യാക്കോബായ സുറിയാനി സഭയെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ മുന്നില്‍നിന്നു കരുതലോടെ സുധീരം നയിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. സമർപ്പിത ജീവിതത്തിന്റെ സുവർണപ്രഭ മാറ്റപ്പെട്ടിരിക്കുന്നു. പ്രായമേറെയായപ്പോൾ ക്ഷീണിതമാണു ശരീരമെങ്കിലും തീഷ്ണമായ മനസുകൊണ്ടു എന്നും അദ്ദേഹം കർമ്മനിരതനായിരുന്നു
യാക്കോബായ സുറിയാനി സഭയെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ മുന്നില്‍നിന്നു കരുതലോടെ സുധീരം നയിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. സമർപ്പിത ജീവിതത്തിന്റെ സുവർണപ്രഭ മാറ്റപ്പെട്ടിരിക്കുന്നു. പ്രായമേറെയായപ്പോൾ ക്ഷീണിതമാണു ശരീരമെങ്കിലും തീഷ്ണമായ മനസുകൊണ്ടു എന്നും അദ്ദേഹം കർമ്മനിരതനായിരുന്നു .തന്നെ ചുമതലയേൽപ്പിച്ച ജനങ്ങളെയും ദേവാലയങ്ങളെയും ഓർത്തു ദൈവസന്നിധിയിൽ കണ്ണുനീർ വീഴ്ത്താത്ത ദിവസങ്ങളില്ലായിരുന്നു .പോരാളിയായും നാഥനായും ദൈവം നൽകിയ ഇരട്ടവേഷങ്ങൾ തീവ്രമായി പകർന്നാടിയ ജീവിതം. വ്യവഹാരങ്ങളിൽ തളർന്നുപോയ സഭയെ, ഒന്നുമില്ലായ്മയിൽ നിന്നു കെട്ടുറപ്പും അംഗബലവുമുള്ള ദൈവജന സമൂഹമായി വളർത്താൻ അദ്ദേഹം ഏറ്റപീഡകളേറെ. അപസ്മാരബാധ അലട്ടിയ ബാല്യവും അഞ്ചലോട്ടക്കാരന്റെ കൗമാരവും കടന്നാണ് ദൈവവേലയ്ക്കെത്തിയ പുത്തൻകുരിശ് വടയമ്പാട് ചെറുവിള്ളിൽ കുഞ്ഞൂഞ്ഞ് യാക്കോബായ സഭയുടെ അമരക്കാരനായത്.വൈദീകനായിരുന്നപ്പോൾ അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു. 1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനനം. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി. യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച 1975-ലെ തിരുത്തിശ്ശേരി അസോസിയേഷനും, 1994, 1997, 2000, 2002, 2007,2012,2019 വർഷങ്ങളിലെ അസോസിയേഷന് യോഗങ്ങൾക്കും നേതൃത്വം നല്കിയത് ശ്രേഷ്ഠ ബാവയാണ്. സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. വൈദികൻ, ധ്യാനഗുരു, സുവിശേഷപ്രസംഗകൻ, സാമൂഹ്യപ്രവർത്തകൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പുതിയ സ്ഥാപനങ്ങൾ പടുത്തുയർത്തിയും ഭദ്രാസനങ്ങൾ സ്ഥാപിച്ചും സഭയ്ക്ക് അവിസ്മരണീയമായ വളർച്ച പ്രദാനം ചെയ്തു. പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും നാനൂറോളം വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതായിരുന്നു ശ്രേഷ്ഠ ബാവയുടെ ജീവിതം. സഭയുടെ മക്കള്‍ എവിടെയെല്ലാം
പ്രതിസന്ധി നേരിട്ടോ അവിടെയെല്ലാം ബാവ ഓടിയെത്തി. ആലുവ തൃക്കുന്നത്തും കോലഞ്ചേരിയിലും പഴന്തോട്ടത്തും മണര്‍കാട്ടു എല്ലാം സത്യവിശ്വാസ സംരക്ഷണത്തിനു ബാവ സഹിച്ച ത്യാഗത്തിന്അളവില്ല . ജാതി മത അതിർവരമ്പുകൾ ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം പുലർത്തിയ ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടർന്ന് കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് പ്രഥമൻ കാലം ചെയ്തത്.
“ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോ- രാചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം.” ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോകുക