിയുടെ ശക്തിക്കു മുമ്പിൽ തോറ്റുപോവാറുള്ള മനുഷ്യൻ,  ഇപ്പോൾ കടലിനടിയിലെ ഒരു ചരിത്ര സ്മാരകമായി അതിനെ കരുതി പോരുന്നു.
ടൈറ്റാനിക്ക് മുങ്ങിയിട്ട് ഇന്നേക്ക് 113 വർഷം പിന്നിടുന്നു... 


അനൂപ് ജോസ് 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.