കുട്ടികളുടെ കൃഷിയറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വയംപര്യാപ്‌തമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുമായി കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള കർഷകശ്രീ 2024 അവാർഡ് നിർണ്ണയം അവസാനഘട്ടത്തിലേക്ക് കടന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന ലണ്ടനിലെ മലയാളി കുടുംബങ്ങളിൽ നിന്ന് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കൃഷിയിടങ്ങളാണ് ആഗസ്റ്റ് 24 ശനിയാഴ്ച്ച കളിക്കൂട്ടം പ്രതിനിധികൾ സന്ദർശിച്ചത്.
ലണ്ടൻ ഒന്റാരിയോ: കുട്ടികളുടെ കൃഷിയറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വയംപര്യാപ്‌തമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുമായി കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ഏർപ്പെടുത്തിയിട്ടുള്ള കർഷകശ്രീ 2024 അവാർഡ് നിർണ്ണയം അവസാനഘട്ടത്തിലേക്ക് കടന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന ലണ്ടനിലെ മലയാളി കുടുംബങ്ങളിൽ നിന്ന് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കൃഷിയിടങ്ങളാണ് ആഗസ്റ്റ് 24 ശനിയാഴ്ച്ച കളിക്കൂട്ടം പ്രതിനിധികൾ സന്ദർശിച്ചത്.
വിളകളുടെ വൈവിധ്യവും, വളർച്ചയും, പരിപാലനവുമെല്ലാം വിലയിരുത്തിയ അംഗങ്ങൾ ആസൂത്രണ മികവോടെ മികച്ച അടുക്കളത്തോട്ടങ്ങൾ പരിപാലിക്കപ്പെടുന്നതെങ്ങനെയെന്ന് കുട്ടികളോട് ആരായുകയുണ്ടായി. വീട്ടിനുള്ളിൽ തന്നെ പാകി മുളപ്പിച്ച തൈകൾ തങ്ങളുടെ വീടുകളോട് ചേർന്നുള്ള തുറസ്സായ സ്ഥലത്ത് നിലമൊരുക്കി അവിടേക്ക് മാറ്റി നടുമ്പോൾ മുതൽ അത് വളർന്ന് പൂവിട്ട് ഫലങ്ങൾ പാകമായി വിളവെടുപ്പ് നടത്തുമ്പോൾ ലഭിക്കുന്ന ആഹ്ളാദം മറച്ചു വെയ്ക്കാതെ തുറന്ന് പറയുന്നതിലുള്ള ഉത്സാഹമായിരുന്നു ഓരോരുത്തർക്കും.
വരണ്ടുണങ്ങിയ മണ്ണ് കൃഷിക്കുപയോഗപ്രദമാക്കി തീർക്കുന്നതും, സംയോജിത കൃഷിക്കനുസൃതമായ വിളകൾ തിരഞ്ഞെടുക്കുന്നതും, വളപ്രയോഗം, രോഗകീടാനിയന്ത്രണം തുടങ്ങി എല്ലാ കാര്യങ്ങളും പ്രകൃതിയോട് ഇണങ്ങി ചേർന്ന് ചെയ്യാൻ പഠിക്കുന്ന ഒരു പുതുതലമുറയാണ് ഇന്നത്തെ ലണ്ടൻ മലയാളികൾക്കിടയിലുള്ളത്. ഒരു ചെറിയ കൃഷിയിടത്തിലെ വിവിധ വിളകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല മറിച്ച് ചിലവ് കുറച്ച് ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണം ലഭ്യമാക്കുക വഴി തങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ ആരോഗ്യം മെച്ചപ്പെടുമെന്നായിരുന്നു കുട്ടികളുടെ വിലയിരുത്തൽ.
സമയവും, സമ്പത്തും നഷ്ടപ്പെടുത്താതെ തന്നെ ശാരീരികാരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യണമെന്നുള്ള സന്ദേശമാണ് കളിക്കൂട്ടം കർഷകശ്രീ അവാർഡുകൾ നല്കിത്തുടങ്ങുവാനുള്ള പ്രചോദനമെന്ന് എടുത്ത് പറഞ്ഞുകൊണ്ട് കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ആയ ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ജോയിന്റ് സെക്രട്ടറി ഷിൻറ്റു ജോസ്, ട്രഷറർ ജെറിൽ കുര്യൻ ജോസ്, സ്പോർട്സ് കോഓർഡിനേറ്റർ വൈശാഖ് നായർ, ആർട്സ് കോഓർഡിനേറ്റർ ലിനിത ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ലിനു ജോർജ്ജ്, ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ തുടങ്ങിയവർ മെഗാ സ്പോൺസർ ടിന്റോ ജോസഫ് - ബി ടി പെർഫോമൻസിനോടുള്ള നന്ദി രേഖപ്പെടുത്തുന്നതായും വിജയികളെ ആദരിച്ച് സമ്മാനദാനം നിർവ്വഹിക്കുന്നതിനുള്ള സ്ഥലവും, സമയവും താമസിയാതെ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.